വർണരാജിയിലെ സ്‌നേഹമാനസം

ചിത്രകലയിലെ അതുല്യ പ്രതിഭയാണ് പാലക്കാട് കൽപാത്തി അയ്യപുരം ജി.എൽ.പി സ്‌കൂളിലെ ചിത്രകലാധ്യാപിക  അർച്ചന കൃഷ്ണൻ. ചിത്രകലയിലെ ഏഷ്യൻ റെക്കോർഡ് ജേതാവായ അതുല്യ പ്രതിഭ എന്ന നിലയിലും അഭിനേത്രി എന്ന നിലയിലും അർച്ചന മികച്ചൊരു കലാകാരിയാണ്. വളരെ ചെറിയ പ്രായം മുതൽ ചിത്രങ്ങൾ വരയ്ക്കുന്ന ഇവർ  
ഈ ഡിജിറ്റൽ കാലത്തിന്റെ നൂതനമായ സാധ്യതകളെ കൂടി  സാക്ഷാൽക്കരിക്കുന്നു.
ചുരുങ്ങിയ സമയത്തിനുള്ളിൽ വരയ്്ക്കുന്ന  ചിത്രങ്ങൾ തെരുവോര ചിത്ര വേദികളെയും പല പ്രദർശന പരിപാടികളെയും അലങ്കാരമാക്കിയിട്ടുണ്ട്. അർച്ചനയുടെ ഭാവനക്ക് അനുസരിച്ചാണ് വര. അവരുടെ ഓരോ ചിത്രത്തിനു പിന്നിലും ഓരോ കഥയുണ്ട്. വരച്ച ചിത്രങ്ങളെക്കുറിച്ച്  ആരെന്തു ചോദിച്ചാലും കൃത്യമായ വിശദീകരണം നൽകാനും  കഴിയും. മനസ്സിൽ തെളിയുന്ന ചിത്രങ്ങൾ കാൻവാസിലേക്ക് പകർത്താൻ അർച്ചനക്ക് നിമിഷ നേരം മതി. 


അന്താരാഷ്ട്ര വനദിനാചരണ സമ്മേളനത്തിൽ തെരുവോര ചിത്രരചനയിൽ
കാട്ടുതീ ഇല്ലാത്ത കാടുകൾ, വനവും ആരോഗ്യവും, വനം ജല സംരക്ഷണത്തിന് തുടങ്ങിയ ആശയങ്ങൾ മുൻനിർത്തിയായിരുന്നു ചിത്രാവിഷ്‌കാരം. കേരളീയമായ വാക്കുകളുടെയും ലിപികളുടെയും താളബോധം മനസ്സിൽനിന്ന് കാൻവാസിലേക്ക് പകർത്തി പാരമ്പര്യങ്ങളുടെ പിൻവിളിയെ സമകാലികാനുഭവങ്ങളോട് കൂടി ചേർത്തുവെച്ച് ചിത്രമെഴുതുന്നു.
ഗാന്ധിപഥം ചിത്രരചന മത്സരത്തിൽ വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്‌സ്, ആർട്ട് ബക്കറ്റ് കൊച്ചി നടത്തിയ മത്സരത്തിൽ ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്‌സ് എന്നിവയടക്കം നിരവധി അവാർഡുകൾ സ്വന്തമാക്കി. ലളിതകല ആർട്ട് ഗാലറി, നിർവാണ ആർട്ട് ഗാലറി തുടങ്ങിയ എക്സിബിഷനുകളിൽ ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്.
നിറക്കൂട്ടുകളിലെ വൈവിധ്യം പോലെ തന്നെ ചിത്രരചന രീതിയിലും അർച്ചനയുടെ വരകൾ വേറിട്ടു നിൽക്കുന്നു. എണ്ണച്ചായം, അക്രിലിക് എന്നീ മാധ്യമങ്ങളും ഇവർ സ്വായത്തമാക്കിയിട്ടുണ്ട് .
പാലക്കാട് ജില്ലയിൽ കെ.ആർ. കൃഷ്ണൻകുട്ടി മാസ്റ്ററുടെയും രാധാമണി അമ്മ ടീച്ചറുടെയും മകളായി ജനനം. കുട്ടിക്കാലം മുതൽ ചിത്രരചന, പാട്ട് എന്നിവയിൽ താൽപര്യം പ്രകടിപ്പിച്ചു തുടങ്ങി. സ്‌കൂൾ, കോളേജ് കാലങ്ങളിൽ ഈ മേഖലയിൽ നിരവധി സമ്മാനങ്ങൾ നേടുകയുണ്ടായി. നിറങ്ങളും മനുഷ്യരും പ്രകൃതിയുമായിരുന്നു ഏറെ ആകർഷിച്ച ഘടകങ്ങൾ. ചുമരിലും മൺപാത്രങ്ങളിലും കാൻവാസിലും നിരവധി ചിത്രങ്ങൾ പുനർജനിച്ചു. സാമൂഹിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദത്തോടൊപ്പം ചിത്രകലയിലും അക്കാദമിക അറിവ് നേടി. മേലാർക്കോട് ജോർജ് പോൾ മാസ്റ്ററുടെ ചേംബർ ഓഫ് ആർട്‌സിൽ നിന്ന് ചിത്രരചനയിൽ ബിരുദം നേടിയിട്ടുണ്ട്. നിരവധി 


എക്‌സിബിഷനുകളിൽ പങ്കാളിയായി. വിവിധ ചിത്രകല ക്യാമ്പുകളിലും സജീവമായി.
ലൈവ് കാരിക്കേച്ചർ രചനയും റിയലിസ്റ്റിക് ആയ ചിത്രങ്ങൾ വരയ്ക്കുന്നതും ഏറെ ഇഷ്ടപ്പെടുന്നതോടൊപ്പം ചില നേരങ്ങളിൽ അമൂർത്തമായ രചനകളും നടത്താറുണ്ട്. കൂടാതെ മെഹ്ഫിൽ എന്ന സംഘടനയുടെ കീഴിൽ ചിത്രകല ക്ലാസുകളും നടത്തിവരുന്നു. വരയ്ക്കുമ്പോൾ മനസ്സിന് കിട്ടുന്ന ഒരു സംതൃപ്തി മറ്റെന്തിനേക്കാളും ഉത്തമമാണ്. സമൂഹത്തിന് വേണ്ടി ക്രിയാത്മകമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹത്തിന്റെ വെളിച്ചത്തിലാണ് തെരുവിലെ വരയിൽ പങ്കാളിയാകുന്നത്.
ഒരു ചിത്രകാരി എന്ന നിലയിൽ യാതൊരുവിധ വിലപേശലുകൾക്കും വഴങ്ങാതെ സ്വതന്ത്രമായി സഞ്ചരിക്കാനാണ്  ഇഷ്ടം. സമൂഹത്തിലെ അരുതായ്മകൾക്കെതിരെയും അസമത്വങ്ങൾക്കെതിരെയും  പ്രകൃതി വിഭവങ്ങളുടെ ദുർവിനിയോഗത്തിനെതിരെയും  നിരന്തരം കലഹിക്കുന്ന വ്യക്തി എന്ന നിലയിൽ ചിത്രരചന കൊണ്ട് തനിക്കാവും വിധം നന്മയുടെ പക്ഷത്തായി നിലകൊള്ളാൻ ആഗ്രഹിക്കുന്നു. മനുഷ്യരും വനവും ആണ് വരയിലെ പ്രമേയം. അതിനു പ്രചോദനമായത് വനംവകുപ്പിന്റെ കാടുകളുടെയും കാവുകളുടെയും സംരക്ഷണാർത്ഥം കോട്ടമൈതാനത്ത് നടത്തിയ തെരുവോര ചിത്രരചനയജ്ഞമാണ്.
നിരവധി കലാകാരന്മാർ സാമ്പത്തികമായി ചിത്രരചന മുന്നോട്ടു കൊണ്ടുപോവാൻ വളരെയധികം ബുദ്ധിമുട്ടുന്നവരാണ്. ജനങ്ങൾ പ്രത്യേകിച്ച് കേരളത്തിൽ പ്രദർശനങ്ങൾ കണ്ടു മുന്നോട്ടു പോകുന്നു എന്നല്ലാതെ അതിന്റെ പിന്നിലെ കലാകാരന്റെ അധ്വാനവും മാനസിക സംഘർഷവും ആരും തന്നെ ഗൗനിക്കാറില്ല. ഒരു വീട്ടിൽ ഒരു ചിത്രമെങ്കിലും വാങ്ങാൻ ആളുകൾ മുന്നോട്ടു വന്നാൽ ഒരു ചിത്രകാരന്റെ അന്നത്തിനുള്ള വകയായി. സർക്കാർ ഈ വിഷയത്തിൽ കൃത്യമായി പ്രവർത്തിക്കേണ്ടതുണ്ട്. തൊഴിൽ നൈപുണ്യം വികസിപ്പിക്കേണ്ടതും  ഇൻഷുറൻസ് പദ്ധതികൾ അനുവദിച്ചു നൽകണമെന്നതും മറ്റൊരു അഭ്യർത്ഥനയാണ്.
പുതിയ തലമുറ തന്റെ ചിന്തകളും പ്രവൃത്തികളും നന്മക്ക് വേണ്ടി ഉപയോഗിക്കുന്നതിന് ചിത്രകല ഒരു വലിയ അനുഗ്രഹമാണ്. ആശയങ്ങളുടെ ഒരു ഭാവതലം  സപ്ത വർണങ്ങളിലുണ്ട്. ശരിയിലേക്ക് നയിക്കുന്നതിനും മനസ്സിനെ  ഉണർത്തുന്നതിനും വരകൾക്ക് കഴിവുണ്ട്. മയക്കുമരുന്ന്, മദ്യപാനം തുടങ്ങിയ നാശോൻമുഖതയിൽ നിന്ന് പ്രവർത്തനോൻമുഖതയിലേക്കും ക്രിയാത്മകതയിലേക്കും നയിക്കാൻ ചിത്രരചന എന്ന സിദ്ധിയിലേക്ക് ശ്രദ്ധ തിരിക്കണം. 
എല്ലാവർക്കും കഴിവുകൾ ഉണ്ട്. അത് കണ്ടെത്തുകയും പ്രയോജനപ്പെടുത്തുകയുമാണ് വേണ്ടത്. വിവിധ പ്രദർശനങ്ങൾക്കുള്ള തയാറെടുപ്പിൽ ആണ്. ചിത്രകല പോലെ അഭിനയവും അർച്ചനക്ക് ആവേശമാണ്. ഷോർട്ട് ഫിലിമുകളിൽ വേഷം ചെയ്താണ് തുടക്കം. അടുത്തിടെ റിലീസ് ചെയ്ത 'നന്നായിക്കൂടെ' എന്ന സിനിമയിലും ഒരു നല്ല വേഷം കിട്ടി. 
ഇനിയും അവസരങ്ങൾക്കായി കാത്തിരിക്കുന്നു. സംഗീതരംഗത്ത് ചുവടുവെക്കുന്നതിന്റെ ഭാഗമായി രണ്ടു സിനിമകളിൽ പാടിയിട്ടുണ്ട്. ബോർഡർലൈൻ, ഇഴ, ചിതറിയ ജീവിതങ്ങൾ എന്നീ ഹ്രസ്വ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. രണ്ടു ഹ്രസ്വ ചിത്രങ്ങളിൽ ആർട്ട് ഡയറക്ടറായും പ്രവർത്തിച്ചു.
റിട്ടയേർഡ് കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ഉദ്യോഗസ്ഥനായ ഭർത്താവ് ജയമാനസനോടും മക്കൾ ദിയ മാനസ്, ജഹനു മാനസ് എന്നിവരോടുമൊപ്പം ചിറ്റൂർ 'മാനസം' വീട്ടിൽ താമസിച്ചു വരുന്നു. ഈശ്വരാനുഗ്രഹവും കുടുംബത്തിന്റെ അകമഴിഞ്ഞ പിൻതുണയും തന്നെയാണ് തനിക്ക് ഈ മേഖലയിൽ കൂടുതൽ ഊർജസ്വലമായി പ്രവർത്തിക്കാനുള്ള കരുത്തെന്ന് ഇവർ സാക്ഷ്യപ്പെടുത്തുന്നു.

Latest News