യെക്കാത്തറിൻബർഗ് (റഷ്യ)- 'സമയം പാഴാക്കൽ' എന്നാണ് ട്വിറ്റർ ഉപയോഗത്തെക്കുറിച്ച് മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ ഇതിഹാസ കോച്ച് അലെക്‌സ് ഫെർഗൂസൻ ഒരിക്കൽ പറഞ്ഞത്. ഈ ലോകകപ്പിനെത്തിയ മിക്ക ടീമുകളുടെയും കോച്ചുമാർക്കും സോഷ്യൽ മീഡിയയെക്കുറിച്ച് ഏതാണ്ട് അതേ അഭിപ്രായം തന്നെ. എന്നാൽ കളിക്കാർക്കിടയിൽ സോഷ്യൽ മീഡിയ ഉപയോഗം കൂടിവരികയാണ്. സ്വാഭാവികമായും ഇത് പല കോച്ചുമാർക്കും തലവേദന സൃഷ്ടിക്കുകയും ചെയ്യുന്നു.
മത്സരങ്ങൾക്കും പരിശീലനങ്ങൾക്കും ശേഷം ഹോട്ടൽ മുറികളിൽ വിശ്രമിക്കുന്ന കളിക്കാർ ആദ്യം അന്വേഷിക്കുന്നത് തങ്ങളുടെ സ്മാർട്ട് ഫോണുകളാണ്. വേറൊന്നിനുമല്ല, സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി സംവദിക്കാൻ.
പക്ഷേ ഇത് ഗുണത്തേക്കാളേറെ ദോഷം വരുത്തുമെന്നാണ് ഇംഗ്ലണ്ട് കോച്ച് ഗാരത്ത് സൗത്ത്‌ഗേറ്റിന്റെ പക്ഷം. കളിക്കാരിൽ അനാവശ്യ സമ്മർദങ്ങളും ദുരന്തവും ക്ഷണിച്ചുവരുത്തുക മാത്രമേ അതിലൂടെ സംഭവിക്കുന്നുള്ളൂവെന്ന് 47 കാരൻ പറയുന്നു. സോഷ്യൽ മീഡിയയിലൂടെ അധികവും എത്തുന്നത് നെഗറ്റീവ് കാര്യങ്ങളാണ്. എന്തിനാണ് അത്തരം കാര്യങ്ങൾ ജീവിതത്തിലേക്ക് ക്ഷണിച്ചുവരുത്തുന്നത്? അദ്ദേഹം ചോദിക്കുന്നു.
മുൻ ഇംഗ്ലീഷ് താരമായ സൗത്ത്‌ഗേറ്റ് കളിച്ചിരുന്ന കാലത്ത് സോഷ്യൽ മീഡിയ എന്നൊരു വിപത്തിനെ കളിക്കാർക്ക് നേരിടേണ്ടിവന്നിട്ടില്ല.
സോഷ്യൽ മീഡിയ ആക്രമണത്തിന്റെ ഏറ്റവും വലിയ ഇര സൗത്ത്‌ഗേറ്റിന്റെ സ്വന്തം ടീമിൽ തന്നെയുണ്ട്. സ്‌ട്രൈക്കർ റഹീം സ്റ്റെർലിംഗ്. രണ്ട് വർഷം മുമ്പ് യൂറോ കപ്പിലെ മോശം പ്രകടനത്തിന്റെ പേരിൽ കണക്കറ്റ ആക്രമണങ്ങൾക്ക് വിധേയനായ സ്റ്റെർലിംഗ് പിന്നീട് സ്വന്തം ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ തന്നെ കുറിച്ച് ഇങ്ങനെ കുറിച്ചു: 'വെറുക്കപ്പെട്ടവൻ' (ദി ഹെയ്റ്റഡ് വൺ).
ആ മൂന്ന് വാക്കുകൾ കൂടുതൽ വിവാദം സൃഷ്ടിച്ചതേയുള്ളൂ. മാധ്യമങ്ങളിൽ തലക്കെട്ടുകൾ വന്നു. സോഷ്യൽ മീഡിയ 23 കാരനെ കൂടുതൽ കീറിമുറിച്ച് പരിശോധിച്ചു. ഇൻസ്റ്റഗ്രാമിൽ 37 ലക്ഷം ഫോളോവേഴ്‌സുണ്ടെങ്കിലും സ്റ്റെർലിംഗ് ഇപ്പോഴും ഒരു വിഭാഗം ഇംഗ്ലീഷ് ആരാധകർക്ക് വെറുക്കപ്പെട്ടവൻ തന്നെ. അത്യുജ്വല പ്രകടനത്തോടെ മാഞ്ചസ്റ്റർ സിറ്റിയെ ഇത്തവണ ഇംഗ്ലീഷ് പ്രിമിയർ ലീഗ് ചാമ്പ്യന്മാരാക്കിയിട്ടും അതിൽ മാറ്റമില്ല.
സോഷ്യൽ മീഡിയ ദുരിതമാണ് നൽകുന്നതെന്ന വിമർശനം ഒരു വശത്ത് തുടരുമ്പോഴും കളിക്കാരിൽ സോഷ്യൽ മീഡിയ ഉപയോഗം കൂടിവരികയാണ്. ആരാധകരോട് തങ്ങൾക്ക് പറയാനുള്ളത് പറയാനും സ്വന്തം ബ്രാന്റ് ഇമേജ് മെച്ചപ്പെടുത്താനും അത് കൂടിയേ തീരൂവെന്ന് അവർ പറയുന്നു. 'ഈ കാലഘട്ടത്തിൽ പുറംലോകവുമായി മാനുഷിക ബന്ധം പുലർത്താൻ സോഷ്യൽ മീഡിയ കൂടിയേ തീരൂ' എന്ന അഭിപ്രായക്കാരനാണ് ഇംഗ്ലീഷ് താരം ജെസ്സി ലിംഗാർഡ്. തങ്ങൾ എത്തരത്തിലുള്ള ആൾക്കാരാണെന്ന് പുറംലോകത്തുള്ളവർക്ക് അറിയില്ല. അതുകൊണ്ടു തന്നെ തങ്ങൾ ആരാണെന്നും എന്താണെന്നും അറിയിക്കുന്നതിനാണ് മിക്ക കളിക്കാരും സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതെന്ന് ലിംഗാർഡ് പറയുന്നു. ട്വിറ്ററും ഇൻസ്റ്റഗ്രാമും സ്‌നാപ്ചാറ്റും നിരന്തരം ഉപയോഗിക്കുന്നതിന്റെ പേരിൽ കടുത്ത വിമർശനം നേരിടുന്ന താരമാണ് 25 കാരൻ.
എന്നാൽ സമയം കൊല്ലുന്ന സോഷ്യൽ മീഡിയ ഉപയോഗം കളിക്കാരുടെ പ്രകടനത്തെ പോലും ബാധിക്കുന്നുണ്ടെന്ന അഭിപ്രായക്കാരാണ് സൗത്ത്‌ഗേറ്റ് അടക്കമുള്ള പരിശീലകർ. പക്ഷേ അവർക്കത് വിലക്കാനും കഴിയുന്നില്ല. ഈ സാഹചര്യത്തിൽ കളിക്കാർ സോഷ്യൽ മീഡിയ ഉപയോഗത്തിൽ സ്വയം നിയന്ത്രണം പാലിക്കണമെന്നാണ് സൗത്ത്‌ഗേറ്റും ഡെൻമാർക്ക്, സ്വീഡൻ തുടങ്ങിയ രാജ്യങ്ങളിലെ പരിശീലകരും.