Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പ്രവാസികളുടെ ഹൃദയം തൊട്ടറിഞ്ഞ രണ്ട് വ്യാഴവട്ടം

പ്രവാസിയുടെ ഹൃദയത്തിലേക്ക് സൗദി അറേബ്യ ഭാഷ കൊണ്ട് തീർത്ത അത്ഭുതം- മലയാളം ന്യൂസ് ഇന്ന് 25 വയസ്സിലേക്ക് കടക്കുന്നു. പ്രവാസ ലോകത്ത് മറ്റൊരിടത്തുമില്ലാത്ത അത്രയും കൗതുകമുണ്ട് മലയാളം ന്യൂസിന്റെ പിറവിക്കും വളർച്ചക്കും. ഒഴിവുദിനങ്ങളിൽ പോലും പ്രവാസി മലയാളിയുടെ അക്ഷരമുറ്റത്തേക്ക് മലയാളം ന്യൂസ് ഇറങ്ങിവരുന്നു. മലയാളികൾക്ക് വേണ്ടി സൗദി അറേബ്യ നൽകിയ ഈ സമ്മാനം കാൽ നൂറ്റാണ്ടിലേക്ക് കടക്കുകയാണ്. 

കേരളത്തിനു പുറത്ത് കേരളം സൃഷ്ടിച്ചവരാണ് ഗൾഫ് പ്രവാസികൾ. ഗൾഫിൽ മലയാളഭാഷയും സംസ്‌കാരവും ആകാശത്തോളം ശിരസ്സുയർത്തി നിൽക്കുന്നു. ഗൾഫിന്റെ ഓരോ കോണിലും വാരാന്ത്യ അവധിദിനങ്ങളിൽ പതിവായി സാഹിത്യചർച്ചകളും സാംസ്‌കാരിക സമ്മേളനങ്ങളും ചലച്ചിത്ര പ്രദർശനങ്ങളും കവിയരങ്ങുകളും നാടകങ്ങളും അരങ്ങേറുന്നു. മലയാളനാടിനു വെളിയിൽ മറ്റൊരു മലയാളി സാംസ്‌കാരിക അന്തർലോകം പണിതുയർത്തുന്നു, മലയാളി. 


ഗൾഫിലെ ഇന്ത്യൻ സ്‌കൂളുകളിൽ മക്കളെ മലയാളം പഠിപ്പിക്കാൻ അതീവതാൽപര്യം കാട്ടുന്നു, പല രക്ഷിതാക്കളും. മലയാളം റേഡിയോ നിലയങ്ങളും ടി.വി സംപ്രേഷണ ശൃംഖലകളും മലയാളത്തിനു മാത്രമായി ഗൾഫ് നാടുകളിൽ പ്രവർത്തിക്കുന്നു. 
സൗദി റിസർച്ച് ആന്റ് പബ്ലിഷിംഗ് കമ്പനിയെന്ന മിഡിൽഈസ്റ്റിലെ പ്രമുഖ പ്രസാധകഗ്രൂപ്പ് ഇരുപത്തിനാലു വർഷം മുമ്പാരംഭിച്ച മലയാളം ന്യൂസ് എന്ന സമ്പൂർണ ദിനപത്രം സൗദി അറേബ്യയിലേയും മറ്റു ഗൾഫ് രാജ്യങ്ങളിലേയും മലയാളി ജീവിതത്തിന്റെ ആധികാരിക ശബ്ദമായി മുന്നേറുന്നു. 
പ്രിന്റ് എഡിഷനോടൊപ്പം, മലയാളം ന്യൂസിന്റെ ഓൺലൈൻ എഡിഷൻ ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് വായനക്കാർ നെഞ്ചേറ്റുന്നു. സൗദിയിൽ നിന്നുള്ള ആധികാരികവും ഏറ്റവും പുതിയതുമായ വാർത്തയറിയാൻ ആഗോളമലയാളികൾ ആശ്രയിക്കുന്ന ഏക ഓൺലൈൻ പത്രം മലയാളം ന്യൂസാണെന്ന് സാഭിമാനം പറയാനാകും.
പ്രവാസിയുടെ പ്രഭാതങ്ങളെ പ്രസാദമധുരമാക്കുന്ന സാംസ്‌കാരിക ചലനങ്ങൾക്കാണ് ഓരോ ഗൾഫ് രാജ്യവും കണ്ണുംകാതും കൂർപ്പിച്ച് സദാ സാക്ഷ്യം വഹിക്കുന്നത്. ആ ചലനങ്ങളത്രയും ഒപ്പിയെടുക്കുന്ന ദർപ്പണം കൂടിയാണ് മലയാളം ന്യൂസ്. കൂണുപോലെ മുളച്ചുപൊന്തുന്ന ഓൺലൈൻ മാധ്യമങ്ങൾക്കിടയിൽ മലയാളം ന്യൂസിന്റെ ഓൺലൈൻ ആധികാരികത കൊണ്ടും സത്യസന്ധമായ വാർത്തകളാലും എന്നും വേറിട്ടുനിൽക്കുന്നു. ആധികാരിക ഉറവിടങ്ങളിൽനിന്നല്ലാതെ ഒരു വാർത്തയും മലയാളം ന്യൂസ് ഓൺലൈൻ പ്രസിദ്ധീകരിക്കാറില്ല. 
ഒ.എൻ.വി കുറുപ്പ് മുമ്പൊരിക്കൽ ഗൾഫിൽ വന്നപ്പോൾ പറഞ്ഞു: ഗൾഫ് പണത്തിന്റെ പുത്തൻ എടുപ്പുകളെപ്പറ്റി എനിക്കൊന്നും പറയാനില്ല. 
എന്നാൽ ഇവിടത്തെ മണൽപ്പരപ്പും ഇവിടെ അധ്വാനിക്കുന്ന മലയാളികളും അവരുടെ സുഖദുഃഖങ്ങളും ക്ലേശങ്ങൾക്കിടയിലും ഇവർ പകർന്ന് തരുന്ന സ്നേഹവും എന്നെ വല്ലാതെ സ്പർശിച്ചിട്ടുണ്ട്. എന്റെ ഒന്നിലധികം കവിതകളിലത് സ്വാഭാവികമായും തുള്ളിത്തൂവിയിട്ടുണ്ട്. തോന്ന്യാക്ഷരങ്ങളായി രണ്ടു കാര്യങ്ങളിതാ..
ഒന്ന്- മണലാരണ്യത്തിലെ മഹാനഗരം. രാജവീഥിയെ രണ്ടായി പകുക്കുന്ന നടുത്തിട്ടയിൽ നട്ടുച്ചയ്ക്കും ബോഗൻവില്ല നട്ടും നനച്ചും വിയർത്തുരുകുന്ന മനുഷ്യർ. അവർക്കിടയിൽ ഉണ്ണിയും ഉതുപ്പും ഉസ്മാനുമുണ്ടായിരുന്നു...


രണ്ട്- അകം തണുപ്പിച്ച ഒരു കാർ നമ്മെയും വഹിച്ചുകൊണ്ട് മരുഭൂമിയുടെ മടിയിലൂടെ ചീറിപ്പാഞ്ഞുപോയി. അപ്പോൾ പാത മുറിച്ചുകടക്കുന്ന ഒട്ടകങ്ങൾ വഴി വിലക്കി. പെരുക്കാലുകൾ പയ്യെപ്പയ്യെ വലിച്ചു വലിച്ചു കടന്നുപോകുമ്പോൾ അവ അലസമായി, ഉദാസീനമായി നമ്മുടെ നേർക്ക് കണ്ണയച്ചു. ആ കണ്ണുകൾ പറയുന്നുണ്ടായിരുന്നു: ചുട്ടുപൊള്ളുന്ന ഈ മണൽക്കാടുകളിലൂടെ മനുഷ്യനെ ആദ്യം ചുമന്നു നടന്ന ഞങ്ങളെ പിൻതള്ളിക്കൊണ്ടുള്ള ഈ പാച്ചിൽ...
- ഉവ്വ്, അറേബ്യൻ മിത്ത് നമ്മെ പഠിപ്പിക്കുന്നു. ജമൽ എന്നാൽ അറബിയിൽ ഒട്ടകം. പക്ഷേ അതിന്റെ പര്യായപദം കണ്ടെത്തിയ കവിയെ തീർച്ചയായും നമ്മുടെ പ്രിയകവി ഒ.എൻ.വി കണ്ടിരിക്കാനിടയില്ല..
മരുഭൂമിയിലെ കപ്പൽ എന്നർഥം വരുന്ന സഫീനത്തുസ്സഹ്റ എന്നാണ് ഒട്ടകത്തിന്റെ പര്യായപദം. ഇംഗ്ലീഷുകാരന്റെ ക്യാമൽ. ക്യാമലിൽ നിന്ന് കാഡില്ലാക്കിലേക്കും അവിടെ നിന്ന് ലംബോർഗിനിയിലേക്കും ഫെരാരിയിലേക്കും സൗദി കുതിക്കുമ്പോൾ, നിയോമിലും ദ ലൈനിലും ഈ രാജ്യം ലോകത്തിന് മുമ്പിൽ വിസ്മയങ്ങളുടെ വർണലോകം തുറക്കുമ്പോൾ ഈ യാത്രക്കൊപ്പം, അത്യാധുനിക സാങ്കേതിക വിദ്യയുടെ കൈപിടിച്ച് മുന്നോട്ടു കുതിക്കുകയാണ് പ്രവാസികളുടെ പ്രിയപ്പെട്ട പത്രമായ മലയാളം ന്യൂസ്.  മലയാളിയുടെ മുറിഞ്ഞുപോകാത്ത ഗൾഫ് സ്വപ്‌നശൃംഖല പോലെ, മാധ്യമലോകത്തിലെ പ്രവാസശബ്ദമായി ഈ പത്രം.
മലയാളം ന്യൂസ് വഴി പ്രവാസികളുടെ ഹൃദയം കീഴടക്കിയ മാധ്യമപ്രവർത്തകനായിരുന്നു ഫാറൂഖ് ലുഖ്മാൻ. ലോകത്തിന്റെ ഏതു കോണിലുള്ള മലയാളികൾക്കും ഫാറൂഖ് ലുഖ്മാൻ എന്ന അറബ് മാധ്യമ പ്രവർത്തകനെ പരിചയമാണ്. 


മലയാളം ന്യൂസിനെ വർഷങ്ങളോളം ചീഫ് എഡിറ്ററുടെ സ്ഥാനത്തുനിന്ന് നയിച്ച ഫാറൂഖ് ലുഖ്മാൻ നിരവധി സുന്ദര മുഹൂർത്തങ്ങൾ മലയാളികൾക്കും മലയാളി മാധ്യമ പ്രവർത്തകർക്കും സമ്മാനിച്ചാണ് ലോകത്തുനിന്ന് വിടവാങ്ങിയത്. പ്രമുഖ മാധ്യമപ്രവർത്തകൻ താരീഖ് മിശ്ഖസിന്റെ കീഴിൽ മലയാളം ന്യൂസ് വളർച്ചയുടെ പുതിയ പടവുകൾ താണ്ടുകയാണ്. 24 വർഷവും മലയാളം ന്യൂസിനൊപ്പം നിന്ന പ്രിയപ്പെട്ട വായനക്കാരെയും ഈ സന്തോഷ മുഹൂർത്തത്തിൽ നന്ദിയോടെ ഓർക്കുന്നു. സൗദി അറേബ്യ ലോകത്തിലെ മുൻ നിര ശക്തിയായി വളരാൻ തുടങ്ങുന്ന ഈ ഘട്ടത്തിൽ നമുക്ക് ഒന്നിച്ച് യാത്ര തുടരാം. 

Latest News