ആരൊക്കെയാണ് ലോക ഫുട്ബോളിലെ 21 ന് താഴെയുള്ള ഏറ്റവും മികച്ച കളിക്കാർ? ലിയണൽ മെസ്സിയുടെയും ക്രിസ്റ്റിയാനൊ റൊണാൾഡോയുടെയും പിന്മുറക്കാർ. കഴിഞ്ഞ വർഷം എർലിംഗ് ഹാലാൻഡും ഫിൽ ഫോദനും വിനിസിയൂസ് ജൂനിയറും അൽഫോൺസൊ ഡേവീസുമൊക്കെയായിരുന്നു ഈ പട്ടികയിൽ. ഈ വർഷത്തെ മികച്ച കളിക്കാരെക്കുറിച്ച പരമ്പരയുടെ രണ്ടാം ഭാഗം
ലിയണൽ മെസ്സിയും ക്രിസ്റ്റിയാനൊ റൊണാൾഡോയും ഗോളടിച്ചു കൂട്ടുകയാണ് ഈ പ്രായത്തിലും. അവരുടെ പിൻഗാമികളായി എർലിംഗ് ഹാലാൻഡും ഫിൽ ഫോദനും വിനിസിയൂസ് ജൂനിയറും അൽഫോൺസൊ ഡേവീസും കളം വാഴുന്നുണ്ട്. ഇവർക്കെല്ലാം 22 വയസ്സായി. ആരാണ് 21 ന് താഴെയുള്ള ഏറ്റവും മികച്ച കളിക്കാർ? മികച്ച 39 കളിക്കാരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇ.എസ്.പി.എൻ സോക്കറിന്റെ ടോർ ക്രിസ്റ്റിയൻ കാൾസൻ. 100 പേരുടെ പട്ടികയിൽ നിന്നാണ് അദ്ദേഹം മികച്ച മുപ്പത്തൊമ്പതിലേക്ക് എത്തിയത്.
ഈ 39 പേരിൽ ഏറ്റവും കൂടുതൽ ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ നിന്നാണ് -12, പത്തുപേർ ബുണ്ടസ്ലിഗയിൽ നിന്നും. സ്പാനിഷ് ലീഗിൽ നിന്ന് ഒമ്പതു പേരുണ്ട്. ഫ്രഞ്ച് ലീഗിൽ നിന്നും ഇറ്റാലിയൻ ലീഗിൽ നിന്നും പോർചുഗൽ ലീഗിൽ നിന്നും ഡച്ച് ലീഗിൽ നിന്നും രണ്ടു പേർ വീതവും. രാജ്യം തിരിച്ചു നോക്കുമ്പോൾ ഏറ്റവും കൂടുതൽ പേർ സ്പെയിനിൽ നിന്നാണ് -7. അതു കഴിഞ്ഞാൽ ഇംഗ്ലണ്ടിൽ നിന്നും ജർമനിയിൽ നിന്നും -5 വീതം. ഫ്രാൻസിൽ നിന്ന് നാലും നെതർലാന്റ്സിൽ നിന്ന് മൂന്നും യുവ കളിക്കാരുണ്ട്. അമേരിക്ക, ബ്രസീൽ, പോർചുഗൽ, ബെൽജിയം, ഇക്വഡോർ എന്നിവിടങ്ങളിൽ നിന്ന് രണ്ടു പേർ വീതം. മറ്റു അഞ്ച് രാജ്യങ്ങളിലെ ഓരോ പ്രതിനിധികൾ.
30. റിക്കൊ ലൂയിസ്
(ഡിഫന്റർ, മാഞ്ചസ്റ്റർ സിറ്റി, ഇംഗ്ലണ്ട്)
ഓഗസ്റ്റിൽ ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ അരങ്ങേറിയ പതിനെട്ടുകാരൻ ഈ സീസണിൽ സിറ്റി പ്ലേയിംഗ് ഇലവനിലെ പതിവ് സാന്നിധ്യമാണ്. ഇംഗ്ലണ്ട് അണ്ടർ-19 ടീമംഗമാണ് റൈറ്റ് ബാക്കായ റിക്കൊ. ലോകോത്തര ഫുൾബാക്കായ ജോ കാൻസേലോയെ സിറ്റി കോച്ച് പെപ് ഗാഡിയോള ബയേൺ മ്യൂണിക്കിന് വിട്ടുകൊടുത്തത് റിക്കൊ ലൂയിസിനെ പോലൊരു കളിക്കാരൻ ടീമിലുള്ളതിനാലാണ്.
സിറ്റി അക്കാദമിയിലൂടെ വളർന്നുവന്ന കളിക്കാരനാണ്. നന്നായി ഡ്രിബ്ൾ ചെയ്യും. സംയമനവും ബുദ്ധികൂർമതയുമുണ്ട്. മധ്യനിരയിലേക്ക് കയറാനും ചടുലമായ വൺ ടച്ച് ഫുട്ബോൾ കളിക്കാനും കഴിയും. പ്രതിരോധത്തിൽ മെച്ചപ്പെടാനുണ്ട്, കൂടുതൽ ആക്രമണോത്സുകത പ്രകടിപ്പിക്കേണ്ടിയിരിക്കുന്നു.
29. യൂസുഫ് മൂകോകൊ
(സ്ട്രൈക്കർ, ബൊറൂസിയ ഡോർട്മുണ്ട്, ജർമനി)
യൂത്ത് തലത്തിൽ ഗോളടിച്ചു കൂട്ടിയ പതിനെട്ടുകാരന് സീനിയർ പ്രതീക്ഷിച്ച നിലവാരത്തിൽ ഉയരാനായിട്ടില്ല. പതിനാറാം വയസ്സിൽ ബൊറൂസിയ ഫസ്റ്റ് ടീമിൽ എത്തി. പിന്നാലെ ജർമനിയുടെ സീനിയർ ടീമിലും സ്ഥാനം നേടി. ഈ സീസണിലെ 18 ജർമൻ ലീഗ് മത്സരങ്ങളിൽ ആറ് ഗോളുണ്ട്. അസാധ്യമായ ഇടങ്കാലൻ ഷോട്ടുകളിലൂടെയാണ് ശ്രദ്ധ പിടിച്ചുപറ്റിയത്. അനായാസം മാർക്കർമാരെ മറികടക്കുന്നു. പന്തടക്കം മെച്ചപ്പെടാനുണ്ട്. പാസുകൾ നൽകുന്നതിലും കൂടുതൽ കാര്യക്ഷമത പാലിക്കേണ്ടതുണ്ട്.
28. മാലിക് തിയോ
(ഡിഫന്റർ, എ.സി മിലാൻ, ജർമനി)
മാലിക് ജർമനിയിൽ നിന്ന് എത്തിയതോടെ എ.സി മിലാന്റെ നില മെച്ചപ്പെട്ടു തുടങ്ങി. അതിവേഗം സമ്മർദ സാഹചര്യങ്ങളിലേക്ക് വന്നതൊന്നും ഇരുപത്തൊന്നുകാരനെ അലട്ടിയിട്ടില്ല. ആറടി നാലിഞ്ച് ഉയരമുണ്ടെങ്കിലും ചന്തമുള്ളതാണ് നീക്കങ്ങൾ. നല്ല ടൈമിംഗും ഇടപെടാനുള്ള കഴിവുമുണ്ട്. വായുവിലും കരുത്തനാണ്. ഉന്നത നിലവാരമുള്ളതാണ് ലോംഗ്പാസുകൾ. ഏകാഗ്രത കുറവാണ്.
27. ജേക്കബ് റാംസി
(മിഡ്ഫീൽഡർ, ആസ്റ്റൺവില്ല, ഇംഗ്ലണ്ട്)
ആസ്റ്റൺവില്ല അക്കാദമിയിലൂടെ വളർന്നുവന്ന ഇരുപത്തൊന്നുകാരൻ പ്ലേയിംഗ് ഇലവനിലെ അവിഭാജ്യ ഘടകമായി മാറിയിട്ടുണ്ട്. ഇപ്പോൾ ഇംഗ്ലണ്ടിന്റെ അണ്ടർ-21 ടീമംഗമാണ്. സീനിയർ ടീമിലേക്ക് ഏതു സമയവും ക്ഷണം വന്നേക്കാം.
കൂടുതൽ അറ്റാക്കിംഗ് റോൾ സ്വീകരിക്കാനുള്ള സ്വാതന്ത്ര്യം കോച്ച് ഉനായ് എമറി നൽകിയത് കരുത്തു തെളിയിക്കാൻ അവസരമായി. ഊർജവും ആവേശവും തുളുമ്പുന്ന കളിക്കാരനാണ്. പ്രീമിയർ ലീഗിലെ മികച്ച ഡ്രിബ്ളർമാരിലൊരാൾ. ഒന്നാന്തരം ഫിനിഷിംഗും ടൈമിംഗും. പ്രതിരോധച്ചുമതല മറക്കാറില്ല. കൂടുതൽ ക്ഷമ കാണിക്കേണ്ടതുണ്ട്. പാസിംഗിൽ കൃത്യതയും.
26. ഷാവി സിമൺസ്
(മിഡ്ഫീൽഡർ, പി.എസ്.വി ഐന്തോവൻ, നെതർലാന്റ്സ്)
ബാഴ്സലോണ അക്കാദമിയുടെ ഉൽപന്നം. പി.എസ്.വിയിലെ ആദ്യ സീസണിൽ തന്നെ പ്രതിഭ തെളിയിക്കുന്ന പ്രകടനത്തിലൂടെ ആരാധകരെ കൈയിലെടുത്തു.
പി.എസ്.ജിയിൽ കൂടുതൽ അവസരം കിട്ടാതായതോടെയാണ് പി.എസ്.വിയിലെത്തിയത്. ഏത് അറ്റാക്കിംഗ് ശൈലിയിലും കളിക്കാനാവും. അസാധ്യ പന്തടക്കം. കൂട്ടുകാർക്ക് കൃത്യമായ വെയ്റ്റിൽ പാസെത്തിക്കാൻ മിടുക്കൻ. 13 ഗോളുകൾ ഒന്നിനൊന്ന് മെച്ചമാണ്. ഡച്ച് ലീഗിൽ സ്കോറിംഗ് ചാർടിൽ ഒന്നാമതാണ്. ഇടതുകാൽ കൂടുതൽ ഉപയോഗിക്കേണ്ടതുണ്ട്.
25. അമാദു ഒനാന
(മിഡ്ഫീൽഡർ, എവർടൺ, ബെൽജിയം)
എവർടൻ ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ പരുങ്ങുന്ന ടീമാണ്. എന്നാൽ അവരുടെ അപൂർവ വിജയ കഥയാണ് അമാദു ഒനാന. താളം തെറ്റിയ ടീമിലും മുൻ ലിൽ താരത്തിന്റെ പ്രകടനം ശ്രദ്ധിക്കപ്പെട്ടു. അസാധ്യമാണ് വർക്ക് റെയ്റ്റ്. ആറടി മൂന്നിഞ്ചുകാരൻ മധ്യനിരയിൽ കളി നിയന്ത്രിക്കുന്നു. ഉയർന്ന തീവ്രതയിൽ ആക്രമിക്കാനാവും. ഡിഫൻസിവ് മിഡ്ഫീൽഡറാണ് ഒനാന. ഫസ്റ്റ് ടച്ച് ഏറെ മെച്ചപ്പെടാനുണ്ട്.
24. ഗബ്രി വെയ്ഗ
(മിഡ്ഫീൽഡർ, സെൽറ്റവീഗൊ, സ്പെയിൻ)
ഈ സീസൺ സ്പാനിഷ് ലീഗിലെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട കളിക്കാരനാണ് ഗബ്രി വെയ്ഗ. കഴിഞ്ഞ സീസൺ വരെ ഒരു മത്സരം മാത്രം സ്റ്റാർട് ചെയ്ത ഇരുപതുകാരൻ ഈ സീസണിൽ സെൽറ്റവീഗോയുടെ മുന്നേറ്റത്തിൽ സുപ്രധാന പങ്കുവഹിച്ചു.
റയൽ മഡ്രീഡും ബാഴ്സലോണയുമുൾപ്പെടെ ടീമുകൾ ഇപ്പോൾ മിഡ്ഫീൽഡറുടെ പിന്നാലെയുണ്ടെന്നാണ് സൂചന. മികച്ച മിഡ്ഫീൽഡറാവാനുള്ള എല്ലാ ഗുണങ്ങളും വെയ്ഗക്കുണ്ട്. ആത്മവിശ്വാസം, കൃത്യത, ടെക്നിക്.. ഒമ്പത് ഗോളുണ്ട് ഈ സീസണിലെ സ്പാനിഷ് ലീഗിൽ. ആക്രമിച്ചു കയറി കൂട്ടുകാർക്ക് സ്പെയ്സ് ഉണ്ടാക്കിക്കൊടുക്കുന്ന വെയ്ഗ പ്രതിരോധത്തിലും വിട്ടുവീഴ്ച കാണിക്കാറില്ല. പാസിംഗിൽ കൂടുതൽ കൃത്യത കാണിച്ചാൽ ഏറെ ഗോളവസരങ്ങളൊരുക്കാൻ വെയ്ഗക്കു സാധിക്കും.
23. അലജാന്ദ്രൊ ഗർനാഷൊ
(ഫോർവേഡ്, മാഞ്ചസ്റ്റർ യുനൈറ്റഡ്, അർജന്റീന)
പതിനെട്ടുകാരൻ ഇപ്പോൾ പ്രീമിയർ ലീഗിലെ സൂപ്പർ താരങ്ങളിലൊരാളാണ്. പുതിയ മാഞ്ചസ്റ്റർ യുനൈറ്റഡ് കോച്ച് എറിക് ടെൻഹാഗിന്റെ യൂത്ത് പോളിസിയുടെ ഗുണമനുഭവിക്കുന്ന കളിക്കാരിലൊരാളാണ് ഗർനാഷൊ. ഇംപാക്ട് സബ്സ്റ്റിറ്റ്യൂട്ടായാണ് ഗർനാഷോയെ ഉപയോഗിക്കുന്നതെങ്കിലും താരത്തിൽ കോച്ചിനുള്ള വിശ്വാസം പ്രകടമാണ്. പ്രീമിയർ ലീഗിൽ രണ്ടു ഗോളടിച്ചു. യൂറോപ്പ ലീഗിലും ആഭ്യന്തര ടൂർണമെന്റുകളിലും കരുത്തു കാട്ടി. ലെഫ്റ്റ് വിംഗറായാണ് പലപ്പോഴും ഉപയോഗിക്കുന്നത്. അസാധ്യ ഡ്രിബ്ളിംഗ് മികവാണ് ഗർനാഷോക്ക്. ബാലൻസും കോഓഡിനേഷനും പൊടുന്നനെ കുതിക്കാനുള്ള കഴിവും ഇരു വശത്തു കൂടിയും ഡിഫന്റർമാരെ മറികടക്കാനുള്ള മികവുമൊക്കെയാവുമ്പോൾ ഗർനാഷൊ ഏത് പ്രതിരോധത്തിനും പേടിസ്വപ്നമാണ്. ഡിഫന്റർമാരെ തന്നിലേക്ക് ആകർഷിച്ച് കൂട്ടുകാർക്ക് സ്പെയ്സ് സൃഷ്ടിച്ചുകൊടുക്കാൻ ഗർനാഷോക്ക് സാധിക്കുന്നു. ഒറ്റക്ക് ഗോളടിക്കാൻ ശ്രമിക്കുന്നു എന്നതാണ് ഒരു ദൗർബല്യം.