കണ്ണിൽ ചോരയില്ലാത്തവരായി മാറല്ലേ...

കേരള സംസ്ഥാനത്ത് ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില നാൽപത്തി നാല് ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്തിക്കഴിഞ്ഞു. കഴിഞ്ഞ വർഷം 42 ഡിഗ്രി ആയിരുന്നു കൂടിയ താപനില.
ഉച്ചസമയത്ത് മാത്രമാണ് നേരത്തെ ചൂട് ഏറ്റവും ഉയർന്നു നിന്നിരുന്നതെങ്കിൽ ഇപ്പോൾ രാവിലെ 9 മണി മുതലേ 30 ഡിഗ്രിക്ക് മുകളിലേക്ക് ചൂട് അനുഭവപ്പെടുകയാണ്.
തുടർച്ചയായി താപനില ഉയർന്നു നിൽക്കുന്നതിനാൽ പുഴകളിലും കുളങ്ങളിലും കിണറുകളിലുമെല്ലാം ജലനിരപ്പ് പൊടുന്നനെ താഴ്ന്നു കൊണ്ടിരിക്കുന്നു. കടുത്ത ക്ഷീണവും നിർജലീകരണവുമെല്ലാം സംഭവിക്കാൻ സാധ്യതയുള്ളതിനാൽ അതീവ ശ്രദ്ധ വേണമെന്ന് ആരോഗ്യ മേഖലയിലുള്ളവർ മുന്നറിയിപ്പ് നൽകുന്നുമുണ്ട്.
താപനില ഉയരുന്നതിന്റെ പ്രധാന കാരണം ഉത്തരേന്ത്യയിൽ നിലനിൽക്കുന്ന ഉഷ്ണതരംഗ സമാനമായ സാഹചര്യവും സൂര്യന്റെ ഉത്തരായനത്തിലേക്കുള്ള സഞ്ചാരവുമാണെന്ന് വിലയിരുത്തപ്പെടുന്നു. 
ഉയർന്ന താപനിലക്കൊപ്പം, അൾട്രാവയലറ്റ് വികിരണവും അപകടകരമായ തോതിൽ അനുഭവപ്പെടുന്നതായി പഠനങ്ങൾ കാണിക്കുന്നുണ്ട്. അതിനാൽ തന്നെ പകൽ സമയങ്ങളിൽ മുൻകരുതലുകളില്ലാതെ സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന വിദഗ്ധരുടെ മുന്നറിയിപ്പ് നിസ്സാരമായി തള്ളിക്കളയരുത്.
നൂറ്റാണ്ടുകളായി മിതമായ കാലാവസ്ഥയും പ്രകൃതിരമണീയമായ ഭൂപ്രകൃതിയും കൊണ്ട് അനുഗൃഹീതമായിരുന്നു നമ്മുടെ നാടായ കേരളം.
35 മുതൽ 125 കിലോമീറ്റർ വീതിയും 580 കിലോമീറ്റർ നീളവുമുള്ള ഇടുങ്ങിയതെങ്കിലും മനോഹരമായ കരയായിരുന്നു തീരത്തോട് ചേർന്ന് കിടക്കുന്ന നമ്മുടെ നാട്. കുന്നും മലകളും പുഴകളും താഴ്‌വാരങ്ങളും കൊണ്ട് സമ്പന്നമായ വശ്യസുന്ദര ഭൂപ്രദേശം. പശ്ചിമഘട്ടത്തിനും അറബിക്കടലിനും ഇടയിലെ ഈ പുകൾപെറ്റ ദേശമാണ് കുറഞ്ഞ കാലം കൊണ്ട് അസഹനീയമായ വേനലും ദുരിതപൂർണമായ മഴക്കാലവും വെള്ളപ്പൊക്കങ്ങളും കൊണ്ട് വീർപ്പ് മുട്ടിക്കൊണ്ടിരിക്കുന്നത്.
ആഗോള താപനം മൂലമുണ്ടാകുന്ന കാലാവസ്ഥ വ്യതിയാനങ്ങൾ നമുക്ക് വെറും കേട്ടുകേൾവി മാത്രമായിരുന്നു. എന്നാൽ 2018 ലും 2019 ലും ഉണ്ടായ തുടർച്ചയായ വെള്ളപ്പൊക്കങ്ങൾ നമ്മുടെ അകക്കണ്ണ് തുറപ്പിക്കുന്നതായി മാറി. മുൻകാലങ്ങളിൽ നാം അനുഭവിക്കാത്ത ഒരസാധാരണ ദുരിതപർവം തന്നെയായിരുന്നു അവ.
സംസ്ഥാനത്തിന്റെ ഭൂമിശാസ്ത്രം, ഭൂവിനിയോഗ മാറ്റം, ത്വരിത ഗതിയിലുള്ള നഗരവൽക്കരണം, പ്രകൃതി വിരുദ്ധ വികസന പ്രവർത്തനങ്ങൾ, ജനസാന്ദ്രത എന്നിവയുടെ സംയോജിത ഫലമാണ് കേരളത്തിലെ ഈ ഭീകരമായ കാലാവസ്ഥ വ്യതിയാനത്തിന് കാരണം എന്നത് നാം തിരിച്ചറിഞ്ഞേ മതിയാവൂ. നമുക്കോരോരുത്തർക്കും അതിൽ ചെറുതല്ലാത്ത പങ്ക് ഉണ്ടെന്നതും നാം ഉൾക്കൊള്ളേണ്ടിയിരിക്കുന്നു. കേരളത്തിന്റെ കിഴക്കും പടിഞ്ഞാറും ഭാഗങ്ങൾ തമ്മിലുള്ള പരമാവധി ദൂരം 120 കിലോമീറ്റർ മാത്രമാണ്. ചില സ്ഥലങ്ങളിൽ ഇത് 35 കിലോമീറ്റർ മാത്രമേയുള്ളൂ. ഈ 120 കിലോമീറ്ററിനുള്ളിൽ 2695 മീറ്ററിന് മുകളിലുള്ള സ്ഥലങ്ങളും സമുദ്ര നിരപ്പിൽ നിന്ന് 2 മീറ്റർ വരെ താഴെയുള്ള സ്ഥലങ്ങളും ഉണ്ട് എന്നോർക്കണം.
മഴ ശക്തമായാൽ കേരളത്തിന്റെ കിഴക്കൻ മലനിരകളിൽ നിന്ന് പടിഞ്ഞാറൻ തീരത്തേക്ക് സുഗമമായി വെള്ളം ഒഴുകിയേ മതിയാവൂ.
ഇത് തടസ്സപ്പെടുമ്പോൾ ആഘാതങ്ങളുടെ ഫലങ്ങൾ വർധിക്കാൻ സാധ്യതയുണ്ട് എന്ന് പഠനങ്ങൾ തെളിയിച്ചതാണ്. ഈ കാര്യങ്ങൾ ദേശീയ പാത വികസനത്തിന്റെ തത്രപ്പാടിൽ വിസ്മരിച്ചു കൂടാത്തതുമാണ്.
നമ്മുടെ പല ഗ്രാമങ്ങളിൽ നിന്നും കുത്തിയിളക്കിയ കുന്നുകളും ചുമന്ന് ഇടതടവില്ലാത്ത പായുന്ന കൂറ്റൻ വണ്ടികളുടെ പോക്ക്, ജനജീവിതം എളുപ്പമാക്കുന്നതിന്റെ ഭാഗമാണെന്നാലും സത്വര നഗരവൽക്കരണത്തിലേക്ക് കൂടി നയിക്കുന്നുണ്ടെന്ന് പറയാതെ വയ്യ.
ദേശീയ പാതയോരത്ത് നിന്നും നിഷ്‌കരുണം പിഴുതെറിഞ്ഞ കൂറ്റൻ തണൽ മരങ്ങൾക്ക് പകരം തികച്ചും ശാസ്ത്രീയമായ രീതിയിൽ താമസംവിനാ തണൽ മരങ്ങൾ നട്ടുവളർത്താനുള്ള പദ്ധതികൾ ഉണ്ടാവണം. അതിൽ സർവാത്മനാ എല്ലാവരും പങ്കാളികളാവേണ്ടതുമുണ്ട്.
പെരുകിവരുന്ന കമ്പോള സംസ്‌കാരത്തിന്റെ ഭാഗമായുണ്ടാവുന്ന ഖരമാലിന്യങ്ങൾ സംസ്‌കരിക്കുന്നതിന് വികസിത രാജ്യങ്ങളുടെ
കുറ്റമറ്റ രീതികൾ നാം സ്വീകരിച്ചേ മതിയാവൂ.
ഒപ്പം, വ്യക്തിയുടെയും സംഘടനയുടെയും സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും കാർബൺ ഫൂട്ട് പ്രിന്റ് കുറച്ചുകൊണ്ടു വരുന്നതിന് കർശനവും ഫലപ്രദവുമായ ബോധവൽക്കരണ പ്രവർത്തനങ്ങൾ സർവ തലങ്ങളിലും അടിയന്തരമായി നടത്തേണ്ടതുണ്ട്.
കണ്ണടച്ച് വികസന വിരുദ്ധരാവുന്നതും കണ്ണിൽ ചോരയില്ലാത്ത വികസന വാദികളാവുന്നതും എന്തിന്റെ പേരിലായാലും ഒരേപോലെ മനുഷ്യത്വ വിരുദ്ധവും ജനജീവിതത്തെ ആപാദചൂഡം ദുരിതത്തിലേക്ക് നയിക്കുന്നതുമാണെന്നറിയുക.

Latest News