ഉഡുപ്പി- ആരോഗ്യ രക്ഷാ മേഖലയിലെ ഇന്ത്യയിലെ എക്കാലത്തേയും വലിയ സ്വകാര്യ ഇക്വിറ്റി ഇടപാടിന് മണിപ്പാല്‍ ഹോസ്പിറ്റല്‍സ്. സിംഗപ്പൂര്‍ കമ്പനിയായ ടെമാസെക്കാണ് 51 ശതമാനം ഓഹരി വന്‍ തുകയ്ക്ക് സ്വന്തമാക്കാനൊരുങ്ങുന്നത്.
രഞ്ജന്‍ പൈയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്ന മണിപ്പാല്‍ ഹോസ്പിറ്റല്‍സ് ടെമാസെക്കിന്റെ പിന്തുണയുള്ള ഷിയേഴ്‌സ് ഹെല്‍ത്ത് കെയര്‍ ഇന്ത്യയാണ് വാങ്ങാന്‍ കരാറുണ്ടാക്കുന്നത്. പ്രമോട്ടര്‍ കുടുംബത്തില്‍ നിന്നും മറ്റ് നിക്ഷേപകരായ ടി. പി. ജി, എന്‍. ഐ. ഐ. എഫ് എന്നിവയില്‍ നിന്നും ഓഹരികള്‍ വാങ്ങി ആശുപത്രി ശൃംഖലയിലെ നിയന്ത്രിത ഓഹരികള്‍ സ്വന്തമാക്കാനാണ് ഷിയേഴ്സ് ഹെല്‍ത്ത് കെയര്‍ ഇന്ത്യയുടെ പദ്ധതി.
ഇടപാടിന്റെ ഭാഗമായി മണിപ്പാല്‍ ഹോസ്പിറ്റല്‍സിന്റെ എന്റര്‍പ്രൈസ് മൂല്യം ഏകദേശം 40,000 കോടി മുതല്‍ 42,000 കോടി രൂപ വരെയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇടപാടിന് ശേഷം മറ്റ് പാര്‍ട്ടികളില്‍ നിന്ന് ഏകദേശം 16,000 കോടി രൂപയ്ക്ക് 41 ശതമാനം വാങ്ങുന്ന ഷിയേഴ്സിന് 59 ശതമാനം ഓഹരികളുടെ ഉടമസ്ഥതയുണ്ടാകും. ഔദ്യോഗിക പ്രഖ്യാപനം അടുത്തയാഴ്ച പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.






