സീതാപൂര്‍- ഉത്തര്‍പ്രദേശില്‍ നടക്കാനിരിക്കുന്ന നഗരസഭാ തെരഞ്ഞെടുപ്പിനെ ദേവാസുര യുദ്ധമെന്ന് വിശേഷിപ്പിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ദേവാസുര യുദ്ധമാണ് നടക്കാനിരിക്കുന്നതെന്നും അഴിമതിക്കാരെയും മാഫിയകളെയും ഒരു പാഠം പഠിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മേയ് നാല്, 11 തീയതികളില്‍ സംസ്ഥാനവ്യാപകമായി നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പൊതുയോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. സീതാപൂരിലെ വിശുദ്ധ നൈമിഷാരണ്യം വികസനം മുഖ്യമന്ത്രി ഉറപ്പുനല്‍കി.
കാശി, അയോധ്യ, മഥുര എന്നീ നഗരങ്ങളുടെ മാതൃകയില്‍ നൈമിഷാരണ്യത്തിന്റെ മുഖം മിനുക്കും. നൈമിഷാരണ്യയുടെ പുനരുജ്ജീവനത്തോടെ ടൂറിസം ശക്തമാകുമെന്നും എല്ലാ മേഖലകളിലും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും അദ്ദേഹം സീതാപൂരില്‍ പറഞ്ഞു. പ്രചാരണത്തിന്റെ ഭാഗമായി ആദിത്യനാഥ് ലഖിംപൂര്‍ ഖേരിയിലും ബല്‍റാംപൂരിലും യോഗങ്ങളെ അഭിസംബോധന ചെയ്തു.
നൈമിഷാരണ്യയുടെ ഈ നാട്ടില്‍ ഒരിക്കല്‍ മഹര്‍ഷി ദധീചി ദൈവിക ശക്തികളുടെ വിജയത്തിനായി ആയുധങ്ങള്‍ ഉണ്ടാക്കാന്‍ തന്റെ അസ്ഥികള്‍ ദാനം ചെയ്തിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മുന്‍ ഭരണത്തിന് കീഴില്‍ തഴച്ചുവളര്‍ന്ന അഴിമതിക്കാരെയും കുറ്റവാളികളെയും പാഠം പഠിപ്പിക്കാന്‍ തെരഞ്ഞെടുപ്പ് അവസരമൊരുക്കിയതെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.
അധികാരത്തിലിരുന്നപ്പോള്‍ ക്രിമിനലുകള്‍ക്ക് സംരക്ഷണം നല്‍കിയെന്നാരോപിച്ച് പ്രതിപക്ഷമായ സമാജ്വാദി പാര്‍ട്ടിക്കെതിരെ ബിജെപി ആഞ്ഞടിച്ചിരുന്നു.
2017 ല്‍ ഉത്തര്‍പ്രദേശില്‍ ബിജെപി അധികാരത്തിലെത്തുന്നതിനു മുമ്പ് സംസ്ഥാനത്ത് വ്യാപാരികളില്‍ നിന്ന് ഗുണ്ടാ നികുതി ഈടാക്കിയിരുന്നതായി മുഖ്യമന്ത്രി മറ്റൊരു യോഗത്തില്‍ പറഞ്ഞു.
ഇപ്പോള്‍ ഗുണ്ടാ നികുതി ആവശ്യപ്പെടാന്‍ ആര്‍ക്കും ധൈര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഇരട്ട എന്ജിന് സര്‍ക്കാരില്‍ മൂന്നാം എഞ്ചിന്' ചേരുന്നതോടെ എല്ലാ വീട്ടിലും അടിസ്ഥാന സൗകര്യങ്ങള്‍ എത്തിത്തുടങ്ങുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുപിയിലും കേന്ദ്രത്തിലുമുള്ള ബിജെപി സര്‍ക്കാരുകളെയാണ് അദ്ദേഹം ഇരട്ട എന്‍ജിനായി വിശേഷിപ്പിച്ചത്. സര്‍ക്കാര്‍ പദ്ധതികളുടെ ആനുകൂല്യങ്ങള്‍ വിവേചനമില്ലാതെ എല്ലാവര്ക്കും ലഭ്യമാക്കുമെന്നും ആദിത്യനാഥ് ഉറപ്പു നല്കി.
കൂടുതല്‍ വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)