Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഓർമയുണ്ടോ, 7-1; ബ്രസീൽ, ജർമനി ഇറങ്ങുന്നു

മോസ്‌കൊ - 7-1 ന്റെ സ്മരണകൾ തുടിച്ചുനിൽക്കുന്ന പശ്ചാത്തലത്തിൽ ബ്രസീലും ജർമനിയും ഇന്ന് ലോകകപ്പിൽ ആദ്യ കളിക്ക് ഇറങ്ങുന്നു. കഴിഞ്ഞ ലോകകപ്പ് സെമി ഫൈനലിലെ വേദനിപ്പിക്കുന്ന ഓർമകൾ മായ്ചുകളയാനുള്ള പ്രഥമ ചുവടുവെപ്പാണ് ബ്രസീലിന് സ്വിറ്റ്‌സർലന്റിനെതിരായ മത്സരം. 2014 ലെ ആ സുവർണ ദിനങ്ങളുടെ ആവേശം വീണ്ടെടുക്കുകയാണ് ജർമനിയുടെ ലക്ഷ്യം. 
അന്നത്തേതിൽ നിന്ന് വിഭിന്നമായ വഴിയിലൂടെയാണ് ഇത്തവണ ബ്രസീലും ജർമനിയും ലോകകപ്പിന് വന്നത്. ടിറ്റിയുടെ പരിശീലനത്തിൽ പഴയ പ്രതാപത്തിലേക്കുയർന്ന ബ്രസീലാണ് ഈ ലോകകപ്പിന് ആദ്യം യോഗ്യത നേടിയത്. അതേസമയം, ഇത്തവണ യോഗ്യത നേടിയ ശേഷം ആറു കളികളിൽ ജർമനിക്ക് ജയിക്കാനായില്ല. ഒടുവിൽ സൗദി അറേബ്യക്കെതിരെ സെൽഫ് ഗോളിൽ 2-1 ന് കഷ്ടിച്ച് ജയം പിടിക്കുകയായിരുന്നു. 1958 ലും 1962 ലും ബ്രസീലാണ് അവസാനമായി തുടർച്ചയായി ലോകകപ്പ് നേടിയത്. ജർമനിക്ക് ആ റെക്കോർഡിനൊപ്പമെത്താനാവുമോ?
പരിക്കിൽ നിന്ന് കരകയറിയ നെയ്മാർ ഉജ്വല ഫോം തെളിയിച്ചത് ബ്രസീലിന് ആശ്വാസമാണ്. എന്നാൽ നെയ്മാറിനെ മാത്രം ആശ്രയിക്കുന്ന ടീമല്ല ഇന്നത്തെ ബ്രസീൽ. യോഗ്യതാ റൗണ്ടിൽ ഏഴ് ഗോളടിച്ച ഇരുപത്തൊന്നുകാരൻ ഗബ്രിയേൽ ജീസസ് ഇന്ന് അരങ്ങേറ്റം കുറിക്കും. 
ജീസസായിരിക്കും സെന്റർ ഫോർവേഡ്. ചുറ്റുമായി നെയ്മാറും ഫെലിപ്പെ കൗടിഞ്ഞോയും കസിമീരോയും പൗളിഞ്ഞോയും വില്യനുമുണ്ടാവും. പ്രതിരോധത്തിൽ ഗോൾകീപ്പർ ആലിസന് മുന്നിലായി ഡാനിലൊ, തിയാഗൊ സിൽവ, മിരാൻഡ, മാഴ്‌സെലൊ എന്നിവർ കളിക്കും. 
തുടർച്ചയായ നാലാം ലോകകപ്പ് കളിക്കുന്ന സ്വിറ്റ്‌സർലന്റിനെ ലാഘവത്തോടെ കാണാൻ ബ്രസീലിന് കഴിയില്ല. നാലു വർഷം മുമ്പ് പ്രി ക്വാർട്ടറിൽ അർജന്റീനയെ എക്‌സ്ട്രാ ടൈം വരെ പിടിച്ചുകെട്ടാൻ അവർക്കു കഴിഞ്ഞിട്ടുണ്ട്. ലോക റാങ്കിംഗിൽ ആറാം സ്ഥാനത്താണ് അവർ. പോർചുഗൽ ഉൾപ്പെട്ട യോഗ്യതാ ഗ്രൂപ്പിൽ 10 മത്സരങ്ങളിൽ ഒമ്പതും ജയിച്ചിട്ടുണ്ട് സ്വിറ്റ്‌സർലന്റ്. ബ്രസീലിനായാൽ പോലും സ്വിസ് മധ്യനിര തുളച്ചുകയറുക എളുപ്പമാവില്ല. 

 

കിരീടം കാക്കാൻ ജർമനി
മെക്‌സിക്കോയെ അവരുടെ നിറപ്പകിട്ടാർന്ന ആരാധകർക്കു മുന്നിൽ നേരിട്ട് ജർമനി കിരീടം നിലനിർത്താനുള്ള ദൗത്യമാരംഭിക്കും. ടോണി ക്രൂസ് ചുക്കാൻ പിടിക്കുന്ന മധ്യനിരയാണ് ജർമനിയുടെ കരുത്ത്. സാമി ഖദീറയും മെസുത് ഓസിലും തോമസ് മുള്ളറും മാർക്കൊ റോയ്‌സുമുൾപ്പെടെ 10 പേർ കഴിഞ്ഞ ലോകകപ്പിൽ കളിച്ചവരാണ്. കഴിഞ്ഞ സീസൺ ഏതാണ്ട് മുഴുവൻ പരിക്കുമായി പുറത്തായിരുന്നുവെങ്കിലും ഗോൾകീപ്പർ മാന്വേൽ നോയർ ഗോൾവല കാക്കും. ജർമനി പ്രതിഭാസമ്പന്നമാണെന്നതിൽ ആർക്കും തർക്കമുണ്ടാവില്ല. പ്രീമിയർ ലീഗിലെ മികച്ച യുവപ്രതിഭ ലിറോയ് സാനെക്കു പോലും ടീമിൽ ഇടം കിട്ടിയിട്ടില്ല. എന്നാൽ ഈ പ്രതിഭകളുടെ കൂട്ടായ്മ ക്ലിക്കാവുമോയെന്നതാണ് പ്രശ്‌നം. ലോകകപ്പിന് യോഗ്യത നേടിയ ശേഷം ഒരു മത്സരം മാത്രമാണ് ജർമനി ജയിച്ചത്. ഇംഗ്ലണ്ടിനോടും ഫ്രാൻസിനോടും സ്‌പെയിനിനോടും സമനില വഴങ്ങി. ബ്രസീലിനോട് തോറ്റതോടെ 22 അജയ്യ മത്സരങ്ങളുടെ മുന്നേറ്റം അവസാനിച്ചു. എന്നാൽ മെക്‌സിക്കോയുമായി കഴിഞ്ഞ കോൺഫെഡറേഷൻസ് കപ്പ് സെമിയിൽ ഏറ്റുമുട്ടിയപ്പോൾ ജർമനി 4-1 ന് ജയിച്ചിരുന്നു. 
തുടർച്ചയായ ആറ് ലോകകപ്പുകളിൽ പ്രി ക്വാർട്ടറിൽ തോറ്റ ടീമാണ് മെക്‌സിക്കൊ. പ്രി ക്വാർട്ടർ കടമ്പ കടക്കാൻ കളിക്കാരെ സഹായിക്കാനായി ഇത്തവണ മെന്റൽ കോച്ചിനെയും ടീം കൂടെ കൂട്ടിയിട്ടുണ്ട്. 
ജിയോവാനി ഡോസ് സാന്റോസിന് ഇത് മൂന്നാം ലോകകപ്പാണ്. അനുജൻ ജോനാഥൻ ഡോസ് സാന്റോസും ടീമിലുണ്ട്. 


കുതിപ്പ് തുടരാൻ കോസ്റ്ററീക്ക
അവസാന അഞ്ച് ലോകകപ്പ് മത്സരങ്ങളിൽ പരാജയമറിയാത്ത കോസ്റ്ററീക്ക ഇന്ന് ഗ്രൂപ്പ് ഇ-യിലെ ആദ്യ കളിയിൽ സെർബിയയുമായി ഏറ്റുമുട്ടും. 2014 ൽ ക്വാർട്ടർ ഫൈനൽ വരെ മുന്നേറിയ ടീമാണ് കോസ്റ്ററീക്ക. നെതർലാന്റ്‌സ് ഷൂട്ടൗട്ടിലാണ് അവരെ കീഴടക്കിയത്. സെർബിയക്കെതിരെ സമനിലയെങ്കിലും നേടിയാൽ ഏറ്റവും മികച്ച അപരാജിത മുന്നേറ്റത്തിനുള്ള കോൺകകാഫ് റെക്കോർഡ് അവരുടെ പേരിലാവും. 2014 ലെ കിടിലൻ സെയ്‌വുകളിലൂടെ റയൽ മഡ്രീഡിലെത്തിയ ഗോൾകീപ്പർ കെയ്‌ലോർ നവാസ് ഇത്തവണയും കോസ്റ്ററീക്ക ഗോൾമുഖത്തുണ്ടാവും. 
ഈ ലോകകപ്പ് ശ്രദ്ധിക്കേണ്ട ഒരു കളിക്കാരൻ സെർബിയ ടീമിലുണ്ട്. ഇരുപത്തിമൂന്നുകാരൻ സ്‌ട്രൈക്കർ അലക്‌സാണ്ടർ മിത്രോവിച്. ബൊളീവിയക്കെതിരായ സന്നാഹ മത്സരത്തിൽ ഹാട്രിക്കോടെ മിത്രോവിച് ഫോമിലാണ്. 2015 ലെ അണ്ടർ-20 ലോകകപ്പിൽ ബ്രസീലിനെ തോൽപിക്കുന്നതിന് നേതൃത്വം കൊടുത്ത അതികായനായ മിഡ്ഫീൽഡർ സെർജി മിലിൻകോവിച് സാവിച്ചും സെർബിയ ടീമിലുണ്ട്. 
 

Latest News