കിഴക്കൻ പ്രവിശ്യയിലെ പ്രവാസ സമൂഹത്തിന് വിസ്മയം പകർന്ന് 'ഗാല നൈറ്റ്' അരങ്ങേറി. സൗദി വിനോദകാര്യ വകുപ്പിന്റെ പ്രത്യേക അനുമതിയോടെ സംഘടിപ്പിച്ച പരിപാടി അൽ കോബാറിലെ അൽ ഗൊസൈബി ട്രൈലാന്റിലാണ് അരങ്ങേറിയത്. മലയാളത്തിലെ ജനപ്രിയ പിന്നണി ഗായിക റിമി ടോമിയും സംഘവും അവതരിപ്പിച്ച ഗാനസന്ധ്യയായിരുന്നു 'ഗാല'യുടെ പ്രധാന ആകർഷണം. നാട്ടിലെ ഉത്സവപ്പറമ്പിനെ അനുസ്മരിപ്പിക്കും വിധം തയ്യാറാക്കിയ മൈതാനവും വേദിയും പ്രേക്ഷകർക്ക് പുത്തൻ അനുഭവങ്ങളാണ് സമ്മാനിച്ചത്. ബലൂൺ വിൽപനക്കാരനും, വളക്കച്ചവടക്കാരനും, ഐസ് മിഠായിയുമൊക്കെയാണ് മൈതാനത്ത് എത്തിയ ആളുകളെ വരവേറ്റത്.

ഇന്ത്യയുടെ സാംസ്‌കാരികവും, പാരമ്പര്യവും വിളിച്ചോതുന്ന വിവിധ സംസ്ഥാനങ്ങളുടെ സ്റ്റാളുകൾ, കരകൗശല വസ്തുക്കളുടെ പ്രദർശനം, രുചിപ്പെരുമ നിറയുന്ന ഫുഡ് കോർട്ടുകൾ, കുട്ടികൾക്കുള്ള വിനോദ കേന്ദ്രങ്ങൾ, ഭക്ഷണത്തെരുവ് എന്നിവ ഉൽസവ പ്രതീതി സൃഷ്ടിച്ചു. ഏഴ് മണിയോടെതന്നെ പരിപാടികൾക്ക് തുടക്കമായി. കുമാർ സാനു, ഉദിത് നാരായണൻ എന്നിവരുടെ പാട്ടുകൾ പാടി മലയാള മനസ്സിൽ ചേക്കേറിയ മുഹമ്മദ് അഫ്‌സൽ, നസീർ മിന്നലേ എന്നിവരുടെ ഗാനാലാപനമായിരുന്നു തുടക്കത്തിൽ. ദമാമിലെ വിവിധ നൃത്ത വിദ്യാലയങ്ങൾ അവതരിപ്പിച്ച നൃത്ത നൃത്ത്യങ്ങൾ പരിപാടികൾക്ക് വർണാഭമായ തുടക്കമായി. മലയാളികളുടെ ഹൃദയതന്ത്രികൾ തൊട്ടുണർത്തിയ വയലിനിസ്റ്റ് ബാല മുരളി, കീബോർഡിൽ അദ്ഭുതങ്ങൾ സൃഷ്ടിച്ച മുഹമ്മദ് ബിലാൽ എന്നിവർ അക്ഷരാർത്ഥത്തിൽ സദസ്സിനെ ഇളക്കിമറിച്ചു.

അവതാരകരായി മലയാളത്തിലെ രണ്ട് പ്രതിഭകളായ രഞ്ജിനി ഹരിദാസും, മാത്തുക്കുട്ടിയും ഒപ്പം ഡോ. അജി വർഗീസും സദസ്സിനെ മനോഹര അനുഭവങ്ങളിലേക്ക് ഉണർത്തി. അവതാരക മാത്രമല്ല ഗായിക കൂടിയാണെന്ന് തെളിയിച്ച് രഞ്ജിനി പാടിയ 'കൈതോല പായവിരിച്ചു'എന്ന നാടൻ പാട്ട് സദസ്സ് ഏറ്റുപാടി. അൽപം വൈകിയാണെങ്കിലും വേദിയിലെത്തിയ റിമിടോമി നിമിഷ നേരം കൊണ്ട് സദസ്സിനെ കയ്യിലെടുത്തു. ആടിയും പാടിയും തണുത്ത അന്തരീക്ഷത്തെ മറികടന്ന് അവർ സദസ്സിനെ ആവേശഭരിതരാക്കി. അഞ്ച് മണിക്കൂറിലേറെ നീണ്ടുനിന്ന കലാ പ്രകടനങ്ങൾ അവസാനിക്കുമ്പോൾ അതിവിശിഷ്ടമായ അനുഭവവുമായാണ് സദസ്സ് മൈതാനം വിട്ടത്. മലയാള ചലച്ചിത്ര ലോകത്തെ സംവിധായക പ്രതിഭ എം. പത്മകുമാർ ആയിരുന്നു ഗാലയുടെ മുഖ്യാതിഥി. സാമൂഹിക സേവനത്തിനുള്ള അവാർഡ് നാസ് വക്കവും മലയാളം ന്യൂസ് ലേഖകൻ ഹബീബ് ഏലംകുളവും അബ്ദുൽ ജലീലും (ഗൾഫ് ടെക് സപ്പോർട്ട് സർവീസ് എം.ഡി) മുഖ്യാതിഥിയിൽ നിന്നും ഏറ്റുവാങ്ങി. ഇ. ആർ ഇവെന്റ്‌സ് സി. ഇ. ഒ ഹൈഫ മഹ്മൂദ് അൽ നാജി, ഫറ നാസ് ഒമർ, മമ്മു മാസ്റ്റർ , സുനിൽ മഹുമ്മദ്, താജു അയ്യാരിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
കിഴക്കൻ പ്രവിശ്യയിലെ സാമൂഹിക സംഘടനാ പ്രവർത്തകരുടെ സംഘടിത ബോധം കൂടി പ്രതിഫലിച്ചതായിരുന്നു ഗാല നൈറ്റ്.






