പഴമയുടെ കഥകളുറങ്ങുന്ന പള്ളികൾ

വിശാലമായ പാടത്തിന്റെ നടുവിൽ, അല്ലെങ്കിൽ തോട്ടുവക്കിൽ, കുളക്കടവിൽ, പുഴയോരങ്ങളിൽ.. ഇവിടങ്ങളിലെല്ലാം പണ്ട് കൊച്ചുകൊച്ചു പള്ളികളും അവിടെ പ്രാർഥനകളും നടന്നിരുന്നു. മലബാറിൽ സ്രാമ്പി എന്നും തെക്കൻ ജില്ലകളിൽ തൈക്കാവ് എന്നും അറിയപ്പെട്ടിരുന്ന ചെറിയ നിസ്‌കാരപ്പള്ളികൾ. പ്രാചീനമായ ഓർമകളും ഭക്തിയുടെ സൗരഭ്യവും സദാ തങ്ങിനിൽക്കുന്ന ചെറിയ മസ്ജിദുകൾ. അവയത്രയും ഇന്ന് വിസ്മൃതിയിലേക്ക് മറഞ്ഞു. 


അൻപത് വർഷം മുമ്പുള്ള കർഷകരായ വിശ്വാസികൾ കൂട്ടായി ചേർന്നാണ് താൽക്കാലിക അടിസ്ഥാന സൗകര്യങ്ങളോടെ ഇത്തരം സ്രാമ്പികൾ നിർമിച്ചിരുന്നത്. കൃഷിപ്പണിക്കിടയിൽ നമസ്‌കാര സമയമായാൽ മേലിലെ ചെളി കഴുകി വൃത്തിയാക്കി അംഗശുദ്ധി വരുത്തി നേരെ പള്ളിയിലോട്ട് കേറുന്ന രീതിയിലാണ് വെള്ളസംഭരണിയോട് ചേർന്ന് അന്നത്തെ പള്ളി നിർമാണം.
കപ്പി കൊണ്ട് വെള്ളം കോരിയോ ഏത്തം കൊണ്ട് വെള്ളം തേവിയോ ടിന്നുകളിൽ വെള്ളം നിറച്ച് ചുമന്ന് കൊണ്ടുവന്ന് ഒഴിച്ചു വേണ്ടിയിരുന്നു ഹൗള് (അംഗശുദ്ധി വരുത്തുന്ന ജലസംഭരണി) നിറക്കാൻ. വാട്ടർ ടാപ്പുകളും ഇലക്ട്രിക് മോട്ടോറുകളും ഒന്നും അന്ന് നാട്ടിൻപുറത്ത് എത്തിയിരുന്നില്ല. മുകളിലെ ചോലകളിൽ നിന്ന് പാത്തി വഴി ഹൗളുകളിലേക്ക് വെള്ളം എത്തിയിരുന്ന പള്ളികൾ പലതുമുണ്ടായിരുന്നു.
തോടുകളിൽ നിന്ന് തന്നെ അംഗശുദ്ധി വരുത്തി കൽപടി വഴി പള്ളിയിലേക്ക് കയറുന്ന രീതിയിലാണ് മലപ്പുറം വടക്കാങ്ങര പാറക്കൽ നിസ്‌കാരപള്ളി, വെള്ളില പുത്തൻപള്ളി എന്നിവയുടെ നിർമാണം.
ആനക്കയം പഞ്ചായത്തിലെ മുടിക്കോട് ജുമാ മസ്ജിദ്, മലപ്പുറം ചെമ്മങ്കടവ് കോങ്കയം ജുമാ മസ്ജിദ്, ചെമ്മങ്കടവ് പാറക്കൽ നിസ്‌കാരപ്പള്ളി തുടങ്ങിയവ പുഴയോട് ചേർന്നാണ്. പുഴയിൽ നിന്ന് അംഗശുദ്ധി വരുത്തി മരഗോവണി വഴി പള്ളിക്കകത്ത് കേറാം.
വടക്കാങ്ങര വടക്കേക്കുളമ്പ് പള്ളി, കിഴക്കേക്കുളമ്പ് പള്ളി, മുതീരിപ്പടി കളരിക്കൽ നിസ്‌കാരപ്പള്ളി തുടങ്ങി നിരവധി പള്ളികളിലേക്ക് കുളത്തിൽ നിന്നുമായിരുന്നു നേരിട്ട് പ്രവേശിച്ചിരുന്നത്.
തടത്തിലക്കുണ്ടിലെ പാറക്കൽ നിസ്‌കാരപ്പള്ളിയാകട്ടെ, പാറക്കെട്ടോട് ചേർന്ന തോട്ടുവക്കിലാണ്. തോട് കല്ലിടുമ്പും. എന്നും തെളിനീർ ഒഴുകുന്നയിടം. തോട്ടിൽ നിന്ന് പാറപ്പുറത്ത് നിർമിച്ച സ്റ്റപ്പ് വഴി പള്ളിയിലേക്ക് കയറാം.


ആദ്യകാലങ്ങളിൽ ഇത്തരം സ്രാമ്പികൾ റമദാനിൽ കൂടുതൽ സജീവമാകുക. രാത്രി കാലങ്ങളിൽ തറാവീഹ് നമസ്‌കാരത്തിന് ചെറുപ്പക്കാരടക്കമുള്ള വിശ്വാസികൾ സജീവമായി പങ്ക് ചേരുമ്പോഴാണ്. പാറക്കൽ തോട് നിറയെ കല്ലിടുമ്പാണ്. ആ കല്ലിടുമ്പിൽ നിന്ന് അംഗശുദ്ധി വരുത്തി നിസ്‌കാര പള്ളിയിലേക്ക് കേറാം. കൃഷിക്കാരും കൃഷിയും നാമാവേശഷമായതിനാൽ ചില പള്ളികളിൽ നിസ്‌കരിക്കാൻ ആളില്ലാതെയായി.
മങ്കട വെള്ളിലയിലെ വെള്ളത്തിങ്ങലെ പള്ളി പ്രസിദ്ധമാണ്. പെരിന്തൽമണ്ണ - മങ്കട മഞ്ചേരി റോഡിലൂടെ ആദ്യകാലങ്ങളിൽ നടന്ന് പോകുന്നവർ കൗതുകത്തോടെ നോക്കിയിരുന്നതാണ് കുളത്തിൽ വെള്ളത്തിൽ മരക്കാലിൽ നിൽക്കുന്ന വെള്ളില വെള്ളത്തിങ്ങലെ പള്ളി. വെള്ളത്തിങ്ങലെ പള്ളിക്കടുത്ത് ബസ് സ്‌റ്റോപ്പായിരുന്നു. ബസ് ജീവനക്കാർ വെള്ളത്തിങ്ങലെ പള്ളി എന്നാണ് പറയുക.
പാടശേഖരത്തിന്റെ നടുവിൽ ഒരു വലിയ കുളം. കുളത്തിന്റെ നടുവിൽ മരക്കാലിലാണ് പള്ളിയുടെ നിർമാണം. അംഗശുദ്ധി വരുത്തി മരപ്പടി ചവിട്ടി പള്ളിക്കകത്തേക്ക് കയറാം. മരം കൊണ്ടുള്ള പട്ടികകളും മറ്റും അടിച്ചതാണ് പള്ളിയുടെ അടിത്തറ. നാല് ചുമരുകൾ പട്ടിക കളാലുമായിരുന്നു. മുകളിൽ ഓട് മേഞ്ഞ് മനോഹരമായി നിർമിച്ച പള്ളിയെ പറ്റി പണ്ട് പല കഥകളും ഐതിഹ്യങ്ങളും പറഞ്ഞു കേട്ടിരുന്നു. ജിന്ന് നിർമിച്ചതാണെന്നൊക്കെയുള്ള കഥകൾ.


വിശാലമായ വെള്ളില പാടശേഖരം. അതിന്റെ നടുവിലാണ് മഞ്ചേരി - പെരിന്തൽമണ്ണ റോഡ്. കർഷകർ കൃഷിക്കിടയിൽ നമസ്‌കാര സമയം എത്തിയാൽ ശരീരം കഴുകി അംഗശുദ്ധി വരുത്തി പള്ളിയിൽ കേറി നിസ്‌കരിക്കും. ചിലപ്പോൾ ജോലി എല്ലാം കഴിഞ്ഞാവും നമസ്‌കാരം. അന്നത്തെ കാരണവന്മാർ തച്ചുശാസ്ത്ര വിദഗ്ധരാൽ നിർമിച്ചതായിരുന്നു ഈ പള്ളി. ആദ്യകാലങ്ങളിൽ അവിടം വീടുകളും കച്ചവട സ്ഥാപനങ്ങളൊന്നുമുണ്ടായിരുന്നില്ല. കൃഷി സ്ഥലം നഷ്ടപ്പെടുത്താതെ തന്നെ കുളത്തിൽ തന്നെ പള്ളി നിർമിച്ചതിൽ പല നല്ല ഉദ്ദേശ്യങ്ങളും കാണും. ആൾപെരുമാറ്റമില്ലാത്തിടത്ത് വൻ അശുദ്ധി ജന്തുക്കൾ പള്ളിക്കകത്ത് കേറാതിരിക്കാനാവും. ആദ്യ പള്ളിയുടെ നിർമാണം നടന്നത് 1938 ലാണെേത്ര.
1986-87 ലാണ് പള്ളി പുനരുദ്ധാരണം നടത്തിയത്. കുളത്തിനോട് ചേർന്നാണ് പുതിയ പള്ളിയുടെ നിർമാണം. പാലേൻ പുടിയൻ മമ്മുവിന്റെ കുടുംബമാണ് കാലക്രമേണ കുളത്തിനും ഒപ്പം പള്ളിക്കും പ്രാഥമിക കർമങ്ങൾക്കുമുള്ള ഭൂമിയും വഖഫ് ചെയ്ത് നൽകിയത്.
ആദ്യകാലങ്ങളിൽ വെള്ളത്തിങ്ങൽ പള്ളി എന്ന് പറഞ്ഞിരുന്ന സ്ഥലം ഇന്ന് വെള്ളില ഉള്ളാട്ടിൽപ്പടി എന്ന പേരിൽ അറിയപ്പെടുന്നു. നിറയെ വീടുകളും കച്ചവട സ്ഥാപനങ്ങളും പാലേൻ പുടിയൻ മാനുവിന്റെ റേഷൻ ഷോപ്പ് അടക്കമുള്ള അങ്ങാടി. നിലവിൽ പി.ടി. ഇബ്രാഹിം മുസ്‌ല്യാരാണ് പള്ളിക്കമ്മിറ്റി അധ്യക്ഷൻ. സെക്രട്ടറിയായി പാലേൻ പുടിയൻ അബ്ദുല്ലയും. പൂർവ സൂരികൾ ചെയ്ത സുകൃതം തനിമയോടെ തന്നെ നിലനിർത്തി പ്രാർത്ഥന നടത്തുന്ന മസ്ജിദുൽ ഹിദായ എന്ന ഈ ദൈവിക ഭവനം മഞ്ചേരി പെരിന്തൽമണ്ണ റോഡിന്റെ ഓരത്തെ പുരാതന ചരിത്ര സ്മാരകമാണ്.
ഇതുപോലെ ചരിത്ര പ്രധാനമായ നിരവധി സ്രാമ്പികളും പുതുക്കിപ്പണിത് ഇപ്പോൾ മനോഹരമായ മസ്ജിദുകളായി മാറിക്കഴിഞ്ഞു.

Latest News