ലോകൈകനാഥന്റെ മഹോന്നതി മാനവരാശിയെ നിരന്തരം ഉണർത്തി, വിശ്വാസികളെ പ്രാർഥനയിലേക്ക് വിളിച്ച് പള്ളി മിനാരങ്ങളിൽനിന്ന് മുഴങ്ങുന്ന ബാങ്കൊലി (ആദാൻ) വിശ്വാസി സമൂഹങ്ങളുടെ സാന്നിധ്യമുള്ള മുഴുവൻ പ്രദേശങ്ങളുടെയും മുഖമുദ്രയാണ്. പ്രവാചകന്റെ സന്തത സഹചാരിയും ഇസ്‌ലാം വിമോചനം നൽകിയ തൊലി കറുത്ത അടിമയുമായിരുന്ന ബിലാൽ ബിൻ റബാഹ് ആണ് ഇസ്‌ലാമിലെ ആദ്യ മുഅദ്ദിൻ. മദീന പള്ളിയിൽ ആദ്യമായി ബാങ്ക് വിളിക്കാൻ പ്രവാചകൻ നിയോഗിച്ച ബിലാലിനെ തന്നെയായിരുന്നു മക്ക വിജയ ദിവസം വിശുദ്ധ കഅ്ബാലയത്തിനു മുകളിൽ കയറി ബാങ്ക് വിളിക്കാനും തിരുനബി ചുമതലപ്പെടുത്തിയത്.
ബാങ്ക് വിളിയുടെ ഉത്ഭവവും ബിലാലിന്റെ പേരും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. അസാധാരണമാംവിധം ശ്രുതിമധുരമായിരുന്നു ബിലാലിന്റെ സ്വരം. ദേശ, വർണ, വംശ വൈജാത്യങ്ങളല്ല, ദൈവഭക്തിയാണ് മാനവ മഹത്വം നിർവചിക്കുന്നത് എന്ന് ആഫ്രിക്കൻ അറബിയായ ബിലാലിനെ ആദ്യ മുഅദ്ദിനായി തെരഞ്ഞെടുത്തതിലൂടെ തെളിയിക്കുകയായിരുന്നു ഇസ്‌ലാം. മക്കയിലെ വരേണ്യവർഗം എക്കാലവും അധഃസ്ഥിതനായി കണ്ടിരുന്ന ബിലാലിന്റെ ശബ്ദ സൗകുമാര്യമാണ് ലോക ചരിത്രത്തിലെ ഈ അസുലഭ ഭാഗ്യത്തിന് പ്രവാചകന്റെ അനുചരനെ അർഹനാക്കിയത്.
ഈ ബിലാലിന്റെ വിളിപ്പേര് ലഭിച്ച ശൈഖ് അലി അഹ്മദ് മുല്ല ലോക മുസ്‌ലിംകളുടെ ഏറ്റവും വിശുദ്ധ ഗേഹമായ മക്ക ഹറമിൽ അര നൂറ്റാണ്ടോളമായി വ്യതിരിക്തമായ ശബ്ദത്തിന്റെയും സ്വരത്തിന്റെയും സവിശേഷതകളാൽ മുടങ്ങാതെ ബാങ്ക് വിളിക്കുന്നു.

വിശ്വാസികളുടെ കാതുകളെ കോൾമയിർ കൊള്ളിച്ചും മനസ്സുകളിൽ കുളിർമഴ പെയ്യിച്ചും ലോകത്തെ 150 കോടിയിലേറെ വരുന്ന മുസ്‌ലിംകൾ അഞ്ചു നേരവും നിർബന്ധ നമസ്‌കാരങ്ങൾക്ക് മുഖംതിരിച്ചു നിൽക്കുന്ന ഹറമിനെ പ്രകമ്പനം കൊള്ളിച്ചും ശൈഖ് അലി മുല്ലയുടെ ബാങ്കൊലി ഹറമിന്റെ മിനാരങ്ങളിൽ നിന്ന് 48 വർഷമായി മുഴങ്ങിക്കൊണ്ടിരിക്കുന്നു.
ശൈഖ് അലി അഹ്മദ് മുല്ലയുടെത് സുകൃതം നിറഞ്ഞ ജീവിതമാണ്. വിശുദ്ധ ഹറമിലെ മുഅദ്ദിനുകളുടെ കാരണവർ ആയി സേവനമനുഷ്ഠിക്കുന്ന ശൈഖ് അലി അഹ്മദ് മുല്ല ശ്രുതിമധുരമായ സ്വരത്തിൽ നമസ്‌കാര സമയം അറിയിച്ചും പ്രാർഥനയിലേക്ക് വിശ്വാസികളെ ക്ഷണിച്ചും ജീവിതത്തിന്റെ സായംസന്ധ്യയിലും ബാങ്ക് വിളി തുടരുകയാണ്. ഇദ്ദേഹത്തിന്റെ ബാങ്ക് വിളി റെക്കോർഡിംഗുകൾ ഇസ്‌ലാമിക ലോകത്തിന്റെ കാതുകളും ഹൃദയങ്ങളും കീഴടക്കുന്നു. ഹിജ്‌റ 1436 മുതൽ വിശുദ്ധ ഹറമിലെ മുഅദ്ദിനുകളുടെ കാരണവരാണ് അലി അഹ്മദ് മുല്ല.
ഹിജ്‌റ 1366 ൽ (എ.ഡി 1945) മക്കയിലെ സൂഖുല്ലൈൽ ഗലിയിലാണ് അലി മുല്ലയുടെ ജനനം. ബാങ്ക് വിളിയുമായി അടുത്ത ബന്ധമുള്ള കുടുംബത്തിലാണ് പിറന്നത്. അലി മുല്ലയുടെ കുടുബം പിതാമഹന്മാരായി വിശുദ്ധ ഹറമിൽ ബാങ്ക് വിളിക്കുന്ന മുഅദ്ദിനുകളായാണ് ജോലി ചെയ്തിരുന്നത്. 1975 മുതൽ അലി മുല്ലയും ഹറമിൽ മുഅദ്ദിനായി സേവനമനുഷ്ഠിക്കാൻ തുടങ്ങി. പിതൃസഹോദരൻ ശൈഖ് അബ്ദുൽമാലിക് അൽമുല്ലയുടെ നിര്യാണത്തെ തുടർന്നാണ് അലി മുല്ല ഹറമിൽ മുഅദ്ദിനുകളുടെ കാരണവർ പദവിയിൽ നിയോഗിക്കപ്പെട്ടത്. വിശുദ്ധ ഹറമിലെ ഏറ്റവും പ്രശസ്തനായ മുഅദ്ദിനുകളിൽ ഒരാളാണ് അലി മുല്ല. ഹറമിലെ ബാങ്ക് വിളിയുമായി ബന്ധപ്പെട്ട ചരിത്രത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഉറവിടമായും ഇദ്ദേഹം കണക്കാക്കപ്പെടുന്നു.
നാലര ദശകത്തിലേറെയായി ഇസ്‌ലാമിക ലോകത്തെ ജനങ്ങളെ തന്റെ ശ്രുതിമധുരമായ ശബ്ദത്താൽ ശൈഖ് അലി മുല്ല വിസ്മയിപ്പിച്ചു. ഇദ്ദേഹത്തിന്റെ ശബ്ദം അതുല്യവും വേറിട്ടുനിൽക്കുന്നതുമാണ്. ശൈഖ് അലി മുല്ലയുടെ ബാങ്ക് വിളി റെക്കോർഡിംഗുകൾ ഇസ്‌ലാമിക ലോകത്തിന്റെ കാതുകളിലേക്ക് സംക്രമിച്ചു.
വിശുദ്ധ ഹറമിൽ ശൈഖ് ആശൂറിന്റെ ക്ലാസിലാണ് ശൈഖ് അലി മുല്ല ആദ്യമായി വിദ്യയഭ്യസിച്ചത്. പിന്നീട് ഹറമിനകത്തെ മസ്അയിൽ പ്രവർത്തിച്ചിരുന്ന റഹ്മാനിയ എലിമെന്ററി സ്‌കൂളിൽ ചേർന്നു. നാലും അഞ്ചും ക്ലാസുകൾ പഠിച്ചത് ജിദ്ദ അൽഥഗ്ർ മോഡൽ സ്‌കൂളിലായിരുന്നു. സ്‌കൂൾ പഠനത്തിനു ശേഷം അൽആസിമ മോഡൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ആർട്ട് എജ്യുക്കേഷൻ കോഴ്‌സിനു ചേർന്നു. മൂന്നു വർഷത്തിനു ശേഷം 1390-1391 അധ്യയന വർഷത്തിൽ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ബിരുദം നേടി. പിന്നീട് ആർട്ട് എജ്യുക്കേഷനിൽ മാസ്റ്റർ ബിരുദവും നേടി.
വിശുദ്ധ ഹറമിൽ മുഅദ്ദിനായി നിയോഗിക്കപ്പെടുമെന്ന് പിതാവ് അറിയിച്ചതാണ് ജീവിതത്തിൽ ഇന്നു വരെ താൻ കേട്ടതിൽ വെച്ച് ഏറ്റവും വലിയ വാർത്തയെന്ന് ശൈഖ് അലി മുല്ല പറയുന്നു. ഹിജ്‌റ 1395 ൽ ആയിരുന്നു അത്. അൽസിയാദ കവാടത്തിലെ മിനാരത്തിൽ വെച്ച് 1395 ൽ സുബ്ഹി നമസ്‌കാരത്തിനുള്ള ആദ്യ ബാങ്കും രണ്ടാം ബാങ്കും വിളിച്ചതാണ് ഹറമിൽ താൻ ആദ്യമായി വിളിച്ച ബാങ്ക്. അൽസിയാദ കവാടത്തിലെ മിനാരത്തിൽ മൈക്കുണ്ടായിരുന്നില്ല. മിനാരത്തിന് താഴെ ഇരിക്കുന്നവർ മാത്രമേ ബാങ്ക് വിളി കേൾക്കുമായിരുന്നുള്ളൂ. പിന്നീട് അൽമഹ്കമ കവാടത്തിലെ മിനാരത്തിൽ ബാങ്ക് വിളിക്കാൻ തുടങ്ങി. ഹിജ്‌റ 1400 ൽ വിശുദ്ധ ഹറമിൽ ബാങ്ക് ഏകീകരിക്കുന്നതിനു മുമ്പ് ഈ രണ്ടു മിനാരങ്ങളിലും ബാങ്ക് വിളിച്ചിരുന്നു.
ആദ്യ കാലങ്ങളിൽ മിനാരങ്ങൾക്കു മുകളിൽ കയറിയാണ് ബാങ്ക് വിളിച്ചിരുന്നത്. ബാങ്ക് വിളിക്കാനുള്ള ആവേശത്താൽ മിനാരങ്ങളിൽ 63 പടികൾ വരെ കയറിയിരുന്നെന്ന് ശൈഖ് അലി മുല്ല പറയുന്നു. ഹറമിലെ ബിലാൽ എന്ന വിളിപ്പേര് ലഭിച്ചതിൽ ശൈഖ് അലി മുല്ല തന്റെ സന്തോഷം മറച്ചുവെക്കുന്നില്ല. ഇത് എനിക്ക് പ്രിയപ്പെട്ട ഒരു വിളിപ്പേരാണ്.
സൗദി അറേബ്യ ബ്രിട്ടനിൽ നിർമിച്ച ഏതാനും മസ്ജിദുകളുടെ ഉദ്ഘാടന സമയത്ത് ബാങ്ക് വിളിച്ചതിലൂടെ ബ്രിട്ടീഷ് മുസ്‌ലിംകളാണ് ഹറമിലെ ബിലാൽ എന്ന വിളിപ്പേര് തനിക്ക് ആദ്യമായി നൽകിയത്. ഇത് അവിടെയുള്ള പത്രങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു.
വിശുദ്ധ ഹറമിലെയും മസ്ജിദുന്നബവിയിലെയും ബാങ്ക് വിളി ശൈലികൾ തമ്മിൽ വ്യത്യാസമുണ്ട്. വിശുദ്ധ ഹറമിലെ മുഅദ്ദിനുകളിൽ ഓരോരുത്തർക്കും മറ്റുള്ളവരിൽനിന്ന് വ്യത്യസ്തമായ ശൈലിയുണ്ട്. ശബ്ദത്തിന്റെ ശക്തിയും പരുക്കൻ ടോണും എല്ലാവരെയും വ്യത്യസ്തരാക്കുന്നു. പ്രവാചക പള്ളിയിലെ മുഅദ്ദിനുകളുടെ സവിശേഷത അവരുടെ ശബ്ദത്തിലെ ആർദ്രതയാണ്. മസ്ജിദുന്നബവിയിലെ മുഴുവൻ മുഅദ്ദിനുകളുടെയും സ്വരങ്ങൾ ഏറെക്കുറെ സാമ്യമാണ്. അവ തമ്മിൽ കാര്യമായ വ്യത്യാസങ്ങളില്ലെന്നും ശൈഖ് അലി മുല്ല പറയുന്നു.






