സോച്ചി- പരാജയത്തിന്റെ പടുകുഴിയിൽനിന്ന് സമനിലയുടെ സമതലത്തിലേക്ക് കയറിവന്നെങ്കിലും പരാജയം തുറിച്ചുനോക്കിയ ജർമനിയെ ക്രൂസ് മിസൈൽ പായിച്ച് ടോണി ക്രൂസ് വിജയത്തിലേക്കെത്തിച്ചു. സ്വീഡനെ 2-1ന് കീഴടക്കി, ചാമ്പ്യന്മാർ ലോകകപ്പിൽ പ്രതീക്ഷകൾ നിലനിർത്തി. ഇൻജുറി ടൈമിൽ ടോണി ക്രൂസാണ് സോച്ചിയിലെ ഫിഷ്ത് സ്റ്റേഡിയത്തെ ത്രസിപ്പിച്ച ഒന്നാന്തരം ഫ്രീകിക്ക് ഷോട്ടിലൂടെ ജർമനിയുടെ വിജയ ഗോൾ നേടിയത്.
ഒരു ഗോളിന് പിന്നിലാവുകയും ചുവപ്പ് കാർഡ് കണ്ട് ജെറോം ബോട്ടാങ് പുറത്തുപോവുകയും ചെയ്തിടത്തുനിന്നാണ് ഫീനിക്‌സ് പക്ഷിയെപ്പോലെ ജർമനി ഉയർത്തെഴുന്നേറ്റത്.
ടീമിൽ കാര്യമായ മാറ്റങ്ങൾ വരുത്തുകയും, ആദ്യം മുതൽ ആക്രമിക്കുകയും ചെയ്തിട്ടും ഒന്നാം പകുതിയിൽ തപ്പിത്തടയുകയായിരുന്നു നിലവിലുള്ള ജേതാക്കൾ. ഇതിനിയിൽ ഒല ടോയിവോനൻ ജർമൻ പ്രതിരോധത്തെയും ഗോളി മാന്വൽ ന്യൂയറെയും അമ്പരപ്പിച്ചുകൊണ്ട് ഗോൾ നേടിയതോടെ ചാമ്പ്യന്മാർ കടുത്ത സമ്മർദത്തിലായി. ലോകകപ്പിൽ രണ്ടാം റൗണ്ട് കാണാനാവാതെ പുറത്താവുകയെന്ന നാണക്കേട് അവരെ തുറിച്ചുനോക്കി.
എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ മാർക്കോ റ്യൂസ് ജർമനിയെ ഒപ്പമെത്തിച്ചു. പിന്നീട് ജർമനിയുടെ നിരന്തര ആക്രമണമാണ് കണ്ടത്.
അതിനിടെ, സ്വീഡിഷ് താരത്തെ ടാക്കിൾ ചെയ്തതിന് ബോട്ടാങ് രണ്ടാം മഞ്ഞ കാർഡും അതുവഴി ചുവപ്പുകാർഡും കണ്ടത് ജർമനിക്ക് പ്രഹരമായി. എന്നാൽ പത്ത് പേരായി ചുരുങ്ങിയപ്പോൾ അവർക്ക് വാശി കൂടുകയായിരുന്നു. ജർമൻ ആക്രമണങ്ങളെ ചെറുക്കാൻ സ്വീഡൻ ശരിക്കും പാടുപെട്ടു.
കളി സമനിലയിലേക്ക് പോകുമെന്ന് തോന്നിയ ഘട്ടത്തിലാണ് ബോക്‌സിന് തൊട്ടുവെളിയിൽ ഇടതുവശനിന്ന് ജർമനിക്ക് ഫ്രീ കിക്ക് കിട്ടുന്നത്. അവിടെയായിരുന്നു ജർമൻ തന്ത്രം. കിക്ക് എടുത്ത റ്യൂസ് പന്ത് ക്രൂസിന് മുന്നിലേക്ക് തട്ടിയിട്ടു. ക്രൂസ് പായിച്ചത് ഒന്നൊന്നര മിസൈലായിരുന്നു. സ്വീഡൻ താരങ്ങൾ കണ്ണടച്ചുതുറക്കുംമുമ്പ് പന്ത് വലയിൽ.
ഈ വിജയത്തോടെ, മൂന്ന് പോയന്റ് നേടിയ ജർമനിക്ക് കാര്യങ്ങൾ എളുപ്പമാവുകയാണ്. അവസാന മത്സരത്തിൽ തെക്കൻ കൊറിയയെ തോൽപ്പിച്ചാൽ അവർക്ക് രണ്ടാം റൗണ്ട് ഉറപ്പാക്കാം.