ആരൊക്കെയാണ് ലോക ഫുട്‌ബോളിലെ 21 ന് താഴെയുള്ള ഏറ്റവും മികച്ച കളിക്കാർ? ലിയണൽ മെസ്സിയുടെയും ക്രിസ്റ്റിയാനൊ റൊണാൾഡോയുടെയും പിന്മുറക്കാർ. കഴിഞ്ഞ വർഷം എർലിംഗ് ഹാലാൻഡും ഫിൽ ഫോദനും വിനിസിയൂസ് ജൂനിയറും അൽഫോൺസൊ ഡേവീസുമൊക്കെയായിരുന്നു ഈ പട്ടികയിൽ. ഈ വർഷത്തെ മികച്ച കളിക്കാരെക്കുറിച്ച പരമ്പരയുടെ മൂന്നാം ഭാഗം
ലിയണൽ മെസ്സിയും ക്രിസ്റ്റിയാനൊ റൊണാൾഡോയും ഗോളടിച്ചു കൂട്ടുകയാണ് ഈ പ്രായത്തിലും. അവരുടെ പിൻഗാമികളായി എർലിംഗ് ഹാലാൻഡും ഫിൽ ഫോദനും വിനിസിയൂസ് ജൂനിയറും അൽഫോൺസൊ ഡേവീസും കളം വാഴുന്നുണ്ട്. ഇവർക്കെല്ലാം 22 വയസ്സായി. ആരാണ് 21 ന് താഴെയുള്ള ഏറ്റവും മികച്ച കളിക്കാർ? മികച്ച 39 കളിക്കാരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇ.എസ്.പി.എൻ സോക്കറിന്റെ ടോർ ക്രിസ്റ്റിയൻ കാൾസൻ. 100 പേരുടെ പട്ടികയിൽ നിന്നാണ് അദ്ദേഹം മികച്ച മുപ്പത്തൊമ്പതിലേക്ക് എത്തിയത്.
ഈ 39 പേരിൽ ഏറ്റവും കൂടുതൽ ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ നിന്നാണ് -12, പത്തുപേർ ബുണ്ടസ്‌ലിഗയിൽ നിന്നും. സ്പാനിഷ് ലീഗിൽ നിന്ന് ഒമ്പതു പേരുണ്ട്. ഫ്രഞ്ച് ലീഗിൽ നിന്നും ഇറ്റാലിയൻ ലീഗിൽ നിന്നും പോർചുഗൽ ലീഗിൽ നിന്നും ഡച്ച് ലീഗിൽ നിന്നും രണ്ടു പേർ വീതവും. രാജ്യം തിരിച്ചു നോക്കുമ്പോൾ ഏറ്റവും കൂടുതൽ പേർ സ്‌പെയിനിൽ നിന്നാണ് -7. അതു കഴിഞ്ഞാൽ ഇംഗ്ലണ്ടിൽ നിന്നും ജർമനിയിൽ നിന്നും -5 വീതം. ഫ്രാൻസിൽ നിന്ന് നാലും നെതർലാന്റ്‌സിൽ നിന്ന് മൂന്നും യുവ കളിക്കാരുണ്ട്. അമേരിക്ക, ബ്രസീൽ, പോർചുഗൽ, ബെൽജിയം, ഇക്വഡോർ എന്നിവിടങ്ങളിൽ നിന്ന് രണ്ടു പേർ വീതം. മറ്റു അഞ്ച് രാജ്യങ്ങളിലെ ഓരോ പ്രതിനിധികൾ.
22. റയാൻ ക്രാവൻബേർഖ്
(മിഡ്ഫീൽഡർ, ബയേൺ മ്യൂണിക്, നെതർലാന്റ്‌സ്)
യൂറോപ്പിലെ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന പ്രതിഭയായി വാഴ്ത്തപ്പെട്ട ഇരുപതുകാരന് അയാക്‌സിൽ നിന്ന് ബയേണിലേക്ക് മാറിയ ശേഷം നല്ല കാലമല്ല. അധികം അവസരം കിട്ടുന്നില്ലെന്നതാണ് പ്രധാന പ്രശ്‌നം. ഒരു ലീഗ് മത്സരത്തിലാണ് സ്റ്റാർടിംഗ് ഇലവനിൽ ഇടം കിട്ടിയത്. പകരക്കാരനായി വരുമ്പോൾ അത്ര സ്വാധീനം ചെലുത്താൻ പറ്റുന്നില്ല. നിരാശ പ്രകടമാക്കിയതോടെ ബയേണിൽ നിന്ന് പുറത്തേക്കുള്ള വാതിലിലാണ്. നെതർലാന്റ്‌സിന്റെ സീനിയർ ടീമിൽ നിന്ന് ഈയിടെ അണ്ടർ-21 ടീമിലേക്ക് തരംതാഴ്ത്തി. നല്ല ടെക്‌നിക്കും ചടുലതയുമുള്ള തന്ത്രശാലിയായ സെൻട്രൽ മിഡ്ഫീൽഡറാണ്. ആക്രമണത്തിലും പ്രതിരോധത്തിലും ഒരുപോലെ മിടുക്കൻ. കളിയുടെ ഗതി നിയന്ത്രിക്കാനാവും. ഇറങ്ങിനിന്ന് പന്ത് സ്വീകരിക്കുകയും കൃത്യമായ പാസുകളിലൂടെ വിതരണം ചെയ്യുകയും ചെയ്യും. ആറടി രണ്ടിഞ്ച് ഉയരമുണ്ട്. പന്ത് കൈവിടാതെ എതിരാളികൾക്കിടയിലൂടെ ഊളിയിട്ട് പോവാനാവും. ഷൂട്ടിംഗും അപാരമാണ്. പ്രതിസന്ധി ഘട്ടങ്ങളിൽ പിടിച്ചുനിൽക്കാനുള്ള മനോദാർഢ്യമാണ് വേണ്ടത്. കിട്ടുന്ന അവസരങ്ങൾ മുതലാക്കാനുമാവണം.
21. റോമിയൊ ലാവിയ
(മിഡ്ഫീൽഡർ, സൗതാംപ്റ്റൺ, ബെൽജിയം)
മാഞ്ചസ്റ്റർ സിറ്റി അക്കാദമിയിൽ നിന്ന് കഴിഞ്ഞ സീസണിൽ സൗതാംപ്റ്റനിലെത്തിയ പത്തൊമ്പതുകാരന് ഉടനടി പ്രീമിയർ ലീഗിൽ അവസരം ലഭിച്ചു. പരിക്കു കാരണം നിരവധി മത്സരങ്ങൾ നഷ്ടപ്പെട്ടെങ്കിലും കിട്ടിയ അവസരങ്ങളിൽ കഴിവ് തെളിയിക്കാനായി. ചെൽസിയും ആഴ്‌സനലും മാഞ്ചസ്റ്റർ യുനൈറ്റഡുമൊക്കെ ലാവിയയെ കണ്ണുവെച്ചിട്ടുണ്ട്. സിറ്റി തന്നെ ലാവിയയെ തിരിച്ചുവിളിക്കുമെന്നും സൂചനയുണ്ട്. പ്രതിരോധമാണ് പ്രധാന ചുമതല. സ്‌പെയ്‌സുകൾ കൊട്ടിയടച്ച് അച്ചടക്കത്തോടെ ആ ദൗത്യം നിർവഹിക്കാനുള്ള കഴിവും കരുത്തുമുണ്ട്. ദീർഘമായ ഏരിയ കവർ ചെയ്യാനാവും. പ്രായത്തിൽ കവിഞ്ഞ പക്വത. ഒന്നാന്തരം പന്തടക്കവും നിയന്ത്രണവും. അപൂർവമായേ പന്ത് നഷ്ടപ്പെടുത്താറുള്ളൂ. പാസ് നൽകുന്നതിൽ കൂടുതൽ സാഹസം കാണിക്കേണ്ടതുണ്ട്.
20. ആൻഡേഴ്‌സൻ സാന്റോസ്
(മിഡ്ഫീൽഡർ, ചെൽസി, ബ്രസീൽ)
ബ്രസീൽ രണ്ടാം ഡിവിഷനിലെ വാസ്‌കോഡഗാമയിൽ നിന്ന് കഴിഞ്ഞ ജനുവരിയിലാണ് പതിനെട്ടുകാരനെ ചെൽസി സ്വന്തമാക്കിയത്. തൊട്ടുടനെയാണ് ലാറ്റിനമേരിക്കൻ അണ്ടർ-20 ചാമ്പ്യൻഷിപ്പിൽ സാന്റോസ് ബ്രസീലിനെ കിരീടത്തിലേക്ക് നയിച്ചത്. ടൂർണമെന്റിലെ ടോപ്‌സ്‌കോററായിരുന്നു. വർക്ക് പെർമിറ്റ് കിട്ടാൻ പ്രായമാവാത്തതിനാൽ ചെൽസിക്ക് വേണ്ടി അരങ്ങേറാനായിട്ടില്ല. ലോണിൽ പഴയ ക്ലബ്ബിൽ കളിക്കുകയാണ്.
ഡിഫൻസിവ് മിഡ്ഫീൽഡറായും ആക്രമണത്തിലും ഉപയോഗിക്കാം. ആക്രമണത്തിനിണങ്ങുന്നതാണ് ശൈലി. ഓട്ടത്തിന്റെ ടൈമിംഗിലും പന്തുമായി കുതിക്കുന്നതിലും മിടുക്കൻ. നല്ല ഗ്രാഹ്യശേഷി, മിക്ക ഗോളുകളും റീബൗണ്ടുകളിൽ നിന്നാണ്. പ്രീമിയർ ലീഗിൽ പന്ത് അധികം കൈവശം വെക്കാൻ അവസരം കിട്ടില്ല, ഫിസിക്കൽ ഗെയിമുമാണ്. അത് അതിജീവിക്കാനാവണം.
19. പിയറൊ ഹിൻകാപി
(ഡിഫന്റർ, ബയർ ലെവർകൂസൻ, ഇക്വഡോർ)
ബയർ ലെവർകൂസനിൽ സ്ഥിരം സാന്നിധ്യം. ലെഫ്റ്റ് സെന്റർബാക്കായോ ലെഫ്റ്റ് വിംഗ് ബാക്കായോ കളിക്കാനാവുന്നു. ലോകകപ്പിൽ നെതർലാന്റ്‌സിനെതിരെ ഇക്വഡോർ പിൻനിരയുടെ ശക്തിദുർഗമായിരുന്നു. എന്നാൽ സെനഗലിനെതിരെ വീഴ്ച വരുത്തുകയും അലക്ഷ്യമായ ഫൗളിലൂടെ പെനാൽട്ടി വഴങ്ങുകയും ചെയ്തു.
പന്ത് കൈവശം വെക്കുകയും കയറി നിന്ന് പ്രതിരോധിക്കുകയും ചെയ്യുന്ന ശൈലിയിൽ ഹിൻകാപി മിടുക്കനാണ്. പന്ത് പിടിച്ചെടുക്കുന്നതിലും അപകടം അകറ്റുന്നതിലുമുള്ള കഴിവ് ശ്രദ്ധേയം. ആക്രമണോത്സുക ശൈലി പലപ്പോഴും ഫൗളുകൾക്ക് കാരണമാവുന്നു. ഈ സീസണിൽ രണ്ട് തവണ ചുവപ്പ് കാർഡ് കിട്ടി. കയറി നിന്ന് പ്രതിരോധിക്കുന്നത് പലപ്പോഴും ടീമിന് തിരിച്ചടിയാവുകയും ചെയ്യുന്നു.
18. റാസ്മസ് ഹോയ്‌ലന്റ്
(ഫോർവേഡ്, അറ്റ്‌ലാന്റ, ഡെന്മാർക്ക്)
ഓസ്ട്രിയയിലെ സ്‌റ്റേൺ ഗ്രസിൽ നിന്ന് ഇരുപതുകാരനെ സ്വന്തമാക്കാൻ അറ്റ്‌ലാന്റ വൻ തുക മുടക്കിയപ്പോൾ നെറ്റി ചുളിച്ചവരേറെ. എന്നാൽ തുടക്കത്തിന്റെ അങ്കലാപ്പിനു ശേഷം ഹോയ്‌ലന്റ് ഇറ്റാലിയൻ ലീഗിൽ സ്വാധീനമുറപ്പിച്ചു. കഴിഞ്ഞ രണ്ട് യൂറോ കപ്പ് യോഗ്യത മത്സരങ്ങളിൽ ഡെന്മാർക്കിനു വേണ്ടി അഞ്ച് ഗോളടിച്ചു. യൂറോപ്പിലെ മുൻനിര ക്ലബ്ബുകളെല്ലാം ഹോയ്‌ലന്റിന് പിന്നാലെയുണ്ട്. ആറടി മൂന്നിഞ്ച് ഉയരമുണ്ട്. ഏതു ഡിഫൻസിവ് ലൈനിനെയും തുളച്ചുകയറാനാവും. വലതു വിംഗിലും കളിക്കാം. 11 സെക്കന്റിൽ 100 മീറ്റർ ഓടുമെന്ന് കോച്ച് പറയുന്നു. കനത്ത ഇടങ്കാലനടികൾ. എല്ലാം കൊണ്ടും എർലിംഗ് ഹാലൻഡിനെ ഓർമിപ്പിക്കും. ഗോൾമുഖത്ത് സംയമനം വേണ്ടതുണ്ട്, പന്ത് എളുപ്പം കൈവിടുന്നു. ഹെഡറുകളിൽ കൂടുതൽ ശ്രദ്ധ പുലർത്തണം. (തുടരും)