ഈ സീസണിനൊടുവിൽ പി.എസ്.ജിയിൽ ലിയണൽ മെസ്സിയുടെ കരാർ അവസാനിക്കുകയാണ്. ലോകകപ്പിനു ശേഷം പി.എസ്.ജിയുടെ ഫോം മങ്ങിയതിന് പ്രധാന കാരണക്കാരൻ മെസ്സിയാണെന്നാണ് ക്ലബ്ബിന്റെ ആരാധകർ പൊതുവെ വിശ്വസിക്കുന്നത്. അവർക്ക് മെസ്സിയോടും മെസ്സിക്ക് തിരിച്ചും താൽപര്യം നഷ്ടപ്പെട്ടുവെന്നത് പ്രകടമാണ്. ഒരുപാട് സാധ്യതകൾ മെസ്സിയുടെ മുന്നിലുണ്ട്. അതിൽ പ്രധാനപ്പെട്ടതാണ് സൗദി പ്രൊഫഷനൽ ലീഗിൽ ഏഷ്യൻ ചാമ്പ്യന്മാരായ അൽഹിലാലിൽ ചേരുകയെന്നത്. എങ്കിൽ ക്രിസ്റ്റ്യാനൊ റൊണാൾഡോക്കൊപ്പം സൗദി ലീഗിൽ കളിക്കാം മെസ്സിക്ക്. സൗദി ഫുട്‌ബോളിന്റെ മഹിമ അത് പതിന്മടങ്ങ് ഉയർത്തും.
എന്നാൽ മെസ്സിയിൽ ഒതുങ്ങുന്നില്ല സൗദി ഫുട്‌ബോളിന്റെ മോഹങ്ങളും പ്രതീക്ഷകളും. സൗദി സ്‌പോർട്‌സ് മന്ത്രാലയത്തിന്റെ പിന്തുണയോടെ വലിയ പദ്ധതി രൂപപ്പെടുന്നുവെന്നതാണ് റിപ്പോർട്ടുകൾ. ഡിസംബറിൽ ക്ലബ്ബ് ലോകകപ്പിന് വേദിയൊരുക്കുകയാണ് സൗദി. ലോകകപ്പിന് ആതിഥ്യമരുളാനുള്ള പദ്ധതിയുണ്ട്. അപ്പോഴേക്കും സൗദി ലീഗിന്റെ നിലവാരമുയർത്തുകയെന്നത് ഗൗരവമായി എടുത്തിരിക്കുകയാണ് അധികൃതർ.
യൂറോപ്പിലെ അഞ്ച് പ്രധാന ലീഗുകളിൽ നിന്നും (ഇംഗ്ലണ്ട്, സ്‌പെയിൻ, ഫ്രാൻസ്, ജർമനി, ഇറ്റലി) പോർചുഗലിൽ നിന്നും അമ്പതോളം കളിക്കാരെയാണ് സൗദി ലക്ഷ്യമിടുന്നത്. ഇപ്പോഴുള്ള ക്ലബ്ബുകളിൽ കരാർ പൂർത്തിയാവുന്ന കളിക്കാരെയാണ് പ്രധാനമായും നോട്ടമിട്ടിരിക്കുന്നത്. റോബർടൊ ഫിർമിനൊ (ലിവർപൂൾ), ഇൽകേ ഗുണ്ടൊഗൻ (മാഞ്ചസ്റ്റർ സിറ്റി), ആഡം ട്രവോറി (വുൾവർഹാംപ്റ്റൻ), യെറി മിന, അബ്ദുല്ലായെ ദൗകൂർ (എവർടൺ) എന്നിവർ പട്ടികയിലുണ്ട്. കരീം ബെൻസീമ റയൽ മഡ്രീഡുമായി ഇതുവരെ കരാർ പുതുക്കിയിട്ടില്ല. യൂറോപ്പിലെ പ്രമുഖ ക്ലബ്ബുകളെല്ലാം സാമ്പത്തിക പ്രതിസന്ധിയിലാണെന്നത് സൗദി പദ്ധതികൾക്ക് ഉത്തേജനം പകരും.
ഓരോ സൗദി ക്ലബ്ബിനും എട്ട് വിദേശ കളിക്കാരെ ടീമിലെടുക്കാം. മത്സര ദിനത്തിലെ സ്‌ക്വാഡിൽ ഏഴു പേരെ ഉൾപ്പെടുത്താം. ഇപ്പോൾ 16 ക്ലബ്ബുകളുണ്ട് ലീഗിൽ. മിക്ക ക്ലബ്ബിലും എട്ട് കളിക്കാരുടെ ക്വാട്ട പൂർത്തിയാണ്. ചുരുങ്ങിയത് ആറ് വിദേശ കളിക്കാർ എല്ലാ ക്ലബ്ബുകളിലുമുണ്ട്. ഈ സീസണിനൊടുവിൽ പല കളിക്കാരും പുറത്താവും. റൊണാൾഡോയുടെ വരവ് സൃഷ്ടിച്ച ഓളങ്ങളിലാണ് ക്ലബ്ബുകൾ. മൊറോക്കൊ, കൊളംബിയ കളിക്കാർക്കും വലിയ ഡിമാന്റുണ്ടെന്നാണ് സൂചന. മാത്രമല്ല പ്രശസ്ത കോച്ചുകൾക്കും സൗദിയിലേക്ക് പരവതാനി വിരിച്ചിട്ടുണ്ട്. മുൻ മാഞ്ചസ്റ്റർ സിറ്റി ചീഫ് എക്‌സിക്യൂട്ടിവ് ഗാരി കുക്കാണ് ഇപ്പോൾ സൗദി പ്രൊഫഷനൽ ലീഗ് സി.ഇ.ഒ. 2008 ൽ ശൈഖ് മൻസൂർ മാഞ്ചസ്റ്റർ സിറ്റി ഏറ്റെടുത്ത ശേഷം പ്രമുഖ കളിക്കാരെ ടീമിലെത്തിച്ചത് കുക്കായിരുന്നു.
ഫുട്‌ബോളിനെ നയിക്കുന്ന ശക്തി യൂറോപ്പായി തന്നെ തുടരുമ്പോഴും അതിന്റെ സാമ്പത്തിക കേന്ദ്രം പതിയ ഗൾഫ് മേഖലയിലേക്ക് മാറുകയാണ്.