കോളേജുകളില്‍ സീറ്റിനു പണം വാങ്ങി കബളിപ്പിച്ച യുവാവ് അറസ്റ്റില്‍

പെരിന്തല്‍മണ്ണ- ഇതര സംസ്ഥാനങ്ങളിലെ സര്‍വകലാശാലകളിലും കോളേജുകളിലും പ്രവേശനം ശരിയാക്കിത്തരാമെന്ന് വിശ്വസിപ്പിച്ച് വിദ്യാര്‍ഥികളില്‍ നിന്നു പണം വാങ്ങി അഡ്മിഷനും നടപടികളുമില്ലാതെ വഞ്ചിച്ച കേസില്‍ യുവാവ് അറസ്റ്റില്‍.

പെരിന്തല്‍മണ്ണ കുന്നക്കാവ് കോലോത്തൊടി വീട്ടില്‍ മുഹമ്മദ് മുബീനാണ് (34) അറസ്റ്റിലായത്. പെരിന്തല്‍മണ്ണയില്‍ കെ.എ.എം ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍ എന്ന സ്ഥാപനം നടത്തിവരികയായിരുന്നു. കേരളത്തിനു പുറത്തുള്ള യൂനിവേഴ്‌സിറ്റികളില്‍ ബി.എഡ് അടക്കം കോഴ്‌സുകള്‍ക്ക് ചേരുന്നതിനു വിദ്യാര്‍ഥികള്‍ പണം നല്‍കിയിരുന്നു. തുടര്‍ന്നു വിദ്യാര്‍ഥികള്‍ക്ക്
പ്രവേശനം  ലഭിക്കാത്തിനാല്‍ പരീക്ഷയെഴുതാന്‍ കഴിയാത്തതിനാലും പലവട്ടം സ്ഥാപന ഉടമയായ മുഹമ്മദ് മുബീനെ സമീപിച്ചപ്പോള്‍ ഇയാള്‍ വ്യക്തമായ മറുപടി പറയാതെ ഒഴിഞ്ഞു മാറുകയായിരുന്നു. തുടര്‍ന്നു പെരിന്തല്‍മണ്ണയിലെ സ്ഥാപനത്തിലെത്തി വിദ്യാര്‍ഥികള്‍ അന്വേഷിച്ചപ്പോള്‍ ഈ സ്ഥാപനം പൂട്ടിയ നിലയിലായിരുന്നു. ഇതിനിടെ
ഉടമ മുഹമ്മദ് മുബീന്‍ ഒളിവില്‍ പോയി. തുടര്‍ന്ന് പെരിന്തല്‍മണ്ണ പോലീസില്‍ വിദ്യാര്‍ഥികള്‍ പരാതി നല്‍കിയതോടെ
പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അട്ടപ്പാടി അഗളിയിലും ആനക്കട്ടിയിലും ഒളിവില്‍ കഴിയുകയായിരുന്നു മുഹമ്മദ് മുബീനെന്നു കണ്ടെത്തി. പിന്നീട് മലപ്പുറത്ത് വെച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. വ്യാജരേഖ ചമച്ചതിനും വഞ്ചന നടത്തിയതിനും 2016 ല്‍ ചെര്‍പ്പുളശ്ശേരി പോലീസിലും ഇയാള്‍ക്കെതിരെ കേസുണ്ട്.  പെരിന്തല്‍മണ്ണ എസ്.എച്ച്.ഒ സി. അലവി, എസ്.ഐ യാസിര്‍, എസ്.സി.പിഒമാരായ അബ്ദു സലാം നെല്ലായ, ഉല്ലാസ്, സക്കീര്‍ പാറക്കടവന്‍, സി.പി.ഒമാരായ ഷജീര്‍, സത്താര്‍, എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News