തുണിക്കടയിൽ കയറി വീണ്ടും വീണ്ടും പുതിയത് വലിച്ചിടാനാവശ്യപ്പെടുന്നതിനിടയിൽ അവൾ ആരെയോ ഫോണിൽ തിടുക്കത്തിൽ വിളിച്ചു കൊണ്ടേയിരുന്നു. മുഖത്തെ ഭാവം കണ്ടാലറിയാം മറുഭാഗത്തുള്ള ആളെ കിട്ടാൻ ശ്രീമതി പാടുപെടുന്നുണ്ടെന്ന്.
'മോളേ, ഈ സാരിയൊന്നു നോക്കിയേ?
ഞായറാഴ്ച ഒരു കല്യാണമുണ്ട്.'
ദുബായിലുള്ള മകളെ വീഡിയോ കോൾ വഴി വിളിച്ച് സാരി കാണിച്ച് കൊടുത്ത് ഉറപ്പു വരുത്തിയാണ് ഇപ്പോഴത്തെ ഷോപ്പിംഗ്.
വിവര സങ്കേതിക വിദ്യയുടെ മാറ്റത്തിന്റെ ശരവേഗം മനുഷ്യരെ ഒരു പാട് മാറ്റിയിരിക്കുന്നു. എന്തിനും ഏതിനും യന്ത്രങ്ങളെ ആശ്രയിക്കുന്ന പരാന്ന ജീവികളായിരിക്കുന്നു മിക്കവരും.
പണ്ട്, വർഷങ്ങൾക്ക് മുമ്പ് ജോലിയാവശ്യാർത്ഥം ഗൾഫിലേക്ക് ചേക്കേറിയ കാലത്ത് കത്തെഴുത്ത് ഒരു കലയായി കൊണ്ടു നടന്ന കാലമുണ്ടായിരുന്നു. സ്‌നേഹവും ഭാവനയും ശൃംഗാരവും സമം ചേർത്ത് ചാലിച്ച എഴുത്തുകളായിരുന്നു അന്നത്തെ ദൂതുകൾ. ഫോണും ഇന്റർനെറ്റും വീഡിയോ കോളും ഒന്നുമില്ലാത്ത കാലം. ഫോണൊക്കെ ആഡംബരമായിരുന്ന അന്ന് ആകെയുണ്ടായിരുന്ന അതിവേഗ സംവേദന സംവിധാനം മരണം അറിയിക്കാനുള്ള 'കമ്പി'യായിരുന്നു.
ദുബായ് 'കത്ത് പാട്ട് ' പാടി പ്രവാസികളുടെ ഹൃദയത്തിന്റെ പൂമുഖത്ത് കൂട് കൂട്ടിയ കവി എസ്്്.എ ജമീലൊക്കെ അന്നത്തെ കത്തെഴുത്തുകാരുടെ ഹീറോ യായത് വെറുതെയായിരുന്നില്ല.
അടുത്ത ഞായറാഴ്ച പ്രവാസി സുഹൃത്ത് ഇഖ്ബാലിന്റെ മകളുടെ കല്യാണമാണ്.
ഞാൻ സ്‌നേഹത്തോടെ 'പത്തായമെന്നും' ' ഇക്കു' എന്നും വിളിക്കാറുള്ള പത്തായപ്പുരക്കൽ ഇഖ്ബാൽ നാട്ടിൽ മടങ്ങിയെത്തിയിട്ട് എന്നെപ്പോലെ കുറച്ച് വർഷങ്ങളായി.
ഇളം നീല നിറമുള്ള ടൊയോട്ട ഇന്നോവ കാറിന്റെ കാതടപ്പിക്കുന്ന ഹോണടി ശബ്ദം കേട്ടാണ് ഗേറ്റ് തുറന്നത്.
വിവാഹം ക്ഷണിക്കാൻ നേരിട്ട് വന്ന അവനും കുടുംബവും പോയ കാലങ്ങളിലെ മാഞ്ഞു പോയ ഓർമ്മകൾക്ക് ചിന്തേരിട്ട് മിനുക്കാൻ ശ്രമിച്ചു കൊണ്ടേയിരുന്നു. ഇരുമെയ്യാണെങ്കിലും ഒരു മനമായി ജിദ്ദയിൽ കഴിഞ്ഞിരുന്നവരായിരുന്നു ഞങ്ങൾ.
ലോകചരിത്രം തിരുത്തിയെഴുതിയ മഹത്തായ നാവികരുടെ സഞ്ചാര പഥങ്ങൾ കൊണ്ട് ചുവന്നു പോയ ചെങ്കടലിന്റെ തീരത്തുള്ള സുന്ദരനഗരം. ഞങ്ങളൊന്നിച്ചു കണ്ട സൂര്യാസ്തമയങ്ങൾ ഒരു മണവാട്ടിയുടെ മൈലാഞ്ചി മൊഞ്ചിനേക്കാൾ മനോഹരമായിരുന്നു. അങ്ങകലെ ഈജിപ്തിൽ, സിനായ് മരുഭൂമിയിൽനിന്ന് തുടങ്ങി കടലോളങ്ങളെ തഴുകി തലോടി കടന്നുപോകുന്ന ഉഷ്ണക്കാറ്റിന് ഒരു പാട് സംസ്‌കാരങ്ങളുടെ ജനിമൃതികളെക്കുറിച്ച് ഒരു നൂറു കഥകൾ പറയാനുണ്ടായിരുന്നു.
ഒന്നിച്ച് ഭക്ഷണം പാകം ചെയ്ത് ഒരേ മുറിയിൽ കിടന്നുറങ്ങിയ ഞങ്ങൾക്ക് ആ നഗരം അത്രമേൽ പ്രിയപ്പെട്ടതായിരുന്നു. പാതിര വരെ സൊറ പറഞ്ഞ് ഉറക്കത്തിലേക്ക് വഴുതി വീഴുമായിരുന്ന ആ സൗഹൃദത്തിന്റെ കണ്ണികൾ സ്‌നേഹത്തിന്റെ സ്വർണനൂലുകൾ കൊണ്ട് നെയ്തതായിരുന്നു.
കാലത്തിന്റെ ശേഷിപ്പുകൾ അവന്റെ ഭാര്യ ജാസ്മിന്റെ മുഖത്ത് ക്ഷതങ്ങൾ വരുത്തിയിരിക്കുന്നു. അവരുടെ കല്യാണത്തിന് അവധിയെടുത്ത് നാട്ടിൽ വന്ന് 'സർപ്രൈസ്' കൊടുത്തതൊക്കെ എന്റെ നല്ല പാതി വീണ്ടും ഓർമ്മിപ്പിച്ചപ്പോൾ ഒരു ഊഷ്മളമായ നല്ല കാലത്തിന്റെ പച്ചപ്പുള്ള ഓർമ്മകൾ അന്നത്തെ പ്രവാസ ദാമ്പത്യങ്ങളിലെ സുന്ദരമായ ചിന്തകൾക്ക് വഴിമാറി.
ചെറുപ്പത്തിന്റെ തിളപ്പിൽ തൊഴിൽ തേടി അലഞ്ഞ യാത്രകളും ചെയ്ത കൂട്ടിയ മണ്ടത്തരങ്ങളുമൊക്കെ 'റീവൈൻഡ്' ചെയ്തപ്പോൾ സമയം പോയതറിഞ്ഞില്ല. മൂർദ്ധാവ് വരെ കടന്നു കയറിയ കഷണ്ടിയെ വശങ്ങളിലെ നര ബാധിച്ച തലമുടികൾ കൊണ്ട് മറക്കാൻ ശ്രമിക്കവെ രസികനായ അവൻ കുടാ കുടാ ചിരിച്ചു കൊണ്ടിരുന്നു.
'കല്യാണം കഴിഞ്ഞ് മൂന്നാഴ്ച കഴിഞ്ഞ ഉടനെ സൗദിയിലേക്ക് മടങ്ങിയെത്തിയ നീ അന്നത്തെ റമദാനിൽ നടന്ന സംഭവങ്ങളൊക്കെ ഇന്നും ഓർക്കുന്നുണ്ടോ?'
വർഷങ്ങൾക്ക് ശേഷമുള്ള സമാഗമത്തിന്റെ മുഴുവൻ ആവേശവും നിറഞ്ഞ് നിന്ന എന്റെ ചോദ്യം കേട്ട് സോഫയിൽ അവൻ ഒന്നു കൂടി ചാഞ്ഞിരുന്നു.
വിശാലമായ അത്താഴത്തിനുള്ള മുന്നൊരുക്കമെന്ന നിലയിൽ ടീപ്പോയിമേൽ വെച്ച ഏലക്കായ ചേർത്ത സുലൈമാനിയും ആവി പറക്കുന്ന ഇലയടയും കഴിക്കുന്നതിനിടയിൽ രണ്ടര പതിറ്റാണ്ട് മുമ്പുള്ള സംഭവങ്ങൾ ഇക്കു ഓർമ്മയുടെ ചരടിൽ കോർത്തെടുക്കാൻ ശ്രമിച്ചു .
പുതു മണവാട്ടിയെ നാട്ടിലാക്കി ജിദ്ദയിൽ വന്ന അവനെക്കൊണ്ട് ഞാൻ 'തോറ്റിരുന്നു' അക്കാലത്ത്.
ഒന്നിടവിട്ട ദിവസങ്ങളിൽ അവൾക്ക് ഫോൺ ചെയ്യാൻ ദൂരെയുള്ള ബൂത്തിൽ എന്റെ കാറിൽ ഇക്കുവിനെ കൊണ്ടു വിടുന്ന ആ 'അധിക ജോലി ' യിൽ അഞ്ച് വർഷം മുമ്പേ വേളി കഴിഞ്ഞ എനിക്കും ഒരു സുഖം തോന്നിയിരുന്നു.
മൊബൈൽ ഫോണുകൾ ഒരു അപൂർവ്വ വസ്തുവായിരുന്ന കാലം. വിരഹ വേദനയനുഭവിക്കുന്ന ഒരു ചെറുപ്പക്കാരന്റെ പ്രയാസം നേരിൽ കണ്ട് അവനെ പരമാവധി പ്രകോപിക്കുക എന്നത് എന്റെ ഒരു ചെലവു കുറഞ്ഞ 'വിനോദമായിരുന്നു'.
ആയിടക്കാണ് ഇഖ്ബാലിന്റെ ഓഫീസിൽ ജീവനക്കാർക്ക് ഇന്റർനാഷണൽ ഫോൺ സൗകര്യം അനുവദിക്കുന്നത്. അതിന്റെ പണം മാസാവസാനം ശമ്പളത്തിൽ നിന്ന് പിടിക്കുമ്പോൾ ചെറിയ വേദന ഉണ്ടാകുമെങ്കിലും അന്നത് ചിലർക്ക് വലിയ ' സൂക്കടായി' മാറിയിരുന്നു.
മദീന റോഡിലെ സാരി സ്ട്രീറ്റ് ജംഗ്ഷനിലെ പത്ത് നിലയുള്ള ക്രൗൺ പ്ലാസയിലെ രണ്ടാം നിലയിലായിരുന്നു അവന്റെ ഓഫീസ്. റോഡിനഭിമുഖമായ ഭാഗത്ത് ഗ്ലാസ് ചുമരുകളുള്ള ഓഫീസ് കെട്ടിടത്തിന്റെ രാത്രി കാഴ്ച അതി മനോഹരമായിരുന്നു.
ജോലി ഭാരം കൂടുതലുള്ള ദിവസങ്ങളിൽ ഓഫീസിന്റെ താക്കോൽ കൈവശം വെച്ച് അവൻ ഫ്ലാറ്റിലേക്ക് നടന്ന് പോരുമ്പോൾ അടുത്തുള്ള കഫ്റ്റീരിയയിൽ വെച്ചാണ് ഞങ്ങളാദ്യം സംഗമിക്കാറ്.
ജിദ്ദ ഇന്റർനാഷണൽ എയർപോർട്ടിൽ ജോലിയുള്ള ഞാനും 'പത്തായ' വും മിക്ക ദിവസങ്ങളിലും ഒരു കട്ടനും കറുമുറെ കഴിക്കുന്ന 'താമിയ'യും അകത്താക്കി തിരിച്ചെത്തുമ്പോഴേക്ക് ഒരു പത്ത് മണിയെങ്കിലുമാകും.
നോമ്പ് കാലം അറബ് നാടുകളിൽ രാവ് പകലാകുന്ന ഉത്സവ കാലമാണ്. രാത്രി കാലത്ത്, ദീപാലങ്കൃതമായ കടകളുടെ വർണപ്രപഞ്ചത്തിൽ മുങ്ങിക്കുളിച്ച് ഷോപ്പിംഗുകൾ നടത്തുന്ന അറബികൾ കച്ചവടക്കാരുടെ മടിയും മനവും നിറക്കുന്ന ചാകരക്കാലം.
പകൽ മിക്കവാറും കിടന്നുറങ്ങി രാത്രിയിൽ കറങ്ങി നടക്കുന്ന അറബിപ്പയ്യൻമാരും കുടുംബങ്ങളും മിക്ക സൂഖുകളിലും കോർണീഷുകളിലുംപുലർച്ചെ വരെ 'ശീശ' വലിച്ച് വെടിപറഞ്ഞിരിക്കുന്നുണ്ടാവും.
ഞാനിന്നുമോർക്കുന്നു ആ ദിവസം. നോമ്പ് കാലത്തെ ആദ്യ വെള്ളിയാഴ്ച . പാതിരാത്രിയായിക്കാണും. ഇക്കുവിന് ഫോൺ ചെയ്യാൻ പോകേണ്ട ദിവസമാണ്. അവൻ ഒരു പാട് കെഞ്ചിയെങ്കിലും എനിക്ക് ഏതോ ബന്ധുവിനെ കൂട്ടിക്കൊണ്ടു വരാൻ എയർപോർട്ടിൽ പോകേണ്ടതുണ്ടായിരുന്നു. വിമാനത്താവള ദൗത്യം കഴിഞ്ഞ് റൂമിലെത്തിയപ്പോൾ പുലർച്ചെ രണ്ടര മണിയായിക്കാണും.
വാതിൽ തുറന്നതോടെ പുതു മണവാളൻ തലക്ക് കൈവെച്ച് കണ്ണ് തള്ളി ഇരിക്കുന്ന കാഴ്ച എന്റെ ജിജ്ഞാസ വർദ്ധിപ്പിച്ചു.
തന്റെ മൊഞ്ചത്തിക്ക് ഫോൺ ചെയ്യാൻ കലശലായ മോഹം വന്നപ്പോൾ കക്ഷി നേരെ ഓഫീസിലേക്ക് നടന്നത്രേ.
രണ്ടാം നിലയിലെത്തി ഓഫീസ് തുറന്നു. ജിദ്ദയിൽ രാത്രി രണ്ട് മണി. നാട്ടിലാണെങ്കിൽ നോമ്പ് കാലത്തെ അത്താഴത്തിന്റെ സമയം. പുലർച്ച നാലര മണിയായിക്കാണും. ഫോൺ ചെയ്ത് കഴിഞ്ഞ് പ്രിയതമക്ക് ഒരു പ്രേമലേഖനവുമെഴുതാമെന്ന് കരുതി സ്വന്തം സീറ്റിലേക്ക് ഇരിക്കുന്നതിനിടയിൽ അകത്തേക്ക് കുറ്റിയിട്ട കതകിൽ ആരോ മുട്ടുന്നു.
പടച്ചോനെ, ആരാ ഈ പാതിരക്ക്?
ഓഫീസിൽ ക്യാഷ് സൂക്ഷിക്കുന്ന സ്റ്റീൽ അലമാരയാക്കെയുള്ളതാ. ഇന്നത്തെ കലക്ഷൻ മുഴുവൻ അതിനകത്താ.
വല്ല കള്ളൻമാരും?
കസേരയിൽ നിന്നെഴുന്നേറ്റ് എങ്ങനെയോ ഡോറിനടുത്തെത്തി. അത്രക്ക് അസഹനീയമായിരുന്നു പുറത്ത് നിന്നുള്ള ശബ്ദം. പോലീസിനെ വിളിച്ചാലോ എന്നു പോലും ആലോചിച്ചു.
(എന്നിട്ട് വേണം എന്നെയും കള്ളൻമാരെയും ഒന്നിച്ച് ജയിലിലടക്കാൻ).
ശരീരമാസകലം കുഴഞ്ഞ് കാലുകളുടെ ബലം നഷ്ടപ്പെട്ടതുപോലെ. നെഞ്ചിനുള്ളിൽ നിന്ന് പടപട ശബ്ദം പുറത്തേക്ക് പോലും കേൾക്കാം.
കുട്ടിക്കാലത്ത് ഉമ്മ പറഞ്ഞ് തന്ന എല്ലാ പ്രാർത്ഥനകളും അവ്യക്തമായി ഉരുവിട്ടപ്പോൾ നാവ് കുഴയുന്നതു പോലെ തോന്നി.
വരുന്നത് വരട്ടെ. പരമാവധി ധൈര്യം സംഭരിച്ച് വാതിൽ തുറന്നു.
നേരെ മുമ്പിൽ വന്ന് നിൽക്കുന്നു ജനറൽ മനേജർ.
ആറടിയിലധികം ഉയരമുള്ള കട്ടിമീശക്കാരൻ. ലബനോൻകാരനായ ഷാമിൽ ഹരീരി. കീഴ്ജീവനക്കാരോട് സംസാരിക്കാൻ പോലും മടിയായിരുന്ന കാർക്കശ്യത്തിന്റെ ആൾരൂപം.
വിയർത്തു കുളിച്ചു തലതാഴ്ത്തി നിൽക്കുന്ന ഇഖ്ബാലിന്റെ താടി പിടിച്ച് പൊക്കിക്കൊണ്ട് ഒരു അലർച്ചയായിരുന്നു പിന്നീട്.
'ഇഖ്ബാൽ, വൈ യു ആർ ഇൻ ദ ഓഫീസ് അറ്റ് ദ മിഡ് നൈറ്റ് ??'
തലയിൽ ഇരുട്ട് കയറി കാഴ്ച മങ്ങുന്നത് പോലെ തോന്നി. ഒരു വിധം പിടിച്ചു നിന്നു.
തൊണ്ട വരണ്ട് പോയിരുന്നു.
ചെവികളിലെ രോമങ്ങൾ വശങ്ങളിലേക്ക് എഴുന്നു നിൽക്കുന്ന ആജാനബാഹുവായ ഹരീരിയുടെ തീക്ഷ്്്ണമായ കണ്ണുകൾ ജ്വലിക്കുകയാണ്.
പിന്നെ ഒന്നും ആലോചിച്ചില്ല. പരമാവധി ധൈര്യം സംഭരിച്ച് വിക്കി വിക്കിയാണെങ്കിലും എന്തൊക്കെയോ പറഞ്ഞൊപ്പിച്ചു.
'സർ, സർ, ഓഡിറ്റ് ഈസ് ഗോയിംഗ് റ്റു സ്റ്റാർട്ട് നെക്സ്റ്റ് വീക്ക്.'
'ഐ, ഹാഡ് സം പെന്റിംഗ് വർക്‌സ് ?'.
മേലധികാരിക്ക് ചിരി അടക്കാൻ കഴിഞ്ഞില്ല.
ഇടത് കൈകൊണ്ട് തന്റെ തിളങ്ങുന്ന കഷണ്ടിത്തലക്ക് കൈ കൊടുത്ത് മറുകൈ കൊണ്ട് അവനെ ചേർത്ത് പിടിച്ച അദ്ദേഹത്തിന്റെ ഗാംഭീര്യമുള്ള പൊട്ടിച്ചിരി ഓഫീസിന്റെ ഗ്ലാസ് ചുമരുകളിൽ തട്ടി പ്രതിധ്വനിച്ചു.
നിർത്താത്ത പൊട്ടിച്ചിരി മന്ദസ്മിതത്തിന് വഴി മാറുന്നതിനിടയിൽ തടിച്ച പുരികം തടവിക്കൊണ്ട് അദ്ദേഹത്തിന്റെ മൊഴിമുത്തുകൾ.
'മൈ ഗോഡ്'
'യു ആ ർ എ വണ്ടർ ഫുൾ എംപ്ലോയീ.'
' യു ആർ എ റോൾ മോഡൽ ഫോർ ഓൾ.'
അദ്ദേഹം മക്കയിൽനിന്ന് ഉംറ തീർത്ഥാടനം കഴിഞ്ഞ് മദീന റോഡ് വഴി വീട്ടിലേക്ക് മടങ്ങുമ്പോൾ തന്റെ ഓഫീസിൽ അസമയത്ത് വെളിച്ചം കണ്ട് കയറി നോക്കിയതാണത്രേ.
ഇത് പറഞ്ഞ് മുഴുമിച്ചതും ഇക്കു പൊട്ടിച്ചിരിച്ച് കട്ടിലിൽനിന്ന് മറിഞ്ഞ് വീണതും ഒന്നിച്ചായിരുന്നു.
'പാതിരാ നാടകം' കഴിഞ്ഞ് പിറ്റെ മാസം 'ബെസ്റ്റ് എംപ്ലോയി' അവാർഡും പത്ത് ശതമാനം ശമ്പള വർദ്ധനവും നേടിയ കഥ വീണ്ടും പൊടി തട്ടിയെടുത്തപ്പോഴേക്കും രാവേറെ വൈകിയിരുന്നു.






