കോട്ടയം ജില്ലയിലെ കടുത്തുരുത്തിക്കടുത്ത മുട്ടുചിറയിൽ ആരെയും മോഹിപ്പിക്കുന്ന ഒരു പറുദീസയുണ്ട്. പതിനേഴു വർഷത്തെ പ്രവാസ ജീവിതത്തിനു ശേഷം നാട്ടിലേക്കു
മടങ്ങിയ വിധു രാജീവിന്റേതാണ് പറുദീസ ഫാം എന്നു പേരിട്ടിരിക്കുന്ന ഈ കാർഷിക സ്വർഗം. കൃഷിപ്പണിയും മൃഗപരിപാലനവും സ്ത്രീകൾക്കും അന്യമല്ലെന്ന് തെളിയിക്കുകയാണ് പ്രവാസിയായിരുന്ന ഈ വീട്ടമ്മ. ഒഴിവുസമയം ചെലവഴിക്കാനായി കണ്ടെത്തിയ മാർഗം പിന്നീടവർ ജീവിത വ്രതമായി സ്വീകരിക്കുകയായിരുന്നു.
കാർഷിക വൃത്തിയിലൂടെയും മൃഗപരിപാലനത്തിലൂടെയുമായി മാസംതോറും ഒരു ലക്ഷത്തിലേറെ വരുമാനമുണ്ട് ഈ വീട്ടമ്മക്ക്. മാത്രമല്ല, സമ്മിശ്ര കൃഷി ചെയ്യുന്ന മികച്ച കർഷകനുള്ള സംസ്ഥാന സർക്കാരിന്റെ പോയ വർഷത്തെ പുരസ്‌കാരത്തിനും വിധു രാജീവ് അർഹയായിരുന്നു.
ചെറുകിട വനിത സംരംഭകർക്ക് അവസരം നൽകുക എന്ന ലക്ഷ്യത്തോടെ മെട്രോ റെയിൽവേ വിഷുവിനോട് അനുബന്ധിച്ച് നടത്തുന്ന മഹിള മാർക്കറ്റിന്റെ ഭാഗമായി ഇടപ്പള്ളി സ്‌റ്റേഷനിൽ ഒരുക്കിയ ചന്തയിൽ ഉൽപന്നങ്ങളുമായി എത്തിയിരിക്കുകയാണ് വിധു രാജീവ്. പച്ചക്കറികളും അച്ചാറുകളും വിവിധതരം പായസവും ചക്കയും ചക്കക്കുരുവും കൊപ്ര ആട്ടിയ വെളിച്ചെണ്ണയും മഞ്ഞളും വാളൻ പുളിയും കുടംപുളിയുമെല്ലാമായി വൈവിധ്യമാർന്ന ഭക്ഷ്യവസ്തുക്കളാണ് ഇവിടെ വിൽപനയക്ക് വെച്ചിരിക്കുന്നത്. എല്ലാം ചൂടപ്പം പോലെ വിറ്റുതീരുന്ന സന്തോഷത്തിലാണ് ഈ വീട്ടമ്മ.

പറുദീസയിൽ നമുക്കാവശ്യമുള്ള ഏറ്റവും നല്ല സാധനങ്ങൾ ലഭിക്കുമെന്നാണല്ലോ സങ്കൽപം. അതുകൊണ്ടാണ് ഈ പേര് തെരഞ്ഞെടുത്തിരിക്കുന്നത് -വിധു സംസാരിച്ചു തുടങ്ങുകയാണ്. സത്യമാണത്. വൈവിധ്യമാർന്ന നിരവധി ഉൽപന്നങ്ങൾ ഈ ഫാമിൽ ലഭ്യമാണ്. പാൽവിൽപനയാണ് പ്രധാന വരുമാന മാർഗമെങ്കിലും പച്ചക്കറികളും കോഴിയുടെയും താറാവിന്റെയുമെല്ലാം മുട്ടകളും ഇവിടെ സുലഭം.
ആലുവയ്ക്കടുത്ത് വെറും അഞ്ചു സെന്റ് മാത്രമുണ്ടായിരുന്ന വീട്ടിൽ ക്രോംപ്ടൻ ഗ്രീവ്‌സിൽ സൂപ്പർ വൈസറായിരുന്ന അച്ഛന്റെയും പ്രൈമറി ടീച്ചറായിരുന്ന അമ്മയുടെയും മകളായി ജനിച്ച വിധുവിന് കാർഷിക മേഖലയെക്കുറിച്ച് സാമാന്യ ജ്ഞാനംപോലുമുണ്ടായിരുന്നില്ല. പഠനവും ട്യൂഷനുമെല്ലാമായി ഒതുങ്ങിക്കഴിഞ്ഞ ബാല്യം. സാമ്പത്തിക ശാസ്ത്രത്തിൽ എം.എയും സോഷ്യൽ സയൻസിൽ ബി.എഡും സ്വന്തമാക്കിയ വിധു കുറച്ചുകാലം പാർട്ട് ടൈം അധ്യാപികയുമായി. പിന്നീട് ഒമാനിൽ ജോലി നോക്കിയിരുന്ന രാജീവിന്റെ ഭാര്യയായി പ്രവാസ ലോകത്തേക്ക്്് ചേക്കേറിയ വിധു ഭർത്താവും കുട്ടികളുമെല്ലാമായി ജീവിതം കഴിച്ചുകൂട്ടുകയായിരുന്നു. ഇതിനിടയിലാണ് ഭർതൃമാതാവായ ബ്രജിത് മാത്യുവിന് അസുഖം ബാധിച്ചതറിഞ്ഞ് നാട്ടിലേയ്ക്ക് മടങ്ങിയത്.

ഒമാനിൽ ഗ്യാസ് ടെർബൈൻ മെയിന്റനൻസ് കോൺട്രാക്ടറായ രാജീവിന്റെ അകമഴിഞ്ഞ പിന്തുണയാണ് വിധുവിന്റെ കാർഷിക വിജയത്തിന് അടിസ്ഥാനം. കാർഷിക കുടുംബത്തിൽ ജനിച്ച രാജീവിന് എന്നും കൃഷിയോട് താൽപര്യമുണ്ടായിരുന്നു. എന്നാൽ പ്രവാസ ജീവിതത്തിനിടയിൽ കൃഷിയെ ഉപേക്ഷിക്കേണ്ടി വന്നെങ്കിലും ഭാര്യയുടെ എല്ലാ ആശയങ്ങൾക്കും പിന്തുണയുമായി കൂടെ നിന്നു. മക്കളുമൊന്നിച്ച് നാട്ടിലേക്കു മടങ്ങിയപ്പോൾ മക്കൾക്ക് കളിക്കാനായി വാങ്ങി നൽകിയ രണ്ട് ആട്ടിൻകുട്ടികളും പത്ത് നാടൻ കോഴികളുമാണ് വിധുവിന്റെ ജീവിതം മാറ്റിമറിച്ചത്. അതുവരെ കൃഷിയും മൃഗപരിപാലനവും വിധുവിന്റെ വിദൂര ചിന്തകളിൽപോലുമില്ലെന്നതായിരുന്നു സത്യം. കോഴികളുടെ മുട്ട പരിസരവാസികൾക്ക് വിറ്റുകൊണ്ടായിരുന്നു തുടക്കം. നാലു മാസം കൊണ്ട് മുട്ടയിടുന്ന ബി.വി. 380 ഇനത്തിൽപെട്ട കോഴിക്കുഞ്ഞുങ്ങളെ വാങ്ങി വളർത്തി വിറ്റുതുടങ്ങി. സാമ്പത്തിക ലാഭം കൈവന്നതോടെയാണ് മുഴുവൻ സമയകൃഷിയിലേയ്ക്കു ചുവടുമാറ്റിയത്.
പശു വളർത്തലിലൂടെയായിരുന്നു തുടക്കം. വെച്ചൂർ പശുവിനെയാണ് ആദ്യം വാങ്ങിയത്. പാലിന് ആവശ്യക്കാരെത്തിയതോടെ എച്ച്. എഫ് ഇനത്തിൽപെട്ട സങ്കരയിനം പശുവിനെ വാങ്ങി. പിന്നീടാണ് ഒരു ജഴ്‌സിയെ സ്വന്തമാക്കിയത്. പശു പരിപാലനത്തിൽ വിജയം കണ്ടെത്തിയതോടെ ബാംഗ്ലൂരിലെ ചിന്താമണിയിൽനിന്നും പത്ത് പശുക്കളെ കൂടി വീട്ടിലെത്തിച്ചു. കൊറോണ കാലമായതിനാൽ വീട്ടുവിഭവങ്ങൾക്ക് ആവശ്യക്കാർ ഏറിയതോടെ ബിസിനസും തഴച്ചുവളരുകയായിരുന്നു. സമ്മിശ്ര കൃഷിയിലേക്കു വഴിമാറുന്നതും ഇക്കാലത്തു തന്നെയാണ്.

ചെറിയ നിലയിൽ തുടങ്ങിയ വിധുവിന്റെ കാർഷിക ജീവിതം ഇന്ന് മൂന്നര ഏക്കറിലെ നാൽപത് പശുക്കളിലേക്കും അറുപത് ആടുകളിലും നൂറു കോഴികളിലും താറാവുകളിലുമെല്ലാമായി വ്യാപിച്ചുകിടക്കുന്നു. മാത്രമല്ല, കടുത്തുരുത്തി മാനാച്ചിറയിലെ ഏഴര ഏക്കറിൽ വിവിധതരം പച്ചക്കറികളിലേക്കും തീറ്റപ്പുൽകൃഷിയിലേക്കുമെല്ലാം അത് പടർന്നു പന്തലിച്ചുനിൽക്കുന്നു. വാഴയും ചേനയും കപ്പയുമടക്കമുള്ള കിഴങ്ങുവർഗങ്ങളും ഇവിടെ കൃഷി ചെയ്യുന്നുണ്ട്. കൂടാതെ തേനീച്ച വളർത്തലിനും സമയം കണ്ടെത്തുന്നു.
ഗീർ, വെച്ചൂർ, കാസർകോട് കുള്ളൻ, റെഡ് സിന്ധി, എച്ച്. എഫ്, ജഴ്‌സി തുടങ്ങി വിവിധയിനങ്ങളിൽപെട്ട പശുക്കൾ ഇവിടെയുണ്ട്. ആടുകളാകട്ടെ മലബാറി ഇനത്തിൽ പെട്ടവയാണ്. കോഴി, താറാവ്, ബീറ്റൽ, കൾഗം, ഗിനി, പാത്ത, ഫ്ലയിംഗ് ഡക്ക്, ഫാൻസി കോഴികൾ, ഈജിപ്ഷ്യൻ ഫയോമി, പോളിഷ് ക്യാപപ്പ്, ബ്രഹ്മ കോഴി, മുയൽ, പ്രാവ് എന്നിവയും ഇവിടെയുണ്ട്. പശുക്കളെ ഓമനപ്പേരിട്ടാണ് വിധു വിളിക്കുന്നത്. മണിക്കുട്ടിയും അമ്മിണിക്കുട്ടിയും ലക്ഷ്മിക്കുട്ടിയുമെല്ലാം ഇക്കൂട്ടത്തിലുണ്ട്. നല്ല അനുസരണയിലാണ് ഇവരെ വളർത്തുന്നത്. അതുകൊണ്ടാകണം വിധുവിനെ കാണാതെ ഇവർ ഭക്ഷണം കഴിക്കില്ല. ഒരു ദിവസം മാറിനിന്നാൽ പിണങ്ങുന്ന സ്വഭാവവും ഇവർക്കുണ്ടെന്ന് വിധു പറയുന്നു.
പുലർച്ചെ മൂന്നു മണിക്കാണ് വിധുവിന്റെ ഒരു ദിവസം തുടങ്ങുന്നത്. രണ്ടു കറവക്കാർ മെഷീനുകൾ ഉപയോഗിച്ചാണ് പാൽ കറന്നെടുക്കുന്നത്. രാവിലെയും വൈകിട്ടുമായി മുന്നൂറ്റി നാൽപതു ലിറ്റർ പാൽ വിൽക്കുന്നുണ്ട്. വീടിനടുത്തുള്ള സൊസൈറ്റിയിലാണ് പാൽ വിൽക്കുന്നത്. അതിരാവിലെ അഞ്ചു മണിയോടെ പാൽ സൊസൈറ്റിയിൽ എത്തിക്കുന്നു. ആറുമണിയാകുമ്പോഴേക്കും മുഴുവൻ പാലും സൊസൈറ്റിലെത്തിക്കും. നേരിട്ടും അല്ലാതെയുമായി പത്തോളം ജോലിക്കാരുണ്ട്. പശുവിനെ കുളിപ്പിക്കുന്നതും തൊഴുത്തു വൃത്തിയാക്കുന്നതുമെല്ലാം ഇവർ തന്നെയാണ്. പശുക്കളുടെ ആരോഗ്യ കാര്യത്തിൽ കണിശമായ ശ്രദ്ധ പുലർത്തിപ്പോരുന്നുണ്ട്. കറവ കഴിഞ്ഞാലുടൻ ബെറ്റാഡിൻ ഉപയോഗിച്ച് അകിട് തുടയ്ക്കുന്നത് അകിടുവീക്കം പോലുള്ള രോഗങ്ങളിൽനിന്നും ഇവയെ സംരക്ഷിച്ചുനിർത്തുന്നു.
തീറ്റപ്പുല്ലാണ് പശുക്കളുടെ പ്രധാന ഭക്ഷണം. ശരാശരി അമ്പതു കിലോ വീതമാണ് ഓരോ പശുക്കൾക്കും നൽകുന്നത്. കൂടാതെ പൈനാപ്പിളും നൽകുന്നു. കൃഷിയിടങ്ങളിൽ പോയി നേരിട്ട് ശേഖരിച്ചാണ് പൈനാപ്പിൾ എത്തിക്കുന്നത്. കൃഷിക്കാർ നേരിട്ട് എത്തിച്ചുതരുന്ന രീതിയുമുണ്ട്. പശുക്കൾക്ക് പെല്ലറ്റ് അധികം നൽകാറില്ല. അതുകൊണ്ടാകണം ദഹന സംബന്ധമായ അസുഖങ്ങൾ അവയ്ക്കുണ്ടാകാറില്ല. മാത്രമല്ല, പ്രസവത്തോടനുബന്ധിച്ചുള്ള പ്രശ്‌നങ്ങളും കുറവാണ്. ഗുണമേന്മയുള്ള പാല് ലഭിക്കാനും ഇതുപകരിക്കുന്നു. വിദേശത്തുനിന്നും നാട്ടിലെത്തിയ ഭർത്താവ് രാജീവും കാർഷിക വൃത്തിയിൽ വിധുവിന് എല്ലാ പിന്തുണയുമായി കൂടെയുണ്ട്.
ഫാമിലേക്കു വാങ്ങുന്ന പശുക്കൾക്കുമുണ്ട് പ്രത്യേകത. കർണാടകയിലെ ചിന്താമണിയിൽനിന്നുമാണ് പല പശുക്കളെയും ഇവിടെയെത്തിച്ചത്. വീടുകൾ തോറും കയറിയിറങ്ങി മികച്ചതെന്നു ബോധ്യപ്പെടുന്ന പശുക്കളെ മാത്രമേ വാങ്ങാറുള്ളൂ. രോഗമൊന്നുമില്ലെന്ന ഡോക്ടറുടെ സാക്ഷ്യപത്രവും ശേഖരിക്കും. ഇത്തരം പശുക്കളാണ് വിധുവിന് ദിവസവും മുപ്പതു ലിറ്റർ പാൽ നൽകുന്നത്. തീറ്റപ്പുൽ നൽകുന്നതുകൊണ്ടാകണം നല്ല കൊഴുപ്പുള്ള പാലാണ് ലഭിക്കുന്നതെന്ന് രാജീവും സാക്ഷ്യപ്പെടുത്തുന്നു. സോഫ്റ്റ്‌വെയർ സഹായത്തോടെ പശുക്കളുടെ പാൽലഭ്യതയും ഇൻസെമിനേഷനും സംബന്ധിച്ച വിവരങ്ങളും ഇവിടെ രേഖപ്പെടുത്തുന്നുണ്ട്.
കന്നുകാലി വളർത്തലിൽ പ്രധാന വെല്ലുവിളി ചാണകം സംസ്‌കരിക്കുന്നതിലാണ്. ദുർഗന്ധവും കൊതുകുശല്യവും വർധിക്കാനും ഇത് കാരണമാകാറുണ്ട്. ഫാമിൽ തന്നെ തയാറാക്കുന്ന ഇ.എം. സൊല്യൂഷൻ
മിശ്രിതം തളിച്ചാണ് ഇത്തരം കീടങ്ങളെ അകറ്റുന്നത്. കമ്പോസ്റ്റ് ഉണ്ടാക്കുന്നതിലും ഈ മിശ്രിതം ഉപയോഗിക്കുന്നുണ്ട്.
സീറോ വേസ്റ്റ് ആണ് പറുദീസ ഫാമിന്റെ മറ്റൊരു സവിശേഷത. പ്രത്യേകം തയാറാക്കിയ പ്ലാന്റിലേയ്ക്കാണ് ചാണകം പോകുന്നത്. ഇവിടെ വെച്ചാണ് പാചകവാതകം ഉൽപാദിപ്പിക്കുന്നത്. പാചകവാതകത്തിനായി ബയോഗ്യാസ് പ്ലാന്റും രൂപപ്പെടുത്തിയിട്ടുണ്ട്. മിച്ചം വരുന്ന സ്‌ളറി വളമായി ഉപയോഗിക്കുന്നു. ജൈവ മാലിന്യത്തിൽനിന്നാണ് കമ്പോസ്റ്റ് നിർമിക്കുന്നത്. ഖരമാലിന്യങ്ങൾ വേർതിരിച്ച് ഹരിത കർമമ്മസേനക്ക് നൽകുന്നു.
കാർഷിക പാരമ്പര്യത്തിൽ ജനിച്ചുവളർന്ന രാജീവ് തനിക്കു ലഭിച്ച അറിവുകൾ ഭാര്യക്ക് പകർന്നുനൽകുകയാണ്. രാജീവിന്റെ പിതാവ് എം.ജെ. മാത്യുവും മാതാവ് ബ്രജിത് മാത്യുവും നല്ല കർഷകരായിരുന്നു. എൺപത്തിയാറിലെത്തിയെങ്കിലും ബ്രജിത്തയുടെ കൃഷിയറിവുകൾ വിധുവിന് ആത്മവിശ്വാസം നൽകുന്നുണ്ട്. രാജീവിന്റെ സഹോദരനായ സേവ്യർ മാത്യു ഇലക്ട്രിഷ്യനായ മസ്‌കത്തിലെ വൻകിട ഫാമിൽനിന്നും ലഭിച്ച അറിവുകളും സ്വന്തം ഫാമിലും പ്രയോജനപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്.
ചാണകപ്പൊടിയുടെ ദൗർലഭ്യം മനസ്സിലാക്കി പുതിയൊരു ഉദ്യമത്തിനുള്ള ഒരുക്കത്തിലാണ് വിധുവും ഭർത്താവ് രാജീവുമിപ്പോൾ. മെഷീൻ ഉപയോഗിച്ച് ചാണകം ഉണക്കിപ്പൊടിച്ച് കവറുകളിലാക്കി വിൽക്കാനുള്ള ശ്രമത്തിലാണവർ. ചാണകവും വേപ്പിൻ പിണ്ണാക്കും സ്യൂഡോമോണസും ടൈക്കോഡെർമയും ചേർത്തുള്ള മിശ്രിതം ഒരു കിലോ പാക്കറ്റുകളാക്കി വിൽപനയ്ക്ക് ഒരുക്കുകയാണ്. കിലോയ്ക്ക് മുപ്പത്തഞ്ച് രൂപയാണ് വില നിശ്ചയിച്ചിട്ടുള്ളത്.
പഞ്ചായത്ത് തലത്തിലും ജില്ലാതലത്തിലും ലഭിച്ച ഒട്ടേറെ അംഗീകാരങ്ങൾക്കു ശേഷമാണ് 2021 ൽ സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ മികച്ച സമ്മിശ്ര കർഷകനുള്ള പുരസ്‌കാരം വിധുവിനെ തേടിയെത്തിയത്. കടുത്തുരുത്തി ബ്‌ളോക്ക് പഞ്ചായത്തിന്റെ മികച്ച കർഷകക്കുള്ള അംഗീകാരത്തിനും വിധു അർഹയായിട്ടുണ്ട്. മൂന്നു മക്കളാണ് ഈ ദമ്പതികൾക്ക്. മൂത്ത മകൻ ഏലിയാസ് കൊച്ചി അമൃത ഇൻസ്റ്റിറ്റിയൂട്ടിൽ നാലാം വർഷ കാർഡിയോ വാസ്‌കുലർ ടെക്‌നോളജി വിദ്യാർഥിയാണ്. രണ്ടാമത്തെ മകനായ മാത്യൂസ് പ്‌ളസ് വണ്ണിന് ചേരാനുള്ള ഒരുക്കത്തിലും മൂന്നാമൻ അൽഫോൻസ് ആറാം ക്ലാസിലേക്കുമാണ്. അമ്മയുടെ കാർഷികവൃത്തിയിൽ സജീവ തൽപരരായ മക്കളും സേവന സന്നദ്ധരായി കൂടെയുണ്ട്. മാത്രമല്ല, അൽഫോൻസ് ഇതിനകം തന്നെ മികച്ച കുട്ടിക്കർഷകനായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.






