നിഷ്‌നി നോവ്‌ഗൊരോദ് - വോൾഗാ നദീതീരത്തെ നിഷ്‌നി നോവ്‌ഗൊരോദിൽ അനർഗളമായി ഒഴുകുന്ന ആക്രമണ ഫുട്‌ബോളിന്റെ തിരമാലകൾ സൃഷ്ടിച്ച ഇംഗ്ലണ്ട് ലോകകപ്പ് ഫുട്‌ബോളിൽ കന്നിക്കാരായ പാനമയെ ഒന്നിനെതിരെ ആറു ഗോളിൽ കുളിപ്പിച്ചു. ഹാട്രിക് ഹീറോ ഹാരി കെയ്ൻ മുന്നിൽനിന്ന് നയിച്ചപ്പോൾ ഇതാ, ഞങ്ങളുമുണ്ട് എന്ന കനത്ത മുന്നറിയിപ്പാണ് ഇംഗ്ലണ്ട് എതിരാളികൾക്ക് നൽകിയത്. അണ്ടർ-17 ലോകകപ്പിലും അണ്ടർ-20 ലോകകപ്പിലും നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് ദുരന്തങ്ങളുടെ നീണ്ട ചരിത്രം താണ്ടിയാണ് പ്രി ക്വാർട്ടറിൽ ഇടം പിടിച്ചത്. കഴിഞ്ഞ ലോകകപ്പിൽ ആദ്യ റൗണ്ടിൽ പുറത്തായ അവർ കഴിഞ്ഞ യൂറോ കപ്പിൽ പ്രി ക്വാർട്ടറിൽ ഐസ്‌ലന്റിനോട് തോറ്റിരുന്നു. 1996 ലെ യൂറോ കപ്പിലെ ഷൂട്ടൗട്ടിൽ പെനാൽട്ടി പാഴാക്കി ഇംഗ്ലണ്ടിന്റെ കണ്ണീർക്കഥയിൽ തന്റേതായ അധ്യായം എഴുതിച്ചേർത്ത ഗാരെത് സൗത്‌ഗെയ്റ്റിന്റെ കീഴിൽ ഒടുവിൽ അവരുടെ സമയമെത്തുകയാണോ? 1966 ലാണ് ഇംഗ്ലണ്ട് ഒരേയൊരിക്കൽ ലോകകപ്പ് നേടിയത്.
ഹാട്രിക്കോടെ കെയ്ൻ ഗോൾഡൻ ബൂട്ട് ലിസ്റ്റിൽ ഒന്നാമതെത്തി. അതിൽ രണ്ടെണ്ണം പെനാൽട്ടി ഗോളുകളായിരുന്നു. ജോൺ സ്റ്റോൺസ് രണ്ടു ഗോൾ നേടി. രണ്ടും ഇംഗ്ലണ്ട് ജഴ്‌സിയിൽ ആദ്യം. ജെസി ലിൻഗാഡിന്റെ ഗോളായിരുന്നു കൂട്ടത്തിൽ ഏറ്റവും മനോഹരം. 6-1 ഇംഗ്ലണ്ടിന്റെ ഏറ്റവും വലിയ ലോകകപ്പ് വിജയമാണ്. 1966 ലെ എക്‌സ്ട്രാ ടൈമിലേക്ക് നീണ്ട ഫൈനലിൽ ജർമനിക്കെതിരെ നാലു ഗോളടിച്ചതാണ് റെക്കോർഡ്. തുനീഷ്യക്കെതിരെ ടീമിന്റെ രണ്ടു ഗോളും സ്‌കോർ ചെയ്ത കെയ്‌നിന് അഞ്ചു ഗോളായി. ഗാരി ലിനേക്കർ 1986 ൽ ആറ് ഗോളോടെ ടോപ്‌സ്‌കോററായതാണ് ഇംഗ്ലണ്ട് റെക്കോർഡ്.
ആദ്യ പകുതിയിൽ അഞ്ച് ഗോളടിച്ചത് ഇംഗ്ലണ്ടിന്റെ ചരിത്രത്തിൽ തന്നെ ആദ്യമാണ്. അവസാനമായി ലോകകപ്പിൽ ഹാട്രിക് നേടിയ ഇംഗ്ലണ്ട് കളിക്കാരൻ ലിനേക്കറാണ്, 1986 ൽ പോളണ്ടിനെതിരെ. 1966 ലെ ഫൈനലിൽ ജെഫ് ഹേഴ്സ്റ്റാണ് ഹാട്രിക് നേടിയ മറ്റ് ഏക ഇംഗ്ലണ്ട് താരം. ഈ ലോകകപ്പിലെ രണ്ടാമത്തെ ഹാട്രിക്കാണ് ഇത്. സ്‌പെയിനിനെതിരെ പോർചുഗലിന്റെ ക്രിസ്റ്റ്യാനൊ റൊണാൾഡോയാണ് ആദ്യത്തെ ഹാട്രിക് സ്വന്തമാക്കിയത്. ഈ ലോകകപ്പിലെ ഏറ്റവും വലിയ വിജയമാണ് 6-1.
ഗ്രൂപ്പ് ജി-യിൽ ഇംഗ്ലണ്ടിനും ബെൽജിയത്തിനും തുല്യ പോയന്റാണ്. അടിച്ച ഗോളും ഗോൾവ്യത്യാസവും തുല്യമാണ്. ഒന്നാം സ്ഥാനക്കാരെ നിർണയിക്കാൻ ഈ ടീമുകൾ വ്യാഴാഴ്ച കാലിനിൻഗ്രാഡിൽ ഏറ്റുമുട്ടുകയാണ്.
ഇംഗ്ലണ്ട് സാവധാനമാണ് തുടങ്ങിയത്. പാനമ അവരെ ഞെട്ടിക്കേണ്ടതായിരുന്നു. അഞ്ചാം മിനിറ്റിൽ ഇംഗ്ലണ്ട് പ്രതിരോധം തുറന്നെടുത്ത ശേഷം ആനിബൽ ഗോദോയ് അടിച്ചത് ഉയർന്നുപറന്നു. പക്ഷെ എട്ടാം മിനിറ്റിൽ ഇംഗ്ലണ്ട് ലീഡ് നേടി. കീരൻ ട്രിപ്പിയറുടെ കോർണർ ബുള്ളറ്റ് ഹെഡറിലൂടെ സ്റ്റോൺസ് വലയിലെത്തിച്ചു. ഇംഗ്ലണ്ട് കളിക്കാരെ ബോക്‌സിൽ പിടിച്ചുവലിക്കാൻ പാടുപെടുന്നതിനിടയിൽ പന്ത് ശ്രദ്ധിക്കാൻ അവർക്ക് സമയം കിട്ടിയില്ല. പിന്നീടങ്ങോട്ട് പിടിവലി തന്നെയായിരുന്നു.
ഇരുപത്തിരണ്ടാം മിനിറ്റിൽ ഇംഗ്ലണ്ട് ലീഡുയർത്തി. ലിൻഗാഡിനെ രണ്ട് ഡിഫന്റർമാർ ബോക്‌സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽട്ടി കെയ്ൻ വലയുടെ വലതു മൂലയിലേക്ക് ഉയർത്തി. തുടർന്ന് ഒഴുക്കായിരുന്നു. മുപ്പത്താറാം മിനിറ്റിൽ റഹീം സ്റ്റെർലിംഗുമായി കൈമാറി വന്ന പന്ത് ലിൻഗാഡ് 20 വാര അകലെ നിന്ന് വളച്ചുവിട്ടത് ഗോളിയെ നിസ്സഹായനാക്കി വലതു പോസ്റ്റിനെ തൊട്ടുരുമ്മി വലയിട്ടു കുലുക്കി. നാലു മിനിറ്റിനു ശേഷം ഫ്രീകിക്കിൽ നിന്ന് സ്റ്റോൺസ് ഹെഡറിലൂടെ വീണ്ടും ലക്ഷ്യം കണ്ടു. പാനമയുടെ പരാതിയെത്തുടർന്ന് റഫറി ഓഫ്‌സൈഡാണോയെന്ന് വീഡിയൊ പരിശോധിച്ച ശേഷമാണ് ഗോളനുവദിച്ചത്. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിലാണ് കെയ്‌നിന്റെ രണ്ടാമത്തെ പെനാൽട്ടി ഗോൾ. കോർണർ കിക്കെടുക്കുന്നതിനിടയിൽ കെയ്‌നിനെ വളഞ്ഞിട്ടതിനായിരുന്നു ശിക്ഷ. ആദ്യത്തേതിന്റെ ഫോട്ടോകോപ്പിയായിരുന്നു രണ്ടാമത്തെ പെനാൽട്ടി ഗോൾ. പാനമ പരാതിപ്പെട്ടതോടെ 'വാർ' പരിശോധന വീണ്ടും വേണ്ടി വന്നു. ആദ്യ മത്സരത്തിൽ അഞ്ച് മഞ്ഞക്കാർഡ് കിട്ടിയ പാനമക്ക് അപ്പോഴേക്കും മൂന്നു കാർഡ് കൂടി ലഭിച്ചിരുന്നു.
അറുപത്തിരണ്ടാം മിനിറ്റിൽ കെയ്ൻ ഹാട്രിക് തികച്ചതും പരാതികൾക്കു ശേഷമായിരുന്നു. കെയ്ൻ പിൻകാലു കൊണ്ട് തള്ളിയ പന്ത് സഹതാരം റൂബൻ ലോഫ്റ്റസ്ചീക്കിന്റെ ശരീരത്തിൽ തട്ടിത്തിരിഞ്ഞ് വലയിലെത്തി. ഓഫ്‌സൈഡാണോയെന്ന് 'വാർ' പരിശോധന നടത്തിയ ശേഷമാണ് റഫറി ഗോൾ അനുവദിച്ചത്.
ഗോൾപ്രളയം കണ്ട ഒന്നാം പകുതിക്കു ശേഷം കളി വിരസമായി. ജോർദാൻ ഹെൻഡേഴ്‌സനും സ്റ്റെർലിംഗും ഏഴാം ഗോളിന്റെ പ്രതീതി പരത്തി. എന്നാൽ ഗാലറിയിൽ നിന്ന് ഏറ്റവുമധികം കരഘോഷം വന്നത് പാനമയുടെ ചരിത്രത്തിലെ ആദ്യ ലോകകപ്പ് ഗോളിനാണ്. എഴുപത്തെട്ടാം മിനിറ്റിൽ ഫെലിപ്പെ ബാലോയ് ആണ് തോൽവിയിലും പാനമക്ക് ആഹ്ലാദം പകർന്നത്.