Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഇതാ ഭാവിയുടെ താരങ്ങൾ

ആരൊക്കെയാണ് ലോക ഫുട്‌ബോളിലെ 21 ന് താഴെയുള്ള ഏറ്റവും മികച്ച കളിക്കാർ? ലിയണൽ മെസ്സിയുടെയും ക്രിസ്റ്റിയാനൊ റൊണാൾഡോയുടെയും പിന്മുറക്കാർ. കഴിഞ്ഞ വർഷം എർലിംഗ് ഹാലാൻഡും ഫിൽ ഫോദനും വിനിസിയൂസ് ജൂനിയറും അൽഫോൺസൊ ഡേവീസുമൊക്കെയായിരുന്നു ഈ പട്ടികയിൽ. ഈ വർഷത്തെ മികച്ച കളിക്കാരെക്കുറിച്ച പരമ്പരയുടെ അഞ്ചാം ഭാഗം

ലിയണൽ മെസ്സിയും ക്രിസ്റ്റിയാനൊ റൊണാൾഡോയും ഗോളടിച്ചു കൂട്ടുകയാണ് ഈ പ്രായത്തിലും. അവരുടെ പിൻഗാമികളായി എർലിംഗ് ഹാലാൻഡും ഫിൽ ഫോദനും വിനിസിയൂസ് ജൂനിയറും അൽഫോൺസൊ ഡേവീസും കളം വാഴുന്നുണ്ട്. ഇവർക്കെല്ലാം 22 വയസ്സായി. ആരാണ് 21 ന് താഴെയുള്ള ഏറ്റവും മികച്ച കളിക്കാർ? മികച്ച 39 കളിക്കാരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇ.എസ്.പി.എൻ സോക്കറിന്റെ ടോർ ക്രിസ്റ്റിയൻ കാൾസൻ. 100 പേരുടെ പട്ടികയിൽ നിന്നാണ് അദ്ദേഹം മികച്ച മുപ്പത്തൊമ്പതിലേക്ക് എത്തിയത്.  
ഈ 39 പേരിൽ ഏറ്റവും കൂടുതൽ ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ നിന്നാണ് -12, പത്തുപേർ ബുണ്ടസ്‌ലിഗയിൽ നിന്നും. സ്പാനിഷ് ലീഗിൽ നിന്ന് ഒമ്പതു പേരുണ്ട്. ഫ്രഞ്ച് ലീഗിൽ നിന്നും ഇറ്റാലിയൻ ലീഗിൽ നിന്നും പോർചുഗൽ ലീഗിൽ നിന്നും ഡച്ച് ലീഗിൽ നിന്നും രണ്ടു പേർ വീതവും. രാജ്യം തിരിച്ചു നോക്കുമ്പോൾ ഏറ്റവും കൂടുതൽ പേർ സ്‌പെയിനിൽ നിന്നാണ് -7. അതു കഴിഞ്ഞാൽ ഇംഗ്ലണ്ടിൽ് നിന്നും ജർമനിയിൽ നിന്നും -5 വീതം. ഫ്രാൻസിൽ നിന്ന് നാലും നെതർലാന്റ്‌സിൽ നിന്ന് മൂന്നും യുവ കളിക്കാരുണ്ട്. അമേരിക്ക, ബ്രസീൽ, പോർചുഗൽ, ബെൽജിയം, ഇക്വഡോർ എന്നിവിടങ്ങളിൽ നിന്ന് രണ്ടു പേർ വീതം. മറ്റ് അഞ്ച് രാജ്യങ്ങളിലെ ഓരോ പ്രതിനിധികൾ.



12. അൻസു ഫാത്തി (ഫോർവേഡ്, ബാഴ്‌സലോണ, സ്‌പെയിൻ)
ഈ തലമുറയിലെ ഏറ്റവും പ്രതിഭാസമ്പന്നനായ കളിക്കാരിലൊരാളാണ് ഇരുപതുകാരൻ. പതിനാറാം വയസ്സിൽ തകർപ്പൻ ഫോമിൽ ബാഴസലോണ സീനിയർ ടീമിലേക്ക് പൊട്ടവീണ അൻസു ഫാത്തി ആ ഫോം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്. എന്നാൽ ഒരു വർഷത്തോളം പുറത്തിരിക്കാൻ കാരണമായ കാൽമുട്ട് വേദന പലപ്പോഴും പ്രതിസന്ധി സൃഷ്ടിക്കുന്നു. ഒപ്പം പ്രതീക്ഷകളുടെ ഭാരവുമുണ്ട്. ബാഴ്‌സലോണയിൽ ഇപ്പോൾ അധികം കളി സമയം ലഭിക്കുന്നില്ലെന്ന പ്രശ്‌നവും അലട്ടുന്നു. പ്രതിഭയുടെ പാരമ്യത്തിലെത്തിയിട്ടില്ലാത്ത കളിക്കാരനാണ്.
ബാഴ്‌സലോണ അക്കാദമിയിൽ നിന്ന് സ്വയത്തമാക്കിയ ടെക്‌നിക്കൽ മികവും അറ്റാക്കിംഗ് ഗെയിമുമുണ്ട്. ലെഫ്റ്റ് വിംഗാണ് ഇഷ്ടം. കുറിയ പാസുകളും ചടുലമായ നീക്കങ്ങളും സ്വാഭാവികമായി ഒഴുകി വരുന്നു. പരിക്കുകൾ ആ കുതിപ്പിനെ തടസ്സപ്പെടുത്തിയിട്ടുണ്ട്. എങ്കിലും മികച്ച ഫിനിഷിംഗ് പാടവം നിലനിർത്തുന്നു. ഈ സീസണിൽ മൂന്നു ഗോളേ സ്പാനിഷ് ലീഗിൽ സ്‌കോർ ചെയ്തിട്ടുള്ളൂ. ബാഴ്‌സലോണയിൽ നിന്ന് അത്ര സമ്മർദമില്ലാത്ത ഏതെങ്കിലും ടീമിലേക്ക് ലോണിൽ പോയാൽ കഴിവ് മെച്ചപ്പെടുത്താമെന്ന് കരുതുന്നവരുണ്ട്.

11. അലജാന്ദ്രൊ ബാൾദെ (ഡിഫന്റർ, ബാഴ്‌സലോണ, സ്‌പെയിൻ)
അവിശ്വസനീയ യാത്രയിലാണ് പത്തൊമ്പതുകാരൻ. ലാ മാസിയ അക്കാദമിയിൽ നിന്ന് ബാഴ്‌സലോണ ബി ടീമിലേക്കും അവിടെ നിന്ന് സീനിയർ ടീമിലേക്കും മിഴിചിമ്മിത്തുറക്കും മുമ്പാണ് പറന്നെത്തിയത്. ഒരു വർഷത്തോളമായി സ്‌പെയിൻ സീനിയർ ടീമിലുണ്ട്. ഇത്ര ഉയരങ്ങളിൽ എളുപ്പം ഇണങ്ങിച്ചേരാനായി എന്നതാണ് ബാൾദെയുടെ കരുത്ത്. ഫുൾബാക്കിനു വേണ്ട എല്ലാ ചേരുവയുമുണ്ട്. ഓട്ടവും പൊസിഷനിംഗും സഹതാരങ്ങളുമായുള്ള ധാരണയുമെല്ലാം ഒന്നാന്തരം. വേഗമാണ് കരുത്ത്. കളിയുടെ ഗതി മനസ്സിലാക്കാനുള്ള കഴിവ് മെച്ചപ്പെടുന്നുണ്ട്. വിംഗുകളിലും കട്ട് ചെയ്തു കയറുമ്പോഴും അപകടകാരിയാണ്. ബോക്‌സിനുള്ളിൽ മാർക്കിംഗിൽ കൂടുതൽ ശ്രദ്ധ പുലർത്തണം. എതിരാളികൾ ചുമൽ തള്ളിക്കയറുമ്പോൾ പിടിച്ചുനിൽക്കാൻ പഠിക്കേണ്ടതുണ്ട്. ക്രോസിംഗും മെച്ചപ്പെടണം.



10. മോയ്‌സസ് സായ്‌സീദൊ (മിഡ്ഫീൽഡർ, ബ്രൈറ്റൻ, ഇക്വഡോർ)
ബ്രൈറ്റനിലേക്ക് വരും മുമ്പ് തന്നെ പ്രീമിയർ ലീഗിലെ മികച്ച ഡിഫൻസിവ് മിഡ്ഫീൽഡർമാരിലൊരാൾ എന്ന ആദരവ് പിടിച്ചുപറ്റിയിട്ടുണ്ട് ഇരുപത്തൊന്നുകാരൻ. കഴിഞ്ഞ ലോകകപ്പിൽ ശ്രദ്ധ പിടിച്ചുപറ്റി. ജനുവരിയിൽ ആഴ്‌സനലും ചെൽസിയുമെല്ലാം പിറകെയുണ്ടായിരുന്നു. ട്രാൻസ്ഫർ അനുവദിക്കാത്തതിന്റെ പേരിൽ ബ്രൈറ്റനുമായി ഉടക്കിയിരുന്നു. ഇപ്പോൾ പ്രശ്‌നങ്ങൾ പരിഹരിച്ചു കഴിഞ്ഞു. 2027 വരെ കരാർ പുതുക്കി.
വലിയ ഏരിയ അനായാസം കവർ ചെയ്യാൻ കഴിയും. കൃത്യമായ ടാക്ലിംഗ്, നിതാന്ത ജാഗ്രതയും ഇടപെടലുകളും. പ്രതിരോധത്തിലാണ് ശക്തിയെങ്കിലും ആക്രമണത്തിലും പങ്കുചേരും. ലെഫ്റ്റ് ഫുൾബാക്കുകളുമായി നല്ല ധാരണ. റീബൗണ്ടുകൾ പിടിച്ചെടുക്കാൻ സ്‌പെയ്‌സ് കണ്ടെത്തുന്നു. ഓരോ മത്സരത്തിലും പൂർണ കരുത്തിൽ കളിക്കുന്നു. എന്നാൽ പാസിംഗിൽ കൂടുതൽ സാഹസികത കാണിക്കേണ്ടതുണ്ട്.

9. ജോസ്‌കൊ ഗ്വാർദിയോൾ (ഡിഫന്റർ, ലെയ്പ്‌സിഷ്, ക്രൊയേഷ്യ)
2022 ലെ ലോകകപ്പിലെ സൂപ്പർ താരങ്ങളിലൊരാളായി ഉയർന്നു. ലിയണൽ മെസ്സിയുടെ പ്രതിഭക്കു മുന്നിൽ നിസ്സഹായനായി പോവുന്നതു വരെ ഒരു ചുവടും പിഴച്ചില്ല. ചാമ്പ്യൻസ് ലീഗിലും കരുത്തു കാട്ടി. റയൽ മഡ്രീഡിനും മാഞ്ചസ്റ്റർ സിറ്റിക്കുമെതിരായ മത്സരങ്ങളിൽ നിറഞ്ഞുനിൽക്കുകയും സ്‌കോർ ചെയ്യുകയും ചെയ്തു. നാലു വർഷം കൂടി ലെയ്പ്‌സിഷുമായി കരാറുണ്ട്. എങ്കിലും വൻ ക്ലബ്ബുകൾ വട്ടമിടുകയാണ്.
ഒന്നാന്തരം വേഗവും ബാലൻസും കരുത്തുമുണ്ട് ഈ കളിക്കാരന്. ഇടങ്കാലനടി ശക്തമാണ്. നല്ല പന്തടക്കം. പ്രതിരോധത്തിൽ നിന്ന് കൃത്യമായി മീഡിയം, ലോംഗ്‌റെയ്ഞ്ച് പാസുകൾ കൈമാറും. പ്രായത്തിൽ കവിഞ്ഞ പക്വതയും ആത്മവിശ്വാസവും. ക്രോസുകൾ കൈകാര്യം ചെയ്യുന്നതിൽ കൂടുതൽ ജാഗ്രത വേണം. ജാഗ്രത കുറവുണ്ട്. മാഞ്ചസ്റ്റർ സിറ്റിക്കെതിരായ രണ്ടാം പാദത്തിലെ 0-7 തോൽവിയിൽ ഇത് പ്രകടമായിരുന്നു.



8. ഫ്‌ളോറിയൻ വിർറ്റ്‌സ് (മിഡ്ഫീൽഡർ, ബയർ ലെവർകൂസൻ, ജർമനി)
ഒമ്പതു മാസം നീണ്ട പരിക്കിനു ശേഷം പത്തൊമ്പതുകാരൻ കരുത്ത് വീണ്ടെടുത്തിട്ടുണ്ട്. ഈ തലമുറയിലെ ജർമൻ കളിക്കാരിൽ മുമ്പനാണ്. ലെവർകൂസനു വേണ്ടി ആഭ്യന്തര മത്സരങ്ങളിലും യൂറോപ്യൻ ചാമ്പ്യൻഷിപ്പിലും കരുത്തു കാട്ടി. യൂറോപ്പിലെ അറ്റാക്കിംഗ് മിഡ്ഫീൽഡർമാരിൽ എല്ലാ ഗുണവും ഒത്തിണങ്ങിയ താരം. സ്‌ട്രൈക്കർക്കു പിന്നിലായും ഫാൾസ് നൈനായി മുന്നിലും ലെഫ്റ്റ് വിംഗിലുമൊക്കെ കളിക്കാനാവും. അസാധാരണ ഡ്രിബഌംഗ് പാടവം. തന്ത്രപൂർവമായ പാസുകൾ. നല്ല ധാരണ, ലക്ഷ്യം കാണാനുള്ള മികവ്. പന്ത് തിരിച്ചുപിടിക്കുന്നതിലും മിടുക്കൻ. പരിക്ക് അലട്ടുന്നതാണ് പ്രശ്‌നം. ഗോളെണ്ണം വർധിപ്പിക്കേണ്ടതുണ്ട്. 90 മിനിറ്റും തീവ്രത നിലനിർത്താനാവണം.

7. ഗബ്രിയേൽ മാർടിനെല്ലി (ഫോർവേഡ്, ആഴ്‌സനൽ, ബ്രസീൽ)
ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ ആഴ്‌സനലിന്റെ അത്യസാധാരണ മുന്നേറ്റത്തിന്റെ പതാകവാഹകൻ. യൂറോപ്പിൽ ഏറ്റവും കളി മെച്ചപ്പെടുത്തിയവരിലൊരാൾ. ആക്രമണത്തിന് ഒഴുക്ക് നൽകുന്നു.
അസാധാരണ വേഗവും ഒന്നാന്തരം ബാലൻസുമുണ്ട്. പന്തില്ലാത്ത സമയത്ത് പ്രവചനാതീതമായ നീക്കങ്ങൾ. ഏതു നിമിഷവും എതിർപ്രതിരോധത്തിന് തലവേദന. ഇടതു വിംഗിലെ ഗോളടിവീരൻ. വൺ ടച്ച് ഫിനിഷ്, കഠിനാധ്വാനം. ഈ സീസണിലെ പ്രീമിയർ ലീഗിൽ 15 ഗോൾ. കുറിയ പാസുകളിൽ കൂടുതൽ കൃത്യത കാണിക്കണം. പ്രതിരോധ മതിലിനു മുന്നിൽ എന്തു ചെയ്യണമെന്നറിയാതെ നിന്നുപോവുന്ന ശീലമുണ്ട്. (തുടരും)
 

Latest News