Sorry, you need to enable JavaScript to visit this website.

പെറു -പെരും കണ്ണീർ

നീയാണ് പുലിക്കുട്ടി... ഫ്രാൻസിന്റെ പ്രായം കുറഞ്ഞ ലോകകപ്പ് സ്‌കോററായ എംബാപ്പെയെ ജിരൂവും ഗ്രീസ്മാനും ആശ്ലേഷിക്കുന്നു. 
  • ഫ്രാൻസ് 1-പെറു 0

യെകാതറിൻബർഗ് - മുപ്പത്താറ് വർഷത്തിനു ശേഷം ലോകകപ്പിൽ തിരിച്ചെത്തിയ പെറു ടീമിനെയും എല്ലാ ത്യാഗങ്ങളും സഹിച്ച് ലാറ്റിനമേരിക്കയിൽ നിന്നെത്തിയ അവരുടെ ആയിരക്കണക്കിന് ആരാധകരെയും കണ്ണീരിലാഴ്ത്തി ഫ്രാൻസ് ലോകകപ്പ് ഫുട്‌ബോളിന്റെ ഗ്രൂപ്പ് സി-യിൽ നിന്ന് പ്രി ക്വാർട്ടറിലേക്ക് മുന്നേറി. രണ്ട് ജീവന്മരണ പോരാട്ടങ്ങൾ തോറ്റതോടെ പെറു പുറത്തായി. മുപ്പത്തിനാലാം മിനിറ്റിൽ ഫ്രാൻസിന്റെ വിജയ ഗോളടിച്ച കീലിയൻ എംബാപ്പെ ലോകകപ്പ് ചരിത്രത്തിലെ അവരുടെ പ്രായം കുറഞ്ഞ ഗോൾസ്‌കോററായി. 19 വയസ്സും 183 ദിവസവുമാണ് സ്‌ട്രൈക്കറുടെ പ്രായം. ആതിഥേയരായ റഷ്യയും ഉറുഗ്വായ്‌യുമാണ് പ്രി ക്വാർട്ടർ ഉറപ്പിച്ച മറ്റു ടീമുകൾ. 

ഈ ലോകകപ്പിന്റെ തന്നെ കഥയാണ് പെറുവിന്റെ ആരാധകർ. ലാറ്റിനമേരിക്കയിൽ നിന്ന് വിവിധ സമയ മേഖലകൾ താണ്ടി ആയിരങ്ങളാണ് റഷ്യയിലേക്ക് ഒഴുകിയെത്തിയത്. പലരും തൊഴിൽ ഉപേക്ഷിച്ചാണ് വന്നത്. പലരും വാഹനങ്ങളും വിലപിടിപ്പുള്ള പലതും വിറ്റു. പലരും കടം വാങ്ങി. മോസ്‌കോയിൽ നിന്ന് 25 മണിക്കൂർ യാത്ര ചെയ്‌തെത്തേണ്ട യെക്കാത്തറിൻബർഗിൽ വൃദ്ധന്മാർ വരെ ടീമിനൊപ്പം സഞ്ചരിച്ചെത്തി. യെക്കാത്തറിൻബർഗ് അരീനയെ അവർ ചെങ്കുപ്പായമണിയിച്ചു. രണ്ടായിരത്തോളം വരുന്ന ഫ്രാൻസിന്റെ ആരാധകരെ പാട്ടിലും നൃത്തത്തിലും മുക്കി. രണ്ട് താൽക്കാലിക ഗാലറിയിൽ ആഞ്ഞുവീശിയ തണുപ്പിനെ അവർ കളിയാവേശം കൊണ്ട് പുതപ്പിച്ചു. പെറുവിലെ കഥ പറയാനില്ല. അവർക്കു മുന്നിൽ ഡെന്മാർക്കിനെതിരെയെന്ന പോലെ കളിക്കാർ സർവം നൽകി പൊരുതിയെങ്കിലും ഫ്രാൻസിനെതിരെയും അവർക്ക് ഗോളടിക്കാനായില്ല. ഓസ്‌ട്രേലിയക്കെതിരായ അഭിമാനപ്പോരാട്ടം മാത്രമാണ് ഇനി പെറുവിന് ബാക്കി.    
ഉസ്മാൻ ദെംബെലെക്ക് പകരം ഒലീവിയർ ജിരൂ മുൻനിരയിലേക്ക് വന്നതോടെ ഫ്രാൻസ് ആക്രമണത്തിന് മൂർച്ചയേറി. ആദ്യ 15 മിനിറ്റിനു ശേഷം ഫ്രാൻസ് കളിയിൽ ആധിപത്യം നേടി. മുപ്പത്തിനാലാം മിനിറ്റിലായിരുന്നു ഫ്രാൻസ് കാത്തിരുന്ന ഗോൾ. പോൾ പോഗ്ബ പിടിച്ചെടുത്ത പന്ത് ബോക്‌സിൽ ജിരൂ വഴി കിട്ടുമ്പോൾ എംബാപ്പെയുടെ മുമ്പിൽ ഒഴിഞ്ഞ വലയായിരുന്നു. 
സ്വന്തം ആരാധകർ തിങ്ങിനിറഞ്ഞ യെക്കാത്തറിൻബർഗ് അരീനയിൽ ഫ്രാൻസിനെ സമ്മർദ്ദത്തിൽ നിർത്താൻ പെറു എല്ലാ ശ്രമവും നടത്തി. ആദ്യ ഇലവനിൽ തിരിച്ചെത്തിയ സ്‌ട്രൈക്കർ പോളൊ ഗുരേരൊ മുപ്പത്തൊന്നാം മിനിറ്റിൽ നല്ലൊരവസരം പാഴാക്കി. ക്രിസ്റ്റ്യൻ സ്യൂവയുടെ പാസുമായി കയറി ഗുരേരൊ തൊടുത്തുവിട്ട വെടിയുണ്ട നൂറാം മത്സരം കളിക്കുന്ന ഫ്രഞ്ച് ഗോളി ഹ്യൂഗൊ യോറിസ് തടുത്തിട്ടു. 
പക്ഷേ ഫ്രഞ്ച് നീക്കങ്ങളായിരുന്നു കൂടുതൽ അപകടകരം. ലുക്കാസ് ഹെർണാണ്ടസിന്റെയും ആന്റോയ്ൻ ഗ്രീസ്മാന്റെയും പോഗ്ബയുടെയും എംബാപ്പെയുടെയും ഷോട്ടുകൾ ഗോളി പെഡ്രൊ ഗയേസെ സമർഥമായി തടഞ്ഞു. പെറു ഫുൾബാക്ക് ലൂയിസ് അഡ്‌വിൻകുല ഫ്രഞ്ച് പ്രതിരോധത്തിന് നിരന്തരം തലവേദന സൃഷ്ടിച്ചു. 
രണ്ടാം പകുതിയിലും പെറുവാണ് നന്നായി തുടങ്ങിയത്. പെഡ്രൊ അക്വിനോയുടെ ലോംഗ്‌റെയ്ഞ്ച് റോക്കറ്റ് ഫ്രഞ്ച് ക്രോസ്ബാറിൽ ഇടിമുഴക്കം സൃഷ്ടിച്ചു. എന്നാൽ ബാഴ്‌സലോണയുടെ സാമുവേൽ ഉംറ്റിറ്റിയും റയൽ മഡ്രീഡിന്റെ റഫായേൽ വരാനും ഉരുക്കുകോട്ട കെട്ടിയതോടെ പെറു നീക്കങ്ങളൊക്കെ നിഷ്ഫലമായി. 

Latest News