Sorry, you need to enable JavaScript to visit this website.

മോഡിയുടെ പ്രസംഗത്തില്‍ ഒലിച്ചുപോകുന്നതല്ല കേരളത്തിന്റെ മതനിരപേക്ഷത- മന്ത്രി റിയാസ്

മലപ്പുറം-പ്രധാനമന്ത്രി കേരളത്തിലെത്തി പ്രസംഗിച്ചാല്‍ ഒലിച്ചുപോകുന്നതല്ല കേരളത്തിന്റെ മതനിരപേക്ഷതയെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്.  കേരള സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രിയോട് നൂറു ചോദ്യങ്ങള്‍ എന്ന ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി നടത്തിയ പരിപാടി മലപ്പുറം കുന്നുമ്മലില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പ്രധാനമന്ത്രിയായിരിക്കെ രണ്ടു നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കേരളത്തില്‍ അദ്ദേഹം വന്നിട്ടുണ്ട്. ബിജെപി വിജയിക്കേണ്ടതിന്റെ കാരണം അതിശക്തമായി പറഞ്ഞിട്ടുണ്ട്. എന്നിട്ടും എന്താണ് സംഭവിച്ചതെന്ന് എല്ലാവര്‍ക്കും
അറിയാവുന്നതാണ്. പ്രധാനമന്ത്രി കേരളത്തില്‍ ഇടക്കിടെ വരണമെന്നാണ് മന്ത്രിയെന്ന നിലയില്‍ തനിക്ക് പറയാനുള്ളത്. കേന്ദ്രത്തില്‍ നിന്നു അത്രമാത്രം അവഗണന കേരളം നേരിടുന്നുണ്ട്. ഓരോതവണ വരുമ്പോഴും എന്തെങ്കിലുമൊക്കെ നല്‍കണം. കേരളത്തില്‍ പ്രധാനമന്ത്രിക്ക് നിര്‍ഭയമായി വരാനാകും. എന്നാല്‍ അദ്ദേഹം മുഖ്യമന്ത്രിയായിരുന്ന ഗുജറാത്തില്‍ അതിന് പറ്റില്ല.  2025ല്‍ ആര്‍എസ്എസ് നൂറാം വര്‍ഷത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ഇന്ത്യയെ പൂര്‍ണമായും ഹിന്ദു രാഷ്ട്രമാക്കുകയെന്ന ലക്ഷ്യത്തിലേക്കാണ് കാര്യങ്ങള്‍ കൊണ്ടുപോകുന്നത്. തെലുങ്കാനയില്‍ മുസ്ലിം സംവരണം എടുത്ത് കളയുമെന്ന് അമിത്ഷാ പരസ്യമായി പറഞ്ഞിട്ടുണ്ട്. കര്‍ണാടകയില്‍ സംവരണം എടുത്തുമാറ്റി. എന്താണ്, എന്തിനാണ് സംവരണമെന്നത് അറിയാത്തവരല്ല അവര്‍. പരസ്യമായി ഭരണഘടനയെ വെല്ലുവിളിക്കുന്നു. പാഠപുസ്തകങ്ങളില്‍ എന്ത് പഠിക്കണമെന്നും പഠിപ്പിക്കണമെന്നും അവര്‍ തീരുമാനിക്കുന്നു. 1980കള്‍ മുതല്‍ ഗുജറാത്തിലെ പാഠപുസ്തകങ്ങളിലെ സിലബസ് മാറ്റിക്കൊണ്ടുള്ള തീരുമാനമുണ്ടാക്കിയ പ്രത്യാഘാതം ചെറുതല്ല.
ചോദ്യങ്ങളെ വലിയ താത്പര്യത്തോടെ കാണുന്നയാളല്ല പ്രധാനമന്ത്രി. ബിജെപി ഉയര്‍ത്തുന്ന രാഷ്ട്രീയത്തെ ചോദ്യം ചെയ്യുന്നവരെ എങ്ങനെയാണ് നേരിടുന്നതെന്ന് അവസാനമായി ബിബിസിയുടെ അനുഭവത്തിലൂടെ എല്ലാവരും കണ്ടതാണ്. ചോദ്യം ചോദിക്കുന്നവരെ ഭീഷണിപ്പെടുത്തുകയും പ്രലോഭിപ്പിക്കുകയും ചെയ്യുന്ന ഇക്കാലത്ത് തലപോയാലും ഡി.വൈ.എഫ്.ഐ ചോദ്യം ചോദിക്കുക തന്നെ ചെയ്യുമെന്നും റിയാസ് വ്യക്തമാക്കി. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി കെ.ശ്യാംപ്രസാദ് അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി ഇ.എന്‍.മോഹന്‍ദാസ്, കെ.ടി.ജലീല്‍ എം.എല്‍.എ, ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റിയംഗം ഗ്രീഷ്മ അജയ്ഘോഷ്, ജില്ലാ സെക്രട്ടറി പി.ഷബീര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News