Sorry, you need to enable JavaScript to visit this website.

മണ്ഡലങ്ങളിലെ വികസന രേഖകള്‍ മാതൃകാപരം-പി.ശ്രീരാമകൃഷ്ണന്‍

തിരുവനന്തപുരം- കാട്ടാക്കട നിയോജകമണ്ഡലത്തിന്റെ വികസന സ്വപ്നങ്ങള്‍ക്ക് കുതിപ്പേകുന്നതിന് സഹായകരമാകുന്ന വിഷന്‍ കാട്ടാക്കട നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ പ്രകാശനം ചെയ്തു. അടിസ്ഥാനസൗകര്യ വികസനങ്ങള്‍ക്കനുസരിച്ച്  ഭാവിവികസന സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിന് നിയോജകമണ്ഡലാടിസ്ഥാനത്തിലുളള ആലോചനകള്‍ മാതൃകാപരമാണെന്ന്  അദ്ദേഹം അഭിപ്രായപ്പെട്ടു. 2030 ല്‍ കാട്ടാക്കട എങ്ങനെയായിരിക്കുമെന്നതിന്റെ മാര്‍ഗ്ഗരേഖയാണ് വിഷന്‍ കാട്ടാക്കടയെന്നും അദ്ദേഹം പറഞ്ഞു.
വിഴിഞ്ഞം തുറമുഖം ചരക്കുനീക്കത്തില്‍ മാത്രമല്ല ക്രൂയിസ്സ് കപ്പലുകള്‍ വഴി ടൂറിസത്തിനും വലിയസാധ്യതയാണ് സംസ്ഥാനത്തിനും പ്രത്യേകിച്ച് കാട്ടാക്കടയ്ക്കും ഉളളതെന്ന് നോര്‍ക്ക, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ല പറഞ്ഞു. വിഷന്‍ ഡോക്യുമെന്റിന്റെ അടിസ്ഥാനത്തില്‍ നൈപുണ്യവികസന ഉള്‍പ്പെടെയുളളവയ്ക്കായി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിഷന്‍ കാട്ടാക്കടയുടെ ഭാഗമായി നോര്‍ക്ക റൂട്ട്‌സ് വഴി നിയോജകമണ്ഡലത്തിലെ തിരികെയെത്തിയ പ്രവാസികള്‍ക്കായി പ്രത്യേക വായ്പാമേള, നിക്ഷേപകസംഗമം എന്നിവ സംഘടിപ്പിക്കുമെന്നും നോര്‍ക്ക ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫോറിന്‍ ലാംഗ്വേജ് മുഖേന കാട്ടാക്കടയിലെ യുവതീയുവാക്കള്‍ക്കായി പ്രത്യേക ബാച്ച് ആരംഭിക്കുമെന്നും ചടങ്ങില്‍ നോര്‍ക്ക റൂട്ട്‌സ് സി.ഇ.ഒ കെ. ഹരികൃഷ്ണന്‍ നമ്പൂതിരി പറഞ്ഞു.
കാട്ടാക്കട നിയോജകമണ്ഡലത്തില്‍ അടിസ്ഥാനസൗകര്യവികസനങ്ങളുടെ ഭാഗമായി നിലവിലും ഭാവിയിലുമുളള  നിക്ഷേപ സൗഹൃദ അന്തരീക്ഷവും, സാധ്യതകളും പരിചയപ്പെടുത്തുക എന്നതാണ് വിഷന്‍ കാട്ടാക്കടയുടെ ലക്ഷ്യം. കാര്‍ഷികം,  അനുബന്ധ മേഖലകള്‍,  വിവരസാങ്കേതികവിദ്യ ടൂറിസം,ലോജിസ്റ്റിക്‌സ് മേഖലയിലും വിഴിഞ്ഞംരാജ്യന്തര തുറമുഖം  വഴിയും കാട്ടാക്കടയ്ക്കുളള സാധ്യതകള്‍ വിഷന്‍ കാട്ടാക്കട ഊന്നല്‍ നല്‍കുന്നു. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡവലപ്‌മെന്റുമായി (സി എം ഡി) സഹകരിച്ചാണ് 64 പേജുകളുളള വിഷന്‍ ഡോക്യൂമെന്റ് തയ്യാറാക്കിയത്.
നോര്‍ക്ക റൂട്ട്‌സ് ആസ്ഥാനമായ നോര്‍ക്ക സെന്ററില്‍ നടന്ന പ്രകാശനചടങ്ങില്‍ കാട്ടാക്കട എം.എല്‍.എ ഐ.ബി. സതീഷ്, നോര്‍ക്ക റൂട്ട്‌സ് ജനറല്‍ മാനേജര്‍ അജിത്ത്  കോളശ്ശേരി തുടങ്ങിയവര്‍ സംബന്ധിച്ചു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News