Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അതിജീവനത്തിന്റെ ചിത്രകല

ശാരീരിക പരിമിതികളെ അതിജീവിച്ച് സ്വപ്‌നങ്ങളെ വിരൽത്തുമ്പിലെ വർണങ്ങളാക്കിയാണ് ജിഷ ആലക്കോടിന്റെ ജീവിതം. ഇഷ്ടങ്ങൾക്ക് വിലങ്ങുതടിയായി പിണങ്ങിനിൽക്കുന്ന ശരീരത്തെ മനസ്സുകൊണ്ട് തോൽപിച്ചാണ് ജിഷ ചായക്കൂട്ടുകൾ കൊണ്ട് സ്വപ്നങ്ങൾ നെയ്തുതുടങ്ങിയത്. 
ഓസ്റ്റിയോ ജനീസിസ് ഇംപെർഫെക്ടാ എന്ന എല്ലുകൾ ഒടിഞ്ഞുപൊടിയുന്ന അപൂർവരോഗത്തിനുടമയാണ് കണ്ണൂർ ജില്ലയിലെ ആലക്കോട് സ്വദേശിനിയായ മഠത്തിൽ വീട്ടിൽ ജിഷ. വീൽ ചെയറിൽ തളച്ചിടപ്പെട്ട ജീവിതത്തിനിടയിൽ നിറക്കൂട്ടുകളെയും ബ്രഷുകളെയും ചേർത്തുപിടിച്ചാണ് അവൾ ജീവിതം മുന്നോട്ടു നയിക്കുന്നത്.


മനോഹരമായ പ്രകൃതിദൃശ്യങ്ങളാണ് ജിഷയുടെ ചിത്രങ്ങളിൽ കൂടുതലും തെളിയുന്നത്. ഒരിക്കലെങ്കിലും നേരിൽ കാണണമെന്ന് ആഗ്രഹിച്ച മഞ്ഞും മഴയും മരങ്ങളും മലകളുമെല്ലാം ആ ചിത്രങ്ങളിൽ തെളിഞ്ഞുകാണാം. ശാരീരികമായി ഏറെ വെല്ലുവിളികളാണ് അവൾ നേരിടുന്നത്. അശ്രദ്ധമായ ചെറിയ അനക്കങ്ങൾ പോലും ആ ശരീരത്തിന് താങ്ങാനാവില്ല. എല്ലുകൾ പൊടിഞ്ഞുപോകും. ഇത്തരത്തിൽ ഇരുപതു തവണയെങ്കിലും ശരീരത്തിന്റെ പല ഭാഗങ്ങളിലുള്ള എല്ലുകൾ ഒടിഞ്ഞിട്ടുണ്ട്. പ്ലാസ്റ്ററിട്ട് മൂന്നാലു മാസം അനങ്ങാതെയിരിക്കും. ഭേദമാകുമ്പോൾ വീണ്ടും നടന്നുതുടങ്ങും. പിന്നെയും എല്ലുകളൊടിയും.

സ്‌കൂളിലേയ്ക്കുളള യാത്ര പോലും അന്യമായപ്പോഴാണ് പഠനം പോലും ഉപേക്ഷിക്കേണ്ടിവന്നത്. എങ്കിലും വീട്ടിലിരുന്ന് തുല്യതാ പരീക്ഷയെഴുതി പത്താം തരം പാസായി. തിരുവനന്തപുരം സൂര്യാ ഫെസ്റ്റിവലിലടക്കം നിരവധി വേദികളിൽ ചിത്രപ്രദർശനം നടത്തിയിട്ടുള്ള ജിഷക്ക് കൂട്ടായുള്ളത് അമ്മ ഭാർഗവിയും അനുജൻ ജിതിനുമാണ്. അവരാണ് ജിഷയുടെ ശക്തി. അവരോടൊപ്പമാണ് ജിഷ ചിത്രപ്രദർശനങ്ങൾക്കെത്തുന്നത്.
കുട്ടിക്കാലം തൊട്ടേ ആശുപത്രികൾ തോറും കയറിയിറങ്ങാനായിരുന്നു അവളുടെ നിയോഗം. മരുന്നുകളുടെ മനം മടുപ്പിക്കുന്ന ഗന്ധവും പേറി നാലു ചുമരുകൾക്കിടയിൽ തളച്ചിടപ്പെടാൻ വിധിക്കപ്പെട്ടവൾ. ജനലഴികളിലൂടെ പുറംകാഴ്ചകളിലേയ്ക്കു കണ്ണു പായിക്കുമ്പോൾ വഴിയിലൂടെ കലപില കൂട്ടി സ്‌കൂളിലേയ്ക്കു പോകുന്ന കുട്ടികളെ കാണാം. എന്നെങ്കിലും അവരെപ്പോലെയാകാൻ അവളുടെ മനസ്സും മോഹിച്ചു. പക്ഷേ, എന്തു ചെയ്യാം. എഴുന്നേറ്റു നിൽക്കാൻ പോലും കഴിയാതിരുന്ന തനിക്കെങ്ങനെ അവരെ പോലെയാകാൻ കഴിയും. എങ്കിലും ആ പുറംകാഴ്ചകളെ അവൾ മനസ്സിൽ ചേർത്തുവെച്ചു. ആ വർണക്കാഴ്ച്കളെ കടലാസിലേയ്ക്കു പകർത്താനുള്ള ശ്രമമായിരുന്നു പിന്നീട് കണ്ടത്. വേദനയുടെയും ഒറ്റപ്പെടലുകളുടെയും ലോകത്ത് അവൾ വർണങ്ങളുമായി കൂട്ടുകൂടുകയായിരുന്നു. ഇരുളടഞ്ഞുപോയ ജീവിതത്തെ ചായക്കൂട്ടുകളിലൂടെ തിരിച്ചുപിടിക്കുകയായിരുന്നു ആ പെൺകുട്ടി. അവളുടെ ചിത്രവിരുത് കാണാൻ ജനങ്ങൾ അവളെ തേടിയെത്തുകയായിരുന്നു.


രോഗത്തെ അതിജീവിച്ച് അവൾ വരച്ചുകൂട്ടിയ ജീവൻ തുടിക്കുന്ന ചിത്രങ്ങൾ കാഴ്ചക്കാർക്ക് പുതിയ അനുഭവമായി. പ്രകൃതിദൃശ്യങ്ങൾ മാത്രമല്ല, രാഷ്ട്രീയ നേതാക്കളെയും സാഹിത്യകാരന്മാരെയുമെല്ലാം അവൾ വരച്ചുകൂട്ടി. കാരിക്കേച്ചറുകളും വരയ്ക്കാറുണ്ട്. ജലച്ചായത്തിലും എണ്ണച്ചായത്തിലും വരച്ച ചിത്രങ്ങൾക്ക് ആവശ്യക്കാർ അവളെ തേടിയെത്തുന്നതും പതിവു കാഴ്ചയാണ്.
കുട്ടിക്കാലംതൊട്ടേ ചിത്രരചന പരിശീലിക്കണമെന്ന് ആഗ്രഹിച്ചെങ്കിലും അതിനുള്ള അവസരങ്ങളുണ്ടായിരുന്നില്ല. ഇന്ന് ഭിന്നശേഷിക്കാരായ കുട്ടികളെ സ്‌കൂളിൽ എത്തിക്കാനും പഠനം നടത്താനുമെല്ലാം സംവിധാനങ്ങളുണ്ട്. എന്റെ ചെറുപ്രായത്തിൽ അങ്ങനെയുള്ള സംവിധാനങ്ങളില്ലായിരുന്നു. വീട്ടിലെത്തി പഠിപ്പിക്കാനും ആരും തയാറായിരുന്നില്ല. സ്‌കൂൾ പഠനം പോലും സാധ്യമാകാതിരുന്നതിനാലാണ് തുല്യതാ പരീക്ഷയെഴുതാൻ തീരുമാനിക്കുന്നത്. സാക്ഷരത മിഷൻ പ്രവർത്തകർ വീട്ടിലെത്തിയാണ് പാഠഭാഗങ്ങൾ അഭ്യസിപ്പിച്ചിരുന്നത്.
കുട്ടിക്കാലം തൊട്ടേ ചിത്രങ്ങൾ വരച്ചുതുടങ്ങിയെങ്കിലും പുറംലോകം അറിഞ്ഞു തുടങ്ങിയത് പത്താംതരം തുല്യതാ പരീക്ഷക്കുള്ള തയയ്യാറെടുപ്പിലാണ്. സാക്ഷരത മിഷൻ പ്രവർത്തകരാണ് കഴിവുകൾ കണ്ടറിഞ്ഞ് പുറംലോകത്തെ പരിചയപ്പെടുത്തിയത്. സാക്ഷരത മിഷൻ പ്രേരക് ആയിരുന്ന ജോയ് കളപ്പുര പരീക്ഷ എഴുതാനും മറ്റുമായി പല കാര്യങ്ങളിലും സഹായിയായി കൂടെയുണ്ടായിരുന്നു.
ചിത്രകാരിയാണെന്ന വാർത്ത പരന്നതോടെ പലയിടത്തുനിന്നും അന്വേഷണങ്ങളെത്തി. മുഖ്യമന്ത്രി പിണറായി വിജയൻ സാറിന്റെ ഭാര്യയായ കമല ടീച്ചറായിരുന്നു അക്കാലത്ത് സാക്ഷരത മിഷന്റെ സംസ്ഥാന കോ ഓർഡിനേറ്റർ. ടീച്ചർ വിളിക്കുകയും പ്രദർശനങ്ങൾ നടത്താൻ അവസരങ്ങളൊരുക്കുകയും ചെയ്തു. മാത്രമല്ല, ഒരിക്കൽ വീട്ടിലെത്തിയ ടീച്ചർ ഞങ്ങളുടെ മൺകട്ട കൊണ്ടുണ്ടാക്കിയ വീട്  കണ്ട് ചെറിയൊരു വീട് പണിയാനുള്ള സാമ്പത്തിക സഹായവും നൽകി.


2009 ലാണ് ആദ്യമായി തിരുവനന്തപുരത്തു നടന്ന സൂര്യാ ഫെസ്റ്റിവലിലേക്ക് ക്ഷണം ലഭിച്ചത്. പത്തു ദിവസം നീണ്ടുനിൽക്കുന്ന ചിത്രപ്രദർശനത്തിൽ പങ്കാളിയായി. പ്രദർശനത്തിൽ ഒട്ടേറെ ചിത്രങ്ങളാണ് വിറ്റുപോയത്. ഒരു ദിവസം തിരുവിതാംകൂർ കൊട്ടാരത്തിലെ രാജകുടുംബാംഗങ്ങൾ പ്രദർശനം കാണാനെത്തിയിരുന്നു. ചിത്രങ്ങൾ കണ്ട് ഇഷ്ടപ്പെട്ട് അവർ കൊട്ടാരത്തിലേയ്ക്കു ക്ഷണിച്ചു. ചിത്രങ്ങളുമായാണ് കൊട്ടാരത്തിലെത്തിയത്. രാജകുടുംബാംഗങ്ങൾക്ക് ഇഷ്ടപ്പെട്ട അഞ്ചു ചിത്രങ്ങൾ അവർ വാങ്ങുകയും ചെയ്തു. ജീവിതത്തിൽ മറക്കാനാവാത്ത മുഹൂർത്തമായിരുന്നു അതെന്ന് ജിഷ ഓർമിക്കുന്നു. അടുത്ത വർഷവും സൂര്യാ ഫെസ്റ്റിവലിൽ പങ്കെടുക്കാൻ തിരുവനന്തപുരത്തെത്തിയിരുന്നു.
ആരോഗ്യപരമായ പരിമിതികൾക്കിടയിലായിരുന്നു പതിനഞ്ചാം വയസ്സിൽ അച്ഛൻ ഞങ്ങളെ ഉപേക്ഷിച്ചുപോകുന്നത്. ജീവിതത്തെ വല്ലാതെ പിടിച്ചുലച്ച സംഭവമായിരുന്നു അത്. സ്‌നേഹവും പരിലാളനയും ആഗ്രഹിച്ചിരുന്ന ഞങ്ങളുടെ മനസ്സിൽ എരിതീയായി മാറുകയായിരുന്നു. മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ച് ഞങ്ങളിൽ നിന്നും അകന്നുപോവുകയായിരുന്നു അച്ഛൻ. അതോടെ അമ്മയും ഞാനും അനിയനും അനാഥരായി. അമ്മ കൂലിവേല ചെയ്താണ് ഞങ്ങളെ വളർത്തിയത്. പിന്നീട് ഒരു ബാങ്കിൽ കലളക്്ഷൻ ഏജന്റായി ജോലി നോക്കി. ഇതിനിടയിൽ അനുജൻ എസ്.എസ്.എൽ.സി കഴിഞ്ഞപ്പോൾ ജോലി ചെയ്തു തുടങ്ങി. പിന്നീട് ഡ്രൈവിംഗ് പഠിച്ച് ഓട്ടോ ഡ്രൈവറായി. കൂടാതെ ഒരു ടാക്‌സിയും  അവൻ സ്വന്തമാക്കി.  എന്റെ യാത്രക്കായാണ് കൂടുതലും ടാക്‌സി ഉപയോഗിക്കുന്നത്. ചിത്രപ്രദർശനങ്ങൾക്കെല്ലാം കൂട്ടുപോകാൻ അവൻ കാറുമായെത്തും.
ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് നടത്തിയ ജനസമ്പർക്ക പരിപാടിയിൽ ജീവിതത്തിലെ മറ്റൊരു വഴിത്തിരിവായിരുന്നു. പരിപാടിക്കിടയിൽ അദ്ദേഹത്തിന്റെ ഒരു ചിത്രം  വരച്ചുനൽകി. തന്റെ കഴിവും ദൈന്യതയും കണ്ടറിഞ്ഞ അദ്ദേഹം ഒരു വീൽചെയർ സമ്മാനമായി നൽകുകയായിരുന്നു. വീൽചെയർ കിട്ടിയതോടെയാണ് അടുത്ത പ്രദേശങ്ങളിലെല്ലാം ഒറ്റക്ക് സഞ്ചരിക്കാൻ തുടങ്ങിയത്്. ഇപ്പോഴും വീടിനടുത്ത് രണ്ടു കിലോമീറ്റർ ദൂരംവരെ ആ ഇലക്ട്രിക് വീൽചെയറിലാണ് യാത്ര ചെയ്യുന്നത്.
ശാരീരിക വെല്ലുവിളികൾക്കിടയിലും ആറായിരത്തോളം ചിത്രങ്ങൾ ജിഷ വരച്ചുകഴിഞ്ഞു. മനസ്സിൽ ഒരാശയം തോന്നിയാൽ ബ്രഷും ചായവുമെടുക്കും. പിന്നീട് മനസ്സിനിണങ്ങുന്ന രീതിയിൽ ചിത്രം പൂർത്തിയാക്കാറാണ് പതിവ് -ജിഷ പറയുന്നു. പ്രകൃതിദൃശ്യങ്ങളോടാണ് ഏറെ പ്രിയം. പ്രകൃതിയോട് എന്നും ആരാധനയാണ്. കൂടുതൽ യാത്രകളൊന്നും ചെയ്തിട്ടില്ല. എങ്കിലും മരങ്ങളും പുഴകളും തോടും പർവതങ്ങളുമെല്ലാം മനസ്സിൽ തെളിയുന്ന രീതിയിൽ വരയ്ക്കും. ജിഷ ആലക്കോട് എന്ന പേരിൽ ഒരു യൂട്യൂബ് ചാനലുമുണ്ട്. പുതിയ ചിത്രങ്ങൾ വരച്ചാൽ ചാനലിൽ ഇടാറുണ്ട്. കാണുന്നവർ അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്യും. അതു കാണുമ്പോൾ ഏറെ സന്തോഷം.
ചിത്രരചന മാത്രമല്ല, തയ്യലിലും സ്വന്തമായ പരീക്ഷണങ്ങൾ നടത്താറുണ്ട് ഈ കലാകാരി. അമ്മയുടെയും തന്റെയും വസ്ത്രങ്ങൾ തയ്ക്കുന്നത് ജിഷയാണ്. കൂടാതെ അയൽക്കാരുടെയും വസ്ത്രങ്ങൾ തയ്ച്ചുനൽകാറുണ്ട്. അമൃതവർഷിണി എന്ന പേരിൽ ഞങ്ങൾ ഭിന്നശേഷിക്കാരുടെ ഒരു സംഘടനയുണ്ട്. അവരാണ് വൈദ്യുതിയിൽ പ്രവർത്തിക്കുന്ന തയ്യൽ മെഷിൻ സമ്മാനിച്ചത്. കൂട്ടിന് കുട നിർമാണവുമുണ്ട്. കോവിഡ് പ്രതിസന്ധിയിൽ കഴിഞ്ഞ മൂന്നു വർഷത്തോളമായി ചിത്രപ്രദർശനങ്ങളൊന്നും നടന്നിരുന്നില്ല. എക്‌സിബിഷനുകളില്ലാത്തതിനാൽ ചിത്രങ്ങൾ വാങ്ങാനും ആളില്ലാതായി. ഇതിനിടയിൽ കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായെങ്കിലും ജീവൻ രക്ഷപ്പെട്ടു. അതിജീവന പാതയിൽ ജീവിതം പഴയ താളത്തിലേയ്ക്കു കടന്നുവരികയാണ്. കഴിഞ്ഞ ദിവസം എന്റെ കേരളം എക്‌സിബിഷന്റെ ഭാഗമായി സാമൂഹ്യ നീതി വകുപ്പ് കണ്ണൂരിൽ സംഘടിപ്പിച്ച ഭിന്നശേഷിക്കാരുടെ ചിത്രപ്രദർശനത്തിൽ പങ്കാളിയായിരുന്നു.
എല്ലാവരിലും എന്തെങ്കിലും കഴിവുകൾ ഒളിഞ്ഞുകിടക്കുന്നുണ്ടാകും. അവ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നിടത്താണ് ജീവിത വിജയം സാധ്യമാകുന്നത്. എന്റെ മനസ്സിലുണ്ടായിരുന്ന ചിത്രരചന പാടവം കണ്ടെത്തി വളർത്തിയെടുത്തതുകൊണ്ടാണ് ഇന്ന് ഒരു ചിത്രകാരിയായി അറിയപ്പെടാൻ കഴിഞ്ഞത് -ജിഷ പറയുന്നു. കലാകാരിയായതുകൊണ്ട് ഒട്ടേറെ മഹത്‌വ്യക്തിത്വങ്ങളെ നേരിട്ടു കാണാൻ അവസരം ലഭിച്ചിരുന്നു. ഗായിക ചിത്രചേച്ചിയെയും അഭിനേതാവായ സുരേഷ് ഗോപിസാറിനെയും മജീഷ്യൻ ഗോപിനാഥ് മുതുകാട് സാറിനെയുമെല്ലാം കാണാൻ കഴിഞ്ഞത് മഹാഭാഗ്യമായി കരുതുന്നു. ഭിന്നശേഷിക്കാരുടെ കൂട്ടായ്മയായ അമൃതവർഷിണിയുടെ ഒത്തുചേരലിലൂടെയാണ് ഇവരെയെല്ലാം കാണാൻ കഴിഞ്ഞത്.
ഭാവിയിൽ ഒരു ചിത്രകാരി എന്നറിയപ്പെടാനാണ് ആഗ്രഹം. ചിത്രരചനയിലൂടെ വരുമാനമുണ്ടാക്കാനും കഴിയണം. സ്വന്തമായി ഒരു ചിത്രപ്രദർശനം നടത്താനും മോഹമുണ്ട്. ഇതുവരെയായി കൂട്ടായ്മയിൽ ഒരാളായാണ് ചിത്രപ്രദർശനം നടത്തിയത്. സ്വന്തമായി ചിത്രപ്രദർശനം നടത്തണമെങ്കിൽ നല്ല ചെലവുണ്ട്. സ്‌പോൺസർമാരായി ആരെങ്കിലും വരുമെന്ന പ്രതീക്ഷയും ഈ കലാകാരി വെച്ചുപുലർത്തുന്നുണ്ട്. ജിഷ ആലക്കോടിന്റെ ഫോൺ നമ്പർ: 8547577473.                  - എച്ച്്.എം.വി

Latest News