Sorry, you need to enable JavaScript to visit this website.

മോഡിക്കെതിരായ ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു; ഭയമില്ലെന്ന് സത്യപാല്‍ മാലിക്‌

ന്യൂദല്‍ഹി-പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കുറിച്ച് പറഞ്ഞ എല്ലാ കാര്യങ്ങളിലും ഉറച്ചുനിൽക്കുന്നുവെന്നും പ്രത്യാഘാതങ്ങളെ കുറിച്ച് ഭയമില്ലെന്നും ജമ്മു കശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക്. കേന്ദ്ര സര്‍ക്കാരിനും പ്രധാനമന്ത്രിക്കുമെതിരെ അതീവ ഗുരുതരമായ ആരോപണമാണ് ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണര്‍ ഉന്നയിച്ചിരിക്കുന്നത്. പുല്‍വാമ ഭീകരാക്രമണത്തില്‍ ആഭ്യന്തര മന്ത്രാലയത്തിനുണ്ടായ വീഴ്ച മറച്ചു വെക്കാന്‍ പ്രധാനമന്ത്രിക്കു പുറമെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ആവശ്യപ്പെട്ടതായി  ദ വയറിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

പുല്‍വാമയില്‍ 40 സി.ആര്‍.പി.എഫ് ജവാന്മാര്‍ക്ക് ജീവന്‍ നഷ്ടമായത് നമ്മുടെ തകരാറ് കൊണ്ടായിരുന്നുവെന്നും പ്രധാനമന്ത്രി മോഡി തന്നോട് മിണ്ടാതിരിക്കാന്‍ പറഞ്ഞുവെന്നുമാണ് സത്യപാല്‍ മാലിക് വെളിപ്പെടുത്തിയത്.  ജവാന്മാരുടെ യാത്രക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിമാനം നിഷേധിച്ചതാണ് അവരുടെ മരണ കാരണമെന്ന് അദ്ദേഹത്തെ ഉദ്ധരിച്ച് ദ വയര്‍ റിപ്പോര്‍ട്ട് ചെയ്തു. പുല്‍വാമ ആക്രമണത്തിനു പിന്നാലെ പ്രധാനമന്ത്രി മോഡി തന്നെ വിളിച്ചുവെന്നും വീഴ്ചയെ കുറിച്ച് തല്‍ക്കാലം ഒന്നും പറയരുതെന്ന് നിര്‍ദേശിക്കുകയും ചെയ്തുവെന്ന് സത്യപാല്‍ മാലിക് പറഞ്ഞു.

പരിക്കേറ്റ ജവാന്മാരെ കൊണ്ടുപോകാൻ സിആർപിഎഫ് വിമാനം ആവശ്യപ്പെട്ടെങ്കിലും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അത് നിരസിച്ചു. പുൽവാമയിലെ സെൻട്രൽ റിസർവ് പോലീസ് സേനയുടെ വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണം സിആർപിഎഫിന്റെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും വീഴ്ചയാണ്.  പാക്കിസ്താന് മേൽ കുറ്റം ചുമത്തി സർക്കാരിനും ബിജെപിക്കും തെരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കുക എന്നതാണ് ഉദ്ദേശ്യമെന്ന് ഉടൻ തന്നെ താൻ മനസ്സിലാക്കിയതായും മാലിക് പറഞ്ഞു. 300 കിലോഗ്രാം ആർഡിഎക്‌സ് സ്‌ഫോടക വസ്തുക്കളുമായി പാക്കിസ്ഥാനില്‍ നിന്നെത്തിയ കാർ ആരും അറിയാതെ ജമ്മു കശ്മീരിലെ റോഡുകളിലും ഗ്രാമങ്ങളിലും 10-15 ദിവസത്തോളം ചുറ്റിക്കറങ്ങി എന്നത് ഇന്റലിജൻസ് വിഭാഗത്തിന്റെ അതിഗുരുതരമായ പരാജയമാണെന്നും മാലിക് പറഞ്ഞു.

'സര്‍ക്കാരിനും ബിജെപിക്കും തെരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കാന്‍ പുല്‍വാമ ഭീകരാക്രമണത്തെ ഉപയോഗിച്ചു. രാജ്യത്ത് നടക്കുന്ന അഴിമതി പ്രധാനമന്ത്രിക്ക് ഒരു വിഷയമല്ല. പ്രധാനമന്ത്രിക്ക് കശ്മീരിനെക്കുറിച്ച് യാതൊരു അറിവുമില്ലെന്നും . മുൻ ഗവർണർ പറഞ്ഞു.  2019 ഫെബ്രുവരിയില്‍ പുൽവാമ ഭീകരാക്രമണം നടക്കുമ്പോഴും അതേ വർഷം ഓഗസ്റ്റിൽ കശ്മീരിന് പ്രത്യേക അവകാശം നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയപ്പോഴും ഇദ്ദേഹമായിരുന്നു ജമ്മു കശ്മീർ ഗവർണർ.

ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി എടുത്തുകളഞ്ഞത് തെറ്റാണെന്നും ഉടൻ പുനഃസ്ഥാപിക്കണമെന്നും മാലിക് ആവശ്യപ്പെട്ടു. അഴിമതിയെക്കുറിച്ച് പ്രധാനമന്ത്രിക്ക് തീരെ ആശങ്കയില്ലെന്ന് പറഞ്ഞ മാലിക് 2020 ഓഗസ്റ്റിൽ തന്നെ ഗോവ ഗവർണർ സ്ഥാനത്ത് നിന്ന് നീക്കി മേഘാലയയിലേക്ക് അയച്ചത് നിരവധി അഴിമതികള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതിനാലാണെന്നും ആരോപിച്ചു. പ്രധാനമന്ത്രിക്ക് ചുറ്റുമുള്ള ആളുകൾ അഴിമതി നടത്തുകയാണ്. പലപ്പോഴും പ്രധാനമന്ത്രിയുടെ പേര് ഇതിനായി ഉപയോഗിക്കുന്നുണ്ട്. ഇതെല്ലാം മോഡിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും അദ്ദേഹം അത് കാര്യമാക്കുന്നില്ലെന്നും മാലിക് കുറ്റപ്പെടുത്തി.

അദാനി അഴിമതിയെക്കുറിച്ച് രാഹുൽ ഗാന്ധി ശരിയായ ചോദ്യങ്ങളാണ് ഉന്നയിച്ചതെന്നും അവയ്ക്ക് ഉത്തരം നൽകാൻ പ്രധാനമന്ത്രിക്ക് കഴിയില്ലെന്നും മാലിക് പറഞ്ഞു. രാഷ്ട്രപതി ദ്രൗപതി മുർമുവിനെ ആരൊക്കെ കാണണം എന്നത് പോലും പ്രധാനമന്ത്രിയുടെ നിയന്ത്രണത്തിലാണെന്നും അദ്ദേഹം പ റഞ്ഞു.

പ്രധാനമന്ത്രി ബിബിസി വിഷയത്തെ കൈകാര്യം ചെയ്ത രീതി  തെറ്റാണെന്നും മാലിക് പറഞ്ഞു. പ്രധാനമന്ത്രിയുടെയും പല മന്ത്രിമാരുടെയും മുസ്ലിം സമുദായത്തെ കുറിച്ചുള്ള നിലപാട് ശരിയല്ല. അദാനി അഴിമതി പ്രധാനമന്ത്രിക്ക് കനത്ത തിരിച്ചടിയായെന്നും ഇത് സാധാരണക്കാരിലേക്ക് എത്തിയിട്ടുണ്ടെന്നും അടുത്ത തെരഞ്ഞെടുപ്പിൽ ബിജെപിയെ ഇത് സാരമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News