മോസ്‌കൊ - ഈ ലോകകപ്പ് ഫുട്‌ബോളിലെ കറുത്ത കുതിരകളാവുമെന്ന് കരുതപ്പെടുന്ന ബെൽജിയവും ഇംഗ്ലണ്ടും ഇന്ന് ആദ്യ മത്സരത്തിന് ഇറങ്ങുന്നു. പ്രധാന ടൂർണമെന്റുകളിൽ നിരന്തരം പരാജയപ്പെടുന്ന ടീമുകളാണ് രണ്ടുമെന്നതിനാൽ അവർക്ക് പ്രതീക്ഷകളുടെ ഭാരമൊന്നുമില്ല. എങ്കിലും പ്രതിഭാസമ്പന്നമാണ് രണ്ടു ടീമും.
ആഫ്രിക്കയിലെ ഒന്നാം സ്ഥാനക്കാരായ തുനീഷ്യയുമായാണ് ഇംഗ്ലണ്ടിന് കളിക്കേണ്ടത്. യുവനിരയുമായാണ് ഇത്തവണ ഇംഗ്ലണ്ട് കോച്ച് ഗാരെത് സൗത്‌ഗെയ്റ്റ് ലോകകപ്പിന് വന്നത്. കഴിഞ്ഞ ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായിരുന്നു ഇംഗ്ലണ്ട്. എന്നാൽ കഴിഞ്ഞ യൂറോ കപ്പിൽ ഐസ്‌ലന്റിനോട് തോറ്റ് പ്രി ക്വാർട്ടറിൽ പുറത്തായത് അതിനെക്കാൾ വലിയ നാണക്കേടായി. പേരെടുത്ത കളിക്കാരൊന്നും ഇത്തവണ ടീമിലില്ല. എന്നാൽ ഹാരി കെയ്‌നും റഹീം സ്റ്റെർലിംഗും ജെസി ലിൻഗാഡും ഡെലെ അലിയുമൊക്കെയടങ്ങുന്ന ടീമിന് പലതും ചെയ്യാനാവുമെന്നാണ് പ്രതീക്ഷിക്കേണ്ടത്. മാർക്കസ് റാഷ്ഫഡും ജെയ്മി വാർദിയും റിസർവ് ബെഞ്ചിലിരിക്കേണ്ടി വരും വിധം സമ്പന്നമാണ് മുൻനിര. എന്നാൽ പ്രതിരോധം അത്ര ശക്തമല്ല. ഹാരി മക്ഗയറിനും കീരൻ ട്രിപ്പിയർക്കും ക്ലബ് ഫോം ദേശീയ ജഴ്‌സിയിൽ ആവർത്തിക്കാൻ കഴിയണമെന്നാണ് കോച്ചിന്റെ പ്രതീക്ഷ. പരിചയസമ്പന്നരായ ഗാരി കഹീൽ, ആഷ്‌ലി യംഗ് എന്നിവരും പിൻനിരയിലുണ്ട്. സന്നാഹ മത്സരങ്ങളിൽ ബ്രസീൽ, ജർമനി, ഇറ്റലി, നെതർലാന്റ്‌സ് ടീമുകൾക്കെതിരെ മികച്ച പ്രകടനം നടത്തിയിട്ടുണ്ട് ഇംഗ്ലണ്ട്.
അഞ്ചാം ലോകകപ്പ് കളിക്കുന്ന തുനീഷ്യ ഇതുവരെ ഗ്രൂപ്പ് ഘട്ടം കടന്നിട്ടില്ല. 1978 ൽ മെക്‌സിക്കോയെ തോൽപിച്ചതാണ് 12 കളികളിൽ തുനീഷ്യയുടെ ഏക വിജയം. ആഫ്രിക്കൻ ടീമിന്റെ ആദ്യ വിജയമായിരുന്നു അത്. 1998 ലെ ലോകകപ്പിൽ ഇംഗ്ലണ്ടിനോട് 2-0 ന് തോറ്റിരുന്നു തുനീഷ്യ. യോഗ്യതാ റൗണ്ടിൽ ടീമിനെ തോളിലേറ്റിയ യൂസഫ് മസ്‌കനിക്ക് പരിക്കേറ്റത് തുനീഷ്യക്ക് വലിയ ക്ഷീണമാണ്. തുനീഷ്യ ലീഗിലെ ടോപ്‌സ്‌കോറർ താഹ യാസീൻ ഖെനീസിയും പരിക്കു കാരണം വിട്ടുനിൽക്കുകയാണ്. ഡിഫന്റർ സയാം ബിൻ യൂസഫാണ് ഇപ്പോൾ ടീമിലെ സൂപ്പർസ്റ്റാർ. എതിരാളികളുടെ ആക്രമണം തടഞ്ഞുനിർത്തേണ്ട ചുമതല അതികായനായ സിയാമിനാണ്. 12 വർഷത്തിനു ശേഷമാണ് തുനീഷ്യ ലോകകപ്പിൽ തിരിച്ചെത്തുന്നത്.
പാനമക്ക് അരങ്ങേറ്റം
ഈ ലോകകപ്പിലെ ഏറ്റവും പ്രതിഭാസമ്പന്നമായ ടീമായി പലരും ബെൽജിയത്തെ വിലയിരുത്തുന്നുണ്ട്. കന്നിക്കാരായ പാനമക്കെതിരെ കളിക്കുമ്പോൾ ബെൽജിയത്തിന്റെ യഥാർഥ കരുത്തറിയാം. മുൻനിരയിൽ റൊമേലു ലുകാകു, മധ്യനിരയിൽ എഡൻ ഹസാഡ്, കെവിൻ ഡിബ്രൂയ്‌നെ, മൂസ ദെംബെലെ, യാനിക് കരാസ്‌കൊ, ആക്‌സൽ വിറ്റ്‌സൽ, പിൻനിരയിൽ വിൻസന്റ് കോമ്പനി, തോമസ് വെർമയലൻ, ഗോൾമുഖത്ത് തിബൊ കോർട്‌വ തുടങ്ങി എല്ലാ പൊസിഷനും ഭദ്രമാണ്. എന്നാൽ കോമ്പനിക്കും വെർമയലനും പരിക്കു കാരണം കളിക്കാനാവില്ല. പകരം ടോബി ആൽഡർവെയ്ൽഡും യാൻ വെർടോംഗനും സെൻട്രൽ ഡിഫൻസിന് ചുക്കാൻ പിടിക്കും. അരങ്ങേറ്റത്തിൽ ഐസ്‌ലന്റ് കാഴ്ചവെച്ച പ്രകടനം ആവർത്തിക്കാനായിരിക്കും പാനമ ശ്രമിക്കുക. പ്രതിരോധമാണ് പാനമയുടെ ശക്തി.
ഏഷ്യൻ യോഗ്യതാ റൗണ്ടിൽ നിരാശപ്പെടുത്തിയ തെക്കൻ കൊറിയയും സ്വീഡനും തമ്മിലാണ് ഇന്നത്തെ മൂന്നാമത്തെ കളി. കൊറിയക്ക് ഇത് പത്താമത്തെ ലോകകപ്പാണ്.