അസദിന്റെ ഏറ്റുമുട്ടല്‍ കൊല; നീതി നടപ്പാക്കിയതിന് മുഖ്യമന്ത്രി യോഗിക്ക് നന്ദി പറഞ്ഞ് ഉമേഷ് പാലിന്റെ വിധവ

ലഖ്‌നൗ- ക്രിമിനല്‍ കേസില്‍ ജയിലില്‍ കഴിയുന്ന ഉത്തര്‍പ്രദേശിലെ മുന്‍ എം.പി അതീഖ് അഹ്മദിന്റെ മകന്‍ അസദിനെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയസംഭവത്തില്‍മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് നന്ദി പറഞ്ഞ് ഉമേഷ് പാലിന്റെ വിധവ ജയാപാല്‍. ഉമേഷ് പാല്‍ വധക്കേസിലെ പ്രതിയായിരുന്നു അസദ്.
നീതി നടപ്പിലാക്കിയതിന് മുഖ്യമന്ത്രിക്ക് നന്ദി പറയുകയാണെന്നും നീതി ലഭ്യമാക്കാനുള്ള പ്രവര്‍ത്തനം തുടരണമെന്ന് അദ്ദേഹത്തോട് അഭ്യര്‍ഥിക്കുകയാണെന്നും ജയ ഉമേഷ് പാല്‍ പറഞ്ഞു. മുഖ്യമന്ത്രിയില്‍ പൂര്‍ണ വിശ്വാസമുണ്ടെന്ന് അവര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
മധ്യപ്രദേശിലെ ഝാന്‍സിയില്‍ വെച്ചാണ് അസദ് അതിഖ് അഹ്്മദ്, മറ്റൊരു പ്രതി ഗുലാം എന്നിവരെ ഉത്തര്‍പ്രദേശ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ്(എസ് ടി എഫ്) വെടിവെച്ചു കൊന്നത്. മകന്റെ മരണവിവരം അറിഞ്ഞ് അതീഖ് അഹ്്മദ് പ്രയാഗ്‌രാജിലെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്(സിജെഎം) കോടതിയില്‍
തളര്‍ന്നുവീണു. ഉമേഷ് പാല്‍ വധക്കേസുമായി ബന്ധപ്പെട്ടാണ് യു.പി പോലിസ് അതീ അഹമ്മദിനെ ഗുജറാത്തിലെ സബര്‍മതി ജയിലില്‍നിന്ന് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നത്.
 താനും കുടുംബാംഗങ്ങളും കൊല്ലപ്പെടാന്‍ സാധ്യതയുണ്ടെന്നും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് അതീഖ് അഹമ്മദ് സുപ്രീംകോടതിയെ സമീപിച്ചിരുന്നുവെങ്കിലും  ഹരജി പരിഗണിക്കാന്‍ വിസമ്മതിച്ച സുപ്രീം കോടതി ഹൈക്കോതിയെ സമീപിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. താന്‍ പൊടിയായി കഴിഞ്ഞുവെന്നും കുടുംബാംഗങ്ങളെ വെറുതവിടണമെന്നും കഴിഞ്ഞ ദിവസം അതീഖ് അഹ്മദ് വാര്‍ത്താലേഖകരോട് പറഞ്ഞു. മാഫിയകളെ പൊടിപൊടിയാക്കുമെന്ന മുഖ്യമന്ത്രി ആദിത്യനാഥിന്റെ പ്രസ്താവനയാണ് താന്‍ പൊടിയായിക്കഴിഞ്ഞെന്ന് അതീഖ് അഹമ്മദിന്റെ പ്രതികരണത്തിനു കാരണം.
ഡെപ്യൂട്ടി എസ്പിമാരായ നവേന്ദു, വിമല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഉത്തര്‍പ്രദേശ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് സംഘമാണ് രണ്ട് പ്രതികളെ കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ടവരില്‍ നിന്ന് അത്യാധുനിക വിദേശ നിര്‍മ്മിത ആയുധങ്ങള്‍ കണ്ടെടുത്തതായും പോലീസ് പറയുന്നു.
ഗുജറാത്തിലെ സബര്‍മതി ജയിലില്‍ നിന്ന് തന്നെ യുപിയിലെ ജയിലിലേക്ക് മാറ്റുന്നത് കൊല്ലാനാണെന്നും അതിനാല്‍ ജയില്‍ മാറ്റം തടയണമെന്നും തനിക്ക് സംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ട് അതീഖ് നല്‍കിയ ഹരജിയാണ് സുപ്രിംകോടതി തള്ളിയിരുന്നത്. ബിഎസ്പി എംഎല്‍എ രാജു പാലിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യസാക്ഷി ഉമേഷ് പാലിന്റെ വധം ഉള്‍പ്പെടെ നൂറിലധികം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് അതീഖ് അഹമ്മദ്. ഉത്തര്‍പ്രദേശ് മുന്‍ എംഎല്‍എയും ലോക്‌സഭാംഗവുമായിരുന്നു. 2005ലാണ് ബിഎസ്പി എംഎല്‍എ രാജു പാല്‍ കൊല്ലപ്പെട്ടത്. ഉമേഷ് പാല്‍ ഈ വര്‍ഷം ഫെബ്രുവരി 24ന് പ്രയാഗ്‌രാജിലെ വസതിക്ക് പുറത്ത് വെടിയേറ്റ് മരിക്കുകയായിരുന്നു. ഉമേഷ് പാലിന്റെ ഭാര്യ ജയപാല്‍ നല്‍കിയ പരാതിയിലാണ് അതിഖ് അഹമ്മദ് അടക്കം 16 പേര്‍ക്കെതിരെ കേസെടുത്തത്. 2006ല്‍ ഉമേഷ് പാലിനെ തട്ടിക്കൊണ്ടുപോയ കേസില്‍ മാര്‍ച്ച് 28ന് അഹമ്മദിനെയും മറ്റ് രണ്ട് പേരെയും കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News