മലപ്പുറം വടക്കാങ്ങര പഴയ ജുമാഅത്ത് പള്ളി വഴിയിൽ നിന്ന് കളഞ്ഞു കിട്ടിയ മൂന്ന് പവന്റെ സ്വർണാഭരണം ഉടമസ്ഥരെ കണ്ടെത്തി നൽകാൻ പള്ളിയിലേൽപിച്ച പ്രസവ ശുശ്രൂഷക്കാരി ദേവകി കാവുങ്ങത്തൊടി നാടിന് മാതൃകയായി. കഴിഞ്ഞ ദിവസം അത് വഴി നടന്നു പോകുമ്പോഴാണ് വഴിയിൽ ആഭരണം കാണുന്നത്. ആദ്യം മുക്കുപണ്ടമാണെന്നാണ് ധരിച്ചത്. സ്വർണമാണന്നറിഞ്ഞപ്പോൾ ആകെ ബേജാറിലായി. ഒപ്പമുണ്ടായിരുന്ന മകൾ വിസ്മയ പറഞ്ഞു: അമ്മേ സ്വർണമാണ്, അത് എടുക്കണ്ട.....
'വല്ലവരുടെയും കൈയിൽ കിട്ടിയാൽ ദൈവമേ ഇത് അതിന്റെ ഉടമസ്ഥർക്ക് കിട്ടുമെന്ന്്് വല്ല ഉറപ്പുമുണ്ടോ?
ഉടനെ ഉദിച്ച ബുദ്ധി പള്ളിയിലെ മുസ്ല്യാരെ ഏൽപിക്കാമെന്ന്. അങ്ങനെ പള്ളിയിലേൽപിച്ചു. വെള്ളിയാഴ്ച ജുമുഅക്ക് മുമ്പ് ഖത്തീബ് ഹംസ ദാരിമി വിവരം മഹല്ല് വാസികളോട് പങ്കിട്ടു. വൈകുന്നേരമായപ്പോഴെക്കും ഉടമസ്ഥയായ വടക്കേകുളമ്പിലെ ഹസ്ന എത്തി. പള്ളിയിൽ വെച്ച് ദേവകിയെ സാക്ഷി നിർത്തി ഹംസ ദാരിമി ആഭരണം അവകാശിക്ക് കൈമാറി.
മാതൃകാപരമായ പ്രവൃത്തിയാണ് സത്യസന്ധതയുടെ നിറകുടമായ ദേവകി ചെയ്തതെന്നും ഹംസ ദാരിമി പറഞ്ഞു.
കൂലിവേലക്കാരനും വളരെ പാവപ്പെട്ടവനുമാണ് ഭർത്താവ് വിശ്വനാഥൻ എന്ന കുഞ്ഞാണി. ''കുഞ്ഞാണി എല്ലാവരുടെയും കുഞ്ഞാണിയാണ്''. രണ്ടാളും കഠിനാധ്വാനം ചെയ്താണ് കുടുംബം പോറ്റുന്നത്. പ്രസവ ശുശ്രൂഷക്കൊപ്പം അല്ലറ ചില്ലറ വീട്ടുവേലയും ചെയ്യുമവർ. കുട്ടികളുടെ പഠനവും മറ്റുമായി അരണ്ടുറുണ്ട് ഒരു കൊച്ചു ഓട് വീട്ടിലാണ് ഏഴംഗ കുടുംബം വസിക്കുന്നത്.
അഞ്ച് മക്കളിൽ മൂത്തവരായ വിദ്യയും വിനീതയും വിവാഹിതരാണ്. ബി.എസ്സി, എം.എൽ.ടിക്കാരിയായ വിസ്മയയുടെ വിവാഹം നിശ്ചയിച്ചിട്ടുമുണ്ട്. വിന്ദുജ ഡിഗ്രിക്കാരിയും. ഇളയ പുത്രൻ കൃഷ്ണപ്രകാശ് ഒമ്പതിലാണ്്്.
ദാരിദ്ര്യവും പണത്തിനുള്ള ബുദ്ധിമുട്ടുകളുമൊന്നും ദേവകിയുടെ മനസ്സിൽ ഒരു ചാഞ്ചാട്ടമുണ്ടാക്കില്ല. എത്ര തന്നെ കൂമ്പാരം മുന്നിൽ കണ്ടാലും അന്യന്റേത് അവർക്ക് തന്നെ നൽകുമെന്നാണ് ദേവകിയുടെ പക്ഷം. ശുദ്ധമനസ്കയായ ദേവകിയെപ്പോലുള്ളവർ നാടിന് മാതൃകയാണ്.






