Sorry, you need to enable JavaScript to visit this website.

വരേണ്യവര്‍ഗ വീക്ഷണം തള്ളണം; സ്വവര്‍ഗ വിവാഹത്തില്‍ ന്യായങ്ങള്‍ നിരത്തി കേന്ദ്രം

ന്യൂദല്‍ഹി- സ്വവര്‍ഗ വിവാഹം അംഗീകരിക്കണമെന്നത് നഗരത്തിലെ വരേണ്യ വിഭാഗത്തിന്റെ വീക്ഷണമാണെന്നും അതു തള്ളിക്കളയണമെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. സ്വവര്‍ഗ വിവാഹത്തിന് സാമൂഹിക സ്വീകാര്യത നേടാനുള്ള ശ്രമമാണ് നടക്കുന്നത്. ഇത് അംഗീകരിക്കപ്പെട്ടാലുണ്ടാകുന്ന പ്രതികരണങ്ങള്‍ പ്രവചനാതീതമാകുമെന്നും കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി.  
സ്വവര്‍ഗ വിവാഹത്തിനുള്ള അവകാശം അംഗീകരിക്കുന്നതോടെ നിയമം മുഴുവന്‍ പൊളിച്ചെഴുതേണ്ടിവരും. സ്വവര്‍ഗ വിവാഹത്തിന് നിയമപരമായ അനുമതി നല്‍കുന്നതിനുള്ള വിഷയം പരിശോധിക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചിരിക്കെയാണ് കേന്ദ്ര സര്‍ക്കാര്‍ എതിരഭിപ്രായം അറിയിച്ചത്.   നിലവില്‍ നിയമങ്ങളുണ്ടായിരിക്കെ, വ്യക്തികള്‍ക്കിടയില്‍ വിവാഹത്തിന് പ്രത്യേക സാമൂഹികനിയമ സ്ഥാപനം സൃഷ്ടിക്കാന്‍ ഭരണഘടനാ കോടതിക്ക് സാധിക്കുമോയെന്നും കേന്ദ്ര സര്‍ക്കാര്‍ ചോദിക്കുന്നു.
സ്വവര്‍ഗ വിവാഹം അംഗീകരിക്കുന്നതിനുള്ള ഹരജികള്‍ ചൊവ്വാഴ്ച സുപ്രീം കോടതി പരിഗണിക്കുന്നുണ്ട്. ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ചാണ് വിഷയം പരിഗണിക്കുന്നത്. നിയമത്തിന്റെ മുഴുവന്‍ ശാഖയുടെയും പൊളിച്ചെഴുത്ത് ആവശ്യമായി വരുന്ന ഉത്തരവുകള്‍ നല്‍കുന്നതില്‍ നിന്ന് കോടതി വിട്ടുനില്‍ക്കണം. ഇതിനുള്ള ശരിയായ അധികാരം ഉചിതമായ നിയമനിര്‍മ്മാണ സഭക്കാണെന്നും കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
നഗരങ്ങളിലെ വരേണ്യവര്‍ഗ വീക്ഷണങ്ങള്‍ മാത്രം പ്രതിഫലിപ്പിക്കുന്ന ഹരജികള്‍ രാജ്യത്തുടനീളമുള്ള കാഴ്ചപ്പാടല്ല വ്യക്തമാക്കുന്നത്.  ഗ്രാമീണ, അര്‍ദ്ധഗ്രാമീണ, നഗര ജനസംഖ്യയുടെ വിശാലമായ വീക്ഷണങ്ങളും ശബ്ദവും കണക്കിലെടുക്കേണ്ടതുണ്ട്. മതവിഭാഗങ്ങളുടെ വീക്ഷണങ്ങളും വ്യക്തിഗത നിയമങ്ങളും വിവാഹമേഖലയെ നിയന്ത്രിക്കുന്ന ആചാരങ്ങളും കണക്കിലെടുക്കണം.
വിവാഹം പോലെയുള്ള ഒരു സ്ഥാപനം അടിസ്ഥാനപരമായി സാമൂഹികനിയമ സങ്കല്‍പ്പമാണ്. വിവാഹത്തെ ഒരു സ്ഥാപനമെന്ന നിലയില്‍ മനസ്സിലാക്കുന്ന ഇന്ത്യന്‍ സാഹചര്യത്തില്‍ സാമൂഹിക മൂല്യങ്ങളും സാമൂഹിക സ്വീകാര്യതയും കണക്കിലെടുക്കണം.
'വിവാഹം' പോലുള്ള മനുഷ്യബന്ധങ്ങള്‍ അംഗീകരിക്കേണ്ടത് അടിസ്ഥാനപരമായി നിയമനിര്‍മ്മാണത്തിലൂടെയാണെന്നും കോടതികള്‍ക്ക് 'വിവാഹം' എന്ന് വിളിക്കുന്ന ഏതെങ്കിലും സ്ഥാപനം സൃഷ്ടിക്കാനോ അംഗീകരിക്കാനോ കഴിയില്ലെന്നും കേന്ദ്രം കൂട്ടിച്ചേര്‍ത്തു. വ്യക്തിഗത അവകാശത്തില്‍ സ്വവര്‍ഗ വിവാഹത്തെ അംഗീകരിക്കുന്നതിനുള്ള അവകാശം ഉള്‍പ്പെടുന്നില്ലെന്നും കേന്ദ്രം വാദിച്ചു. വിവാഹത്തെ സാമൂഹിക നയത്തിന്റെ ഒരു വശമായാണ് കണക്കാക്കുന്നത്. ഇത്തരം തീരുമാനങ്ങളുടെ അലയൊലികള്‍ പ്രവചിക്കാന്‍ പ്രയാസമാണെന്നും കേന്ദ്രം മുന്നറിയിപ്പ് നല്‍കി. എല്ലാ മതങ്ങളിലുമുള്ള വിവാഹങ്ങള്‍ പോലെയുള്ള പരമ്പരാഗതവും സാര്‍വത്രികമായി അംഗീകരിക്കപ്പെട്ടതുമായ സാമൂഹികനിയമ ബന്ധങ്ങള്‍ ഇന്ത്യന്‍ സാമൂഹിക പശ്ചാത്തലത്തില്‍ ആഴത്തില്‍ വേരൂന്നിയതാണ്. ഇസ്‌ലാമില്‍ വിവാഹം ഒരു കരാറാണെങ്കിലും  പവിത്രമായ കരാറാണ്. വിവാഹം പുരുഷനും  സ്ത്രീയും തമ്മിലുള്ളതാണ്. ഇന്ത്യയില്‍ നിലവിലുള്ള എല്ലാ മതങ്ങളുടെയും നിലപാട് ഇതുതന്നെയാണെന്നും കേന്ദ്രം വ്യക്തമാക്കി.
ഹിന്ദു വിവാഹ നിയമം, വിദേശ വിവാഹ നിയമം, പ്രത്യേക വിവാഹ നിയമം, മറ്റ് വിവാഹ നിയമങ്ങള്‍ എന്നിവയിലെ സ്വവര്‍ഗ വിവാഹം തടയുന്ന ചില വ്യവസ്ഥകള്‍ ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടുന്ന ഒരു കൂട്ടും ഹരജികളാണ് സുപീം കോടതിയുടെ പരിഗണനയിലുള്ളത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News