ഈസ്റ്ററും വിഷുവും പെരുന്നാളും മലയാളികൾ ഐക്യത്തോടെ ആഘോഷിക്കുന്ന ദിനങ്ങളാണ് ഏപ്രിലിൽ. കേരളീയരെ സംബന്ധിച്ചിടത്തോളം മതസൗഹാർദമെന്നത് രക്തത്തിലലിഞ്ഞു ചേർന്ന വികാരമാണ്. ഇതിനെതിരെയുള്ള നീക്കങ്ങളെ എളുപ്പം ചെറുത്തു തോൽപ്പിക്കാനും പരശുരാമന്റെ നാട്ടുകാർക്കറിയാം. 1980കളിൽ ആരംഭിച്ച തീവണ്ടിയാണ് കണ്ണൂരിനേയും എറണാകുളത്തേയും ബന്ധിപ്പിക്കുന്ന ഡേ എക്‌സ‍്പ്രസ്. തുടക്കത്തിൽ സ്റ്റോപ്പുകൾ കുറവായിരുന്ന ഈ ട്രെയിനിന് എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് എന്ന പേര് നൽകിയത് പത്രങ്ങളാണ്. കോഴിക്കോട്ടോ കണ്ണൂരിലോ ഉള്ള ഒരാൾക്ക് എറണാകുളം ഹൈക്കോടതിയിൽ ചെന്ന് കേസ് നടത്തി അതേ ദിവസം തിരിച്ചു വരാൻ പറ്റിയിരുന്നു. ഇപ്പോൾ അത് സാധിക്കില്ല. രാവിലെ പതിനൊന്നര കഴിയാതെ എറണാകുളത്തെത്തില്ല. കോഴിക്കോടിനും ഷൊർണൂരിനുമിടയിൽ പാവം കല്ലായിയും പട്ടാമ്പിക്കടുത്തുള്ള ചെറിയ ഹാൾട്ടുമൊഴികെ എല്ലാം സ്റ്റോപ്പുകൾ. തുടക്കത്തിൽ അങ്ങിനെ ആയിരുന്നില്ല. രാവിലെ പത്തിന് മുമ്പ് എറണാകുളത്തെത്തും. പിൽക്കാലത്താണ് ഇതിനെ ആലപ്പുഴയിലേക്ക് നീട്ടിയത്. ഏതായാലും ജനശതാബ്ദി പോലുള്ള അതിവേഗ ട്രെയിനുകൾ വന്നതോടെ എക്‌സിക്യൂട്ടീവുകൾ അങ്ങോട്ട് മാറി. തുടങ്ങി ഏതാനും വർഷങ്ങൾക്കകം ഈ ട്രെയിൻ വലിയൊരു ദുരന്തത്തിന് കാരണമായിരുന്നു. 1986 ഫെബ്രുവരിയിൽ തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ വെടിക്കെട്ട് കാണാൻ റെയിൽ പാളത്തിൽനിന്ന മനുഷ്യർക്ക് നേരെ പാഞ്ഞു കയറി 26 പേരാണ് മരിച്ചത്. എ.പി ഏജൻസി റിപ്പോർട്ട് ചെയ്ത ഈ വാർത്ത ലോസ് ഏഞ്ചൽസ് ടൈംസിൽ വരെ പ്രാധാന്യത്തോടെ പബ്ലിഷ് ചെയ്തിരുന്നു. കേരളത്തിലെ പല ട്രെയിനുകൾക്കും പേരില്ലെന്നതാണ് രസം. എന്നാൽ ഈ ട്രെയിനിനെ എപ്പോഴോ പഴശിരാജ എക്‌സ്പ്രസ് എന്നു റെയിൽവേ അനൗൺസ്‌മെന്റിൽ വിശേഷിപ്പിച്ചതായോർക്കുന്നു. കൊച്ചിയിൽനിന്ന് വീരപഴശിയുടെ നാട്ടിലേക്ക് പോകുന്ന തീവണ്ടിയ്ക്ക് ഇതിലും ഇണങ്ങിയ മറ്റെന്ത് പേര് നൽകാനാണ്?. പിന്നിട്ട വാരത്തിൽ ആലപ്പുഴ-കണ്ണൂർ ഇന്റർസിറ്റി ട്രെയിനായി സർവീസ് നടത്തുന്ന രാത്രി ഒമ്പേതകാലിന് കോഴിക്കോട് വിട്ട ട്രെയിനിന് വലിയ ആപത്തൊന്നും സംഭവിക്കാതിരുന്നത് മലയാളി സമൂഹത്തിന്റെ മഹാഭാഗ്യമെന്നേ പറയാനാവൂ.
മൂന്ന് ജീവനെടുത്ത, ആലപ്പുഴ - കണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിലെ തീവെപ്പിൽ തലനാരിഴയ്ക്ക് ഒഴിവായത് വൻ ദുരന്തമാണ്. എലത്തൂരിലെ കോരപ്പുഴ പാലത്തിലേക്ക് ട്രെയിൻ പൂർണമായി കയറുന്നതിന് മുമ്പാണ് അക്രമി യാത്രക്കാരുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീയിട്ടത്. ട്രെയിൻ നിന്നതോടെ യാത്രക്കാർ പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. ആക്രമണം നടന്ന സിറ്റിംഗ് റിസർവേഷൻ വിഭാഗത്തിൽപെട്ട ഡി 1, ഡി 2 കോച്ചുകൾ പാലത്തിന്റെ മധ്യത്തിൽ ആയിരുന്നെങ്കിൽ രക്ഷപ്പെടൽ അസാധ്യമാവുമായിരുന്നു. പരിഭ്രാന്തിയിൽ പുറത്തേക്ക് ചാടുന്ന യാത്രക്കാർ കോരപ്പുഴയിൽ വീണ് വലിയ ദുരന്തം ഉണ്ടാവുമായിരുന്നു. അക്രമി ഉന്നമിട്ടതും വലിയ ദുരന്തമായിരിക്കാം. തീ വലിയ തോതിൽ പടരാതിരുന്നതും ആശ്വാസമായി. ആക്രമണം നടന്ന ഉടൻ ചെയിൻ വലിച്ച് ട്രെയിൻ നിർത്തിയതും ദുരന്തത്തിന്റെ ആക്കം കുറച്ചു. ചെയിൻ വലിച്ച യാത്രക്കാരുടെ പ്രസൻസ് ഓഫ് മൈൻഡിനെ എത്ര പ്രശംസിച്ചാലും അധികമാവില്ല. പൊള്ളലേറ്റവരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് എളുപ്പം മാറ്റാൻ സാധിച്ചു. അവസാന സ്റ്റോപ്പ് കണ്ണൂരിലായതിനാൽ യാത്രക്കാർ കുറവായിരുന്നു. കൊയിലാണ്ടി, പയ്യോളി, വടകര, മാഹി, തലശ്ശേരി, കണ്ണൂർ ഉൾപ്പെടെ ആറ് സ്റ്റോപ്പുകൾ കൂടിയേ ഉണ്ടായിരുന്നുള്ളൂ.
യാത്രക്കാരനെന്ന ഭാവത്തിൽ ട്രെയിനിലെ കോച്ചിൽ കയറിക്കൂടിയ ഷാരൂഖ് രണ്ടു കൈയിലും കരുതിയിരുന്ന കുപ്പിയിൽ നിറച്ച പെട്രോൾ യാത്രക്കാരുടെ ദേഹത്ത് വീശിയൊഴിച്ചശേഷം തീവെക്കുകയായിരുന്നു. ബോഗിയിലെ മുഴുവൻ യാത്രക്കാരും വെന്തു മരിക്കണമെന്ന ലക്ഷ്യം തന്നെയാണ് സംഭവത്തിന് പിന്നിലെന്ന സംശയം ബലപ്പെടുത്തുന്നതാണ് സാഹചര്യത്തെളിവുകൾ. കമ്പാർട്ട്മെന്റിലെ ഒരാളെപ്പോലും മുൻപരിചയമില്ലാത്ത ആളാണ് പ്രതി. അക്രമി ഉന്നമിട്ടതും വലിയ ദുരന്തമാണെന്ന് പോലീസ് സംശയിക്കുന്നുണ്ട്.ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ ഇന്ധന സംഭരണിയുള്ള പ്രദേശമാണ് എലത്തൂർ. തീ വലിയ തോതിൽ പടർന്നിരുന്നെങ്കിൽ വൻ ദുരന്തം സംഭവിക്കുമായിരുന്നു. ഗോവയ്ക്കപ്പുറം രത്‌നഗിരിയിൽ വെച്ചാണ് ഷാരൂഖ് സെയ്ഫിയെ മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് പിടികൂടിയത്. തുടർന്ന് കേരള പോലീസിന് കൈമാറുകയും ചെയ്തു. ചോദ്യം ചെയ്യലും കേസ് അന്വേഷണവും പുരോഗമിച്ചു വരികയാണ്. അപ്രതീക്ഷിത സംഭവത്തിന്റെ ഞെട്ടലിൽ പല ചോദ്യങ്ങളുടേയും ഉത്തരം തേടുകയാണ് മലയാളി സമൂഹം. ആക്രമണത്തിന് എന്തുകൊണ്ട് കേരളം തെരഞ്ഞെടുത്തു, ആലപ്പുഴ- കണ്ണൂർ എക്സിക്യുട്ടീവ് ട്രെയിൻ എന്തുകൊണ്ട് തെരഞ്ഞെടുത്തു എന്നീ കാര്യങ്ങൾ അറിയണം. ദൽഹിയിൽ മാർച്ച് 31ന് കാണാതായ യുവാവ് ആദ്യമായാണ് ദക്ഷിണേന്ത്യയിലെത്തിയതെന്ന് മാതാപിതാക്കൾ പറഞ്ഞതായി റിപ്പോർട്ടുണ്ടായിരുന്നു. ഇത്രയും പെട്ടെന്ന് അതായത് ഏപ്രിൽ 2 ഞായറാഴ്ച രാത്രി കോഴിക്കോട്ടെത്തി ഇത്രയും വലിയ ഭീകരാക്രമണം നടത്താൻ എങ്ങിനെ സാധിച്ചു? അതു കഴിഞ്ഞ് അതേ ട്രെയിനിൽ അർധ രാത്രി കണ്ണൂരിലെത്തി. മൂന്ന് പേരുടെ മരണത്തിനും എട്ടു പേർക്ക് പൊള്ളലേൽക്കാനുമിടയായ ട്രെയിനിനെ തുടർയാത്രക്ക് അനുവദിച്ചത് നിയമപരമായി ശരിയാണോ? കണ്ണൂരിൽനിന്ന് കൊങ്കൺ വഴി മറ്റൊരു ദീർഘദൂര ട്രെയിനിൽ ഇയാൾക്കെങ്ങിനെ പോകാൻ സാധിച്ചു? ഞായറാഴ്ച രാത്രി കേരളത്തെ നടുക്കിയ സംഭവമുണ്ടായിട്ടും തൊട്ടടുത്ത രണ്ട് ജില്ലകളിലെ ക്രമസമാധാന സംവിധാനം അറിഞ്ഞില്ലേ? കോഴിക്കോട് ജില്ല കഴിഞ്ഞാൽ വടകര ആസ്ഥാനമായി കോഴിക്കോട് റൂറൽ പോലീസ് ജില്ല, വടകര റെയിൽവേ സ്‌റ്റേഷനിൽ ആർപിഎഫ് പോസ്റ്റ്, തലശ്ശേരിയിലും ആർപിഎഫുണ്ട്. തലശേരിയും കേരള പോലീസിന്റെ ശക്തിദുർഗമാണ്. ഇതെല്ലാം കഴിഞ്ഞ് കണ്ണൂർ സ്‌റ്റേഷനിൽ സൈ്വരവിഹാരത്തിന് ശേഷമാണ് പ്രതിയുടെ തുടർയാത്ര. ദുരൂഹത കൂട്ടുന്ന കാര്യങ്ങളാണിതെല്ലാം.
പണ്ട് 90കളുടെ മധ്യത്തിൽ കോഴിക്കോട്ട് ഒരു ചെറിയ പത്രത്തിന്റെ ജില്ലാ ലേഖകനായി ജോലി ചെയ്ത കാലത്തെ ഒരു അനുഭവം ഓർത്തു പോവുകയാണ്. പത്രക്കാരെ ആരും മാപ്രയെന്ന് വിളിച്ച് പരിഹസിച്ചു തുടങ്ങിയിരുന്നില്ല. പഞ്ചായത്ത് ലേഖകൻ ഒരു കാര്യം അന്വേഷിച്ചിറങ്ങിയാൽ പോലും ആളുകൾ അങ്ങേയറ്റത്തെ ബഹുമാനത്തോടെയും സ്‌നേഹത്തോടെയും പെരുമാറും. മനുഷ്യർക്ക് വിഷമം നേരിട്ടാൽ പരാതി ബോധിപ്പിക്കാനുള്ള സ്ഥലം കൂടിയായിരുന്നു അന്നത്തെ ന്യൂസ് ബ്യൂറോകൾ. നമ്മുടെ സിറ്റി ബ്യൂറോ കോഴിക്കോട് സ്‌റ്റേഡിയം ജംഗ്ഷനിൽ നിന്ന് മിനി ബൈപാസിലേക്ക് പോകുന്ന പുതിയറ റോഡിൽ. നഗരം വിട്ട് തെക്കോട്ട് പോകുന്ന ലൈൻ ബസുകളെ അതു വഴിയാണ് ഏളി എക്‌സിറ്റായി അന്നും ഇന്നും പറഞ്ഞയച്ചിരുന്നത്. ഇ.കെ നായനാരുടെ നേതൃത്വത്തിൽ എൽ.ഡി.എഫ് സർക്കാർ കേരളം ഭരിക്കുന്നു. കോഴിക്കോട് ഐസ്‌ക്രീം കേസ് ആദ്യം അന്വേഷിച്ച ദൽഹിക്കാരി നീരാ റാവത് എന്ന ഐ.പി.എസ് ഓഫീസർ സിറ്റി പോലീസ് കമ്മീഷണർ.
അപ്പോഴതാ തൊട്ടടുത്ത സ്റ്റുഡിയോയിലെ രഘുവേട്ടൻ ഒരു അർജന്റ് വിഷയവുമായെത്തുന്നു. അതു വഴി കടന്നുപോയ പാലക്കാട് ബസ് സൈക്കിളിനെ ഇടിച്ച് വീഴ്ത്തി വൃദ്ധനെ പരിക്കേൽപിച്ച് നിർത്താതെ പോയി, പാവം വയസ്സൻ കഷ്ടത്തിലായി. ഇങ്ങളൊന്ന് പോലീസിൽ വിളിച്ചു പറയിൻ. ഈ നിർത്താതെ പോയ ബസുകാരൻ പാലക്കാട് ജില്ലയിലെ കൊമ്പന്മാരാണ്. നമുക്കാരായാലെന്താ? കമ്മീഷണറെ ഫോൺ വിളിച്ച് കാര്യം പറഞ്ഞു. വേണ്ടത് ചെയ്യാമെന്ന് മറുപടിയും ലഭിച്ചു. ഫറോക്ക് പോലീസ് സ്‌റ്റേഷൻ വരെയുണ്ടല്ലോ സിറ്റി ലിമിറ്റിൽ. അവർ പിടിക്കട്ടെ. ഇല്ല, അഞ്ചു മിനുറ്റ് കൊണ്ട് കമ്മീഷണർ തിരിച്ചു വിളിച്ചു. ബസ് നല്ലളം പോലീസ് പിടിച്ച് ട്രാഫിക് സ്റ്റേഷനിലേക്ക് കൊണ്ടു വരുന്നുണ്ട്. ഇതായിരുന്നു നമ്മുടെ പോലീസ്. ഇതായിരിക്കണം കേരള പോലീസ്.
*** *** ***
പ്രബുദ്ധ മലയാളി, സാക്ഷര കേരളം, സംസ്‌കാര സമ്പന്നർ എന്നൊക്കെ മറ്റുള്ളവർക്ക് മുന്നിൽ മേനി നടിച്ച മലയാളികളുടെ മുഖത്തേറ്റ പ്രഹരമായിരുന്നു മധു എന്ന സാധു വനവാസി യുവാവിനെ മൃഗീയമായി അടിച്ചുകൊന്ന സംഭവം. ഉത്തരേന്ത്യയിൽ നടന്ന ചില ആൾക്കൂട്ടകൊലകളെയും, യുഎസ് പോലീസ് ജോർജ് ഫ്‌ളോയിഡ് എന്ന സാധുവിനെ കഴുത്തിൽ കാൽമുട്ട് മുട്ട് ഞെരിച്ചുകൊലപ്പെടുത്തിയതിനെയുമൊക്കെ അനുസ്മരിപ്പിക്കുന്ന രീതിയിലായിരുന്നു മധുവിന്റെ കൊല. നിയമവ്യവസ്ഥയെ അട്ടിമറിച്ചു പ്രതികളെ രക്ഷപ്പെടുത്താനുള്ള നാണംകെട്ട കളികളും പിന്നീട് നടന്നു. ഒടുക്കം പ്രതികളെ കോടതി ശിക്ഷിച്ചിരിക്കുകയാണ്. അരി മോഷ്ടിച്ചെന്നാരോപിച്ച് അട്ടപ്പാടി ചിണ്ടക്കി ഊരിലെ മധുവെന്ന ആദിവാസി യുവാവിനെ പരസ്യമായി പൈശാചികമായി മർദിച്ചു കൊന്ന കേസിൽ പതിമൂന്ന് പ്രതികൾക്കു ഏഴുവർഷം കഠിന തടവ് ആണ് വിധിച്ചത്. കേസിലെ ഒന്നാം പ്രതിയ്ക്ക് ഏഴു വർഷം കഠിന തടവിനു പുറമേ ഒരുലക്ഷം രൂപ പിഴയും ശിക്ഷയും ജഡ്ജി കെ.എം. രതീഷ് കുമാർ വിധിച്ചു. നേരത്തേ, കേസിൽ 16 പ്രതികളിൽ 14 പേരും കുറ്റക്കാരെന്ന് മണ്ണാർക്കാട് എസ്സി/എസ്ടി സ്‌പെഷൽ കോടതി കണ്ടെത്തിയിരുന്നു. രണ്ടു പേരെ വിട്ടയച്ചു. പണവും രാഷ്ട്രീയവും ഉപയോഗിച്ച് 24 സാക്ഷികളെ കൂറുമാറ്റിയിട്ടും പ്രതികൾക്ക് ശിക്ഷ വാങ്ങിക്കൊടുക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞു. അട്ടപ്പാടി ചിണ്ടേക്കി ഊരിലെ മല്ലന്റെയും മല്ലിയുടെയും മകൻ മധുവിനെ (30) 2018 ഫെബ്രുവരി 22നാണ് പ്രതികൾ തല്ലിക്കൊന്നത്. മാനസിക വെല്ലുവിളി നേരിടുന്ന മധു വീട്ടുകാരിൽനിന്ന് അകന്ന് കാട്ടിലെ ഗുഹയിലാണു താമസിച്ചിരുന്നത്. അരി മോഷ്ടിച്ചെന്നാരോപിച്ച് കാട്ടിൽനിന്നു പിടിച്ചുകൊണ്ടുവന്ന് കൈകൾ കെട്ടി മർദിക്കുകയായിരുന്നു. മധുവിനൊപ്പം പ്രതികൾ സെൽഫിയെടുത്തു. ഈ ഫോട്ടോയാണ് കേസിൽ വഴിത്തിരിവായത്. വിചാരണ ആരംഭിച്ചത് 2022 ഫെബ്രുവരി 18നാണ്. പ്രോസിക്യൂഷൻ സാക്ഷികളായ 127 പേരിൽ 101 പേരെയാണ് വിസ്തരിച്ചത്. മധുവിന്റെ ബന്ധു, വനംവകുപ്പിലെ താത്കാലിക വാച്ചർ എന്നിവരടക്കം 24 പേർ കൂറുമാറിയിരുന്നു. ഇവരെ ഒഴിവാക്കി. ഒരാൾ മരിച്ചു. ബാക്കി 77 പേർ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകി. മധുവിന്റെ അമ്മ മല്ലിയും സഹോദരി സരസുവും ഭീഷണികളും മറ്റും തരണം ചെയ്താണ് കേസുമായി പോയത്. അനുകൂലിച്ച സാക്ഷികൾക്ക് പോലീസ് സുരക്ഷ വരെ ഏർപ്പെടുത്തേണ്ടിയും വന്നു.
*** *** ***
മീഡിയവൺ ചാനലിന്റെ സംപ്രേഷണം വിലക്കിയ കേന്ദ്ര സർക്കാർ നടപടി സുപ്രിംകോടതി റദ്ദാക്കിയത് ശ്രദ്ധേയമായി. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ രണ്ടംഗ ബെഞ്ചാണ് വിധി പറഞ്ഞത്. ജനാധിപത്യത്തിൽ മാധ്യമ സ്വാതന്ത്ര്യത്തിന്റെ പങ്ക് വലുതാണെന്ന് ബെഞ്ച് നിരീക്ഷിച്ചു.
മാധ്യമസ്വാതന്ത്ര്യം കരുത്തുള്ള ജനാധിപത്യത്തിന് ആവശ്യമാണ്. ജനാധിപത്യ സമൂഹത്തിൽ അതിനുള്ള പങ്ക് ഏറെ നിർണായകമാണ്. സർക്കാരിന്റെ നയങ്ങളെ വിമർശിച്ചാൽ അത് സർക്കാർ വിരുദ്ധതയാകില്ല- കോടതി പറഞ്ഞു. ചാനലിന് പ്രവർത്തിക്കാൻ ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് ആവശ്യമായ അനുമതിയില്ലെന്നും അതിനാൽ ചാനലിന് അനുവദിച്ച ലൈസൻസ് റദ്ദാക്കിയതായും ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് (ഐ ആൻഡ് ബി) മന്ത്രാലയം 2022ജനുവരി 31ന് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെ ചാനൽ സംപ്രേഷണവും നിർത്തി. 2022 മാർച്ച് 15 ന് ചാനലിന്റെ വിലക്ക് സുപ്രിം കോടതി സ്റ്റേ ചെയ്തിരുന്നു. അതിന് മുമ്പ് കേരളാ ഹൈക്കോടതിയും വിലക്കിന് സ്റ്റേ നൽകിയിരുന്നു. ഇതേ തുടർന്ന് സുപ്രിം കോടതിയിൽ കേസ് നടക്കുകയായിരുന്നു. ഇന്ത്യയിലെ മാധ്യമങ്ങളുടെ ഇപ്പോഴത്തെ അവസ്ഥയിൽ ഈ വിധിയ്ക്ക് പ്രാധാന്യമേറെയാണ്. നമ്മുടെ ഇൻഡക്‌സ് ഒന്ന് ഉയർത്തിക്കൊണ്ടു വരേണ്ടതല്ലേ.
*** *** ***
നീലച്ചിത്ര താരത്തിനൊപ്പം കിടക്ക പങ്കിട്ട വിഷയത്തിൽ നിയമ നടപടിയും മുന്നിൽ നിൽക്കെ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനൊപ്പം നിലയുറപ്പിച്ച് ഭാര്യ മെലാനിയ. ഭർത്താവിന് എതിരായ കേസ് രോഷം ഉയർത്തിയിട്ടുണ്ടെങ്കിലും ട്രംപിന് പിന്നിൽ ശക്തമായി നിൽക്കാനാണ് മെലാനിയയുടെ തീരുമാനമെന്ന് ഇവരുമായി അടുപ്പമുള്ള സ്രോതസ്സുകൾ വ്യക്തമാക്കി. ലോകത്ത് എല്ലായിടത്തും ഇത് ഇങ്ങിനെ തന്നെയാണല്ലോ. മിസിസ് ട്രംപ് ശക്തമായി നിലകൊള്ളുകയാണ്. അവർ കുടുംബത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എന്നത്തേയും പോലെ ഭർത്താവിന് പിന്നിൽ ശക്തമായി നിലയുറപ്പിക്കുന്നു. കഴിഞ്ഞ ഏഴ് വർഷമായി എതിരാളികൾ ട്രംപിന് നേരെ നടത്തിയ വിവിധ നാണംകെടുത്തൽ പരിപാടികളിൽ ഒന്നാണ് ഇതെന്ന് മെലാനിയ കരുതുന്നു. ട്രംപിനെ വലിച്ച് താഴെയിടാനുള്ള ശ്രമമായാണ് ഭാര്യ ഇതിനെ കാണുന്നത്. ഡാനിയേൽസുമായുള്ള വിവാഹേതര ബന്ധം ആദ്യം പുറത്തുവന്നപ്പോൾ മെലാനിയ ട്രംപ് രോഷാകുലയായിരുന്നു. എന്നാൽ ഇപ്പോൾ ഈ സ്ഥിതിയിൽ മാറ്റം വന്നതായാണ് റിപ്പോർട്ട്. നീലച്ചിത്ര താരവുമായി ബന്ധം പുലർത്തിയെന്ന ആരോപണം 76കാരനായ ട്രംപ് നിഷേധിക്കുകയാണ്. തെറ്റുകളൊന്നും ചെയ്തിട്ടില്ലെന്നും മുൻ പ്രസിഡന്റ് ആവർത്തിക്കുന്നു. പിതാവിൽ നിന്നും അകന്ന് നിൽക്കുന്ന മകൾ ഇവാങ്ക ട്രംപും ഇദ്ദേഹത്തിന് പിന്തുണ നൽകുന്നുണ്ട്.
*** *** ***
തിരക്കഥ വായിക്കാൻ ചോദിച്ചതിന് ചില മലയാള സിനിമകളിൽ നിന്നും തന്നെ പുറത്താക്കിയിട്ടുണ്ടെന്ന് നടി രമ്യ നമ്പീശൻ. സ്‌ക്രിപ്റ്റ് ചോദിച്ചാൽ അഹങ്കാരി ആണെന്ന് പറഞ്ഞ് സിനിമയിൽനിന്നും പുറത്താക്കും. പ്രതിഫലം ചോദിക്കണോ വേണ്ടയോ എന്ന് തോന്നിപ്പോകും, കാരണം പലരുടെയും പെരുമാറ്റം അത്തരത്തിലാണ് എന്നാണ് രമ്യ പറയുന്നത്.
പണ്ട് സ്‌ക്രിപ്റ്റ് ചോദിക്കുമ്പോ തരില്ലായിരുന്നു, ഇപ്പോൾ സ്‌ക്രിപ്റ്റ് ചോദിക്കുമ്പോ തരും. പണ്ട് സ്‌ക്രിപ്റ്റ് ചോദിച്ചിരുന്നപ്പോൾ സിനിമ പോയിരുന്നു. സ്‌ക്രിപ്റ്റ് തരുമോ എന്ന് ചോദിച്ചപ്പോൾ 'അഹങ്കാരി സ്‌ക്രിപ്റ്റ് ചോദിച്ചല്ലേ, ഈ സിനിമയിൽ നിന്നും ഔട്ട് എന്നായിരുന്നു.' ഇപ്പോ സ്‌ക്രിപ്റ്റ് ചോദിച്ചിട്ട് തന്നില്ലെങ്കിൽ വേണ്ട അഭിനയിക്കില്ല എന്ന് തന്നെയങ്ങ് വിചാരിക്കും. സ്‌ക്രിപ്റ്റ് അറിഞ്ഞാൽ മാത്രമേ എല്ലാവർക്കും ഒരു ഇൻവോൾവ്‌മെന്റ് ഉണ്ടാവുകയുള്ളു. അങ്ങനെയാണ് ഒരു സിനിമ ലീഡ് ചെയ്യേണ്ടത്. ഫീമെയിൽ ലീഡ് ചെയ്യുന്ന ഒരാൾക്ക് സ്‌ക്രിപ്റ്റ് വായിക്കാൻ തരില്ലെന്ന് പറയുന്നത് ഡിസ്‌ക്രിമിനേഷന്റെ വലിയൊരു ഭാഗമാണ്.'
ചില സമയത്ത് പ്രതിഫലം ചോദിക്കുമ്പോൾ 'നിങ്ങൾ പൈസ ചോദിക്കുന്നോ' എന്നാകും. നമ്മള് ജോലി ചെയ്തതിന് പൈസ ചോദിച്ചാൽ നമ്മള് തെറ്റ് ചെയ്ത പോലെ തോന്നും. പൈസ ചോദിക്കാമോ, പാടില്ലേ എന്ന് കൺഫ്യൂഷൻ ആകും. അങ്ങനെയുള്ള അവസ്ഥയിൽ നിന്നൊക്കെ മാറി. ഇപ്പോൾ കുറച്ചൊക്കെ മാറ്റം വന്നിട്ടുണ്ടെന്നാണ് രമ്യ ഒരു അഭിമുഖത്തിൽ പറയുന്നത്. ഇൻഡസ്ട്രിയിൽ വിവരവും വിദ്യാഭ്യാസവുമുള്ള കുട്ടികൾ വന്നതിന്റെ ഗുണം കാണാനുണ്ട്.
*** *** ***
ഒ,ടി.ടി പ്ലാറ്റ്ഫോമുകളിലെ അശ്ലീല കണ്ടന്റുകൾക്കെതിരെ പരസ്യമായ നിലപാടുമായി ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാൻ. ഒ.ടി.ടിയിൽ അശ്ലീലവും നഗ്നതയും കാണിക്കുന്നത് അവസാനിപ്പിക്കണം. വൃത്തിയുള്ള കണ്ടന്റിലൂടെ മാത്രമേ കൂടുതൽ കാഴ്ചക്കാരെ കിട്ടൂ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.ഒ.ടി.ടിയിൽ സെൻസർഷിപ്പ് ഏർപ്പെടുത്തേണ്ടതാണ്. 15-16 വയസുള്ള കുട്ടികൾക്ക് വരെ ഇത്തരം ഉള്ളടക്കങ്ങൾ ടി,വിയിൽ കാണാനാകും. പഠിക്കാനെന്ന് പറഞ്ഞ് ഫോൺ എടുത്ത് നിങ്ങളുടെ മക്കൾ ഇത്തരം കാര്യങ്ങൾ കാണുന്നതിനെ നിങ്ങൾ അംഗീകരിക്കുമോ എന്നും താരം ചോദിച്ചു. ഉള്ളടക്കം എത്ര വൃത്തിയുള്ളതാണോ അതിനനുസരിച്ച് കാഴ്ചക്കാർ ഉയരുമെന്നും സൽമാൻ പറഞ്ഞു. നമ്മൾ ഇന്ത്യയിലാണ് ജീവിക്കുന്നത്. അതിരുകടന്ന് ഒന്നും ചെയ്യേണ്ടതില്ല. ഇത്തരം രംഗങ്ങൾ അഭിനയിക്കാൻ താത്പര്യമില്ലാത്തതിന്റെ പേരിൽ മാത്രം കഴിവുറ്റ അഭിനേതാക്കൾ തഴയപ്പെടുന്നെന്നും സൂപ്പർതാരം കൂട്ടിച്ചേർത്തു. സിനിമയ്ക്കും ടെലിവിഷനും സെൻസർഷിപ്പ് ഉണ്ടെങ്കിൽ എന്തുകൊണ്ട് ഒ.ടി.ടിയിലും ആയിക്കൂടാ എന്നും സൽമാൻ ചോദിച്ചു. സല്ലു വരെ ഇത് ചോദിക്കേണ്ട അവസ്ഥയുണ്ടായെന്നത് ഗൗരവമായി കാണണം.






