ഒരു പ്രാവശ്യം എംപിയായിക്കഴിഞ്ഞാല്‍ വെറുതെ നമുക്ക് തോന്നാം അടുത്ത പ്രവശ്യവും ആയാല്‍ കൊള്ളാം. ഞാനവരെ കുറ്റം പറയില്ലാട്ടോ. ഈ ആകുന്ന ആളുകളെ. എംപി സ്ഥാനം ഒരു സുഖമായി കണക്കിലെടുക്കുന്ന ആളുകളെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് ഇതിനോട് താല്പര്യം വരാം. തന്റെ നോട്ടം അതല്ലെന്നും സിനിമാ നടനും എം.പിയുമായ ഇന്നസെന്റ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.പതിനേഴു വര്‍ഷത്തിനുശേഷം 'അമ്മ'യുടെ പുതിയ പ്രസിഡന്റായി മോഹന്‍ലാല്‍ തന്നെയെത്തുമെന്ന കാര്യവും അദ്ദേഹം സ്ഥിരീകരിച്ചു. അടുത്ത പ്രസിഡന്റ് മോഹന്‍ലാല്‍ തന്നെയാണെന്നും 24ന് ചേരുന്ന വാര്‍ഷിക ജനറല്‍ ബോഡിയില്‍ പുതിയ ഭാരവാഹികള്‍ ചുമതലയേല്‍ക്കുമെന്നും സ്ഥാനമൊഴിയുന്ന പ്രസിഡന്റായ ഇന്നസെന്റ് വ്യക്തമാക്കി. പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞത് സ്വന്തം ഇഷ്ടപ്രകാരമാണെന്നും, അടുത്ത തവണയും എംപി സ്ഥാനത്തേക്ക് മത്സരിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ അനുസരിക്കുമെന്നും ഇന്നസെന്റ് അറിയിച്ചു. ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കുന്ന കാര്യം ഇതുവരെ ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ദിലീപിനെ തിരിച്ചെടുക്കാന്‍ ജനറല്‍ ബോഡി തീരുമാനിക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.