വാഷിംഗ്ടണ്‍- യു. എസിലെ ഇന്ത്യന്‍ സ്ഥാനപതി തരണ്‍ജിത് സിംഗ് സന്ധുവിന് 'സിഖ് ഹീറോ അവാര്‍ഡ്'. ഖല്‍സ ഐക്യത്തിന് വേണ്ടി നിലകൊള്ളുന്നുവെന്ന് അവാര്‍ഡ് സ്വീകരിച്ച ശേഷം ചെയ്ത പ്രസംഗത്തില്‍ തരണ്‍ജിത് സിംഗ് പറഞ്ഞു.
യു. എസിലെ ഇന്ത്യന്‍ മിഷനുകളില്‍ ഖാലിസ്ഥാന്‍ അനുകൂലികളുടെ സംഘം നടത്തിയ അക്രമത്തിന് ദിവസങ്ങള്‍ക്ക് ശേഷമാണ് യു. എസിലെ ഇന്ത്യയുടെ ഉന്നത നയതന്ത്രജ്ഞന് ഈ അവാര്‍ഡ് ലഭിച്ചത്. ഖാലിസ്ഥാന്‍ അനുകൂലികള്‍ അടുത്തിടെ ഇന്ത്യന്‍ എംബസിയില്‍ അക്രമം അഴിച്ചുവിടുകയും സന്ധുവിനെ വ്യക്തിപരമായി ആക്രമിക്കുകയും ചെയ്തിരുന്നു. യു. എസിലെ ഇന്ത്യന്‍ എംബസി ആക്രമണത്തില്‍ ഖാലിസ്ഥാന്‍ അനുകൂലികള്‍ തരണ്‍ജിത് സിംഗ് സന്ധുവിനെയും ലക്ഷ്യമിട്ടിരുന്നു.
വിഘടനവാദികള്‍ക്കെതിരെ ശക്തവും സുപ്രധാനവുമായ നിലപാട് അവാര്‍ഡ് ഏറ്റുവാങ്ങിയ ശേഷം മറുപടി പ്രസംഗത്തില്‍ തരണ്‍ജിത് സിംഗ് സന്ധു പ്രകടിപ്പിച്ചു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും പ്രസിഡന്റ് ബൈഡനും നടപ്പാക്കാന്‍ ശ്രമിക്കുന്ന വിവിധ മേഖലകളില്‍ യു. എസുമായുള്ള വിപുലീകരിക്കുന്ന പങ്കാളിത്തം സര്‍ക്കാരും ജനങ്ങളും പ്രത്യേകിച്ച് യുവജനങ്ങളും പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സുവര്‍ണ്ണ ക്ഷേത്രത്തിലും നിഷാന്‍ സാഹിബിലും പറക്കുന്ന ഖല്‍സ പതാക ഐക്യത്തിന്റെയും സമാധാനത്തിന്റെയും സാര്‍വത്രിക സ്‌നേഹത്തിന്റെയും ചിഹ്നമാണെന്നും അതിനെ അപമാനിക്കരുതെന്നും അക്രമ സംഭവങ്ങളെ പരാമര്‍ശിച്ച് സന്ധു പറഞ്ഞു. യു. എസ്, കാനഡ, യു. കെ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ വിഘടനവാദികള്‍ ഖാലിസ്ഥാനി പതാകയുമായി ഇന്ത്യന്‍ എംബസിക്കും സാന്‍ഫ്രാന്‍സിസ്‌കോ കോണ്‍സുലേറ്റിനും പുറത്ത് പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയിരുന്നു. മാര്‍ച്ചില്‍ സാന്‍ഫ്രാന്‍സിസ്‌കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് നേരെയും ആക്രമണം നടന്നിരുന്നു.






