ഭാര്യ ഗള്‍ഫില്‍ പോകാന്‍ ഒരുങ്ങി; യുവാവ് തൂങ്ങിമരിച്ചു, പോലീസിനെതിരെ പരാതി

ഓയൂര്‍- കുടുംബവഴക്കുമായി ബന്ധപ്പെട്ട് ഓയൂരില്‍നിന്ന് കൊട്ടാരക്കര പോലീസ് കസ്റ്റഡിയിലെടുത്ത് ജാമ്യത്തില്‍വിട്ട യുവാവിനെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. പൂയപ്പള്ളി നെല്ലിപ്പറമ്പ് അജി ഭവനില്‍ ഗോപാലകൃഷ്ണപിള്ളയുടെ മകന്‍ അജികുമാര്‍ (37) ആണ് മരിച്ചത്.
അജികുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്ത് മര്‍ദിച്ചിരുന്നുവെന്നും  ഇതാണ് ആത്മഹത്യ ചെയ്യാനുള്ള കാരണമെന്നും കാണിച്ച് പിതാവ് കൊല്ലം റൂറല്‍ എസ്.പി.ക്ക് പരാതി നല്‍കി.
കൊട്ടാരക്കര സി.ഐ.യും നഗരസഭാ മുന്‍ ചെയര്‍മാന്‍ ഷാജുവും മര്‍ദിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. മരിച്ച അജി ടാപ്പിംഗ് തൊഴിലാളിയായിരുന്നു. ഭാര്യ ശാലിനി മൂന്നുവര്‍ഷമായി കൊട്ടാരക്കര ചന്തമുക്കിലുള്ള ലക്ഷ്മി ബ്യൂട്ടി പാര്‍ലറില്‍ ജോലി ചെയ്യുകയാണ്. പാര്‍ലര്‍ ഉടമ ശാലിനിയെ ഗള്‍ഫിലേക്ക് അയക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് കുടുംബവഴക്ക് രൂക്ഷമായെന്നാണ് ബന്ധുക്കള്‍ പറയുന്നത്.  
ശാലിനിയുടെ ഗള്‍ഫ് യാത്ര എതിര്‍ത്ത അജി കഴിഞ്ഞ ബുധനാഴ്ച ശാലിനിയെ ജോലിക്ക് പോകാന്‍ അനുവദിച്ചിരുന്നില്ല. തുടര്‍ന്ന് ബ്യൂട്ടി പാര്‍ലര്‍ ഉടമ അജിയെ ഫോണില്‍വിളിച്ച് അന്വേഷിച്ചു. ഇതിന്റെ പേരില്‍ അജിയും ബ്യൂട്ടിപാര്‍ലര്‍ ഉടമയും തമ്മില്‍  വാക്കേറ്റമുണ്ടായതായും ബന്ധുക്കള്‍ പറയുന്നു. തുടര്‍ന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ അജിയുടെ വീട്ടില്‍ പിങ്ക് പോലീസെത്തി ശാലിനിയെയും മക്കളെയും ബ്യൂട്ടി പാര്‍ലറില്‍ എത്തിച്ചു.  
പിന്നാലെ ബ്യൂട്ടി പാര്‍ലറില്‍ എത്തിയ അജിയെ മക്കളെയും ഭാര്യയെയും കാണിക്കാന്‍ പാര്‍ലര്‍ ഉടമ തയ്യാറായില്ലെന്ന് പറയുന്നു. ഇവിടെ നിന്ന് വീട്ടിലേക്ക് മടങ്ങാനിരിക്കെ കൊട്ടാരക്കര നഗരസഭാ മുന്‍ ചെയര്‍മാന്‍ ഷാജു മര്‍ദിച്ച ശേഷം സ്‌റ്റേഷനില്‍ എത്തിച്ചുവെന്നാണ് അജിയുടെ അച്ഛന്റെ പരാതിയില്‍ പറയുന്നത്. സ്‌റ്റേഷനില്‍വെച്ച് ഭാര്യയുടെ മുന്നിലിട്ട് സി.ഐ ഉള്‍പ്പെടെയുള്ള പോലീസുകാര്‍ മര്‍ദ്ദിച്ചെന്നാണ് പരാതി. വളരെ വൈകി ഉറങ്ങാന്‍ കിടന്ന അജിയെ ഫാനില്‍ തൂങ്ങിയനിലയില്‍ കാണുകയായിരുന്നു. പൂയപ്പള്ളി പോലീസ് തുടര്‍നടപടി സ്വീകരിച്ചു. അമ്മ: ഇന്ദിരയമ്മ. മക്കള്‍: അപര്‍ണ, അദില്‍.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News