കാറിലെത്തി പൂട്ടിയിട്ട വീടുകളില്‍ കവര്‍ച്ച; മിന്നല്‍ ആസിഫ് പിടിയില്‍

പയ്യന്നൂര്‍- പട്ടാപ്പകല്‍ കാറിലെത്തി പൂട്ടിയിട്ട വീടുകള്‍ കുത്തിതുറന്ന് കവര്‍ച്ച നടത്തി കടന്നു കളയുന്ന മിന്നല്‍ ആസിഫ് പയ്യന്നൂര്‍ പോലീസിന്റെ പിടിയിലായി. കാഞ്ഞങ്ങാട് റെയില്‍വേ സ്‌റ്റേഷന് സമീപം ഗാര്‍ഡന്‍ വളപ്പില്‍ താമസിക്കുന്ന പി.എച്ച് ആസിഫിനെ (21) യാണ് പയ്യന്നൂര്‍
ഡിവൈ.എസ്.പി.കെ.ഇ.പ്രേമചന്ദ്രന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തത്.  നിരവധി കവര്‍ച്ചാ കേസുകളില്‍ പ്രതിയായ ആസിഫിനെ, കരിവെള്ളൂര്‍ പുത്തൂര്‍ വട്ടപ്പൊയിലില്‍ നടന്ന കവര്‍ച്ചയുമായി ബന്ധപ്പെട്ടാണ് പിടികൂടിയത്.
കാറിലെത്തി പൂട്ടിയിട്ട വീടുകള്‍ നിരീക്ഷിച്ച ശേഷമാണ് കവര്‍ച്ച. ഇരുമ്പുവടി കൊണ്ട് പിന്‍വാതിലിന്റെ പൂട്ട് തകര്‍ത്താണ് കവര്‍ച്ച നടത്താറുള്ളത്. ഇതിന് മുമ്പായി  മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാക്കി ദൂരെ ഒളിപ്പിച്ചു വെക്കും. കവര്‍ച്ച നടത്തിയ ശേഷം  ഇയാള്‍ കുറ്റിക്കാട്ടില്‍ നിന്ന് മൊബെല്‍ ഫോണ്‍ എടുത്ത് നടന്നു പോകുന്നത് സംഭവ ദിവസം നാട്ടുകാരില്‍ ഒരാള്‍ കണ്ടിരുന്നു. ഈ വെളിപ്പെടുത്തലാണ് പോലീസ് അന്വേഷണത്തില്‍ വഴിതിരിവായത്. ഇക്കഴിഞ്ഞ ഫെബ്രുവരി രണ്ടിനാണ് കരിവെള്ളൂര്‍ പുത്തൂര്‍ വട്ടപ്പൊയിലിലെ പ്രവാസിയായ ടി.പി. ശ്രീകാന്തിന്റെ വീട്ടില്‍ കവര്‍ച്ച നടന്നത്. 21 പവന്റെ സ്വര്‍ണാഭരണങ്ങളും 4,500 രൂപയും മോഷണം പോയിരുന്നു. ശ്രീകാന്തിന്റെ ഭാര്യയായ അധ്യാപിക ഷീജയുടെ പരാതിയില്‍പയ്യന്നൂര്‍ പോലീസ് കേസെടുത്തിരുന്നു. ഭര്‍ത്താവ് ഗള്‍ഫിലായതിനാല്‍ ഷീജയും മകളും മാത്രമാണ് വീട്ടില്‍ താമസം. അധ്യാപികയായ ഷീജ സ്‌കൂള്‍ വിട്ട്
 വൈകുന്നേരം വീട്ടിലെത്തിയപ്പോഴാണ് അടുക്കള ഭാഗത്തെ ഗ്രില്ലിന്റെ പൂട്ട് തകര്‍ത്ത നിലയില്‍ കണ്ടത്. വീടിനകത്തെ മുറികളിലെ രണ്ട് അലമാരകള്‍ കുത്തി തുറന്നാണ് രണ്ട് മാല, മൂന്ന് വള, എട്ട് കമ്മല്‍, ഒരു കൈ ചെയിന്‍, രണ്ട് മോതിരം,4,500 രൂപ എന്നിവ കവര്‍ന്നത്. കൊണ്ടുപോയത്.
പ്രതിയെ വിശദമായി ചോദ്യം ചെയ്തതോടെ മറ്റ് ചില കവര്‍ച്ചകളെക്കുറിച്ചുള്ള വിവരങ്ങളും ലഭിച്ചു.പഴയങ്ങാടി റെയില്‍വെ സ്‌റ്റേഷന് സമീപം താമസിക്കുന്ന എല്‍.ഐ.സി. ഏജന്റ് ഗീതാലയത്തില്‍ ഇ.വി.സതീ രവീന്ദ്രന്റെ  വീട് കുത്തിതുറന്ന് ഒന്‍പതര പവന്റെ ആഭരണങ്ങള്‍ കവര്‍ച്ച നടത്തിയതും താനാണെന്ന് പ്രതി കുറ്റം സമ്മതിച്ചു. മോഷ്ടിച്ച ആഭരണങ്ങള്‍ കണ്ണൂരിലെ ജ്വല്ലറിയില്‍ വില്‍പന നടത്തിയ വിവരവും ലഭിച്ചു. രാവിലെ 9 മണിയോടെ വീട് പൂട്ടി പയ്യന്നൂരിലെ എല്‍.ഐ.സി.ഓഫീസിലേക്ക് പോയ സതീരവീന്ദ്രന്‍ വൈകുന്നേരം 4 മണിയോടെ തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ മുന്‍വശത്തെ വാതില്‍ കുത്തിതുറന്ന നിലയില്‍ കണ്ടത്.
           ചീമേനി, ചന്തേര, പഴയങ്ങാടി, കാഞ്ഞങ്ങാട്, കണ്ണൂര്‍ എന്നിവിടങ്ങളിലും ഇയാള്‍ സമാനമായ രീതിയില്‍ കവര്‍ച്ച നടത്തി രക്ഷപ്പെട്ടിട്ടുണ്ട്. പയ്യന്നൂരിലെ വ്യാപാരിയുടെ വീട് കുത്തിതുറന്ന് മൂന്ന് ലക്ഷം രൂപ കവര്‍ന്ന കേസിലും ഇയാള്‍ സംശയത്തിന്റെ നിഴലിലാണ്. പ്രതിയെ മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കി റിമാന്‍ഡു ചെയ്തു.
 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News