മണിച്ചിത്രത്താഴിലെ ആശയക്കുഴപ്പം പരിഹരിച്ചത് സുരേഷ് ഗോപി

കൊച്ചി- മണിച്ചിത്രത്താഴ് സിനിമയുടെ ചിത്രീകരണത്തിന്റെ അവസാനം ആശയക്കുഴപ്പം പരിഹരിച്ചത് സുരേഷ് ഗോപിയാണെന്ന് സംവിധായകന്‍ ഫാസില്‍ പറഞ്ഞ കാര്യം അനുസ്മരിച്ച് ബി.ഉണ്ണികൃഷ്ണന്‍. മലയാളികളുടെ എക്കാലത്തെയും പ്രിയ ചിത്രമാണ് സുരേഷ് ഗോപിയും മോഹന്‍ ലാലും ശോഭനയുമൊക്കെ മികവോടെ അഭിനയിച്ച മണിച്ചിത്രത്താഴ്.
ശങ്കരന്‍ തമ്പിയുടെ ഡമ്മിയെ വെട്ടുന്നതാണ് മണിച്ചിത്രത്താഴിന്റെ  ക്ലൈമാക്‌സ്.  ഈ ആശയം ഫാസിലിന് കൈവന്നത് നടന്‍ സുരേഷ് ഗോപിയില്‍ നിന്നാണെന്നാണ് സംവിധായകന്‍ ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കിയത്.
ചിത്രത്തിന്റെ അവസാന ഭാഗങ്ങളെക്കുറിച്ച് ആശയപരമായ സംശയങ്ങള്‍ വന്നതോടെ നടന്‍ സുരേഷ് ഗോപിയാണ് ഇക്കാര്യത്തില്‍ സഹായകരമായതെന്ന് ഫാസില്‍ സാര്‍ ഒരിക്കല്‍ തങ്ങളോട് പറഞ്ഞിട്ടുണ്ടെന്ന് ബി.ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി
ക്ലൈമാക്‌സ് എങ്ങനെ ചിത്രീകരിക്കുമെന്ന് ആലോചിച്ചു തലപുകഞ്ഞ് നില്‍ക്കുമ്പോള്‍ ഡമ്മിയിട്ട് മറിക്കാം എന്ന ആശയം നല്‍കിയത് സാക്ഷാല്‍ സുരേഷ് ഗോപിയാണെന്ന് ഫാസില്‍ പറഞ്ഞിട്ടുണ്ട്.പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുകളുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കവേയാണ് ഇക്കാര്യങ്ങള്‍ കൂടി അദ്ദേഹം പറഞ്ഞത്.

ചിത്രത്തിന് വേണ്ടി എല്ലാ സീനുകളും എഴുതി പൂര്‍ത്തിയായപ്പോഴും ചിത്രത്തിന്റെ ക്ലൈമാക്‌സ് സീനിനെ ചൊല്ലി അണിയറ പ്രവര്‍ത്തകര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. സംവിധായകനും തിരക്കഥാകൃത്തിനും ക്ലൈമാക്‌സില്‍ ആത്മവിശ്വാസം പോരായിരുന്നെന്നാണ് ഫാസില്‍ തന്നെ മുന്‍പ് ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. സിനിമ അന്ധവിശ്വാസം പ്രചരിപ്പിക്കുന്നു എന്ന ഒരു സംശയം നിലനില്‍ക്കുകയും നമ്മള്‍ ചിത്രത്തിലൂടെ ഒരിക്കലും ഇത്തരത്തിലൊരു അന്ധവിശ്വാസം പ്രചാരം നേടുകയും ചെയ്യരുതെന്ന് അണിയറ പ്രവര്‍ത്തകര്‍ ആഗ്രഹിച്ചിരുന്നു. ചിത്രം ശാസ്ത്രത്തിന്റെ അടിത്തറയിലൂടെ പോവുകയും പൂര്‍ണ്ണമായും ഒരു ഹൊറര്‍ ഫീല്‍ നിലനില്‍ക്കുകയും വേണമെന്നായിരുന്നു പൊതുവെ ഉയര്‍ന്ന അഭിപ്രായം.

 

Latest News