കസാൻ - അടച്ചുറപ്പിച്ച ഇറാൻ പ്രതിരോധത്തിനു മുന്നിൽ വഴി കണ്ടെത്താനാവാതെ വിഷമിച്ച സ്‌പെയിനിന് ലോകകപ്പിൽ ഭാഗ്യ ഗോൾ സഹായത്തോടെ ജയം. 1-0 വിജയത്തോടെ സ്‌പെയിൻ ഗ്രൂപ്പ് ബി-യിൽനിന്ന് പ്രി ക്വാർട്ടറിലെത്താൻ സാധ്യത വർധിപ്പിച്ചു. അമ്പത്തിനാലാം മിനിറ്റിലാണ് സ്‌പെയിൻ മുന്നിലെത്തിയത്. ബോക്‌സിൽ കയറി ഇടം കണ്ടെത്താനായി വട്ടം കറങ്ങിയ ഡിയേഗൊ കോസ്റ്റയെ തടയാൻ ശ്രമിക്കവെ മാജിദ് ഹുസൈനിയുടെ കാലിൽ തട്ടി പന്ത് വലയിൽ കയറി.
ഗോൾ വീണതോടെ ഇറാൻ പ്രതിരോധം വിട്ടു. തുടരെ അവർ സ്‌പെയിൻ ഗോൾമുഖത്തേക്ക് ആക്രമണം നയിച്ചു. അറുപത്തിനാലാം മിനിറ്റിൽ സഈദ് ഇസത്തുല്ലാഹി സ്‌പെയിൻ വലയിൽ പന്തെത്തിച്ചു. എന്നാൽ ആഘോഷം അധികം നീണ്ടില്ല. ഓഫ്‌സൈഡാണെന്ന് കണ്ടെത്തി 'വാർ' റഫറി ഗോൾ നിഷേധിച്ചു.
തുടക്കത്തിൽ ഏതാനും മുന്നേറ്റം നടത്തിയ ശേഷം ഇറാൻ പൂർണമായും പ്രതിരോധത്തിലേക്ക് വലിഞ്ഞു. സ്‌പെയിനിന്റെ ആക്രമണ നിരയും 11 ഇറാൻ കളിക്കാരും തമ്മിലുള്ള പോരാട്ടമായിരുന്നു പിന്നീട്. കളി നിയന്ത്രിച്ച സ്‌പെയിൻ പഴുതു കണ്ടെത്താനായി ക്ഷമാപൂർവം പാസ് ചെയ്തു നീങ്ങി. എന്നാൽ തുറന്ന അവസരങ്ങൾ അധികമൊന്നും ലഭിച്ചില്ല. സെറ്റ്പീസുകളിൽ നിന്നായിരുന്നു അവർ ഭീഷണിയുയർത്തിയത്. ഇരുപത്തഞ്ചാം മിനിറ്റിൽ ഡാവിഡ് സിൽവയുടെ ഫ്രീകിക്ക് പ്രതിരോധത്തിൽ തട്ടിത്തിരിഞ്ഞത് ഇറാൻ ഗോളി അലി ബെയ്‌രൻവന്ത് പറന്നു തടുത്തു. അഞ്ചു മിനിറ്റിനു ശേഷം ബോക്‌സിലുണ്ടായ ആശയക്കുഴപ്പത്തിനിടെ സിൽവയുടെ ബൈസികിൾ കിക്ക് അൽപമുയർന്നു. 16 ഫൗളുകളാണ് ആദ്യ പകുതിയിൽ കണ്ടത്. 82 ശതമാനമായിരുന്നു സ്‌പെയിനിന് പന്തിന്റെ പൊസഷൻ. 10 ഷോട്ടുകളിൽ പായിച്ചതിൽ പക്ഷെ ഒരെണ്ണം മാത്രമായിരുന്നു ലക്ഷ്യത്തിനു നേരെ പോയത്.
സെർജിയൊ ബുസ്‌ക്വെറ്റ്‌സിന്റെ മുന്നേറ്റം ഇറാൻ ഗോളി സാഹസികമായി രക്ഷപ്പെടുത്തുന്നതു കണ്ടാണ് രണ്ടാം പകുതി തുടങ്ങിയത്. രണ്ടാം ഗോളിനായി സ്‌പെയിൻ പഠിച്ച പണി പതിനെട്ടും പയറ്റിയെങ്കിലും ഇറാൻ സർവം നൽകി പ്രതിരോധിച്ചു.