Sorry, you need to enable JavaScript to visit this website.

ഗോധ്രക്കുശേഷമുള്ള മോഡിയുമായി താരതമ്യം ചെയ്ത് ജയിലിലായ തെലങ്കാന ബി.ജെ.പി അധ്യക്ഷന്‍

ഹൈദരാബാദ്- പത്താം ക്ലാസ് പരീക്ഷാ പേപ്പര്‍ ചോര്‍ച്ചയില്‍ തന്നെ അറസ്റ്റ് ചെയ്തത് മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ നേതൃത്വത്തിലുള്ള ഭാരത് രാഷ്ട്ര സമിതി സര്‍ക്കാരിന്റെ വലിയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് തെലങ്കാന ബി.ജെ.പി അധ്യക്ഷന്‍ ബന്ദി സഞ്ജയ് ആരോപിച്ചു. ഗോധ്രക്കുശേഷമുള്ള മോഡിക്കു സമാനമാണ് തന്റെ അനുഭവമെന്ന് പാര്‍ട്ടി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും എഴുതിയ തുറന്ന കത്തില്‍ സഞ്ജയ് പറഞ്ഞു.
എന്നെ അറസ്റ്റ് ചെയ്തതും ബിജെപി പ്രവര്‍ത്തകരെ ഉപദ്രവിക്കുന്നതും പന്ത് നിലത്തടിക്കുന്നത് പോലെയാണ്. ഞങ്ങള്‍ അതേ ശക്തിയോടെ തിരിച്ചുവരും. ബിജെപി സ്ഥാപക ദിനാഘോഷത്തോടനുബന്ധിച്ച് സഞ്ജയ് സഹോദരന്‍ ബന്ദി ശ്രാവണ്‍ കുമാര്‍ മുഖേന പുറത്തുവിട്ട കത്തില്‍ പറഞ്ഞു.
ബിആര്‍എസ് സര്‍ക്കാര്‍ തനിക്കെതിരെ കള്ളക്കേസുകള്‍ ചുമത്തിയിയിരിക്കയാണെന്് ബിജെപി അധ്യക്ഷന്‍ പറഞ്ഞു. തെലങ്കാന സംസ്ഥാന പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തിയ റിക്രൂട്ട്‌മെന്റ് പരീക്ഷകളുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതിനെത്തുടര്‍ന്ന് ദുരിതത്തിലായ 30 ലക്ഷം തൊഴിലില്ലാത്ത യുവാക്കള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയതിനാലാണ് തന്നെ കള്ളക്കേസില്‍ കുടുക്കിയതെന്നും അദ്ദേഹം ആരോപിച്ചു.
കേസുകളും അറസ്റ്റുകളും ജയില്‍വാസവും തനിക്ക് പുതുമയല്ല.  ജനങ്ങള്‍ക്ക് വേണ്ടി എത്ര തവണ ജയിലില്‍ പോകാനും തയ്യാറാണ്. എന്റെ ആശങ്ക മുഴുവന്‍ 30 ലക്ഷം തൊഴിലില്ലാത്ത യുവാക്കളുടെ ഭാവിയെക്കുറിച്ചാണ്. മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങള്‍, പാര്‍ട്ടി നേതാക്കള്‍, ബന്ധുക്കള്‍ എന്നിവര്‍ക്ക് പ്രധാന സ്ഥാനങ്ങള്‍ ലഭിക്കുമ്പോള്‍ തെലങ്കാന രൂപീകരണത്തിനായി പോരാടിയ തൊഴില്‍രഹിതരായ യുവാക്കള്‍ക്ക് ജോലി ലഭിക്കാനുള്ള ന്യായമായ അവകാശം നിഷേധിക്കപ്പെടുകയാണ്- അദ്ദേഹം പറഞ്ഞു.
കെസിആറിന്റെ ഗൂഢാലോചനകള്‍ക്ക് വഴങ്ങി പോരാട്ടം ഉപേക്ഷിക്കുന്ന പ്രശ്‌നമില്ല. ഗോധ്രക്കുശേഷം ഗുജറാത്തില്‍ ഗുജറാത്തില്‍ നടന്ന അക്രമങ്ങള്‍ക്കെതിരെ നടന്ന സമാന ഗൂഢാലോചനകളെ പ്രധാനമന്ത്രി നരേന്ദ്ര മോഡി എങ്ങനെ നേരിട്ടുവെന്ന് അദ്ദേഹം അനുസ്മരിച്ചു. കോടതികളില്‍ കേസുകളും മാധ്യമങ്ങളില്‍ എതിര്‍ പ്രചാരണങ്ങളും നടന്നിട്ടം .
മോഡി പിന്നോട്ട് പോയില്ലെന്നും പാര്‍ട്ടി പ്രവര്‍ത്തകരുടെ പിന്തുണയോടെ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി അധികാരത്തില്‍ തിരിച്ചെത്തിയെന്നും അദ്ദേഹം പറഞ്ഞു.
അനധികൃത മദ്യക്കച്ചവടം, മയക്കുമരുന്ന് കച്ചവടം, ചോദ്യപേപ്പര്‍ ചോര്‍ച്ച, ചൂതാട്ടം, ഭൂമി കയ്യേറ്റം തുടങ്ങി വിവിധ കുംഭകോണങ്ങളില്‍ കുടുങ്ങിയ കെസിആര്‍ സര്‍ക്കാരിനെ പിഴുതെറിയേണ്ട സമയമായെന്ന് സഞ്ജയ് പറഞ്ഞു.
കെസിആറിന്റെ മകനും മകളും ഉള്‍പ്പെട്ട ഈ അഴിമതികളെല്ലാം ബിജെപി തുറന്നുകാട്ടുന്നതിനാല്‍, ബിജെപിയുടെ പ്രതിച്ഛായ തകര്‍ക്കാന്‍ സര്‍ക്കാര്‍ തന്നെ ലക്ഷ്യമിട്ട് കള്ളക്കേസുകളില്‍ കുടുക്കുകയാണെന്നും ബി.ജെ.പി നേതാവ് ആരോപിച്ചു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News