കൊച്ചി - പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇടയ്ക്കിടെ കേരളത്തിലേക്ക് വരണമെന്ന് ബിഷപ്പുമാർ. ബി.ജെപി ഭരണമില്ലാത്ത കേരളം പോലുള്ള സംസ്ഥാനങ്ങളിലും വികസനം വേണമെന്നും നീതിപൂർവ്വമായ സമീപനം ഉണ്ടാകണമെന്നും കൂടിക്കാഴ്ചയ്ക്കിടെ സഭാ മേലധ്യക്ഷന്മാർ പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചു.
കേരളത്തിന് ലഭിക്കേണ്ട എല്ലാ ആനുകൂല്യങ്ങളും കിട്ടുമെന്നും വികസനത്തിന് മതം മാനദണ്ഡമാകില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഗോവയിലടക്കം ക്രൈസ്തവർ ഏറെയുള്ള മേഖലകൾ ബി.ജെ.പിയേയും കേന്ദ്ര സർക്കാരിനെയും പിന്തുണക്കുന്നതും മോഡി ചർച്ചയ്ക്കിടെ ഓർമിപ്പിച്ചതായി കൂടിക്കാഴ്ചയിൽ പങ്കെടുത്ത യാക്കോബായ സഭാ മെത്രാപൊലീത്ത ട്രസ്റ്റി ബിഷപ്പ് ജോസഫ് മാർ ഗ്രിഗോറിയോസ് പറഞ്ഞു.
പള്ളിത്തർക്കവും കാർഷിക, മത്സ്യത്തൊഴിലാളി പ്രശ്‌നങ്ങളും മറ്റ് പൊതുവായ വിഷയങ്ങളും പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി. പള്ളിത്തർക്കത്തിൽ ശാശ്വത പരിഹാരത്തിനുള്ള സകല പിന്തുണയും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു. കാർഷിക പ്രശ്‌നങ്ങളിലും മറ്റും ഇടപെടലുകൾ ഉണ്ടാവും. പ്രധാനമന്ത്രി തങ്ങളോട് പ്രാർത്ഥനയും അനുഗ്രഹവും അഭ്യർത്ഥിച്ചു. അതുണ്ടാകുമെന്ന് തങ്ങൾ അറിയിച്ചിട്ടുണ്ടെന്നും കൂടിക്കാഴ്ച ഏറെ ഊർജം നൽകുന്നതാണെന്നും ബിഷപ്പ് പറഞ്ഞു.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഗോവയിലും ക്രൈസ്തവ വിഭാഗങ്ങളിൽനിന്ന് അകമഴിഞ്ഞ സഹകരണമാണ് ബി.ജെ.പിക്ക് ലഭിക്കുന്നത്. അത്തരം സഹായം പ്രതീക്ഷിക്കുന്നതായും പ്രധാനമന്ത്രി സൂചിപ്പിച്ചു. മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും അദ്ദേഹം ഉടൻ ഇന്ത്യയിലെത്തുമെന്നും പ്രധാനമന്ത്രി സഭാ നേതാക്കളുടെ ശ്രദ്ധയിൽ പെടുത്തി.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
കൊച്ചിയിലെ താജ് മലബാർ ഹോട്ടലിൽ നടന്ന കൂടിക്കാഴ്ചയിൽ എട്ട് സഭകളുടെ മേധാവിമാരാണ് പ്രധാനമന്ത്രിയുമായി സംസാരിച്ചത്.
സിറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, മലങ്കര കത്തോലിക്ക സഭാധ്യക്ഷൻ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലിമിസ് കാതോലിക്കാ ബാവ, ക്‌നാനായ കത്തോലിക്ക കോട്ടയം അതിരൂപത ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട്, ലത്തീൻ സഭ വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ, ക്‌നാനായ സുറിയാനി സഭയെ പ്രതിനിധീകരിച്ച് കുര്യാക്കോസ് മാർ സേവേറിയോസ്, യാക്കോബായ സഭ മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മോർ ഗ്രിഗോറിയോസ്, മലങ്കര ഓർത്തഡോക്‌സ് സഭാ തലവൻ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ, പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ ഇന്ത്യൻ പരമാധ്യക്ഷൻ മാർ ഔഗിൻ കുരിയാക്കോസ് മെത്രാപ്പോലീത്ത എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്.






