അറിവിന്റെ ശക്തിസൗന്ദര്യം തിരിച്ചറിയുകയും അത് മറ്റുള്ളവർക്കു പകർന്നുനൽകുകയും ചെയ്യുമ്പോഴാണ് മനുഷ്യന് മഹത്വമേറുന്നത്. ഭൂതകാലത്തെ മറികടക്കാനും നമ്മുടെ സ്വന്തം സാഹചര്യങ്ങളെ മാറ്റാനും പ്രതിബന്ധങ്ങളെ ചെറുക്കാനും മികച്ച തീരുമാനങ്ങളെടുക്കാനും അറിവിന് കഴിയുമെന്ന് ബെഞ്ചമിൻ കാർസൻ പറഞ്ഞുവച്ചിട്ടുണ്ട്.

ലോകത്തെ മാറ്റിമറിക്കാൻ നിങ്ങൾക്ക് ഉപയോഗിക്കാവുന്ന ഏറ്റവും ശക്തമായ ആയുധമാണ് വിദ്യാഭ്യാസം എന്ന നെൽസൺ മണ്ടേലയുടെ വചനങ്ങൾ ജീവിതത്തിൽ പകർത്തിയ ഒരാൾ ഇവിടെയുണ്ട് - സി.ഡി. സജിത്കുമാർ. യു.എ.ഇയിൽ മെക്കാനിക്കൽ എൻജിനീയറാണെങ്കിലും വിദ്യാഭ്യാസരംഗത്തും കലാ സാംസ്‌കാരിക രംഗത്തുമെല്ലാം തന്റേതായ സ്വാധീനം ചെലുത്താൻ ഇദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. വിദ്യാഭ്യാസകാലത്തു കാണാനിടയായ ഒരു കോളനിയിൽ വർഷങ്ങളേറെ കഴിഞ്ഞിട്ടും കാര്യമായ വിദ്യാഭ്യാസ പുരോഗതിയില്ലെന്നു കണ്ടപ്പോഴാണ് അവിടെ അക്ഷരവെളിച്ചം പകരാൻ ഈ എൻജിനീയർ തീരുമാനിച്ചത്.
തൊണ്ണൂറുകളിൽ പാലക്കാട് എൻ.എസ്.എസ് എൻജിനീയറിംഗ് കോളേജിലെ പഠനകാലത്ത് ഒരു വിവാഹത്തിൽ സംബന്ധിക്കാനെത്തിയപ്പോഴായിരുന്നു ആദ്യമായി കൊങ്ങപ്പാടം കോളനി സന്ദർശിക്കാനിടയായത്. അക്ഷരാഭ്യാസമില്ലാത്തവരും ദരിദ്രരുമായ പാവങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലം. യാതൊരു വികസനവും എത്തിനോക്കാത്ത ആ കോളനിയിൽ മുപ്പത്തഞ്ചോളം കുടുംബങ്ങളാണ് കഴിഞ്ഞിരുന്നത്.

കോളനിവാസികളുടെ ഉന്നമനത്തിനായി എന്തെങ്കിലും ചെയ്യണമെന്ന ചിന്ത അന്നേ സജിത്കുമാറിന്റെ മനസ്സിൽ നാമ്പിട്ടിരുന്നു. വിദ്യാഭ്യാസാനന്തരം വർഷങ്ങൾ കഴിഞ്ഞ് ഒരിക്കൽ പൂർവ്വവിദ്യാർഥി സംഗമത്തിനായി കോളേജിലെത്തിയപ്പോൾ കൊങ്ങപ്പാടം കോളനി വീണ്ടും സന്ദർശിക്കാനിടയായി. അപ്പോഴേയ്ക്കും ആ കോളനിയിലെ പത്തോളം പേർ ആത്മഹത്യയിൽ അഭയം പ്രാപിച്ചിരുന്നു.
കോളേജിൽനിന്നും ഒരു കിലോമീറ്റർ അകലെയുള്ള കൊങ്ങപ്പാടം എന്ന ദളിത് കോളനിയിൽ സ്വാതന്ത്ര്യാനന്തരം ഒരാൾ മാത്രമേ കോളേജിൽ പോയിട്ടുള്ളു എന്നറിയാൻ കഴിഞ്ഞു. അഞ്ചു പേർ മാത്രമാണ് എസ്.എസ്.എൽ.സി പാസായത്. സമൂഹത്തിൽനിന്നും ഒറ്റപ്പെട്ട ജീവിതമായിരുന്നു കോളനിക്കാരുടേത്. കൊങ്ങപ്പാടം ഗ്രാമം ഒരുപാട് മാറിയെങ്കിലും കോളനിക്കു മാത്രം യാതൊരു മാറ്റവുമുണ്ടായിരുന്നില്ല. അങ്കണവാടിയിൽ സഹായിയായി നിൽക്കാനുള്ള വിദ്യാഭ്യാസം പോലും അവിടത്തുകാർക്കുണ്ടായിരുന്നില്ല. കുട്ടികളിൽ പലരും സ്‌കൂളിൽ പോകാതായി. കൂലിപ്പണിക്കാരായിരുന്നു പല മാതാപിതാക്കളും. അവരെ സഹായിക്കാനായി കുട്ടികൾ പഠനം പാതിവഴിയിൽ ഉപേക്ഷിക്കുകയായിരുന്നു.
വിദ്യാഭ്യാസത്തിലൂടെ മാത്രമേ കോളനി നിവാസികളെ ഉയർച്ചയിലേക്ക് നയിക്കാനാകൂ എന്ന് തിരിച്ചറിഞ്ഞ സജിത് കുമാർ അതിനായി മുന്നിട്ടിറങ്ങുകയായിരുന്നു. എൻജിനീയറിംഗ് കോളേജിലെ പ്രൊഫസറായ പി. ആർ.സുരേഷിന്റെ പിന്തുണയോടെ കോളനി നിവാസികൾക്ക് വിദ്യാഭ്യാസം നൽകാനുള്ള പദ്ധതിക്ക് തുടക്കമിടുകയായിരുന്നു. കോളനിയിലെ വിദ്യാർഥികളുടെ പഠനക്രമത്തിൽ മാറ്റം വരുത്തുകയായിരുന്നു ലക്ഷ്യം. എട്ട്, ഒൻപത്, പത്ത് ക്ലാസുകളിലെ വിദ്യാർഥികൾക്ക് സൗജന്യ ട്യൂഷൻ നൽകിക്കൊണ്ടായിരുന്നു തുടക്കം. കണക്കിനും ഇംഗ്ലീഷിനും സയൻസിനുമെല്ലാം ട്യൂഷൻ നൽകി. കോളനിയിലെ അങ്കണവാടിയിൽ തുടങ്ങിയ ഈ വിദ്യാഭ്യാസ പദ്ധതിക്ക് 'എന്റെ കൊങ്ങപ്പാടം' എന്ന പേരും നൽകി. സഹായത്തിനായി ശ്രീവിദ്യ ടീച്ചറുമെത്തി. കോളനിയിലെ ഏകബിരുദവിദ്യാർഥിനിയായിരുന്നു ശ്രീവിദ്യ. കുട്ടികൾക്ക് അക്ഷരവിദ്യ പകർന്നുകൊടുക്കാൻ ശ്രീവിദ്യ തയ്യാറായി. ആദ്യബാച്ചിൽ മുപ്പത്തിരണ്ടോളം കുട്ടികളുണ്ടായിരുന്നു. രണ്ടു മൂന്നു അധ്യാപികമാരും.
അന്ന് ഖത്തറിൽ എൻജിനീയറായി ജോലി നോക്കുകയായിരുന്നു സജിത് കുമാർ. പദ്ധതി വിജയകരമായി തുടർന്നുപോരുന്നതിനായി അധ്യാപകർക്ക് മാസംതോറും ഒരു നിശ്ചിത തുകയും നൽകിപ്പോന്നു. പദ്ധതിക്ക് മുടക്കം വരരുതെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നു. അതിന് ഫലമുണ്ടായി. ആദ്യബാച്ചിലെ ആറുപേർ ഉയർന്ന മാർക്കോടെ എസ്.എസ്.എൽ.സി പാസായി.
പദ്ധതി വിജയകരമായി മുന്നേറവേ തുരങ്കം വയ്ക്കാനും ആളുകളുണ്ടായി. കോഴിക്കോട്ടുകാരനായ എൻജിനീയർ പാലക്കാട്ടെത്തി സൗജന്യ ട്യൂഷൻ സെന്റർ നടത്തുന്നതെന്തിന്. ഊഹാപോഹങ്ങൾ പലതുണ്ടായി. എന്നാൽ സജിത്കുമാർ ആകട്ടെ ഇവയെയെല്ലാം തൃണവൽഗണിച്ച് തങ്ങളുടെ പ്രവർത്തനം വ്യാപിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടത്തിയത്.
അമ്മയും അച്ഛനും വിദ്യാസമ്പന്നരായതുകൊണ്ടാണ് തനിക്കും പഠിക്കാൻ കഴിഞ്ഞത്. ടെലഗ്രാഫ് ഉദ്യോഗസ്ഥനായ ദാമോദരന്റെയും ടെലിഫോൺ ഉദ്യോഗസ്ഥയായ കമലയുടെയും മകനായതുകൊണ്ടാണ് എൻജിനീയറിംഗ് പഠിച്ച് എൻജിനീയറായത്. സർക്കാർ കോളനി നിവാസികൾക്ക് കോഴികളെയും ആടുകളെയും നൽകിയതുകൊണ്ടു കാര്യമില്ല. അവർക്ക് നല്ല വിദ്യാഭ്യാസം കൂടി നൽകണം. അതിനായുള്ള ശ്രമത്തിലായിരുന്നു സജിത്കുമാർ.

പത്തുവർഷത്തോളമായി എന്റെ കൊങ്ങപ്പാടം പദ്ധതി വിജയകരമായി മുന്നേറുകയാണ്. ഏഴു വർഷം പിന്നിട്ടപ്പോൾ പഠനം പൂർത്തിയാക്കിയ വിദ്യാർഥികൾ തന്നെ മുന്നിട്ടിറങ്ങി പദ്ധതി തുടർന്നുപോരുന്നു. വൻവിജയമായി മാറുകയായിരുന്നു ഈ പദ്ധതി. സ്വന്തമായി വീടുപോലുമില്ലാതിരുന്ന പ്രിൻസി എന്ന പെൺകുട്ടി കാമ്പസ് സെലക്ഷനിലൂടെ ജോലി നേടി ഇപ്പോൾ എറണാകുളത്ത് താമസിക്കുന്നു. കൂടാതെ എൻജിനീയറിംഗ് പാസായവരും ഐ.ടി.ഐയിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കിയവരും ബിരുദധാരികളുമെല്ലാം ഇന്ന് എന്റെ കൊങ്ങപ്പാടത്തിന്റെ ഉപയോക്താക്കളായി മാറിയിരിക്കുകയാണ്. ആദ്യമായി ആ കോളനിയിലെ ഒരു വിദ്യാർഥി എൻജിനീയറിംഗിന് ചേർന്നത് വലിയ വാർത്തയായിരുന്നു. ഇപ്പോൾ ഗവൺമെന്റ് ജോലി സ്വപ്‌നം കണ്ടു കഴിയുന്നവർക്ക് പി.എസ്.സി ക്ലാസുകളും അവിടെ ഒരുക്കിയിട്ടുണ്ട്.
പാലക്കാട്ടു മാത്രമല്ല, കേരളത്തിന്റെ പല ഭാഗത്തും വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങളിലെ കുട്ടികളെ ഉയർത്തിക്കൊണ്ടുവരാനുള്ള പ്രോജക്ട് സർക്കാരിന് സമർപ്പിച്ച് അനുമതിക്കായി കാത്തിരിക്കുകയാണ് സജിത് കുമാറും കൂട്ടുകാരും. കൊല്ലത്തെ അഞ്ചുതെങ്ങിലും കല്ലമ്പലത്തും തൃശൂരും ഇരിങ്ങാലക്കുടയിലും വയനാട്ടിലും അട്ടപ്പാടിയിലുമെല്ലാം ഇത്തരം വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചുകഴിഞ്ഞു. 2015ൽ സ്മാർട്ട് എജ്യുക്കേഷൻ പദ്ധതിയിലൂടെ വിദ്യാർഥികൾക്ക് വിദ്യാഭ്യാസം നൽകാനും എന്റെ കൊങ്ങപ്പാടം പദ്ധതി വഴി കഴിഞ്ഞിരുന്നു. ലാപ് ടോപ്പുവഴി വലിയ സ്‌ക്രീനിലൂടെയാണ് പഠനം സാധ്യമാക്കിയത്. കേരളത്തിൽ ആദ്യമായി ഒരു കോളനിയിൽ സ്മാർട്ട് ക്ലാസിലൂടെ ലോകവുമായി സംവദിക്കാൻ അവസരം നൽകിയതും ഈ പദ്ധതിയിലൂടെയായിരുന്നു.
കോഴിക്കോട്ടെ ശാന്തിനഗറിലും ഇത്തരം വിദ്യാഭ്യാസരീതി നടപ്പാക്കാനുള്ള ശ്രമവും സജിത് കുമാർ നടത്തുന്നുണ്ട്. അതിനായി കോർപ്പറേഷനിൽ അപേക്ഷയും നൽകിക്കഴിഞ്ഞു. തദ്ദേശവാസികളുടെ സഹായത്തോടെ ഇത്തരം പഠനരീതികൾ പ്രാവർത്തികമാക്കാമെന്ന് അനുഭവത്തിന്റെ വെളിച്ചത്തിൽ സജിത് കുമാർ മനസ്സിലാക്കിയിട്ടുണ്ട്. കൊങ്ങപ്പാടം പദ്ധതി വിജയിപ്പിക്കുന്നതിന് പിന്തുണയുമായെത്തിയത് കോളനിയിലെ വെൽഡിംഗ് ജോലിക്കാരനായ ഗുരുവായൂരപ്പനും കൽപണിക്കാരനായ രാജനുമായിരുന്നുവെന്ന് സജിത് കുമാർ ഓർക്കുന്നു.
2019ൽ ദുബായിൽവച്ചു നടന്ന ലോക കേരള സഭയിൽ പങ്കെടുത്ത് സംസാരിക്കാനും സജിത് കുമാറിന് അവസരം ലഭിച്ചിരുന്നു. സജിത് കുമാറിന്റെ വിദ്യാഭ്യാസ പദ്ധതിക്കുള്ള അംഗീകാരം കൂടിയായിരുന്നു ഇത്. ഈ വേദിയിലും വിദ്യാഭ്യാസത്തിന്റെ പ്രാധാന്യമായിരുന്നു അദ്ദേഹം പങ്കുവച്ചത്. ഫിനിഷിംഗ് സ്‌കൂളുകളുടെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. കുട്ടികൾക്ക് അവരുടെ കഴിവുപയോഗിച്ച് പണം സമ്പാദിക്കാൻ അവരെ പ്രാപ്തരാക്കുകയാണ് വേണ്ടതെന്നും ഗ്ലോബൽ മാർക്കറ്റിൽ കഴിവുകൊണ്ട് വിജയിക്കാനാകുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
ഒരു ഗ്രാമത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് വെളിച്ചമായി മാറിയ പദ്ധതി മ്യൂസിക് ആൽബമായി പുറത്തിറക്കിയിരിക്കുകയാണ് സജിത് കുമാർ. എന്റെ കൊങ്ങപ്പാടം പദ്ധതി വി ഹാവ് എ ഡ്രീം എന്ന പേരിൽ ഒരു ആൽബമാക്കി മാറ്റിയിരിക്കുകയാണ്. ആൽബത്തിന്റെ ആദ്യപ്രദർശനം കഴിഞ്ഞ ദിവസം കോഴിക്കോട്ട് അരങ്ങേറി. കേരളത്തിന്റെ സമാനമായ സാഹചര്യങ്ങളുള്ള സ്ഥലങ്ങളിൽ ഇത്തരം പദ്ധതികൾ നടപ്പാക്കണമെന്ന ആഗ്രഹത്തിലാണ് പദ്ധതിയുടെ വിജയം കുറിക്കാൻ വേണ്ടി ഒരു ആൽബം പുറത്തിറക്കിയത്. ഇതൊരു സന്ദേശമാണ്. വിദ്യാഭ്യാസത്തിലൂടെ ജനങ്ങളുടെ ജീവിതം മാറ്റിയെടുക്കാനാവും എന്ന സന്ദേശമാണ് വി ഹാവ് എ ഡ്രീം എന്ന ആൽബത്തിലൂടെ ലക്ഷ്യമിടുന്നതെന്നും സജിത് കുമാർ പറയുന്നു.

കോളേജ് പഠനകാലത്ത് കാമ്പസ് തിയേറ്ററുകളിൽ സജീവസാന്നിധ്യമായിരുന്ന സജിത് കുമാർ നാടകങ്ങളിലും നൃത്തശിൽപങ്ങളിലും മൈമിലുമെല്ലാം പങ്കെടുത്തിരുന്നു. കാമ്പസ് ഓക്‌സിന്റെ സഹകരണത്തോടെ ചാപ്‌റ്റേഴ്‌സ് എന്നൊരു ഹ്രസ്വചിത്രവും ഒരുക്കിയിരുന്നു. നിരവധി ചിത്രങ്ങൾക്ക് കഥയും ഒരുക്കിയിട്ടുണ്ട്. റിച്ചർ സ്‌കെയിൽ 7, 6 എന്ന ചിത്രം ഭൂമിയുടെ രാഷ്ട്രീയം പങ്കുവച്ച ചിത്രമായിരുന്നു. കമ്പനി തുടങ്ങാനായി കുടിയൊഴിപ്പിക്കാനെത്തുമ്പോൾ അച്ഛന് ആ ഭൂമി വിട്ടുപോകാൻ മനസ്സുവരുന്നില്ല. അച്ഛനും മകനും തമ്മിലുള്ള മാനസിക സംഘർഷത്തിലുപരി ജനിച്ച മണ്ണിനോടുള്ള കൂറുകൂടിയായിരുന്നു ഈ സിനിമയുടെ രചനയിൽ സജിത് കുമാർ ലക്ഷ്യമിട്ടത്. കെ. ജീവയായിരുന്നു ചിത്രം സംവിധാനം ചെയ്തത്.
സജിത് കുമാർ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഞാവൽപഴങ്ങൾ കുട്ടികളിൽ നിറങ്ങളുടെ സ്വാധീനത്തെക്കുറിച്ച് പരാമർശിക്കുന്നതായിരുന്നു. കറുത്തവനും വെളുത്തവനും തമ്മിലുള്ള മാനസികപ്രശ്‌നമായിരുന്നു ഈ ചിത്രത്തിന്റെ കാതൽ. മറ്റൊരു ചിത്രമായ മെഷിനിൽ പ്രവാസിയായ മനുഷ്യൻ ഒരു യന്ത്രമായി മാറുന്ന അവസ്ഥയാണ് വെളിപ്പെടുത്തുന്നത്. ഒടുവിൽ ശവപ്പറമ്പിലെത്തുകയാണയാൾ. പ്രസിദ്ധമായ ഒരു കോടതിവിധിയുടെ പശ്ചാത്തലത്തിൽ എഴുതിയ ഫ്രാഗ്രൻസ് എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് സജിത്കുമാർ ഇപ്പോൾ.
പതിനേഴു വർഷമായി പ്രവാസജീവിതം നയിക്കുന്ന സജിത് കുമാർ ഏറെക്കാലം ഖത്തറിലായിരുന്നു. തുടർന്നാണ് യു.എ.ഇ യിലേയ്ക്ക് ചുവടുമാറ്റിയത്. ഇതിനിടയിൽ വിദ്യാഭ്യാസരംഗത്തും കലാസാംസ്‌കാരിക രംഗത്തും സ്വന്തമായ വിലാസം രേഖപ്പെടുത്താനും സമയം കണ്ടെത്തുന്നു. ഭാര്യ രശ്മിയും മക്കളായ തഥാഗതും താരംഗും അച്ഛന്റെ കർമ്മപഥത്തിൽ പിന്തുണയുമായി കൂടെയുണ്ട്.






