കാര്‍ലോസ് ക്വിറോസിന്റെ മനസ്സില്‍ ഇപ്പോള്‍ ഒറ്റ ചിന്തയേയുള്ളൂ, സ്വന്തം നാടിനെ തോല്‍പിക്കണം. ഇറാന്റെ പരിശീലകനാണ് ക്വിറോസ്. ഇറാന്‍ ഗ്രൂപ്പ് ഘട്ടം കടക്കണമെങ്കില്‍ തിങ്കളാഴ്ച പോര്‍ചുഗലിനെതിരെ അവര്‍ വിജയം നേടണം. ഇതാദ്യമായല്ല ലോകകപ്പില്‍ ഒരു കോച്ചിന് സ്വന്തം നാടിനെതിരെ തന്ത്രം മെനയേണ്ടി വരുന്നത്. സ്വന്തം നാടിനെതിരെ എതിര്‍ ടീമിനെ പരിശീലിപ്പിക്കുന്ന ലോകകപ്പ് ചരിത്രത്തിലെ ഇരുപതാമത്തെ അവസരമായിരിക്കും ഇത്.
1938 ലെ മൂന്നാമത്തെ ലോകകപ്പിലാണ് ഇത്തരമൊരു സാഹചര്യം ആദ്യമായി ഉണ്ടായത്. ഹംഗറിക്കാരനായി നാഗിയായിരുന്നു അത്തവണ സ്വീഡന്റെ കോച്ച്. തന്ത്രം വിലപ്പോയില്ല. സ്വീഡന്‍ 1-5 ന് തോറ്റു. അവസാനത്തേത് 2014 ലാണ്. ജര്‍മനിക്ക് ലോകകപ്പ് നേടിക്കൊടുക്കുകയും 2006 ല്‍ ജര്‍മനിയില്‍ ലോകകപ്പ് നടന്നപ്പോള്‍ ആതിഥേയ ടീമിന്റെ പരിശീലകനാവുകയും ചെയ്ത യൂര്‍ഗന്‍ ക്ലിന്‍സ്മാനായിരുന്നു കഴിഞ്ഞ ലോകകപ്പില്‍ അമേരിക്കയുടെ കോച്ച്. ജര്‍മനിയോട് അമേരിക്ക 0-1 ന് തോറ്റു. ജര്‍മന്‍ കോച്ചായിരിക്കെ തന്റെ അസിസ്റ്റന്റായിരുന്ന ജോക്കിം ലോവായിരുന്നു ക്ലിന്‍സ്മാന്റെ അമേരിക്കക്കെതിരെ ജര്‍മനിയെ പരിശീലിപ്പിച്ചത്.
സ്വെന്‍ ഗൊരാന്‍ എറിക്‌സന് രണ്ടു തവണ ലോകകപ്പില്‍ സ്വന്തം നാടായ സ്വീഡനെതിരെ തന്ത്രങ്ങള്‍ മെനയേണ്ടി വന്നു. 2002 ലും 2006 ലും ഇംഗ്ലണ്ട് കോച്ചായിരുന്നു എറിക്‌സന്‍. രണ്ടു തവണയും ഇംഗ്ലണ്ടും സ്വീഡനും മുഖാമുഖം വന്നു. എറിക്‌സന് കുറ്റബോധം തോന്നേണ്ട അവസ്ഥയുണ്ടായില്ല. 2002 ല്‍ 1-1 സമനിലയായിരുന്നു. 2006 ല്‍ 2-2 സമനിലയും.
സ്വന്തം നാടിന് ഏറ്റവും വലിയ നാണക്കേടുണ്ടാക്കിയത് ഫ്രഞ്ചുകാരന്‍ ബ്രൂണൊ മെറ്റ്‌സുവാണ്. 2002 ല്‍ അരങ്ങേറ്റക്കാരായ സെനഗലിന്റെ കോച്ചായിരുന്നു മെറ്റ്‌സു. നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സിനെ അവര്‍ ആദ്യ മത്സരത്തില്‍ അട്ടിമറിച്ചത് ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും അവിശ്വസനീയമായ ഫലങ്ങളിലൊന്നായി. ഫ്രാന്‍സ് ഗ്രൂപ്പ് ഘട്ടം കടക്കാതെ മടങ്ങി. സെനഗല്‍ ക്വാര്‍ട്ടര്‍ വരെ മുന്നേറി. മെറ്റ്‌സു ഇന്ന് ആഫ്രിക്കന്‍ ചരിത്രത്തിലെ തന്നെ വീരപുരുഷന്മാരുടെ ഗണത്തിലാണ് എണ്ണപ്പെടുന്നത്.
ബ്രസീല്‍ ഇതിഹാസമായ സീക്കൊ 2006 ലെ ലോകകപ്പില്‍ ബ്രസീല്‍ ജപ്പാനെതിരെ കളിക്കുമ്പോള്‍ എതിര്‍ ടീമിന്റെ ചീഫ് കോച്ചായിരുന്നു. സീക്കോയോട് ബ്രസീലുകാര്‍ ഒരു കാരുണ്യവും കാണിച്ചില്ല, ജപ്പാന്‍ 1-4 ന് തോറ്റു. സ്വന്തം നാടിനെതിരെ തന്ത്രം മെനയേണ്ടി വന്ന 19 അവസരങ്ങളില്‍ പതിനൊന്നിലും കോച്ചുമാര്‍ക്ക് തോല്‍വിയായിരുന്നു.