സെർബിയ- നാല് കൊല്ലം മുമ്പ് ലോകകപ്പിൽ ക്വാർട്ടറിലെത്തി ലോകത്തെ അദ്ഭുതപ്പെടുത്തിയ കോസ്റ്റ റീക്കയെ വീഴ്ത്തി അലെക്‌സാണ്ടർ കൊലറോവിന്റെ കൊലമാസ്സ് ഫ്രീകിക്ക് ഗോൾ. 32കാരന്റെ തകർപ്പൻ ഇടങ്കാലൻ കിക്ക് കോസ്റ്റ റീക്കൻ പ്രതിരോധ മതിലിനുമുകളിലൂടെ ഉയർന്നുപൊങ്ങി, റയൽ മഡ്രീഡിന്റെ ഗോളി കൂടിയായ കെയ്‌ലർ നവാസിന് തടയാൻ കഴിയാത്തവിധം ബാറിന് തൊട്ടുതാഴെ വയലിലേക്ക് ഊളിയിട്ടിറങ്ങി. 56ാം മിനിറ്റിലെ ആ ഒരു ഗോളിന്റെ ബലത്തിൽ സെർബിയ ലോകകപ്പിലെ അരങ്ങേറ്റം വിജയത്തോടെയാക്കി, 1-0. ബ്രസീലും, സ്വിറ്റ്‌സർലന്റും കൂടി അടങ്ങുന്ന ഗ്രൂപ്പ് ഇയിൽനിന്ന് രണ്ടാം റൗണ്ടിലേക്ക് കടക്കാനുള്ള ആദ്യ ചുവടുവെച്ചു, അവർ. രണ്ടാം റൗണ്ടിലെത്തിയാൽ സ്വതന്ത്ര രാജ്യമായശേഷം ആദ്യമായിട്ടാവും സെർബിയക്ക് ആ നേട്ടം കൈവരിക.
സെർബിയയുടെ പരിചയസമ്പത്തും കോസ്റ്റ റീക്കയും തന്ത്രവും തുല്യശക്തിയിൽ ഏറ്റുമുട്ടിയപ്പോൾ ആദ്യ പകുതി ഗോൾരഹിതമായിരുന്നു. അവസരങ്ങൾ കൂടുതലും സൃഷ്ടിച്ചത് പന്ത് കൂടുതൽ സമയം നിയന്ത്രണത്തിൽവെച്ച സെർബിയയായിരുന്നു. എന്നാൽ നാല് വർഷം മുമ്പ് തങ്ങളെ ക്വാർട്ടറിലെത്തിച്ച അതേ തന്ത്രമായിരുന്നു കോച്ച് ഓസ്‌കാർ റമീറസ് ഇപ്പോഴും പയറ്റിയത്. പ്രതിരോധം ഭദ്രമാക്കുക, അവസരം കിട്ടുമ്പോൾ അതിവേഗം പ്രത്യാക്രമണം നടത്തുക. 56ാം മിനിറ്റിൽ റോമ ഡിഫന്റർ കൊലറോവിന്റെ മിന്നും ഫ്രീ കിക്ക് ഗോൾ സ്വന്തം വലയിൽ വീഴുന്നതുവരെ അതേ തന്ത്രത്തിൽ തന്നെയായിരുന്നു മധ്യ അമേരിക്കൻ ടീമിന്റെ കളി. എന്നാൽ ഗോൾ വീണതോടെ സ്‌ട്രൈക്കർ ജോയൽ കാംപ്ബലിനോട് നിരന്തരം ആക്രമിക്കാൻ കോച്ച് റമീറസ് ആവശ്യപ്പെട്ടു. നാല് വർഷം മുമ്പ് ബ്രസീലിൽ ടീമിന്റെ നെടുംതൂണായിരുന്നു ആഴ്‌സനൽ താരമായ കാംപ്ബൽ. എന്നാൽ ഇക്കുറി സമനില ഗോളിനുള്ള കാംപ്ബലിന്റെ അതിവേഗ നീക്കങ്ങളെ സെർബിയ ഫലപ്രദമായി പ്രതിരോധിച്ചു. അതിനിടെ ഡുസാൻ ടാഡിച്ചിന്റെ താഴ്ന്ന ക്രോസിൽനിന്ന് സ്‌കോർ ചെയ്യാനുള്ള സുവർണാവസരം ഫിലിപ് കോസ്റ്റിച് പാഴാക്കിയത് സെർബിയക്ക് തിരിച്ചടിയായി. ഗോളി മാത്രമുള്ള പോസ്റ്റിനുമുന്നിൽ കോസ്റ്റിക് പായിച്ച ദുർബല ഷോട്ട് നവാസ് അനായാസം തടഞ്ഞു.
പരിചയസമ്പന്നരായ കളിക്കാരെയെല്ലാം ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയാണ് സെർബിയൻ കോച്ച് മഌദൻ ക്രസ്റ്റായിക് പോരാട്ടം തുടങ്ങിയത്. ചെൽസി താരം ബ്രാനിസ്ലാവ് ഇവാനോവിച് രാജ്യത്തിനുവേണ്ടി 104ാം മത്സരം കളിച്ച് റെക്കോർഡിട്ടു. ഡിയാൻ സ്റ്റാൻകോവിച്ചിനെയാണ് ഇക്കാര്യത്തിൽ ഇവാനോവിച് പിന്നിലാക്കിയത്. 23 കാരനായ ലാസിയോ സ്‌ട്രൈക്കർ സെർഗി മിലിൻകോവിച് സാവിച്ചാണ് കോസ്റ്റ റീക്കൻ പ്രതിരോധത്തിന് ഏറ്റവും ഭീഷണി സൃഷ്ടിച്ചത്. ഇടവേളക്ക് തൊട്ടുമുമ്പ് സാവിച്ചിന്റെ ഗോളെന്നുറച്ച ഷോട്ട് കെയ്‌ലർ നവാസ് തട്ടിയകറ്റുകയായിരുന്നു. സാവിച്ചിനെ ടീമിലെടുക്കാതെ തഴഞ്ഞതിന്റെ പേരിലാണ് സ്ലാവോ മുസ്‌ലിൻ സെർബിയൻ കോച്ച് പദത്തിൽനിന്ന് തെറിച്ചത്. പകരം വന്ന ക്രസ്റ്റായിക് സാവിച്ചിനെ ആക്രമണത്തിന്റെ ചുമതലയേൽപ്പിച്ചു. എങ്കിലും കൊലറോവ് വേണ്ടിവന്നു അവർക്ക് നിർണായക ഗോൾ നേടാൻ.
അവസാന മിനിറ്റുകളിൽ ഗോൾ മടക്കാനുള്ള കോസ്റ്റ റീക്കയുടെ നിരന്തര ശ്രമത്തെ പരുക്കൻ അടവുകൾകൊണ്ടാണ് സെർബിയ നേരിട്ടത്. റഫറി വാർ സാങ്കേതികവിദ്യയിലൂടെ വീഡിയോ നിരീക്ഷിച്ചാണ് അലക്‌സാണ്ടർ പ്രിയോവിച്ചിന് മഞ്ഞകാർഡ് കാട്ടിയത്. കോസ്റ്ററീക്കൻ ടീം സ്റ്റാഫിൽനിന്ന് പന്ത് പിടിച്ചുവാങ്ങാൻ നെമാന്യ മാട്ടിച്ച് ശ്രമിച്ചതും ചെറിയ ഉരസലിനിടയാക്കി.