സാധാരണ രണ്ട് ടീമിന്റെ ജഴ്‌സികള്‍ ഒരുപോലെ തോന്നിക്കുമ്പോഴാണ് എവേ ടീമുകള്‍ തങ്ങളുടെ പതിവ് ജഴ്‌സി മാറ്റുക. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ഒരു കാരണവുമില്ലാതെ രണ്ടു കളിയില്‍ ടീമുകള്‍ എവേ ജഴ്‌സി ധരിച്ചിറങ്ങി. കോസ്റ്ററീക്ക- ബ്രസീല്‍, ഓസ്‌ട്രേലിയ-ഡെന്മാര്‍ക്ക് മത്സരങ്ങളില്‍. കോസ്റ്ററീക്കയുടെ ജഴ്‌സി ചുവപ്പും ബ്രസീലിന്റേത് മഞ്ഞയുമാണ്. സാമ്യത തോന്നിക്കേണ്ട കാര്യമില്ല. ഉണ്ടെങ്കില്‍ തന്നെ എവേ ടീം (ഈ മത്സരത്തില്‍ ബ്രസീല്‍) ജഴ്‌സി മാറ്റിയാല്‍ മതി. എന്നാല്‍ രണ്ട് ടീമും എവേ ജഴ്‌സി ധരിച്ചാണ് ഇറങ്ങിയത്. ബ്രസീല്‍ നീലയും കോസ്റ്ററീക്ക വെള്ളയും. ഈ മത്സരത്തില്‍ ടീമുകള്‍ ധരിക്കേണ്ട ജഴ്‌സികളെക്കുറിച്ച് അന്തിമ ധാരണയിലെത്താന്‍ വൈകിയതാണ് ഇതിനു കാരണമെന്നാണ് ഫിഫ വിശദീകരിച്ചത്.
കുറച്ചുകൂടി മാനുഷികമായിരുന്നു ഓസ്‌ട്രേലിയ-ഡെന്മാര്‍ക്ക് മത്സരത്തിലെ ജഴ്‌സി മാറ്റത്തിനു കാരണം. ഓസ്‌ട്രേലിയയുടെ പതിവ് ജഴ്‌സി മഞ്ഞയും പച്ച നിക്കറുമാണ്. ഡെന്മാര്‍ക്കിന്റേത് ചുവപ്പും. ഡെന്മാര്‍ക്ക് ടീമില്‍ കളര്‍ തിരിച്ചറിയാന്‍ കഴിയാത്ത ഒരു കളിക്കാരനുണ്ട്. മിഡ്ഫീല്‍ഡര്‍ തോമസ് ഡിലാനി. ഈ കളിയില്‍ ഡെന്മാര്‍ക്ക് വെള്ള ജഴ്‌സിയാണ് ധരിച്ചത്. ഡിലാനിക്ക് ഇളം മഞ്ഞയും തിരിച്ചറിയാന്‍ പ്രയാസമാണ്. അതിനാല്‍ ഓസ്‌ട്രേലിയ അവരുടെ എവേ ജഴ്‌സിയായ കടും പച്ച ധരിച്ചു.