ദുബായ്- പെരുന്നാൾ ദിവസമാണ് ദുബായിൽ വാഹനമിടിച്ച് വളാഞ്ചേരി എടയൂർ പൂക്കാട്ടിരി സ്വദേശി ടി.ടി ജസീം മരിച്ചത്. പെരുന്നാൾ നമസ്കാരം നിർവഹിച്ച് ബന്ധുവീട്ടിലെ സന്ദർശനം കഴിഞ്ഞ് തിരിച്ചുവരുന്നതിനിടെ മഗ്രിബ് നമസ്കരിച്ച് പള്ളിക്ക് സമീപത്തിരുന്ന് ഫോൺ ചെയ്യുന്നതിനിടെ വാഹനം ഇടിച്ചാണ് മരണം സംഭവിച്ചത്. കുടുംബത്തോടൊപ്പം ഉമ്മുൽ ഖുവൈനിലെ ബന്ധുവീട്ടിൽ പോയി വരികയായിരുന്നു വളാഞ്ചേരി എടയൂർ പൂക്കാട്ടിരി സ്വദേശി ടി.ടി. ജസീം. വഴിയിലെ പള്ളിയിൽ നിന്നും മഗ്രിബ് നമസ്കാരവും കഴിഞ്ഞു പുറത്തിറങ്ങി പള്ളിയുടെ മുറ്റത്ത്നിന്ന് നാട്ടിലുള്ള മാതാവുമായി ഫോണിൽ സംസാരിച്ച് നിൽക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
ദുബായിൽ എഞ്ചിനീയറായി ജോലി ചെയ്യുന്ന ജസീമിനെ ഫുട്പാത്തിലേക്ക് പാഞ്ഞുകയറിയ ഒരു വാഹനം ഇടിച്ച് തെറിപ്പിച്ചു. ജസീമിന്റെ ഭാര്യയുടെയും രണ്ടു മക്കളുടെയും ഭാര്യയുടെ മാതാപിതാക്കളുടെയും മുന്നിലായിരുന്നു അപകടം സംഭവിച്ചത്. ജസീമിനെ ഉടൻ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റിട്ട. ഡിവൈ.എസ്.പി ടി.ടി. അബ്ദുൽ ജബ്ബാറിന്റെയും റംലയുടെയും ഏക മകനാണ് ജസീം. ജസീമിന്റെ നാട്ടുകാരുടേയും കൂട്ടുകാരുടെയും സഹകരണത്തോടെ നടപടിക്രമങ്ങൾ പൂർത്തീകരിച്ചു. മയ്യിത്ത് തിങ്കളാഴ്ച നാട്ടിലേക്ക് അയച്ചു. സാമൂഹ്യപ്രവർത്തകൻ അഷ്റഫ് താമരശേരിയുടെ നേതൃത്വത്തിലാണ് മയ്യിത്ത് നാട്ടിലേക്ക് അയച്ചത്.