നടൻ മാമുക്കോയയെ കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി

മലപ്പുറം / കോഴിക്കോട് - ഇന്നലെ രാത്രി മലപ്പുറം ജില്ലയിലെ കാളികാവിൽ വച്ച് ഹൃദയാഘാതമുണ്ടായ നടൻ മാമുക്കോയയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. 
 ആരോഗ്യനില അൽപം മെച്ചപ്പെട്ടതായി ഡോക്ടർമാർ പറഞ്ഞു. തുടർന്ന് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ ഐ.സി.യു ആംബുലൻസിൽ ചൊവ്വാഴ്ച പുലർച്ചെ രണ്ടരയോടെ ബന്ധുക്കൾ കോഴിക്കോട്ടേക്ക് കൊണ്ടുവരികയായിരുന്നു. വണ്ടൂരിലെ ആശുപത്രിയിൽ വച്ച് ബിപിയും ഹൃദയമിടിപ്പും സാധാരണ നിലയിലായ ശേഷമാണ് കോഴിക്കോട്ടേക്ക് മാറ്റിയത്. ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെങ്കിലും 72 മണിക്കൂർ നിരീക്ഷണത്തിൽ തുടരേണ്ടി വരുമെന്ന് ചികിൽസിച്ച ഡോ. അജ്മൽ നാസർ പറഞ്ഞു.
 കാളികാവ് പൂങ്ങോട് ഒരു ഫുട്‌ബോൾ ടൂർണമെന്റ് ഉദ്ഘാടന ചടങ്ങിനെത്തിയതായിരുന്നു മാമുക്കോയ. പരിപാടി തുടങ്ങുന്നതിനു മുമ്പ് കുഴഞ്ഞുവീഴുകയായിരുന്നു. ട്രോമ കെയർ പ്രവർത്തകർ ഉണ്ടായിരുന്നതിനാൽ ദേഹാസ്വാസ്ഥ്യം വന്നപ്പോൾ തന്നെ നിർണ്ണായക പ്രാഥമിക ചികിത്സ നൽകാൻ കഴിഞ്ഞെന്ന് ടൂർണമെന്റ് സംഘടക സമിതി ഭാരവാഹികൾ പറഞ്ഞു. പിന്നാലെ വണ്ടൂരിലെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

Latest News