Sorry, you need to enable JavaScript to visit this website.

ഭീതിയുടെ ഇതിഹാസം

ബ്രാൻ കാസിൽ
ക്രിസ്റ്റഫർ ലീ

പുറത്തിറങ്ങിയ അന്നുതൊട്ടിന്നുവരെയും ഒരിക്കലും ഔട്ട് ഓഫ് പ്രിന്റ് ആകാതിരുന്ന പുസ്തകം എന്ന ഖ്യാതി ഡ്രാക്കുളയ്ക്കുണ്ട്. ഇംഗ്ലീഷ് ഭാഷയിൽ മാത്രം നോവലിന് 100-ലധികം പതിപ്പുകളുണ്ടായി. ആദ്യ പതിപ്പു തന്നെ 10 ലക്ഷത്തിലധികം കോപ്പികളാണ് വിറ്റഴിഞ്ഞത്.  

120 വർഷങ്ങൾക്ക് മുമ്പ്, 1897-ലാണ് വിശ്വവിഖ്യാതമായ ഡ്രാക്കുള എന്ന നോവൽ ആദ്യമായി പുറത്തിറങ്ങുന്നത്. ഐറിഷ് എഴുത്തുകാരനായ ബ്രാം സ്റ്റോക്കറുടെ ഭാവനയിൽ പിറവി കൊണ്ട വെറുമൊരു കഥാനായകൻ മാത്രമായിരുന്നു ഡ്രാക്കുള. പക്ഷെ, ഏറെ വൈകാതെ ലോകമെമ്പാടുമുള്ള മനുഷ്യരെ മുഴുവൻ ഡ്രാക്കുള ഭയപ്പാടിന്റെ കുന്തമുനയിൽ കുരുക്കിയിട്ടു. നോവൽ വായിച്ചവരും അതിനെ കുറിച്ച് കേട്ടറിയുക മാത്രം ചെയ്തവരും ഒരുപോലെ പേടിച്ച് വിറച്ചു. ഡ്രാക്കുള ചെകുത്താന്റെ സന്തതിയാണെന്നും അയാളുടെ കഥ പറയുന്ന നോവൽ വീടുകളിൽ സൂക്ഷിക്കുന്നത് ദൈവഹിതത്തിന് എതിരാണെന്നും വിശ്വസിച്ചവരുണ്ട്. തന്നെ കുറിച്ചു പ്രതിപാദിക്കുന്ന പുസ്തകമുള്ള ഇടങ്ങളിലേക്ക് അങ്ങ് വിദൂരതയിൽ നിന്നും ഡ്രാക്കുള വന്നെത്തുമെന്നും മനുഷ്യരെ ഉപദ്രവിക്കുമെന്നും ധരിച്ചവരും ധാരാളം. അങ്ങനെ ഭീതിയുടെ ഇതിഹാസമായി ഡ്രാക്കുള വളർന്നു. അതേസമയം കോടാനുകോടി വായനക്കാർ ആ നോവൽ വായിക്കുകയും കാലാന്തരത്തിൽ അത് ലോകത്തിലെ ഏറ്റവും വലിയ ക്ലാസിക്കുകളിൽ ഒന്നായി മാറുകയും ചെയ്തു.   
ഭൂമിയിൽ വെളിച്ചം അസ്തമിച്ച് ഇരുട്ടു പരക്കുമ്പോൾ തന്റെ ശവക്കല്ലറയിൽ നിന്നും ഡ്രാക്കുള ഉണരും. പിന്നെ രാത്രിയുടെ രാജാവായി അവൻ അ ലഞ്ഞു നടന്നു വിലസും. മനുഷ്യരക്തമാണ് അവന്റെ ഇഷ്ടപാനീയം. അനിതര സാധാരണമായ കരുത്തും അവിശ്വസനീയമായ കഴിവുകളുമാണവന്. ഒ രേ സമയം വിവിധ ഇടങ്ങളിൽ വ്യത്യസ്ത രൂപത്തിൽ പ്രത്യക്ഷപ്പെടും. പല്ലി യും ചെന്നായയും വവ്വാലും മൂങ്ങയും എലിയും പുലിയുമായി മാറാൻ ഡ്രാ ക്കുളയ്ക്ക് നിമിഷങ്ങൾ മതി. ഒന്നുമൊന്നും ഈ രക്തരക്ഷസിന് അപ്രാപ്യമല്ല. എത്ര ഭദ്രമായി അടച്ചിട്ട മുറികളിലും അവൻ അനായാസം കടന്നു വരും. മനുഷ്യർ അവന്റെ മുമ്പിൽ നിസ്സഹായരാണ്. ആളുകളെ പിന്നിലൂടെ പതുങ്ങി വന്ന് ആലിംഗനം ചെയ്യുന്നതാണ് ഡ്രാക്കുളയുടെ പതിവു രീതി. ആ കരുത്തിനെ എതിർത്ത് തോൽപ്പിക്കാൻ ആർക്കും സാധ്യമല്ല. തുടർന്ന് പിൻകഴുത്തിൽ തന്റെ കൂർത്തു മൂർത്ത കോമ്പല്ലുകൾ ആഴ്ത്തി അവൻ ചോര ഊറ്റിക്കുടിക്കാൻ തുടങ്ങും. അതോടെ അവരൊക്കെ അവന്റെ ആജ്ഞാനുവർത്തികളും അടിമകളുമായിത്തീരും.
മനുഷ്യ മനസ്സിലെ ഭയമെന്ന വികാരത്തെ അസാധാരണമായ വശ്യതയും ചാരുതയും നൽകി ആവിഷ്‌കരിക്കുന്നു എന്നതാണ് ഡ്രാക്കുളയുടെ പ്ര ധാന പ്രത്യകതയും വിജയരഹസ്യവും. അതുകൊണ്ടു തന്നെ മുറിയടച്ചിരുന്ന്, ശ്വാസമടക്കിപ്പിടിച്ചും പേടിച്ചും വിറച്ചുമാണ് ആദ്യകാലത്തൊക്കെ പല രും ആ നോവൽ വായിച്ചത്. അങ്ങനെ ഭീതിയുടെ നിഴലിലിരുന്ന് വായിക്കുമ്പോഴും പക്ഷെ, നിഗൂഢമായ ഒരു ആനന്ദം വായനക്കാരിലേക്ക് പകരാൻ നോവലിനു കഴിഞ്ഞു. ഭയത്തിനൊപ്പം ആകാംക്ഷയും ആവേശവും പെരുപ്പിച്ചും ത്രസിപ്പിച്ചുമാണ് ഡ്രാക്കുളയുടെ കഥാ മുന്നേറ്റം. ഒരിക്കൽ വായിക്കാൻ കൈയിലെടുത്താൽ പിന്നെ വായിച്ചു തീരുന്നത് വരെ പുസ്തകം താഴെ വെക്കാൻ തോന്നില്ല. ഞെട്ടിയും നടുങ്ങിയും വായിച്ചവർ ഏതോ മാസ്മരിക ശക്തിയാലെന്നപോലെ പിന്നെയുമത് വായിച്ചു. വായിക്കാത്തവരെ വായിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു. അങ്ങനെ ഒരു വശത്ത് ഡ്രാക്കുള കൊടുംഭീതി യുടെ അവസാന വാക്കായപ്പോൾ മറുവശത്ത് വായനയിലെ ആഘോഷവും നിത്യവിസ്മയവുമായി മാറി. 
ലണ്ടനിലെ അഭിഭാഷകനായ ജൊനാഥൻ ഹാർക്കർ റുമേനിയയിലെ ട്രാൻസിൽവാനിയയിലുള്ള കാർപാത്യൻ മലയിലെ ഒരു കോട്ടയിൽ എത്തുന്നതോടെയാണ് ഡ്രാക്കുളയുടെ കഥ തുടങ്ങുന്നത്. അത് ഡ്രാക്കുള പ്രഭു അ ധിവസിക്കുന്ന കോട്ടയായിരുന്നു. പ്രഭുവിന്റെ ലണ്ടനിലെ ഒരു വസ്തു ഇടപാട് ശരിയാക്കാനാണ് ജൊനാഥൻ എത്തുന്നത്. പക്ഷെ, രക്തദാഹിയായ ഡ്രാക്കുള പ്രഭു തന്ത്രപൂർവം അദ്ദേഹത്തെ കോട്ടയിൽ തടവുകാരനാക്കി. ഒരുവിധത്തിൽ അവിടുന്ന് രക്ഷപ്പെട്ട് അദ്ദേഹം ലണ്ടനിൽ തിരിച്ചെത്തി. ഏറെ താമസിയാതെ ഡ്രാക്കുളയും ലണ്ടനിലെത്തുന്നു. ജൊനാഥന്റെ കാമുകി മിനയു ടെ കൂട്ടുകാരി ലൂസിയെ രക്തം കുടിച്ച് ഡ്രാക്കുള തന്റെ ഇരയാക്കി. ലൂസി പിന്നീട് കൊല്ലപ്പെട്ടു. ഡോക്ടർ സിവാർഡ്, പ്രൊഫസർ വാൻഹെൽസിങ്, ജൊനാഥൻ എന്നിവരടങ്ങിയ സംഘം ഡ്രാക്കുളയെ നശിപ്പിക്കാനുള്ള ശ്രമങ്ങളാരംഭിച്ചു. ഇതിനിടെ മിനയും ഡ്രാക്കുളയുടെ ഇരയായെങ്കിലും അവൾക്ക് രക്ഷപ്പെടാൻ കഴിഞ്ഞു. ലണ്ടനിൽ നിൽക്കക്കള്ളിയില്ലാതായ ഡ്രാക്കുള കാർപാത്യൻ മലനിരയിലെ തന്റെ കോട്ടയിലേക്കു തന്നെ പലായനം ചെയ്തു. പിൻതുടർന്നെത്തിയ വാൻഹെൽസിങും സംഘവും അതിസാഹസികമായി ആ നരാധമനെ നശിപ്പിക്കുന്നിടത്ത് ഡ്രാക്കുളയുടെ കഥ അവസാനിക്കുന്നു. 


സത്യത്തിൽ വലിയൊരു എഴുത്തുകാരനായി തീരുക എന്നത് ചെറുപ്പത്തിലെ ബ്രാം സ്റ്റോക്കറുടെ വലിയ സ്വപ്‌നങ്ങളിലൊന്നായിരുന്നു. ലണ്ടനി ലെ ലൈസിയം തിയേറ്ററിൽ മാനേജരായിരുന്ന കാലത്ത് അദ്ദേഹം ചില കൃതികൾ എഴുതിയിരുന്നെങ്കിലും അവയൊന്നും വായനക്കാർ തിരിഞ്ഞു പോ ലും നോക്കിയില്ല. അതിന് കാരണമുണ്ട്. ഇംഗ്ലണ്ടിൽ, വിക്‌ടോറിയൻ സാഹി ത്യത്തിലെ സുവർണകാലത്തിന്റെ അവസാന ദശകമായിരുന്നു അത്. അപസർപ്പക കഥകളുടെ ആചാര്യനായി ഷെർലക് ഹോംസിന്റെ സ്രഷ്ടാവ് സർ ആർതർ കോനൽ ഡോയൽ ഒരുവശത്ത് വായനക്കാരെ ഹരം കൊള്ളിക്കുന്നു. മറ്റൊരു വശത്ത് ശാസ്ത്ര നോവലുകളുടെ തലതൊട്ടപ്പനായി എച്ച്. ജി വെൽസ് വിലസുന്നു. ഇനിയൊരുവശത്ത് സാഹസിക കഥകളിലൂടെ റുഡ്യാർഡ് കിപ്ലിങ് വായനക്കാരെ വശീകരിക്കുന്നു. ആര്, എന്തൊക്കെ, എങ്ങനെയൊക്കെ എഴുതിയാലും ഇവരുടെ അപ്രമാദിത്വം ഭേദിക്കുക എന്നത് അന്ന് ക്ഷിപ്രസാധ്യമായിരുന്നില്ല. തന്റെ ആദ്യകാല നോവലുകൾ ഏറ്റുവാങ്ങിയ വമ്പൻ പരാജയങ്ങളുടെ പൊള്ളിക്കുന്ന അനുഭവത്തിൽ നിന്നും ബ്രാം സ്റ്റോക്കർക്ക് അത് ശരിക്കും മനസിലാവുകയും ചെയ്തു. പക്ഷെ, തോറ്റു പിൻമാറാൻ അ ദ്ദേഹത്തിലെ എഴുത്തുകാരൻ തയ്യാറായില്ല. വായനക്കാർക്ക് തീർത്തും വ്യത്യസ്തമായത് എന്തെങ്കിലും നൽകിയാൽ തീർച്ചയായും വിജയിക്കാനാകുമെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു. അതിനായുള്ള അന്വേഷണത്തിന്റെ അനന്തര ഫലമായിരുന്നു ഒരർഥത്തിൽ, ഡ്രാക്കുള എന്ന ഹൊറർ നോവൽ.
1890-ലാണ് ബ്രാം സ്റ്റോക്കറുടെ മനസ്സിലേക്ക് ഡ്രാക്കുള എന്ന വിശ്വപ്രസിദ്ധമായ കഥ കടന്നു വരുന്നത്. സ്‌കോട്ട്‌ലാന്റിലെ ക്രൂഡെൻബെയിലുള്ള ഒരു സത്രത്തിൽ രാത്രി ഉറങ്ങാൻ കിടന്നപ്പോഴായിരുന്നു അത്. ഉറക്കത്തിൽ ഭീതിജനകമായ ഒരു ദുഃസ്വപ്‌നം കണ്ട് അദ്ദേഹം ഞെട്ടിയുണർന്നു. മരണശേഷം കല്ലറയിൽ നിന്നും ഉയിർത്തെഴുന്നേറ്റ് വന്ന് കന്യകമാരുടെ രക്തം കുടിച്ച് കഴിയുന്ന ഒരു ഭീകരനായിരുന്നു അദ്ദേഹത്തിന്റെ ഉറക്കം കെടുത്തിയത്. ആ സ്വപ്‌നത്തിന്റെ ചുവടുപിടിച്ചാണ് ബ്രാം സ്റ്റോക്കർ ഡ്രാക്കുള എന്ന നോ വലിന്റെ രചനയിലേക്കെത്തുന്നത്. അതിനു പക്ഷെ, തുടർന്നു വന്ന ഏഴു വർഷക്കാലത്തെ ക്ഷമയോടെയുള്ള കാത്തിരിപ്പും കഠിനമായ തയ്യാറെടുപ്പുകളും അദ്ദേഹം നടത്തി. അതിന്റെ ഭാഗമായി യൂറോപ്പിലെ മിക്ക രാജ്യങ്ങളിലേയും നാടോടിക്കഥകളും അന്ധവിശ്വാസങ്ങളും പ്രേതകഥകളും ചരിത്രവും അദ്ദേഹം വായിക്കുകയും പഠിക്കുകയും ചെയ്തു. അതിനിടെ എമിലി ജെറാൾഡി ന്റെ 'ട്രാൻസിൽവേനിയയിലെ അന്ധവിശ്വാസങ്ങൾ' എന്ന കൃതി അദ്ദേഹത്തെ ആഴത്തിൽ സ്വാധീനിച്ചു. തുടർന്നാണ് ലോകത്തിലെ ഏറ്റവും ഭീതിജനകമായ പ്രേതകഥയുടെ രംഗഭൂമിയായി റുമേനിയയിലെ ട്രാൻസിൽവേനിയയും അവിടുത്തെ കാർപാത്യൻ മലനിരകളും മാറുന്നത്. 
റുമേനിയയിലെ വാലാക്കി എന്ന പ്രദേശത്ത് ജീവിച്ചിരുന്ന വഌദ് മൂന്നാമൻ പ്രഭുവിനെയാണ് ബ്രാം സ്റ്റോക്കർ ഡ്രാക്കുളയായി അവതരിപ്പിച്ചത്. അവിടുത്തെ നാടോടിക്കഥകളിലും പുരാവൃത്തങ്ങളിലും നായകനും പ്രതിനായകനുമായി ഒരു പോലെ നിറഞ്ഞു നിന്നയാളാണ് വഌദ് പ്രഭു. തുർക്കികളുടെ യൂറോപ്യൻ അധിനിവേശത്തെ ഏറെക്കാലം സമർഥമായി പ്രതിരോധിച്ച ധീരൻ എന്ന നിലയിലാണ് അദ്ദേഹം നായകനായത്. നാട്ടിൽ തന്റെ ചൊൽപ്പടിക്ക് നിൽക്കാത്തവരെയൊക്കെ ശൂലത്തിന് മുകളിൽ ക്രൂരമായി കുത്തി നിറുത്തി കൊന്നൊടുക്കി എന്നതിനാൽ അദ്ദേഹം പ്രതിനായകനുമായി. ബ്രാം സ്റ്റോക്കറുടെ നോവലിലെ ഡ്രാക്കുള പ്രഭു നായകനും വില്ലനുമായി പ്രത്യക്ഷപ്പെടുന്നത് ഇതിന്റെ ഒരു പ്രതിഫലനം എന്ന നിലയിലാണ്.
ഡ്രാക്കുളയ്ക്കു മുമ്പും അതിന് ശേഷവും ഒട്ടനവധി പ്രേതകഥകൾ ലോക സാഹിത്യത്തിലുണ്ടായിട്ടുണ്ട്. എന്നാൽ ഡ്രാക്കുളയോളം പേരും പെരുമയും നേടാൻ അവയ്‌ക്കൊന്നും കഴിഞ്ഞില്ല. തന്റെ ഭാവനയിലുണ്ടായ ഒരു കെട്ടുകഥയെ സത്യവും ചരിത്രവും ഇഴചേർത്ത് സമർഥമായി കൂട്ടിയിണക്കുന്ന അസാധാരണ ജാലവിദ്യയാണ് ബ്രാം സ്റ്റോക്കർ നോവലിൽ കാഴ്ചവെച്ചത്. ഇല്ലാത്ത ഒന്നിനെ ഉണ്ടെന്ന് ഉറപ്പിക്കുംവിധം വിശ്വാസ യോഗ്യമായാണ് ഡ്രാക്കുളയുടെ ആവിഷ്‌കാരം. നോവൽ യാഥാർഥ്യമാണെന്ന് വായനക്കാർ കരുതാനും അവർ കൂടുതൽ പേടിക്കാനും അത് കാരണമായി. ഡ്രാക്കുള നേടിയെടുത്ത അത്യപൂർവമായ വിജയത്തിന് പിന്നിലെ പ്രധാന കാരണവും അതു തന്നെയാണ്.    


കത്തുകൾ, ഡയറിക്കുറിപ്പുകൾ, പത്രവാർത്തകൾ, കമ്പിസന്ദേശങ്ങൾ എന്നിങ്ങനെ സത്യസന്ധമായ രേഖകളുടെ പിൻബലത്തിലാണ് ഡ്രാക്കുളയുടെ കഥ വളർന്നു വികസിക്കുന്നത്. നോവലിലെ സംഭവങ്ങൾ യാഥാർഥ്യമാണെന്ന് വരുത്തിത്തീർക്കാനുള്ള ബ്രാം സ്റ്റോക്കറുടെ തന്ത്രമായിരുന്നു അത്. മരിച്ച ശേഷവും വഌദ് മൂന്നാമൻ പ്രഭുവിനെ പലരും പലയിടത്തും കണ്ടു എന്ന് റുമേനിയൻ നാടോടിക്കഥകളിൽ വിവരിക്കുന്നുണ്ട്. അതു കൊണ്ട് യൂറോപ്യൻ വായനക്കാർ ഡ്രാക്കുള സത്യമാണെന്ന് തന്നെ വിശ്വസിച്ചു. തന്റെ അനുഭവ വിവരണം എന്നപോലെ ബ്രാം സ്റ്റോക്കർ കഥ പറയുന്നതിനാൽ നോവൽ വായനക്കാർക്ക് എല്ലാം വാസ്തവമായി തോന്നി. ജൊനാഥൻ ഹാർക്കർ, ബ്രാം സ്റ്റോക്കറുടെ പ്രതിരൂപമാണ് എന്ന് വിശ്വസിച്ചവരും കൂട്ടത്തിലുണ്ടായിരുന്നു. 
തികച്ചും യാഥാർഥ്യമായ ട്രാൻസിൽവേനിയ പ്രദേശവും കാർപാത്യൻ മലനിരകളും നോവലിൽ കടന്നുവരുന്നുണ്ട്. ഡ്രാക്കുള പ്രഭുവിന്റെ കോട്ട തേടി ഹാർക്കർ കാർപാത്യൻ മലനിരകളിലൂടെ അവിസ്മരണീയമായ കുതിരവണ്ടി യാത്ര ചെയ്യുന്നതിന് തലേദിവസം രാത്രി താമസിച്ച ഒരു ഹോട്ടലിനെ കുറിച്ച് നോവലിൽ വിവരണമുണ്ട്. ഹോട്ടൽ റോയൽ. അത് സത്യത്തിൽ അവിടെ ഉണ്ടായിരുന്ന ഒരു ഹോട്ടലാണ്. ഹാർക്കർ അവിടെ നിന്ന് കഴിക്കുന്ന അതീവ രുചികരമായ പാപ്‌റിക്ക ഹെൻഡിൽ എന്ന ചിക്കൻ വിഭവം അവിടുത്തെ ഏറ്റവും പ്രസിദ്ധമായ ഭക്ഷണ ഐറ്റങ്ങളിൽ ഒന്നായിരുന്നു. ഡ്രാക്കുള പ്രഭുവിന്റെ കോട്ട റൊമാനിയയിലെ പൊയിനാരി കോട്ടയാണെന്നും അതല്ല ബ്രാൻ കാസിൽ ആണെന്നും വാദമുണ്ട്. അതെന്തായാലും അവ രണ്ടും അവിടെ ഉണ്ടായിരുന്ന യാഥാർഥ കോട്ടകൾ തന്നെയാണ്. എന്നാൽ അതിശയകരമായ ഒരു കാര്യം കഥയുടെ പ്രധാന ഭാഗം നടക്കുന്ന റുമേനിയ ബ്രാം സ്റ്റോക്കർ ഒരിക്കലും സന്ദർശിച്ചിട്ടില്ല എന്നുള്ളതാണ്! 
ഡ്രാക്കുള പ്രഭു ലണ്ടനിലെത്തുന്നത് ഡെമെറ്റർ എന്നു പേരുള്ള ഒരു കപ്പലിലാണ് എന്ന് നോവലിൽ പറയുന്നുണ്ട്. അവിടെയും കഥ വാസ്തവമാണെന്ന് വായനക്കാരെ വിശ്വസിപ്പിക്കാൻ ബ്രാം സ്റ്റോക്കർ ചില പൊടിക്കൈകൾ പ്രയോഗിക്കുകയായിരുന്നു. 1885-ൽ ആ പേരിൽ ഒരു കപ്പൽ ദുരൂഹ സാഹചര്യത്തിൽ ലണ്ടൻ തീരത്ത് വന്നണഞ്ഞതായി അക്കാലത്ത് ചില പത്രവാർത്തകളുണ്ടായിരുന്നു. മനുഷ്യരാരും ജീവനോടെ ഇല്ലാതിരുന്ന ആ കപ്പലിൽനിന്നും കറുത്ത ഒരു പടുകൂറ്റൻ നായ ഓടി മറയുന്നത് കണ്ടതായി പലരും അവകാശപ്പെടുകയുണ്ടായി. ഇത് ഡ്രാക്കുളയാണ് എന്ന രീതിയിലാണ് ബ്രാം സ്റ്റോക്കർ കഥയെ രൂപപ്പെടുത്തുന്നത്. ലണ്ടനിലെ ഡ്രാക്കുള പ്രഭുവിന്റെ വസതിയായി പറയുന്ന പിക്കാഡില്ലിയിലെ 347-ാം നമ്പർ കെട്ടിടം ശരിക്കുമുള്ളതാണ്. ഡ്രാക്കുള പ്രഭു ചെന്ന ലണ്ടനിലെ സുവോളജിക്കൽ പാർക്ക് ലണ്ടൻ സൂ ആണെന്ന് ലക്ഷണം കൊണ്ട് അവിടുത്തെ വായനക്കാർക്ക് എളുപ്പത്തിൽ പിടികിട്ടും. ലണ്ടൻ സന്ദർശിച്ച ബ്രാം സ്റ്റോക്കർ താൻ കണ്ട വസ്തുതകളിൽ പലതും നോവലിൽ അതേപടി കൊണ്ടു വന്നപ്പോൾ ഡ്രാക്കുളയ്ക്ക് കൂ ടുതൽ യാഥാർഥ്യ പ്രതീതിയുണ്ടായി. അതിനാൽ ഡ്രാക്കുള സത്യമായും ഇം ഗ്ലണ്ടിൽ എത്തി എന്നുവരെ വായനക്കാർ വിശ്വസിക്കാൻ നിർബന്ധിതരായി. അതവരുടെ പേടി പിന്നെയും വർധിപ്പിച്ചു.


ഡ്രാക്കുള എന്ന കഥാപാത്രം ജനമനസ്സുകളിൽ ഭീതി പരത്തുന്ന ഒരു മിത്തായി മാറിയതിൽ നോവലിനെ അധികരിച്ചിറങ്ങിയ സിനിമകൾക്ക് വലിയൊരു പങ്കുണ്ട് എന്നത് ശ്രദ്ധേയമാണ്. 1931-ലാണ് ഡ്രാക്കുളയെ കുറിച്ചുള്ള ആദ്യ ഇംഗ്ലീഷ് സിനിമ പുറത്തിറങ്ങുന്നത്. തുടർന്ന് വിവിധ കാലങ്ങളിലായി 220 ഓളം സിനിമകളിൽ ഡ്രാക്കുളപ്രഭു കേന്ദ്ര കഥാപാത്രമായി. ഡ്രാക്കുള എന്ന നോവലിനോട് നീതി പുലർത്തിയവയും അല്ലാത്തവയും അക്കൂട്ടത്തിലുണ്ട്. എങ്കിലും മിക്കതും ഹിറ്റുകളും സൂപ്പർ ഹിറ്റുകളുമായി. 1958-ൽ ഇറങ്ങി, ഹോളിവുഡ് നടൻ ക്രിസ്റ്റഫർ ലീ തകർത്ത് അഭിനയിച്ച ഹൊറർ ഓഫ് ഡ്രാക്കുളയാണ് അവയിൽ പ്രേക്ഷകരെ ഏറെ ആകർഷിച്ചതും ഏറ്റവും പ്ര സിദ്ധമായതും. തുടർന്ന് 10 സിനിമകളിൽ കൂടി അദ്ദേഹം ഡ്രാക്കുളയായി വേ ഷമിട്ടു. അതോടെ ക്രൂരതയുടെ പര്യായമായ ഡ്രാക്കുള എന്നാൽ ലീ ആണെ ന്ന ധാരണ പോലും പ്രേക്ഷകരുടെ മനസ്സിലുറച്ചു. അത്രയും തൻമയത്വമാർ ന്നതായിരുന്നു ലീയുടെ അഭിനയ പ്രകടനം. ഡാനിഷ് ചിത്രകാരിയും മോഡലുമായ ഗ്രിറ്റെ ക്രോയങ്കെ ആയിരുന്നു ലീയുടെ ഭാര്യ. പല രാത്രികളിലും ഭ ർത്താവിന്റെ കോമ്പല്ലുകൾ തന്റെ കഴുത്തിൽ അമരുന്നതായി സ്വപ്‌നം കണ്ട് അവർ നിലവിളിച്ച് ഞെട്ടിയുണർന്നിരുന്നുവത്രെ!. സത്യത്തിൽ ലീ ഡ്രാക്കുളയായി അഭിനയിക്കുകയായിരുന്നില്ല, മറിച്ച് ജീവിക്കുകയായിരുന്നു.
ഡ്രാക്കുളയുടെ കഥ ഭൂരിഭാഗവും നടക്കുന്നത് റുമേനിയയിലാണ്. കാ ലക്രമേണ ഡ്രാക്കുള പ്രഭു വിഹരിച്ചു നടന്നു എന്നു കരുതപ്പെടുന്ന കോട്ടക ൾ, ട്രാൻസിൽവേനിയ, കാർപാത്യൻ മലനിരകൾ, ജൊനാഥൻ താമസിച്ച ഹോട്ടൽ റോയൽ തുടങ്ങിയവ തേടി നോവൽ വായിച്ച ആളുകൾ എത്താൻ തുടങ്ങി. അതോടെയാണ് അതിലെ  വമ്പിച്ച ടൂറിസം സാധ്യതയെ കുറിച്ച് റുമേനിയൻ സർക്കാരിന് തിരിച്ചറിവുണ്ടാകുന്നത്. തുടർന്ന് ഡ്രാക്കുളയുമാ യി ബന്ധപ്പെട്ട സർവ ഇടങ്ങളും അവർ പൈതൃക സ്ഥലങ്ങളായി പ്രഖ്യാപി ച്ച് സംരക്ഷിക്കാനും പലതും കേടുപാടുകൾ തീർത്ത് പുനഃസ്ഥാപിക്കാനും തുടങ്ങി. 1915 -ലെ ഒരു ഭൂകമ്പത്തിൽ ഭാഗികമായി തകർന്നു പോയ പൊയ് നാരി കോട്ട പോലും വലിയ മുതൽ മുടക്കി സർക്കാർ പുനഃർനിർമിച്ചത് അ തിന്റെ ഭാഗമായിട്ടായിരുന്നു. ഇന്ന്, റുമേനിയൻ സർക്കാരിന്റെ ടൂറിസം വകുപ്പിന് ഡ്രാക്കുള ടൂർ പാക്കേജ് എന്ന പേരിൽ സന്ദർശകരെ ആകർഷിക്കാൻ ഒ രു പ്രത്യേക പദ്ധതി തന്നെയുണ്ട്. അതുവഴി പ്രതിവർഷം 75,000 സന്ദർശകർ റുമേനിയയിൽ എത്തുന്നു എന്നാണ് കണക്ക്. ഏകദേശം 300 കോടി ഡോളറിന്റെ വരുമാനം അത് സർക്കാരിന് ഉണ്ടാക്കി കൊടുക്കുന്നു. റുമേനിയയുടെ വാർഷിക വരുമാനത്തിന്റെ 20 ശതമാനത്തോളം വരുമത്. അങ്ങനെ ക്രൂരനായ ഡ്രാക്കുള പ്രഭു, റുമേനിയ എന്ന രാജ്യത്തിന്റെ തലവര തന്നെ മാറ്റിയെഴുതുകയായിരുന്നു.


ഡ്രാക്കുളയുടെ ജൻമം കൊണ്ട് ഏറെ ശ്രദ്ധേയമായ റുമേനിയയുടെ ഔദ്യോഗിക ഭാഷയിൽ പക്ഷെ, ഡ്രാക്കുളയുടെ വിവർത്തനം ഉണ്ടാകുന്നത് 1990-ൽ മാത്രമാണ്. അതായത് യഥാർഥ ഡ്രാക്കുള ഇറങ്ങി 103 വർഷങ്ങൾക്ക ശേഷം. മലയാളത്തിൽ ഡ്രാക്കുളയുടെ ആദ്യ പരിഭാഷ ഉണ്ടായത് 1960-61 കാലത്താണ്. കവി കെ.വി. രാമകൃഷ്ണനാണ് രക്തരക്ഷസ്സ് എന്ന പേരിൽ ഡ്രാക്കുള വിവർത്തനം ചെയ്തത്. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വന്ന ആ പരിഭാഷയുടെ പിന്നിലെ പ്രധാന പ്രചോദനം എം.ടി. വാസുദേവൻ നായരായിരു ന്നു. പിന്നീട് പല കാലങ്ങളിലായി കോട്ടയം പുഷ്പനാഥ്, നീലകണ്ഠൻ പ രമാര, എം.പി. സദാശിവൻ, ഏറ്റുമാനൂർ ശിവകുമാർ എന്നിവരും ഡ്രാക്കുളയുടെ മലയാള പരിഭാഷ നിർവഹിക്കുകയുണ്ടായി.
ഹൊറർ സാഹിത്യ ശാഖയ്ക്ക് പ്രചുരപ്രചാരം നേടികൊടുത്ത ഡ്രാക്കു ള പക്ഷെ, ജീവിച്ചിരിക്കെ ബ്രാം സ്റ്റോക്കർക്ക് കാര്യമായ സാമ്പത്തിക ഗുണമൊന്നും ചെയ്തില്ല എന്നതാണ് യാഥാർഥ്യം. തന്റെ മാനസപുത്രനായ ഡ്രാ ക്കുള തലമുറകളെ കീഴടക്കി നിത്യഹരിത നായകനായി അരങ്ങു വാഴുന്നതു കാണാനുള്ള ഭാഗ്യം അദ്ദേഹത്തിനുണ്ടായില്ല. ഡ്രാക്കുള അത്യപൂർവമായ വി ജയം കൊയ്ത് ഒരു ജനകീയ ക്ലാസിക്കായി മാറുന്നതും അദ്ദേഹം അറിഞ്ഞി ല്ല. പിന്നീടൊരു കാലത്ത് കോടിക്കണക്കിന് ഡോളറിന്റെ ആസ്തി ആ നോവ ൽ അദ്ദേഹത്തിന്റെ പിൻതലമുറയ്ക്ക് നേടിക്കൊടുത്തു. ഡ്രാക്കുളയുടെ റോ യൽറ്റിയിലൂടെ മാത്രം അവർ കോടീശരൻമാരും ശതകോടീശ്വരൻമാരുമായി തീർന്നു. എന്നാൽ 1912-ൽ തന്റെ 64-ാം വയസിൽ അന്തരിക്കുമ്പോൾ ബ്രാം സ്റ്റോക്കർ അക്ഷരാർഥത്തിൽ പട്ടിണിയും പരിവട്ടവുമായി കഴിയുകയായിരുന്നു. അതൊരു വിധി വൈപരിത്യമാവാം. അതെന്തായാലും സ്രഷ്ടാവിനെ ത ന്നെ അപ്രസക്തനാക്കിക്കൊണ്ട് ഭീതി വിതച്ചും കൊയ്തും ഡ്രാക്കുള ലോകമെമ്പാടുമുള്ള അനേകം മനുഷ്യമനസ്സുകളിൽ ഇന്നും മരണമില്ലാതെ പുനർ ജനിച്ചു കൊണ്ടേയിരിക്കുന്നു.
 

Latest News