VIDEO വിദ്വേഷം വിളമ്പുന്ന വിവാദ സിനിമക്ക് മലയാളികളുടെ പിന്തുണയുണ്ടെന്ന് നടി അദാ ശര്‍മ

കൊച്ചി- വിദ്വേഷം പ്രചരിപ്പിക്കുന്ന വിവാദ ചിത്രം കേരള സ്റ്റോറിക്ക് കേരളത്തില്‍നിന്ന് നല്ല പിന്തുണ ലഭിക്കുന്നുണ്ടെന്ന് സിനിമയിലെ നടി അദ ശര്‍മ. ചിത്രത്തിനുവേണ്ടിയുള്ള പ്രചാരണ പരിപാടികള്‍ക്ക് ബന്ധപ്പെട്ടവര്‍ നിര്‍ദേശിച്ചിരുന്നെങ്കിലും അതിന്റെ ആവശ്യമില്ലാത്തവിധം പി.ആര്‍ വര്‍ക്കുകള്‍ നിങ്ങള്‍ തന്നെ ചെയ്യുന്നുണ്ടെന്ന് നടി വീഡിയോ സന്ദേശത്തില്‍ പറയുന്നു.
സുദീപ്‌തോ സെന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിനെതിരേ വ്യാപക വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് നായിക നടിയുടെ പ്രതികരണം.   കേരളത്തിലെ ഒരുപാട് ആളുകളുടെ സന്ദേശം ലഭിക്കുന്നുണ്ടെന്നും ഇങ്ങനെയൊരു സിനിമ ചെയ്യുന്നതില്‍ നന്ദിയുണ്ടെന്നുമാണ് അവര്‍ പറയുന്നതെന്നും അദാ ശര്‍മ പറഞ്ഞു.
എല്ലാവരുടെയും സന്ദേശങ്ങള്‍ക്ക് നന്ദിയുണ്ട്. ഇത്രമാത്രം പിന്തുണ ഇതുവരെ ലഭിച്ചിട്ടില്ല. എല്ലാവരും സിനിമയ്ക്ക് വേണ്ടി പി.ആര്‍ വര്‍ക്കുകളും പ്രചരണ പരിപാടികളും ചെയ്യാന്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ അതിന്റെ ആവശ്യമില്ല. നിങ്ങള്‍ തന്നെ ഈ സിനിമയ്ക്ക് വേണ്ടി ആവശ്യമുള്ള പി.ആര്‍ ചെയ്യുന്നുണ്ട്. ഒരുപാട് നന്ദിയുണ്ട്. ഒരുപാട് ചോദ്യങ്ങള്‍ എനിക്ക് ഈ സിനിമിയെക്കുറിച്ച് വന്നിട്ടുണ്ട്. അതില്‍ ഏതാനും ചോദ്യങ്ങള്‍ക്ക് ഞാന്‍ മറുപടി പറയുന്നു. റിയലിസ്റ്റിക് അഭിനയമാണെന്ന് ചിലര്‍ പറയുന്നു. അതിന് പ്രത്യേക നന്ദി.
കേരളത്തിലെ ഒരുപാട് ആളുകളുടെ സന്ദേശം ലഭിക്കുന്നുണ്ട്. സത്യമാണ്, ഇങ്ങനെയൊരു സിനിമ ഉണ്ടാക്കിയതിന് നന്ദിയെന്നാണ് അവര്‍ പറയുന്നത്. കേരളത്തില്‍ നിന്ന് എല്ലാവിധ പിന്തുണയും ഉണ്ടെന്നാണ് അവര്‍ പറയുന്നത്. കുറച്ചാളുകള്‍ പ്രൊപ്പഗണ്ട എന്ന് പറയുന്നു. ഞങ്ങളുടെ സിനിമ ഒരു മതത്തിനും എതിരല്ല, തീവ്രവാദത്തിനെതിരേയാണ് സംസാരിക്കുന്നത്. പെണ്‍കുട്ടികളെ മയക്കുമരുന്നു നല്‍കിയും മനസ്സുമാറ്റിയും ബലാത്സംഗം ചെയ്തും ഗര്‍ഭിണികളാക്കിയും മനുഷ്യക്കടത്ത് നടത്തുകയാണ്. അവരെ ചാവേറുകളാക്കുകയാണ്. ഇത് പ്രൊപ്പഗണ്ടയല്ല.
തന്റെ കുടുംബ വേരുകള്‍ കേരളത്തില്‍ നിന്നാണെന്നും അദ ശര്‍മ വെളിപ്പെടുത്തി.
അമ്മയും മുത്തശ്ശിയും മലയാളികളാണ്. ഞങ്ങള്‍ പാലക്കാട് നിന്നാണ്. എന്റെ അച്ഛന്‍ തമിഴ്‌നാട്ടില്‍ നിന്നാണ്. കേരള സ്‌റ്റോറി തുടങ്ങുന്നതിന് മുന്‍പ് ഞാന്‍ എല്ലാ ദിവസവും മുത്തശ്ശിയോട് മലയാളത്തില്‍ സംസാരിക്കുമായിരുന്നുവെന്നും അദ ശര്‍മ പറഞ്ഞു.
കേരളത്തില്‍നിന്ന് കാണാതായ സ്ത്രീകളെ മതപരിവര്‍ത്തനം നടത്തി രാജ്യത്തിനകത്തും പുറത്തും ഭീകരപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നുവെന്ന് ആരോപിക്കുന്ന ചിത്രത്തിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്.

 

Latest News