'വരാൻ പരമാവധി ശ്രമിക്കും'; വിവാഹത്തിന് ക്ഷണിച്ച വധുവരന്മാരോട് മോഡി; ജന്മം സഫലമായ അനുഭൂതിയെന്ന് വരൻ

തൃശൂർ -  പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വിവാഹത്തിന് നേരിട്ട് ക്ഷണിക്കാനയതിന്റെ സന്തോഷവുമായി മേപ്പടിയാൻ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകൻ വിഷ്ണു മോഹൻ. വിവാഹത്തിന്റെ ആദ്യ ക്ഷണക്കത്താണ് വിഷ്ണുവും പ്രതിശ്രുത വധു അഭിരാമിയും ചേർന്ന് മോഡിക്ക് കൈമാറിയത്. 
 'നടന്നത് സ്വപ്‌നമാണോ യാഥാർഥ്യമാണോ എന്ന് ഇപ്പോഴും തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയിലാണെന്ന് വിഷണു മോഹൻ ഫോട്ടോസഹിതം സമൂഹമാധ്യമത്തിൽ പങ്കുവെച്ചു. വിവാഹത്തിന്റെ ആദ്യ ക്ഷണക്കത്ത് പ്രധാനമന്ത്രി  നരേന്ദ്ര മോഡിജിക്ക് നൽകാനും വെറ്റിലയും അടക്കയും കസവ് മുണ്ടും നൽകി അനുഗ്രഹം വാങ്ങിക്കാനുമുള്ള മഹാഭാഗ്യം ഞങ്ങൾക്കുണ്ടായി. കേരളീയ വേഷത്തിൽ ഋഷിതുല്യനായ അദ്ദേഹം ഒരു കാരണവരെ പോലെ തലയിൽ കൈവെച്ച് അനുഗ്രഹിച്ചപ്പോൾ ഒരു ജന്മം സഫലമായ അനുഭൂതിയായിരുന്നു. വിവാഹിതരാകാൻ പോകുന്ന എനിക്കും അഭിരാമികും ഇതിലും വലിയൊരു സുകൃതം ലഭിക്കാനില്ലെന്ന് കരുതുന്നു. അദ്ദേഹം പറഞ്ഞ വാക്കുകൾ തരുന്ന ഊർജം ഈ ആയുഷ്‌കാലം മുഴുവൻ നീണ്ടുനിൽക്കും. ഞങ്ങളോടൊപ്പം അഭിരാമിയുടെ അച്ഛനും അമ്മയും ഈ സന്തോഷനിമിഷത്തിന് സാക്ഷികളായിരുന്നു. പങ്കെടുക്കാൻ ഞാൻ പരമാവധി ശ്രമിക്കും. ഈ വാക്കുകൾ മാത്രം മതി വിവാഹത്തിന് എത്തില്ല എങ്കിൽ പോലും ആ ദിവസം ധന്യമാകാൻ. മോഡിക്ക് നന്ദി അറിയിച്ച് വിഷ്ണു മോഹൻ കുറിച്ചു. ബി.ജെ.പി നേതാവും വധുവിന്റെ പിതാവുമായ എ.എൻ രാധാകൃഷ്ണൻ, വധുവിന്റെ അമ്മ അംബികാ ദേവി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച. 
  പ്രധാനമന്ത്രിക്ക് മകളുടെ കല്യാണക്കാര്യം അറിയിച്ച് ഒരു മെയിൽ അയച്ചിരുന്നുവെന്ന് എ.എൻ രാധാകൃഷ്ണൻ പ്രതികരിച്ചു. ശേഷം, പ്രധാനമന്ത്രിയുടെ  ഓഫീസിൽനിന്നു വിളിക്കുകയും കേരളത്തിൽ വരുമ്പോൾ നേരിൽ കാണണമെന്നും കുടുംബവുമായി താജ് മലബാറിലേക്ക് എത്താനും നിർദേശിക്കുകയാണുണ്ടായതെന്നും അതനുസരിച്ചായിരുന്നു ക്ഷണമെന്നും രാധാകൃഷ്ണൻ പറഞ്ഞു.

Latest News