ദുബായ്- യുഎഇയില്‍ വിദ്യാര്‍ത്ഥികള്‍ സ്‌കൂളിലെ ക്ലാസ് മുറി അടിച്ചു തകര്‍ക്കുന്ന വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ കുറ്റക്കാരെ തേടി അധികൃതര്‍ രംഗത്തെത്തി. കസേരകളും മേശകളും എറിഞ്ഞും ക്ലാസ് മുറിയിലെ പ്രൊജക്ടര്‍ അടിച്ചു പൊളിക്കുകയും മുറിയാകെ അലങ്കോലമാക്കുകയും ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിച്ചത്. ഇതു ശ്രദ്ധയില്‍പ്പെട്ടതോടെ വിദ്യാഭ്യാസ വകുപ്പ് ശക്തമായ മുന്നറിയിപ്പുമായി രംഗത്തെത്തി. തെറ്റുകാരായ വിദ്യാര്‍ത്ഥികള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ഇവര്‍ വരുത്തിവച്ച നാശനഷ്ടങ്ങള്‍ രക്ഷിതാക്കളില്‍ നിന്ന് ഈടാക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
വിദ്യാര്‍ത്ഥികളുടെ ഈ പെരുമാറ്റം അംഗീകരിക്കാനാവില്ലെന്നും സ്‌കൂള്‍ മര്യാദകള്‍ക്ക് നിരക്കുന്നതല്ലെന്നും മന്ത്രാലയം ട്വീറ്റ് ചെയ്തു. ഇത് പൊതുമുതലിനു നേര്‍ക്കുള്ള ആക്രമണമായാണ കാണുന്നത്. എല്ലാവരുടേതുമായ സ്‌കൂള്‍ കാമ്പസിലെ സംവിധാനങ്ങള്‍ പരിപാലിക്കുന്നതിനു വിദ്യാര്‍ത്ഥികള്‍ക്ക് ഉത്തരവാദിത്തമുണ്ടെന്നും അവര്‍ അച്ചടക്കവും പ്രതിബദ്ധതയും പുലര്‍ത്തണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. സ്‌കൂളിന്റെ നിയമാവലികള്‍ അനുസരിച്ച് രക്ഷിതാക്കള്‍ സ്‌കൂളിനുണ്ടായ നഷ്ടം നികത്തി നല്‍കേണ്ടി വരുമെന്നും മന്ത്രാലയം മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.