കനിഹയെയും മലയാള സിനിമ നിരസിച്ചിരുന്നു 

കനിഹയുടെ സിനിമാ ജീവിതം മാറ്റിമറിച്ച ചിത്രമാണ് 'പഴശ്ശിരാജ'. ഈ ചിത്രത്തില്‍ അഭിനയിച്ചതിന് ശേഷം നിരവധി ചിത്രങ്ങള്‍ മലയാളത്തില്‍ കനിഹയെ തേടി എത്തിയിരുന്നു. എന്നാല്‍ ഇതിന് പിന്നില്‍ ചില കഥകള്‍ നടിക്ക് പറയാനുണ്ട്. 'പഴശ്ശിരാജയില്‍ നായികയായെത്തിയ എന്നെ ആദ്യം മടക്കിയയച്ചിരുന്നുവെന്നാണ് നടിയുടെ വെളിപ്പെടുത്തല്‍. കഴിഞ്ഞ ദിവസം ഒരു ചാനല്‍ അഭിമുഖത്തിലാണ് കനിഹയുടെ ഇത് വെളിപ്പെടുത്തിയത്. 
 'മലയാള സിനിമയില്‍ നായികയായി വിളിക്കുന്നു. കോടമ്പാക്കത്ത് ഓഫീസില്‍ വരാനായിരുന്നു പറഞ്ഞത്. അവിടെ ചെന്നപ്പോള്‍ ഹരിഹരന്‍ സാര്‍ ഉണ്ട്, എന്നെ കണ്ടു. എന്നാല്‍ അദ്ദേഹം അധികം ഒന്നും പറഞ്ഞില്ല. സത്യത്തില്‍ എനിക്ക് ഒന്നും തന്നെ അറിയില്ലായിരുന്നു. ഹരിഹരന്‍ സാര്‍ ആരാണെന്നോ ഇത് ഇത്ര വലിയ ചരിത്ര പ്രാധാന്യമുള്ള ചിത്രമാണോ ഒന്നും തന്നെ. ഞാന്‍ ജീന്‍സും ടീഷര്‍ട്ടുമായിരുന്നു ധരിച്ചിരുന്നത്.
 എന്നെ കണ്ടതിന് ശേഷം ഒരു ഓള്‍ ദി ബെസ്റ്റ് മാത്രമാണ് ഹരിഹരന്‍ സാര്‍ പറഞ്ഞത്. പിന്നീട് പൊയ്‌ക്കോളാന്‍ പറഞ്ഞു. സത്യം പറഞ്ഞാല്‍ ഇഷ്ടപ്പെടാതെ പറഞ്ഞുവിട്ടപോലെ. എനിക്കാണെങ്കില്‍ റിജക്ട് ചെയ്യുക എന്നത് ഇഷ്ടമല്ലാത്തൊരു കാര്യമാണ്.  എന്റെ നൂറുശതമാനം നല്‍കിയതിന് ശേഷം അത് ഇഷ്ടപ്പെട്ടില്ലെങ്കില്‍ റിജക്ട് ചെയ്യുന്നത് ഓകെയാണ്. വീട്ടില്‍ ചെന്ന ശേഷം ഞാന്‍ വീണ്ടും സാറിനെ വിളിച്ചു. സാര്‍ എന്ത് കഥാപാത്രമാണ് നിങ്ങള്‍ വിചാരിക്കുന്നതെന്ന് പറയാമോ എന്ന് ചോദിച്ചു. അപ്പോഴാണ് പഴശിരാജ സിനിമയെക്കുറിച്ചും ആ കഥാപാത്രത്തെക്കുറിച്ചും പറയുന്നത്.
 ആ സമയം ഞാന്‍ തമിഴില്‍ അജിത്തിനൊപ്പം ഒരു ചിത്രം ചെയ്യുകയായിരുന്നു, വരളാരു. അതില്‍ ഒരു പാട്ട് സീനില്‍ ഞാന്‍ രാജ്ഞിയുടെ വേഷം ധരിക്കുന്നുണ്ട്. ആ ഭാഗം ഞാന്‍ സാറിന് മെയില്‍ ചെയ്തു. അത് സാറിന് ഇഷ്ടപ്പെടുകയും ശേഷം ചെറിയൊരു സ്‌ക്രീന്‍ ടെസ്റ്റ് നടത്തി പഴശ്ശിരാജ എന്ന ചിത്രത്തിലേക്ക് നായികയായി എടുക്കുകയുമായിരുന്നു.
 

Latest News