ഒമാനില്‍ വിദേശികളുമായുള്ള വിവാഹത്തിന് പുതിയ നിയമം; ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി വേണ്ട

മസ്‌കത്ത് - വിദേശികളെ വിവാഹം കഴിക്കുന്ന സ്വദേശികള്‍ക്ക് പുതിയ നിയമം പ്രഖ്യാപിച്ചു. ഒമാന്‍ സുല്‍ത്താന്‍ ഹൈഥം ബിന്‍ താരിഖ് ആണ് ഇതുമായി ബന്ധപ്പെട്ട രാജകല്‍പന പുറപ്പെടുവിച്ചത്. ഇതനുസരിച്ച് സ്വദേശികള്‍ക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി കൂടാതെ വിദേശികളെ വിവാഹം ചെയ്യാവുന്നതാണ്. ഒമാനിലെ ശരീഅത്ത് നിയമത്തിന്റെയോ പൊതുക്രമത്തിന്റെയോ വ്യവസ്ഥകള്‍ ലംഘിക്കാന്‍ പാടില്ല എന്നത് വിദേശികളുമായുള്ള വിവാഹത്തിന് അടിസ്ഥാന വ്യവസ്ഥകളാണ്.
ബന്ധപ്പെട്ട നിയമങ്ങള്‍ക്കും രാജകല്‍പനക്കും അനുസൃതമായി വിദേശികളുമായുള്ള സ്വദേശികളുടെ വിവാഹം രജിസ്റ്റര്‍ ചെയ്യണം. ഇത്തരം വിവാഹങ്ങളില്‍ സമര്‍പ്പിക്കുന്ന വിദേശ രേഖകള്‍ വിദേശ രാജ്യങ്ങളിലെ ബന്ധപ്പെട്ട വകുപ്പുകളും ഒമാന്‍ വിദേശ മന്ത്രാലയവും പ്രാമാണീകരിക്കുന്നതോടെ ഔദ്യോഗിക ഒമാനി രേഖകളെ പോലെ പരിഗണിക്കും. പുതിയ രാജകല്‍പന പ്രാബല്യത്തില്‍ വരുന്നതിനു മുമ്പായി വിദേശ അധികൃതര്‍ അനുവദിക്കുന്ന വിവാഹ രേഖകള്‍ ഒമാനി വിദേശ മന്ത്രാലയം അറ്റസ്റ്റ് ചെയ്യല്‍ നിര്‍ബന്ധമാണ്.
വിദേശികളുമായുള്ള വിവാഹത്തിനുള്ള നിയന്ത്രങ്ങള്‍ ലഘൂകരിക്കുന്നതിനെ പല ഒമാനികളും സ്വാഗതം ചെയ്തു. നിലവില്‍ വിദേശികളുമായുള്ള വിവാഹത്തിന്റെ നൂലാമാലകളില്‍ കുടുങ്ങിക്കിടക്കുന്ന പലര്‍ക്കും പുതിയ നിയമത്തോടെ വിവാഹ പ്രക്രിയ സുഗമമാകും. വിദേശികളുമായുള്ള സ്വദേശികളുടെ വിവാഹത്തിന് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്‍കൂട്ടിയുള്ള അനുമതി നിര്‍ബന്ധമാക്കുന്ന 1993 ലെ നിയമം റദ്ദാക്കിയാണ് പുതിയ നിയമം സുല്‍ത്താന്‍ പ്രഖ്യാപിച്ചത്. പ്രത്യേക സര്‍ക്കാര്‍ തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് വിദേശികളെ വിവാഹം കഴിക്കാനുള്ള വിലക്ക് തുടരും.

 

Latest News