ആരും നടന്നിട്ടില്ലാത്ത വഴികളിലൂടെയാണ് മനീഷ കല്യാണിന്റെ യാത്ര. ഏഷ്യൻ ചാമ്പ്യൻസ് ലീഗ് ഫുട്‌ബോളിൽ ഗോളടിക്കുന്ന ആദ്യ ഇന്ത്യൻ താരമായി അന്ന് ഗോകുലം കേരള എഫ്.സി താരമായ മനീഷ, 2021 ൽ. ആ വർഷാവസാനം ബ്രസീലിന്റെ സീനിയർ ടീമിനെതിരെ ഗോളടിക്കുന്ന ആദ്യ ഇന്ത്യൻ കളിക്കാരിയെന്ന ബഹുമതി നേടി. 2023 ൽ മറ്റൊരു നേട്ടത്തിന്റെ നെറുകയിലാണ് മനീഷ. യൂറോപ്പിൽ കിരീടം നേടുന്ന ആദ്യ ഇന്ത്യൻ ഫുട്‌ബോളറെന്ന ബഹുമതിയാണ് മനീഷയെ തേടിയെത്തിയിരിക്കുന്നത്. സൈപ്രസിൽ മനീഷ കളിക്കുന്ന അപ്പലോൺ ലിമാസോൾ വനിത ലീഗ് ചാമ്പ്യന്മാരായിരിക്കയാണ്. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് ഗോകുലം കേരളയിൽ നിന്ന് മനീഷ സൈപ്രസ് ലീഗിലെത്തിയത്.
തുടക്കം എളുപ്പമായിരുന്നില്ല. യൂറോപ്യൻ ചാമ്പ്യൻസ് ലീഗ് യോഗ്യത മത്സരങ്ങളിലും ആഭ്യന്തര സീസണിന്റെ തുടക്കത്തിലും ഫോം കണ്ടെത്താൻ മനീഷ പ്രയാസപ്പെട്ടു. ഇന്ത്യയിലെ സാഹചര്യങ്ങളിൽ നിന്നു തീർത്തും വ്യത്യസ്തമായ ചുറ്റുപാടുകളിലാണ് മനീഷക്ക് കളിക്കേണ്ടി വന്നത്. ഇന്ത്യൻ വനിത ലീഗെന്നാൽ ഏതാനും ദിവസങ്ങൾ മാത്രം നീണ്ടുനിൽക്കുന്ന ടൂർണമെന്റാണെന്നും സൈപ്രസിൽ ഓരോ ആഴ്ചയും ഒന്നോ രണ്ടോ മത്സരങ്ങൾ കളിക്കേണ്ടി വരാറുണ്ടെന്നും മനീഷ പറയുന്നു. ഫുട്‌ബോൾ അല്ലാതെ മറ്റൊന്നും ചിന്തിക്കാൻ കഴിയാത്ത അവസ്ഥയാണ് അവിടെ. ഇന്ത്യയിൽ ദേശീയ കളിക്കാർക്ക് ക്യാമ്പിലെങ്കിലും പങ്കെടുക്കാം. മറ്റു കളിക്കാർക്ക് ഏതാനും ടൂർണമെന്റിൽ പങ്കെടുക്കുന്നതിൽ അവസാനിക്കുന്നു കളി. പരമാവധി രണ്ടു മാസത്തിൽ അവസാനിക്കും ഇന്ത്യയിൽ വനിത ഫുട്‌ബോൾ -മനീഷ പറയുന്നു. വല്ലപ്പോഴും കളിക്കുകയും ജീവിതത്തിലെ മറ്റു പല കാര്യങ്ങളും ചെയ്തു കൊണ്ടിരിക്കുകയും ചെയ്യുന്ന വ്യക്തിയെന്ന നിലയിൽ ഫുട്‌ബോൾ മാത്രം ചിന്തിക്കുകയും കളിക്കുകയും ചെയ്യുന്ന അവസ്ഥയിലേക്ക് മാറാൻ മനീഷ സമയമെടുത്തു. മറ്റു പ്രശ്‌നങ്ങളുമുണ്ടായിരുന്നു. കളി ശൈലി ഇന്ത്യയിലേതിനെ അപേക്ഷിച്ചു ഏറെ വ്യത്യസ്തമായിരുന്നു. വേഗം വളരെ കൂടുതലായിരുന്നു. പരമാവധി രണ്ട് ടച്ചിലധികം പന്തിൽ തൊടാൻ സമയം കിട്ടില്ലായിരുന്നു. പന്തുമായി നീക്കങ്ങൾ പോലും വേഗമായിരുന്നു. അതുമായൊക്കെ ഇണങ്ങാൻ മനീഷ പ്രയാസപ്പെട്ടു.
ഇതിനൊക്കെ പുറമേയാണ് ആശയവിനിമയത്തിന്റെ പ്രശ്‌നങ്ങൾ. ഇംഗ്ലിഷിൽ അത്ര മെച്ചമായിരുന്നില്ല താനെന്ന് മനീഷ പറയുന്നു. അതിനാൽ ഭാഷ പഠിക്കാൻ ശ്രമം നടത്തി. ഇപ്പോൾ ഏറെ മെച്ചമാണ്. ആശയവിനിമയം മെച്ചപ്പെട്ടതോടെ പരസ്പര ധാരണയോടെ കളിക്കാനാവുന്നു -മനീഷ പറയുന്നു.
തന്ത്രങ്ങളും ടെക്‌നിക്കുകളുമാണ് മറ്റൊരു വിഷയം. ഇന്ത്യയിൽ പരമാവധി രണ്ടോ മൂന്നോ ശൈലിയിലാണ് കളിക്കുക. സൈപ്രസിൽ അത് അഞ്ചോ ആറോ ആണ്. ഇന്ത്യയിൽ ഒരു കളിക്കാരിക്ക് സ്ഥാനം നിർണയിച്ചാൽ അവിടെ കളിച്ചാൽ മതി.
എന്നാൽ സൈപ്രസിൽ ഒരു കളിയിൽ മൂന്നോ നാലോ പൊസിഷനിൽ കളിക്കേണ്ടി വരും -മനീഷ വെളിപ്പെടുത്തി. ഇഷ്ട പൊസിഷനായ ലെഫ്റ്റ് വിംഗിനു പുറമെ സ്‌ട്രൈക്കറായും ലെഫ്റ്റ് വിംഗിലും ലെഫ്റ്റ് ബാക്കായുമൊക്കെ മനീഷക്ക് കളിക്കേണ്ടി വരുന്നു. ഇപ്പോൾ സ്റ്റാർടിംഗ് പൊസിഷൻ ലെഫ്റ്റ് ബാക്കായാണ്. എന്നാൽ അത് മനീഷയുടെ ഗോൾദാഹത്തെ തളർത്തിയിട്ടില്ല. ആറ് ഗോളടിക്കുകയും എട്ടോ ഒമ്പതോ ഗോളിന് അവസരമൊരുക്കുകയും ചെയ്തു. ആക്രമണ നിരയിലാണ് മനീഷയുടെ സ്ഥാനമെന്ന് കോച്ച് വ്യക്തമാക്കിയിട്ടുണ്ട്.
അതിന് ആക്രമണ കേന്ദ്രങ്ങളെക്കുറിച്ച് കൃത്യമായ ബോധം വേണം, ഓഫ്‌സൈഡ് കെണികളെക്കുറിച്ച് മനസ്സിലാക്കണം, ലൈൻ സൂക്ഷിക്കണം.. ജീവിതകാലം മുഴുവൻ കളിച്ച രീതിയിൽ നിന്ന് വ്യത്യസ്തമാണ് ഇത്. എന്നിട്ടും സ്റ്റാർടിംഗ് ഇലവനിൽ സ്ഥിരമായി സ്ഥാനം നേടാനായെന്നതാണ് മനീഷയുടെ നേട്ടം. അതിന്റെ നേട്ടം ടീമിനുമുണ്ടായി. ഈ സീസണിലെ 21 കളികളിൽ ഇരുപത്തൊന്നും അവർ ജയിച്ചു. 122 ഗോളടിച്ചു, വഴങ്ങിയത് എട്ടെണ്ണം മാത്രം. 2007 നു ശേഷം പതിമൂന്നാമത്തെ ലീഗ് കിരീടമാണ് അപ്പലോൺ നേടിയത്. ഗൗരവത്തോടെ ഫുട്‌ബോളിനെ കാണുന്ന ടീമാണ് ഇത്. അലസതക്ക് ഇവിടെ സ്ഥാനമില്ല.
പോഷകാഹാര ചാർട്ടും ഭക്ഷണ പദ്ധതിയും ട്രെയിനിംഗ് പ്രോഗ്രാമുമൊക്കെ ക്ലബ്ബ് തരും. അത് പാലിക്കേണ്ട ചുമതല കളിക്കാരിക്കാണ്. കളിക്കുകയും ജയിക്കുകയും ചെയ്യണമെന്നുണ്ടെങ്കിൽ അത് എങ്ങനെയും പാലിച്ചേ പറ്റൂ. അതും സ്വന്തം മുൻകൈയെടുത്ത്. ഇല്ലെങ്കിൽ അവസരം ലഭിക്കില്ല -മനീഷ പറയുന്നു. ടീമിലെത്തിയാൽ കണ്ണടച്ചിരിക്കാൻ സാധിക്കാൻ കഴിയുന്ന ഇന്ത്യൻ സാഹചര്യത്തിൽ നിന്ന് ഒരു കളിക്കാരിക്ക് അത് വലിയ പരീക്ഷണം തന്നെയായിരുന്നു.
ചെറിയ പരിക്കിന് സൈപ്രസിൽ തന്നെ ചികിത്സ തേടുകയാണ് മനീഷ. മെയ് വരെ ക്ലബ്ബുമായി കരാറുണ്ട്. അവിടെ കരാർ പുതുക്കാനോ യൂറോപ്പിലെ മറ്റു ക്ലബ്ബുകളിൽ കളിക്കാനോ സാധ്യത തേടുന്നുണ്ട്. ആദ്യ രണ്ട് മാസത്തെ ആവേശത്തിനു ശേഷം കുടുംബവും ഇന്ത്യൻ ഭക്ഷണവും സുഹൃത്തുക്കളുമൊക്കെ മനീഷയെ മോഹിപ്പിക്കുന്നുണ്ട്. പക്ഷേ നല്ലതിനു വേണ്ടിയാണ് ഈ ത്യാഗമെന്ന് മനീഷക്കറിയാം. ഫുട്‌ബോൾ കളിക്കാരിയാവണമെന്ന് മാതാപിതാക്കളെ പറഞ്ഞ് ബോധ്യപ്പെടുത്തിയപ്പോൾ ഇതൊക്കെ പ്രതീക്ഷിച്ചതാണ്.
പഞ്ചാബിലെ ഹോഷിയാർപൂർ ജില്ലയിൽ ജനിച്ച മനീഷ 2018 ലാണ് ഗോകുലം കേരളയിൽ ചേർന്നത്. 2019-20 ൽ ഗോകുലം ഇന്ത്യൻ വനിത ലീഗ് ചാമ്പ്യന്മാരായപ്പോൾ അതിന്റെ മുൻനിരയിൽ മനീഷയുണ്ടായിരുന്നു. ആ ടൂർണമെന്റിലെ ഭാവി വാഗ്ദാനമായി തെരഞ്ഞെടുക്കപ്പെട്ടു. 2021 ൽ ഉസ്‌ബെക്കിസ്ഥാനിലെ എഫ്.സി ബുന്യാദ്‌കോറിനെതിരെ ഗോളടിച്ചാണ് മനീഷ് ഏഷ്യൻ ടൂർണമെന്റിൽ സ്‌കോർ ചെയ്ത ആദ്യ ഇന്ത്യൻ കളിക്കാരിയായത്.
2018 ൽ ഇന്ത്യൻ അണ്ടർ-17 ടീമിൽ സ്ഥാനം ലഭിച്ചു. പിന്നീട് അണ്ടർ-19 ടീമിലേക്കുയർന്നു. ഏഷ്യൻ അണ്ടർ-19 ടൂർണമെന്റിൽ പാക്കിസ്ഥാനെതിരെ ഹാട്രിക് നേടി. 2019 ജനുവരിയിൽ ഹോങ്കോംഗിനെതിരെയാണ് സീനിയർ അരങ്ങേറ്റം. യു.എ.ഇക്കെതിരെയായിരുന്നു ആദ്യ രാജ്യാന്തര ഗോൾ.